കേരളത്തിൽ ദുശ്ശാസനനും ഒരു ആരാധനാസ്ഥാനം

88

ദുശ്ശാസനനും ഒരു ആരാധനാസ്ഥാനം.

(കല്ലടയിൽ നിന്ന് പത്തുകിലോമീറ്റർ ദൂരത്തിലാണ് കേരളത്തിലെ ഏക ദുര്യോധനക്ഷേത്രം. പോരുവഴി പെരുവിരുത്തി മലനട. കല്ലട പഞ്ചായത്തുമായി അതിർത്തി പങ്കിടുന്ന പവിത്രേശ്വരം പഞ്ചായത്തിലാണ് കേരളത്തിലെ ഏക ശകുനിക്ഷേത്രം. പവിത്രേശ്വരം മലനട. പഴയ കുന്നത്തൂർ താലൂക്കിൽ നൂറ്റിയൊന്ന് മലനടകളുണ്ടെന്നും ഇവയെല്ലാം കൗരവ ക്ഷേത്രങ്ങളാണെന്നും വിശ്വസിക്കപ്പെടുന്നു. ഇതിൽ ദുശ്ശളയുടെ പേരിലുള്ള ക്ഷേത്രം കിഴക്കേകല്ലട പഞ്ചായത്തിലെ കിഴക്കൻ ഭാഗത്തുള്ള ഓതിര മുകളിലാണെന്നാണ് വിശ്വാസം. ഈ ക്ഷേത്രങ്ങളിലൊക്കെ ഇപ്പോൾ മറ്റ് പ്രതിഷ്ഠകളാണ്.കോട്ടയം ജില്ലയിൽ ദുശ്ശാസ്സനനും ഒരു ആരാധനാ സ്ഥലമുണ്ടെന്ന വിവരം പ്രസിദ്ധമാധ്യമ പ്രവർത്തകനും ചരിത്രകാരനും കലാകാരനുമായ പള്ളിക്കോണം രാജീവ് പങ്കുവെയ്ക്കുന്നു. അദ്ദേഹത്തിന്റെ ലേഖനം ഇതാ)
Pallikkonam Rajeev

കുരുരാജനായ സുയോധനജ്യേഷ്ഠൻ്റെ ആജ്ഞാനുവർത്തിയായി പകർന്നാടി, ചുവപ്പുതാടിയായി മനസ്സിൽ തിളയിളക്കിനിൽക്കുന്ന പ്രതിനായകൻ.ദ്രൗപദിയെ വസ്ത്രാക്ഷേപം ചെയ്തതിലൂടെ നീചപരിവേഷം കൈവരുകയും ഭീമസേനൻ്റെ കൈകളാൽ ദാരുണാന്ത്യം സംഭവിക്കുകയും ചെയ്ത നൂറ്റവരിൽ രണ്ടാമൻ …. ഈ ഇതിഹാസവീരനായി കേരളത്തിൽ ഒരു ദേവസ്ഥാനം!

കോട്ടയം ജില്ലയിൽ പൊൻകുന്നത്തിനടുത്ത് മണിമലക്കുന്നിലാണ് ദുശ്ശാസനനെ ആരാധിക്കാനായി ഒരു കാവുള്ളത്. ദുശ്ശാസനൻകാവിനെ പറ്റിയും അവിടുത്തെ ആചാരാനുഷ്ഠാനങ്ങളെ പറ്റിയും ചരിത്ര ഗവേഷകയായ Gouri Naran ഒരു സെമിനാറിൽ പ്രബന്ധമവതരിപ്പിച്ചപ്പോൾ കേട്ടറിഞ്ഞിട്ടുണ്ടെങ്കിലും അവിടെ എത്തിപ്പെട്ടത് വളരെ യാദൃശ്ചികമായാണ്.

