ഷൂ മാക്കെര്‍ ലെവീ, നിന്റെ ഓര്‍മ്മയ്ക്ക്

നൈന്റീസില്‍ ആണെന്ന് തോന്നുന്നു. ഭൂമി കാണാന്‍ ഒരു ധൂമകേതു (കോമെറ്റ്) ആകാശത്ത് എത്തിയത്. ഒരു നീണ്ട വാലും പിന്നെ മത്തങ്ങാ വലിപ്പത്തില്‍ ഉള്ള തലയും ഒക്കെയായി ഏകദേശം ഒരു മാസത്തോളം ആ ധൂമകേതു മലയാളനാട്ടിനു മുകളില്‍ ഉണ്ടായിരുന്നു. ഏതോ ഒരു സായ്‌വ് ആണ് അതിനെ കണ്ടെത്തിയത്. അതിനാല്‍ അവനൊരു പേരും നല്കി ഷൂമക്കെര്‍ ലേവി. ഭൂമി മലയാളത്തിലെ പത്രങ്ങള്‍ക്ക് ഏതെങ്കിലും ഒരു കഷ്ണം തീപ്പൊരി കിട്ടിയാല്‍ മതി. അവരതു പെരുപ്പിച്ച് തീക്കുണ്ടം ആക്കിക്കോളും. അതുതന്നെ ഇക്കാര്യത്തിലും സംഭവിച്ചു. ധൂമാകെതുവിനെ നാട്ടിലെ പത്രങ്ങള്‍ ഒരു ആഘോഷമാക്കി മാറ്റി. ധൂമകേതുവിനെ ചൊല്ലി ഒരു പാടു കഥകളും വിശ്വാസങ്ങളും പ്രചരിച്ചു. ഞാന്‍ അന്ന് ഇത്രയ്‌ക്കൊന്നും വളര്‍ന്നിട്ടുണ്ടായിരുന്നില്ല. അല്ല. ഇപ്പോള്‍ ഞാന്‍ ഒരു പാടു വളര്ന്നു എന്നല്ല.. അന്ന് ഞാന്‍ ഇതിലും ചെറുതായിരുന്നു. എന്റെ ഓര്‍മ്മ വച്ചു നോക്കിയാല്‍ അപ്പര്‍ പ്രൈമറിയില്‍ പഠിക്കുകയായിരുന്നു.

അന്ന് എന്റെ വീട് ഓടുമേഞ്ഞത് ആയിരുന്നു. എ റിയല്‍ കേരള സ്‌റ്റൈല്‍ ! സാദാരണ ഓടു മേഞ്ഞ വീടിനുള്ളത് പോലെ ഒരു തട്ടിന്‍ പുറവും ഉണ്ടായിരുന്നു. ഒരു ദിവസം ആളെ പേടിപ്പിക്കാനായിട്ടു ഒരു പത്രവാര്‍ത്ത. ഈ മാസം ഇത്രാം തീയതി നമ്മുടെ ധൂമകേതു ഭൂമിയുടെ അടുത്തെത്തുന്നു. അന്ന് ഭയങ്കര റിസ്‌ക് ആണ്. ചിലപ്പോള്‍ ഭൂമിയെ ധൂമകേതു ഇടിചേക്കാം..ഹെന്റമ്മോ. പിന്നത്തെ കാര്യം പറയണോ…നാലാള്‍ കൂടുന്നെടത്തൊക്കെ സംസാരം ധൂമകേതുവായി. അല്ലെങ്കിലും നമ്മള്‍ മലയാളികള്‍ക്ക് ചര്‍ച്ച ചെയ്യാനുള്ള കഴിവും താല്‍പര്യവും കുറെ കൂടുതലാണല്ലോ.

അവസാനം ആ ദിനം വന്നെത്തി. ഇന്നാണ് ഷൂ മക്കെര്‍ലേവി ടിയാന്‍ നമ്മുടെ ഭൂമിടെ ഏറ്റവും അടുത്തേക്ക് എത്തുന്നത്. ദൈവമേ ഈ ദിവസം എങ്ങിനെയെങ്കിലും തീര്‍ന്നു കിട്ടന്നെ. നേരം ഇരുട്ടിയപ്പോള്‍ നമ്മുടെ ധൂമകേതു പടിഞ്ഞാറന്‍ ചക്രവാളത്തില്‍ വന്നു പുഞ്ചിരിക്കാന്‍ തുടങ്ങി..എനിക്കത് കൊലച്ചിരി ആയിട്ടാണ് തോന്നിയത്. കണ്ടില്ലേ മത്തങ്ങാ തലയും വല്യൊരു വാലുമായി ആളെ പേടിപ്പിക്കാനായിട്ടു.

ഡിന്നര്‍ ഒക്കെ വല്ല വിധേനയും തീര്‍ത്തു ഞാന്‍ ഉറങ്ങാന്‍ കിടന്നു. പെട്ടെന്ന് തന്നെ ഉറങ്ങി പോയി .നേരം കുറെ ആയിക്കാണും. എന്തൊക്കെയോ വീഴുന്ന ശബ്ദം കേട്ടാണ് ഞാന്‍ ഉണര്‍ന്നത്.  വീടിന്റെ മേല്‍ക്കൂര എന്റെ തലയില്‍ വീഴുകയാണ് എന്ന് ഞാന്‍ പേടിച്ചു. ഉടനെ എനിക്ക് ധൂമകേതുവിനെ ഓര്മ്മ വന്നു .ഞാന്‍ പേടിച്ചു നിലവിളിച്ചു..എന്റെ ശബ്ദം കേട്ടിട്ടാവണം അച്ഛന്‍ ഓടിവന്നു. ഞാന്‍ എന്റെ പേടിയുടെ കാരണം പറഞ്ഞില്ല …ഞങ്ങള്‍ വാതില്‍ തുറന്നു പുറത്തിറങ്ങി. അവിടെയതാ അങ്ങ് ആകാശത്ത് നമ്മുടെ ധൂമകേതു പഹയന്‍ പറ്റിച്ചേ എന്നും പറഞ്ഞുകൊണ്ട് ചിരിച്ചുകൊണ്ടിരിക്കുന്നു. തട്ടിന്‍ പുറത്തു എലികള്‍ ഓടിക്കളിച്ച ശബ്ദം കേട്ടാണ് ഞാന്‍ പേടിച്ചതു എന്ന് അപ്പോഴാണ് എനിക്ക് പൂര്‍ണ്ണമായി ബോധ്യം വന്നത്. അതിനു ശേഷം ഒരു ധൂമകേതുവിനെയു ഞാന്‍ കണ്ടിട്ടില്ല.