എൻ്റെ രാജ്യത്ത് ആദ്യം ഞങ്ങൾ ജയിലിൽ പോകും പിന്നീട് പ്രസിഡന്റ് ആകും : നെൽസൺ മണ്ടേല

116
എൻ്റെ രാജ്യത്ത് ആദ്യം ഞങ്ങൾ ജയിലിൽ പോകും പിന്നീട് പ്രസിഡന്റ് ആകും,
– നെൽസൺ മണ്ടേല…
ഇന്ത്യൻ ജനതയിൽ നാലിൽ ഒരാളെ എടുത്താൽ അത് ദളിത് – ആദിവാസി ആയിരിക്കും ലോക ജനസംഖ്യയിൽ മൂന്നാം സ്ഥാനത്ത് നിൽക്കുന്ന യുഎസ് ൻ്റെ ജനസംഖ്യയോളം വരും രാജ്യത്തെ ദളിത് – ആദിവാസി സമൂഹം. ദളിത് എന്ന പദത്തിന് Oppressed, Scattered എന്നിങ്ങനെ രണ്ട് അർഥമുണ്ട്, ഇന്നും അതിന് ചുറ്റും വലം വെക്കുകയാണ് ഈ വലിയ വിഭാഗം ജനത.
നമ്മുടെ മനസാക്ഷിക്ക് നിരക്കാത്ത കാര്യങ്ങൾ നമുക്ക് ചുറ്റും കാണുമ്പോൾ ആദ്യമൊക്കെ വലിയ ആശങ്ക സൃഷ്ടിക്കും പിന്നീട് നിരന്തരം അത് തന്നെ കേട്ട് തഴമ്പിച്ചു കഴിയുമ്പോൾ യാതൊരു ആശങ്കയും ഇല്ലാതായി, അതിനോട് നമ്മൾ അത്രമേൽ സമരസപ്പെട്ട് കഴിഞ്ഞിരിക്കും. നാം ചരിത്രത്തിൽ നിന്ന് പഠിച്ച്, അറിഞ്ഞ് മനസിലാക്കുന്നത് തന്നെ ദളിത് സമൂഹം നേരിട്ട അതിക്രമങ്ങൾ, ജാതി പീഠനങ്ങൾ, അടിമത്വം, വംശഹത്യ ഇവയൊക്കെയാണ്.
അതുകൊണ്ട് തന്നെ രാജ്യത്ത് ഒരു ദളിതൻ കൊല്ലപ്പെട്ടു, അതിക്രമത്തിന് ഇരയായി, നീതി നിഷേധിക്കപ്പെട്ടു എന്നത് നമ്മിൽ യാതൊരു ചലനവും ഉണ്ടാക്കാൻ പ്രാപ്തമായ കാര്യമല്ല.
അജയ കുമാറിന്റെ വാക്കുകൾ ക്വോട്ട് ചെയ്താൽ, ശരാശരി 45000 അതിക്രമങ്ങൾ ദളിതർക്ക് എതിരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്നു (please note: reported cases only) അതിൽ 600 കൊലപാതകങ്ങൾ…!! ഓരോ ആറ് മണിക്കൂറിലും ഒരു ദളിത് സ്ത്രീ ഇന്ത്യയിൽ എവിടെയെങ്കിലും ബലാൽസംഗം ചെയ്യപ്പെടുന്നു
എന്തേ രാജ്യത്ത് പ്രക്ഷോഭം ഉണ്ടാകാത്തത്…?
ചന്ദ്രശേഖർ ആസാദിലേക്ക് വന്നാൽ ഉത്തരേന്ത്യൻ ജാതീയതയോട് യാതൊരു കോംപ്രമൈസിനും തയ്യാറാകാതെ സമര പ്രഖ്യാപനം മുഴക്കിയ യൗവനമാണ് അത്. ഇതിന്റെ പേരിൽ തുടർച്ചയായി രണ്ടു തവണ ജയിലിൽ അടയ്ക്കപ്പെട്ടു, ഇപ്പോൾ ജയിലിൽ ക്രൂര പീഠനം ഏൽക്കേണ്ടി വരുന്നുവെന്നും, ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തല്ലെങ്കിൽ ഹൃദയാഘാതം സംഭവിക്കാം എന്നും ഡോക്ടർ ട്വീറ്റ് ചെയ്തിരുന്നു,
ഈ ഘട്ടത്തിൽ അയാളുടെ കാര്യത്തിൽ കൃത്യമായ മൗനം നിലനിൽക്കുന്നുണ്ട്,
ഈ നേരത്ത് ഒന്നിച്ചു നിൽക്കണം എന്ന് പറയുന്ന വ്യവസ്ഥാപിത രാഷ്ട്രീയ പാർട്ടികൾ ആസാദിൻ്റെ കാര്യത്തിൽ ഇപ്പോഴും തുടരുന്ന മൗനത്തിന് മറ്റൊരു വശമുണ്ട് അത് പഴയ ജൻമി കുടിയാൻ വ്യവസ്ഥിതിയിൽ ജൻമിക്ക് കീഴ്പെട്ട് നിൽക്കുന്ന കുടിയാനോടുള്ള മനോഭാവം പോലെയാണ്.