കാഞ്ഞിരപ്പള്ളിയിലെ തെക്കുംകൂർ ആസ്ഥാനത്തെ കുറിച്ചുള്ള അന്വേഷണങ്ങളുടെ ഭാഗമായാണ് ചിറക്കടവു പഞ്ചായത്തിൽ തെക്കുംകൂറിന് ഒരു “ഇട”മുണ്ടായിരുന്നതായി സുഹൃത്തായ Jolly P Joy പറയുന്നത്. അദ്ദേഹത്തിൻ്റെ അഭിപ്രായത്തിൽ കാഞ്ഞിരപ്പള്ളിയിലെ ഭരണം നടത്തിയിരുന്നത് ഇവിടുത്തെ ഇടത്തിലിരുന്നാണത്രേ. ഇടത്തുംപറമ്പ് എന്നറിയപ്പെടുന്ന ഈ സ്ഥലത്ത് രാജവാഴ്ചയുടേതായ ഒന്നും അവശേഷിക്കുന്നില്ല എന്നു മാത്രമല്ല സ്ഥലവാസികൾ അതുമായി ബന്ധപ്പെട്ട് യാതൊന്നും അറിയുകയുമില്ല. അന്വേഷണത്തിലാണ് അവിടെ നിന്നും കുറച്ച് തെക്കായി ഉയർന്ന മണിമലക്കുന്നും അവിടെ ഒരു കാവും ഉള്ളതായി അറിഞ്ഞത്. അപ്പോഴും ദുശ്ശാസനൻകാവ് മനസിലെത്തിയില്ല.

മണിമലക്കുന്നിലേയ്ക്കുള്ള യാത്ര അഗാധമായ കൊക്കകളുള്ള മലഞ്ചെരുവിലൂടെയാണ്. കാവിന് പിൻവശത്ത് താമസിക്കുന്ന വിഷ്ണു എന്ന യുവാവാണ് ഈ കാവിൽ ആരാധിക്കുന്നത് ദുശ്ശാസനനെയാണ് എന്ന് പറഞ്ഞുതന്നത്; അപ്പോൾ മാത്രമാണ് വളരെക്കാലമായി കേട്ടറിഞ്ഞതും വരാനാഗ്രഹിച്ചിരുന്നതുമായ ഈ കാവിൽ നിമിത്തം പോലെ എത്തിച്ചേർന്നത് എന്ന് തിരിച്ചറിയുന്നത്.
ഏതാണ്ട് പാരബോളിക് ആകൃതിയിലുള്ള ചെറിയകാവാണിത്. ചുറ്റും കരിങ്കല്ലുകൊണ്ട് അടുക്കി ക്കെട്ടി ഉയർന്നു നിൽക്കുന്ന കാവിൽ നിറയെ കുറ്റിച്ചെടികളും വള്ളികൾ കയറി മറിഞ്ഞ പടുകൂറ്റൻ വൃക്ഷങ്ങളുമാണ്. ഏതാണ്ട് മുന്നൂറു വർഷത്തോളം പഴക്കമുള്ള ഒരു താന്നിമരവുമുണ്ട്. കാവിൻ്റെ തെക്കുവശത്തായി പ്രതിഷ്ഠാ സ്ഥാനത്തേക്കുള്ള നടയുണ്ട്.

കാവിനുള്ളിലേക്ക് പ്രവേശനം പാടില്ല എന്നാണ്. നേരേ നോക്കുമ്പോൾ ദുശ്ശാസനൻ്റെ പ്രതിഷ്ഠ കാണാം. ശിലലിംഗത്തിന് സമാനമായി നീണ്ട് മിനുസമുള്ള ഒരു ശിലയാണ്. മുന്നിലായി ഒരു ചെറിയ കൽവിളക്കും; മറ്റൊന്നും കാവിനുള്ളിൽ കാണാനില്ല. പുറത്ത് കൽക്കെട്ടിലായി ഒരു ചെറിയ വിളക്കുപുരയും കാണാം. കിഴക്കോട്ടാണ് ദർശനം. കിഴക്കുഭാഗത്ത് വെളിച്ചപ്പാട് ഉറഞ്ഞു തുള്ളുന്ന ഒരു തറയും കരിക്ക് ഉടയ്ക്കുന്ന ഒരു കല്ലും കാണാം. ചുറ്റും സസ്യലതാദികളാൽ സമ്പന്നമായ പുരയിടങ്ങളും മലഞ്ചെരിവുകളും ഈ പ്രാക്തന ഗോത്രസങ്കേതത്തിൻ്റെ തനിമയെ നിലനിർത്തിയിരിക്കുന്നു. പാതയോരങ്ങളിലോ കാവിൻ്റെ പരിസരങ്ങളിലോ നെയിംബോർഡോ മറ്റു പ്രചരണോപാദികളോ കോൺക്രീറ്റ് നിർമ്മിതികളോ കാണാനില്ല എന്നത് കാവിനോടും അതിൻ്റെ സംരക്ഷകരോടും നാട്ടുകാരോടു തന്നെയും മതിപ്പ് തോന്നാനിടയാക്കി.

