സിനിമ കാണൽ കൈപൊള്ളുന്ന അനുഭവം

283

Jiju Sarang

സിനിമ കാണൽ കൈപൊള്ളുന്ന അനുഭവം

പറഞ്ഞുവരുന്നത് പുതിയതായി ഇറങ്ങിയ ഏതെങ്കിലും സിനിമയെക്കുറിച്ചല്ല. അടുത്തിടെ കൂട്ടിയ സിനിമാ ടിക്കറ്റ് ചാർജ് സാധാരണ പ്രേക്ഷകന്റെ കൈ പൊള്ളിക്കുന്നതിനെ കുറിച്ചാണ്. ഇപ്പോൾ ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്ക് 130 ൽ എത്തിയിരിക്കുന്നു. ആരും ഒരു പരാതിയും പറഞ്ഞില്ല അത് കൊണ്ട് തന്നെയാവാം അത് നടപ്പിലാക്കുകയും ചെയ്തിരിക്കുന്നു.

ഉപ്പു തൊട്ടു കർപ്പൂരം വരെ വില കൂടിയ നാട്ടിൽ ഇതിന്റെ പ്രാധാന്യം എന്തായിരിക്കും എന്നൊരു ചിന്ത ഉണ്ടാവാം… അരിക്ക് നാല്പതിനുമുകളിൽ സവോള 80 മുകളിൽ അങ്ങനെ ഒരു ശരാശരി മനുഷ്യന്റെ പേഴ്സിൽ ഒതുങ്ങാത്ത വിലകൾ എല്ലാം ഒന്നൊപ്പിച്ചു ആഴ്ചയിൽ ഒരു സിനിമ അല്ലെങ്കിൽ മാസത്തിൽ ഒന്ന് കാണാം എന്ന് കരുതി തിയറ്ററിൽ എത്തുമ്പോൾ ഒരു ടിക്കറ്റിനു ഏറ്റവും കുറഞ്ഞത് 130/ എന്ന സ്ഥിതി..

ജോലി, ജീവിതം, പരക്കം പാച്ചിലുകൾ കടന്നു ഒരു റിലാക്സേഷന് വേണ്ടി ആശ്രയമായിരുന്ന തിയറ്റർ അനുഭവം അന്യമായിക്കൊണ്ടിരിക്കുകയാണ്, കൂടിയ നിരക്കുകൾ തിയറ്റർ കളക്ഷൻ കുറയ്ക്കും അതോടെ പച്ചപിടിച്ചു വന്ന സാദാ തിയറ്ററുകൾ കല്യാണ മണ്ഡപങ്ങൾ ആയി മാറും സിനിമ തിയറ്റർ അനുഭവം എന്നത് മൾട്ടി പ്ലക്‌സ്‌ മാത്രമാകും.അപ്പോൾ നമുക്കുപദേശിക്കാം മൊബൈലിൽ വരെ സിനിമകൾ വരുന്ന കാലത്ത് ഇനി ഈ വിഷയത്തിൽ എന്തുകാര്യം എന്ന്… ശരിയാണ് ടിവിയിൽ ദിവസവും അൻപതിലധികം സിനിമകൾ വരുന്നുണ്ട്… അത് കണ്ടാൽ പോരെ എന്ന ചോദ്യം,. ചോദ്യമല്ല മാത്രമല്ല മിക്ക കുടുംബങ്ങളും അതിലേക്ക് ഒതുങ്ങും

