ചില ശുദ്ധിചിന്തകൾ.

635

‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌
ശുദ്ധിയും അശുദ്ധിയുമൊക്കെ ശരിയോ തെറ്റോ എന്നതല്ല ഈ പോസ്റ്റിന്റെ വിഷയം. മതം പറഞ്ഞ ശുദ്ധിയും അശുദ്ധിയും തന്നെയാണോ നമ്മൾ മനസ്സിലാക്കിയ ശുദ്ധാശുദ്ധികൾ എന്നതു മാത്രമാണു വിഷയം.

വൃത്തി, ശുദ്ധി, വിശുദ്ധി, പരിശുദ്ധി തുടങ്ങിയവയൊക്കെ കേട്ടാൽ പര്യായപദങ്ങളെന്നു തോന്നുമെങ്കിലും വളരെ വ്യത്യസ്തമായ അർത്ഥങ്ങൾ നൽകിയാണു മതങ്ങൾ അവ ഉപയോഗിച്ചു വരുന്നത്. മതങ്ങളുടെ ശുദ്ധി ചിന്തയ്ക്ക് തന്നെ വേറൊരു തലമാണുള്ളത്. സത്യത്തിൽ മതാനുയായികൾ തന്നെ അത് എത്രമാത്രം മനസ്സിലാക്കിയിട്ടുണ്ടെന്ന് സംശയമുണ്ട്. കോടതികളെയും നിരീശ്വരവാദികളെയുമൊക്കെ ഇതു പറഞ്ഞു മനസ്സിലാക്കുന്നതിന്നും പരിമിതിയേറെയുണ്ട്.

എങ്കിലും, വൃത്തിക്കും ശുദ്ധിക്കും വളരെയധികം പ്രാധാന്യം നൽകുകയും, നിരന്തരം പഠിപ്പിക്കുകയും കുട്ടിക്കാലം മുതൽ തന്നെ വിശ്വാസികളിൽ ശീലിപ്പിക്കുകയും ചെയ്യുന്നതുമായ ഒരു മതമാണ് ഞാൻ പിന്തുടരുന്ന ഇസ്ലാം മതം. ആ മത കാഴ്ചകളിൽ (മത കാഴ്ചപ്പാടല്ല, അതു പറയാൻ തക്ക പാണ്ഡിത്യം ഉണ്ടെന്ന് തോന്നുന്നില്ല) നിന്നു കൊണ്ട് ഞാൻ ചിലതു പറയാം.

ശുദ്ധിയുടെ ഏറ്റവും മൂർത്തരൂപമായ ‘പരിശുദ്ധി’ ദൈവത്തിലാണുള്ളതെന്ന് വിശ്വസിച്ച്, ‘ദൈവത്തിന്റെ പരിശുദ്ധതയെ ഞാൻ വാഴ്ത്തുന്നു’ എന്ന വാക്യം ആവർത്തിച്ചുറപ്പിക്കാത്ത ഒരു ദിനവും വിശ്വാസിക്കില്ല. യാതൊരു കലർപ്പുമില്ലാത്ത ശുദ്ധിയുടെ മൂർത്തമായ അവസ്ഥയെ നമുക്ക് പരിശുദ്ധി എന്നു പറയാം. അതിനാൽ ജനനം, മരണം, വിശപ്പ്, ഭക്ഷണം, മലമൂത്ര വിസർജ്ജനങ്ങൾ, ഉറക്കം, മാതാപിതാക്കൾ, ഭാര്യാ സന്താനങ്ങൾ തുടങ്ങിയവയുമായൊന്നും കലർത്തി പറയാൻ കഴിയാത്ത പരിശുദ്ധനാണു ദൈവം. സ്നേഹം, കരുണ തുടങ്ങിയ ഗുണങ്ങളുടെയൊക്കെ മൂർത്തമായ അവസ്ഥയും ആ പരിശുദ്ധതയോട് ചേർത്തു വെച്ചിരിക്കുന്നുണ്ട്. പരിശുദ്ധമായ സ്നേഹവും കരുണയും ദൈവത്തിലാണുള്ളതത്രേ…

പക്ഷിമൃഗാതികളുടെ സ്ഥായിയായ സ്വഭാവങ്ങളായ ഭക്ഷിക്കുക, വിസർജ്ജിക്കുക, പ്രത്യുല്പാദ്നം നടത്തുക തുടങ്ങിയവയ്ക്കപ്പുറം, ക്ഷമയും നാണവും പോലുള്ള വികാരങ്ങളും, വിചാരവും, വിവേകവും ഉള്ള ഒരു ജീവി വർഗ്ഗമാണ് മനുഷ്യൻ.