ആദിമ ഗോത്രാരാധാനാസങ്കേതമായിരുന്നു ഈ കാവ് എന്നാണ് കരുതേണ്ടത്. പിൽക്കാലത്ത് ദുശ്ശാസനൻ്റെ സങ്കൽപ്പത്തിലേക്ക് പരിവർത്തനപ്പെട്ടതാകാം. വേലൻ സമുദായത്തിൽ പെട്ട പുരോഹിതനാണ് ഇവിടെ പൂജ ചെയ്യുന്നത്. കാവിൻ്റെ അധികാരവും സംരക്ഷണവും വയലുങ്കൽ എന്ന നായർ കുടുംബത്തിനാണ്. പ്രദേശവാസികൾ ഗ്രാമദേവതാസ്ഥാനമായി കരുതി വിശ്വസിച്ചുവരുന്നു.
വർഷത്തിൽ ഒരിക്കൽ മാത്രമാണ് പൂജ. തിരുവോണത്തിന് പിറ്റേന്ന് അവിട്ടം നാളിലാണ് ഈ ഉത്സവം. ഇളങ്ങുളത്ത് താമസിക്കുന്ന വേലൻ സമുദായത്തിലെ പുരോഹിതൻ ഒരു മണ്ഡലകാലം വ്രതമെടുത്ത് എത്തിച്ചേരുകയും വിഷ്ണുവിനെയും ഗന്ധർവ്വനെയും പ്രതിഷ്ഠിച്ചിട്ടുള്ള കൊട്ടാരം ക്ഷേത്രത്തിലെ പുരോഹിതനിൽ നിന്ന് അനുജ്ഞ വാങ്ങി തെളിച്ച ദീപവും വാങ്ങി വയലുങ്കൽവീട്ടിലെ കാരണവരുടെ അകമ്പടിയോടെ കാവിലേക്ക് തിരിക്കും.

കറുത്ത മുണ്ടുടുത്ത് ചുവന്ന പട്ടു മേൽമുണ്ടു ചുറ്റി അര മണിയും ചിലമ്പും വാളും ധരിച്ച വെളിച്ചപ്പാടാണ് ഈ പുരോഹിതൻ. കാവിനുള്ളിൽ പുരോഹിതൻ മാത്രമാണ് പ്രവേശിക്കുക. വിളക്കുതെളിച്ച് കൗരവർ നൂറ്റവരുടെയും പേരു ചൊല്ലി വിളിച്ച് പൂജ കഴിച്ച ശേഷം കിഴക്കുഭാഗത്തുള്ള തറയിലെത്തി ഉറഞ്ഞു തുള്ളുന്നു. വെളിച്ചപ്പാടിനെ ദുശ്ശാസനൻ ആവേശിച്ചതായി വിശ്വാസം. തുടർന്ന് കരിക്ക് എറിഞ്ഞുടച്ചു തുടങ്ങും. “ചുട്ടുതീറ്റിയും വെള്ളംകുടി”യുമാണ് പ്രധാന വഴിപാട്. കള്ളും ചുട്ടെടുത്ത കപ്പയുമാണ് ഇതിനായി സമർപ്പിക്കുന്നത്.