ഈ രാജ്യത്തെ ദളിത് സമൂഹം, കൊടി പാടിക്കാനും, പോസ്റ്റർ ഒട്ടിക്കാനും, ക്വട്ടേഷൻ സംഘത്തെ പോലെ നിലനിർത്താനും വോട്ട് ഷെയർ ഉറപ്പിച്ചു നിർത്താനും എന്നതിൽ ഉപരി പദവിയിൽ നിന്നും ബഹുദൂരം മാറ്റി നിർത്തേണ്ടവരാണ് എന്ന ബോധ്യങ്ങളിൽ നിന്ന് വരുന്നതാണ്.
അടി കൊള്ളാൻ തളർന്നു വീഴാൻ അല്ല അടിക്കാൻ വരുന്നവനെ തിരിച്ചടിക്കാൻ, അവനെ നയിക്കുന്ന വ്യവസ്ഥിതിക്ക് നേരെ സമര പ്രഖ്യാപനം നടത്താൻ ആർജ്ജവമുള്ള ആസാദിനെ പോലെയുള്ള പുതിയ കാല ദളിത് തലമുറ രാഷ്ട്രീയ പ്രഖ്യാപനം നടത്തുന്നത്, കൃത്യമായി പൊളിറ്റിക്കൽ ഐഡന്റിറ്റി ക്രിയേറ്റ് ചെയ്തു മുൻപോട്ട് പോകുന്നത്, അത് തന്നെയാണ് ആസാദിൻ്റെ കാര്യത്തിൽ പലരുടെയും മൗനം, അതിൽ ബഹുജൻ രാഷ്ട്രീയം പറയുന്ന ബിഎസ്പി വരെ ഉൾപ്പെടും എന്നതാണ്.
എന്തെന്നാൽ ആസാദിൻ്റെ സംഘടന ഒരു രാഷ്ട്രീയ പാർട്ടി ആയി മാറുന്നതിന് മുൻപേ തന്നെ, ഉത്തരേന്ത്യയിൽ യുപിയിലും, പഞ്ചാബിലും, ഹരിയാനയിലും, ഡൽഹിയിലും, മഹാരാഷ്ട്രയിലും ദളിത് – ബഹുജൻ വിഭാഗത്തിനിടയിൽ വേരോട്ടം നേടി കഴിഞ്ഞു. ഇതെല്ലാം അതിജീവിച്ച് തിരിച്ചു വരുന്ന കാലത്ത് ഉറപ്പായും ഇന്ത്യൻ രാഷ്ട്രീയത്തിൽ കാണും, ചരിത്രത്തിലെ തന്നെ ഏറ്റവും ശക്തമായ രാഷ്ട്രീയം രചിക്കുക തന്നെ ചെയ്യും, അത് പലർക്കും വെല്ലുവിളി തന്നെയാണ് അതിൽ സംഘപരിവാർ മാത്രമല്ല ഉൾപ്പെടുക.
ഭരണകൂടത്തോട് പറയാനുള്ളത് നിങ്ങൾക്ക് മനുഷ്യരെ ജയിലിൽ ഇടാൻ കഴിയും പക്ഷെ ആശയങ്ങളെ തടവറയിൽ അടയ്ക്കാൻ ആകില്ല, പലരിലൂടെ ശക്തിയാർജ്ജിക്കുക തന്നെ ചെയ്യും,
രാജ്യത്തെ പ്രഗത്ഭനായ Young Dalit  Scholar Dr. Suraj Yangde യുടെ വാക്കുകൾ ഓർമ്മിപ്പിച്ചു കൊണ്ട് നിർത്തുന്നു (ഓർമ്മയിൽ നിന്നാണ്).
ഇത് നിങ്ങൾക്ക് തീർച്ചയായും ഒരു പുതിയ ദളിത് തലമുറ ആയിരിക്കും, ചുറ്റുമുള്ള കാര്യങ്ങൾ കൃത്യമായി നോക്കികാണുന്ന നിരീക്ഷിക്കുന്ന, കാര്യങ്ങളെ കുറിച്ച് ധാരണയുള്ള, ഇവിടെ അടിമകളെപ്പോലെ തുടരുന്നത്, ആരാണ് കഷ്ടപ്പെടുന്നത് എന്ന ബോധ്യമുള്ള.
ഈ പുതിയ ദളിത് തലമുറ വിദ്യാഭ്യാസം നേടിയവരാണ്, തങ്ങളുടെ ഐഡന്റിറ്റിയെ കുറിച്ച് ഉറച്ച ധാരണയുള്ളവരാണ്, അഭിമാനത്തോടെ സമൂഹത്തിനിടയിൽ നിന്നുകൊണ്ട് അതെ ഞാനൊരു ദളിതനാണ്, ഞാൻ എന്റെ സമൂഹത്തിന് വേണ്ടി പോരാടുക തന്നെ ചെയ്യും, അവസാന നിമിഷം വരെ നിലകൊള്ളുന്നവരാണ്.അതെ ചന്ദ്രശേഖർ ആസാദ് പിൻതുടരുന്ന രാഷ്ട്രീയം അയാളിൽ മാത്രം ഒതുങ്ങി നിൽക്കുന്നതല്ല.