മനുഷ്യനിലെ മൃഗസ്വഭാവങ്ങളെ നിയന്ത്രിച്ചു മനുഷ്യൻ ദൈവത്തോട് കൂടുതൽ അടുക്കുന്ന സമയത്തെയാണ് ശുദ്ധിയുള്ള സമയമായി കണക്കാക്കുന്നതെന്നു ചുരുക്കി പറയാം. ആ ശുദ്ധിയോടെയിരിക്കുന്ന അവസ്ഥയ്ക്ക് എവിടെയെങ്കിലും ഒരു തുടക്കം വേണമല്ലോ? അതിനു വേണ്ടിയാണു നമസ്കാരം പോലെയുള്ള കർമ്മങ്ങൾക്കു മുമ്പ് കുളിക്കുകയും വുളുവെടുക്കുകയും ചെയ്യുന്നത്. ദാമ്പത്യ ജീവിതം തുടങ്ങുന്നതിന്നു മുമ്പ് നാം വിവാഹചടങ്ങ് നടത്തുന്നത് പോലെയൊന്ന്.

നമസ്കാരത്തിന് മുമ്പ് ശുദ്ധി വരുത്തുന്ന പരിപാടിയാണു വുളു. മുഖവും കൈകാലുകളുമൊക്കെ കഴുകി അംഗശുദ്ധി വരുത്തുന്ന പരിപാടി. എന്നാൽ അത് ശരിയാകണമെങ്കിൽ അതിനു മുന്നേ തന്നെ ശരീരത്തിനു വൃത്തി വേണം. മലം, മൂത്രം, രക്തം തുടങ്ങിയ മാലിന്യങ്ങളിൽ നിന്നും, ത്വക്കിൽ വെള്ളം പിടിക്കുന്നതിനെ തടയുന്ന തരത്തിലുള്ള പെയിന്റ് പോലെയുള്ളവയിൽ നിന്നും ശരീരം ശുദ്ധമായിരിക്കണം.

സകല മാലിന്യങ്ങളും കളഞ്ഞ് നന്നായി കുളിച്ചിട്ട് വരികയാണെങ്കിലും, നമസ്കരിക്കാൻ പോകുന്നവൻ വുളു എടുക്കണമെന്നും, ആ ശുദ്ധി ചെയ്യലിന്നു ചില ക്രമങ്ങളുണ്ടെന്നും അറിയുമ്പോൾ, വുളു ഉണ്ടാക്കുന്ന ശുദ്ധിയെ പരിഗണിച്ചിരിക്കുന്നത് ബാഹ്യമായ വൃത്തി വരുത്തലായിട്ടല്ല എന്നു മനസ്സിലാകുന്നില്ലേ?.

വെള്ളമില്ലാത്ത സ്ഥലത്ത് നമസ്കാരത്തിന് തയ്യാറാകാൻ, മണ്ണിൽ തൊട്ട് മുഖവും കൈയ്യും തടകി ശുദ്ധിയാകുന്ന മറ്റൊരു രീതി കൂടിയുണ്ട്. രാവിലെ കുളിച്ചിട്ട് വീട്ടിൽ നിന്ന് ഇറങ്ങിയവൻ, ഏതെങ്കിലും വെള്ളമില്ലാത്ത സ്ഥലത്ത് എത്തി മണ്ണു കൊണ്ട് ശുദ്ധി വരുത്തുമ്പോൾ എന്തായാലും ശരീരത്തിനു കൂടുതൽ വൃത്തിയൊന്നും വരാൻ പോകുന്നില്ലെന്നും ആർക്കാണ് അറിയാത്തത്?