ദുശ്ശാസനൻ ആവേശിച്ചു കഴിഞ്ഞാൽ വെളിച്ചപ്പാട് ഉറഞ്ഞുതുള്ളിയുള്ള പ്രവചനം ആരംഭിക്കും. കഴിഞ്ഞകാലത്തു സംഭവിച്ചതിൻ്റെയൊക്കെയും കാരണങ്ങളും ഭാവികാലത്തേയ്ക്കുള്ള മുന്നറിയിപ്പുകളും പരിഹാരങ്ങളുമൊക്കെ പ്രവചിക്കും. വ്യക്തികൾക്കും ഗ്രാമത്തിന് തന്നെയും സംരക്ഷണവും അഭിവൃദ്ധി ഉണ്ടാകാനായി അനുഗ്രഹമുണ്ടാകും. മഹാഭാരതത്തിൽ ദുഷ്കഥാപാത്രമായി കുപ്രസിദ്ധനായ ദുശ്ശാസനൻ ഇവിടെ നന്മയുടെ മൂർത്തിയാണ്. കൃഷിയുടെ അഭിവൃദ്ധിക്കും വിളകളുടെ സമൃദ്ധിക്കുമായി നാട്ടാർ ഇവിടെ വഴിപാടുകൾ നേരും. കാണാതെ പോയ മുതലുകൾ ഫലപ്രവചനത്തിലൂടെ തിരികെ ലഭിക്കും. കാര്യസിദ്ധിക്കായി ദൂരദേശങ്ങളിൽ നിന്നു പോലും പലരും അന്നേ ദിവസം പലരും എത്തിച്ചേരാറുമുണ്ട്. കാവിലും പരിസരത്തുമായി വെളുത്ത ഒരു വലിയ പാമ്പുള്ളതായും പല കാലത്തും പലരും അതിനെ കണ്ടിട്ടുള്ളതായും പറഞ്ഞുകേൾക്കുന്നു.

ദുശ്ശാസനൻ്റെ സ്വാധീനം വെളിച്ചപ്പാടിൽ നിന്ന് വേർപെട്ട് കുഴഞ്ഞുവീണാൽ ചടങ്ങുകൾ തീരുകയായി. തുടർന്ന് നിവേദിച്ചതൊക്കെയും പ്രസാദമായി വിതരണം ചെയ്യും. പുരോഹിതന് അവകാശമായുള്ള ധനധാന്യാദികൾ ദക്ഷിണയായി നൽകി ഉപചാരപൂർവ്വം ഗ്രാമവാസികൾ മടക്കിയയ്ക്കുന്നത് വയലുങ്കൽ കാരണവരുടെ നേതൃത്വത്തിലാണ്. ഇപ്പോൾ വയലുങ്കൽ ശങ്കരപ്പിള്ളയ്ക്കാണ് ഇതിനുള്ള ചുമതല. അദ്ദേഹത്തെയും സന്ദർശിച്ച് വിവരങ്ങൾ മനസിലാക്കാനായി.

മഹാഭാരതയുദ്ധത്തിൽ വീരചരമം പ്രാപിച്ച കൗരവർ നൂറുപേരുടെയും ചൈതന്യം കേരളത്തിലെ നൂറു മലകളിലായി പ്രതിഷ്ഠിതമായി എ ദുശ്ശാസനൻകാവിൻ്റെയും ഐതിഹ്യത്തെ ചുറ്റിപ്പറ്റിയുള്ളത്. അടൂരിനടുത്ത് മലനടയിൽ ദുര്യോധനൻ്റെ ക്ഷേത്രമുള്ളത് വളരെ പ്രശസ്തമാണ്. നന്മയും തിന്മയും തമ്മിലുള്ള വൈരുദ്ധ്യത്തിനപ്പുറം അവയ്ക്കിടയിൽ ഭേദചിന്ത കല്പിക്കാത്ത വേദാന്തബോധത്തിലേയ്ക്കാണ് ദുശ്ശാസനൻ കാവിലെ ആചാരാനുഷ്ഠാനങ്ങൾ വിശ്വാസികളെ നയിക്കുന്നത്.