ഉറക്കം, കീഴ്‌വായു, മലമൂത്ര വിസർജ്ജനം തുടങ്ങിയവയൊക്കെ ചെറിയ അശുദ്ധിക്കും, ലൈംഗിക ബന്ധം, ആർത്തവം, പ്രസവം തുടങ്ങിയവ വലിയ അശുദ്ധിക്കും കാരണമാകുമെന്ന് മതം. എന്നാൽ മനുഷ്യന്റെ ഈ വിവിധ അവസ്ഥകളെ തെറ്റായിട്ടോ പാപമായിട്ടോ മതം കാണുന്നുമില്ല. ഉറങ്ങുന്നതിനും, ഭക്ഷണം കഴിക്കുന്നതിന്നും, വിസർജ്ജിക്കുന്നതിനും, ഇണചേരുന്നതിനും, മക്കളെ സംരക്ഷിക്കുന്നതിനും, മാതാപിതാക്കളെ സംരക്ഷിക്കുന്നതിനുമൊക്കെ പുണ്യമുണ്ടെന്നാണ് മതം പഠിപ്പിക്കുന്നതു. പക്ഷെ, പരിശുദ്ധനായ ദൈവത്തിനുമുന്നിൽ നമസ്കാരത്തിനെത്തുമ്പോൾ ശുദ്ധിയുണ്ടാകണമെന്നും, വലിയ അശുദ്ധി മാറാൻ കുളിക്കുകയും ചെറിയ അശുദ്ധി ഇല്ലാതാക്കാൻ വുളുയെടുക്കണമെന്നും ചട്ടം. നമസ്കാരം, പള്ളിപ്രവേശനം, നോമ്പ് പോലുള്ളവയ്ക്കാണു നിർബന്ധ അംഗശുദ്ധി നിഷ്കർശിക്കുന്നത്. ഈ കാര്യങ്ങൾ ചെയ്യുമ്പോൾ ശുദ്ധി വേണമെന്ന കാര്യത്തിൽ സ്ത്രീപുരുഷ വ്യത്യാസമൊന്നുമില്ലതാനും.

അതോടൊപ്പം, സക്കാത്ത് എന്ന നിർബന്ധദാനത്തെ വിശേഷിപ്പിക്കുന്നത് സമ്പത്തിന്റെ ശുദ്ധി പ്രക്രിയയായാണു. ശുദ്ധിയാകണമെങ്കിൽ ആ സമ്പത്ത് നേരായ മാർഗ്ഗത്തിലൂടെ സമ്പാദിച്ചതാകണം എന്നതുനിർബന്ധം എന്നു പറയുമ്പോൾ, ശുദ്ധി ചെയ്യുന്നത് നല്ലതിനെയാണു അല്ലാതെ മോശമായതിനെയല്ല എന്നു മനസ്സിലാക്കാം. ഈ ശുദ്ധി ചെയ്യൽ മതവിശ്വാസി ജീവിതത്തിന്റെ വിവിധമേഖലകളിൽ ചെയ്യുന്നുണ്ട്.

ശുദ്ധിയെന്നും, വിശുദ്ധിയെന്നും, പരിശുദ്ധിയെന്നും മതം പറയുന്നതു വെറും വൃത്തിയെയല്ല എന്ന് നമുക്ക് ഇതിൽ നിന്നൊക്കെ മനസ്സിലാക്കാം. ഉറക്കവും കീഴ്വായുവും ആർത്തവവും പ്രസവവുമൊന്നുമല്ല, ദൈവത്തിനു മുന്നിലെത്തുന്നവന്റെ മനുഷ്യാവസ്ഥ എത്രത്തോളം ദൈവത്തിനോടടുത്തു നിൽക്കുന്നു എന്നതാണ് ശുദ്ധിയുടെ വിവിധ ഘട്ടങ്ങളായി കാണുന്നത് എന്നും ഇതിൽ നിന്നും മനസ്സിലാകും എന്നു കരുതുന്നു.