എല്ലാ ആഴചയിലും ഒരു സിനിമ എങ്കിലും തീയറ്ററിൽ കാണാറുണ്ടായിരുന്നു ഇപ്പോൾ പൊള്ളിക്കുന്ന അനുഭവം ചെറിയ വരുമാനക്കാരായ ഞാനടക്കമുള്ള ഏതൊരാളെയും പിന്തിരിക്കാൻ പ്രേരിപ്പിക്കും.ഇത്ര കട്ടിയായ വർദ്ധനവ് ഉണ്ടായിട്ടും എന്താണ് സിനിമാ രംഗത്ത് ഉള്ളവർ അതിനെതിരെ പ്രതികരിക്കാത്തത് ? അതോ സിനിമയും ഇനി മുതൽ ഓൺലൈൻ കാഴ്ചകൾ മതി എന്നാണോ നിങ്ങളുടെ പക്ഷവും ?
എന്താണ് സാമൂഹിക രാഷ്ട്രീയ രംഗത്ത് ഉള്ളവർ ഒന്നും ഇത് ചർച്ചയാകാത്തത് അല്ല ഇത്തരം വിഷയങ്ങൾ അവർ ചർച്ചയാക്കുമോ എന്തോ? സിനിമകൾ കാണുന്ന പ്രേക്ഷകർ എങ്കിലും പ്രതികരിച്ചോ ? ഇല്ല എന്ന് തന്നെയാണ് തോന്നുന്നത് നിശബ്ദമായി ഈ വർദ്ധനവിനെയും നമ്മൾ സ്വീകരിക്കുവാണോ?

സാമ്പത്തിക പ്രതിസന്ധികൾ സർക്കാരിന് മാത്രമാണോ അവ പരിഹരിക്കാൻ മാനുഷിക പരിഗണനകൾ പോലും ഇല്ലാതെ സാധാരണ മനുഷ്യന്റെ എല്ലാ വിനോദോപാധികളെയും നിഷ്കരുണം ഇങ്ങനെ കൊള്ളയടിക്കുമ്പോൾ എന്താണ് സമൂഹത്തിനു നാളേക്കായുള്ള സംഭാവനയായി നിങ്ങൾ നൽകുന്നത്?
കുറെ ചോദ്യങ്ങൾ മാത്രം അവശേഷിക്കും നാളെ ഞാനും ഇറങ്ങുന്ന സിനിമകൾ ടോറന്റിലും ടിവിയിലും വരുമ്പോൾ കണ്ടു ശീലമാകും.

കലഹരണപ്പെട്ടുപോകുന്ന ഒരു കലയായി, ബിസിനസായി തിയറ്ററുകളും സിനിമ എന്ന നക്ഷത്രലോകവും മാറും അതാവും സംഭവിക്കാൻ പോകുന്നത്.പൊന്മുട്ടയിടുന്ന താറാവിനെ കൊന്നു മുട്ടകൾ പുറത്ത് എടുക്കുന്ന കഥ നമ്മളെന്നോ കേട്ടു പഴകിയതാണ് ആവർത്തിക്കുകയാണ് പൊന്മുട്ടയിടുന്ന തിയറ്ററുകൾ കൊന്നെടുക്കുകയാണ്, ഒപ്പം നമ്മളെയും. പ്രതികരിക്കാൻ ആരും ഉണ്ടാകില്ല കാരണം സിനിമയല്ലേ, അതിപ്പോ കാശുണ്ടെങ്കിൽ കണ്ടാ മതി എന്ന് വയ്ക്കണം അല്ലേ അതേ പറ്റൂ.

വിനോദങ്ങളെ ഒഴിവാക്കാം…. സംഗീതത്തെ ഒഴിവാക്കാം.. തമാശകൾ ഒഴിവാക്കാം etc…എന്നിട്ടു
വളരെ വയലന്റ് ആയ അക്രമാസക്തരായ ഒരു കൂട്ടം ചുറ്റും വളർന്നു വരുന്നുണ്ട് എന്തുകൊണ്ട് എന്നത് ചർച്ചയാക്കാം… ചെറിയ എതിർപ്പുകളെ പോലും സ്വീകരിക്കാതെ സ്വയം മരിച്ചും എതിരാളിയെ കൊന്നും ഒരു വശത്ത് വളരുന്നുണ്ട്… അവ എന്തുകൊണ്ട് എന്ന് ചർച്ചയാക്കാം ഒപ്പം അവനവനിലൊതുങ്ങി വിഷാദം മൂർച്ഛിക്കുന്ന, അക്രമാസക്തരാകുന്ന കൂട്ടത്തെ കുറിച്ച് ചർച്ചയാവാം.ഈ വിലക്കയറ്റങ്ങൾ ഒക്കെയും കാര്യമായി ബാധിക്കാത്ത വിഭാഗങ്ങൾ ഉണ്ട് അതിൽ എല്ലാ “പക്ഷവും” ഉണ്ട്. മറു വശത്ത് ഞാനും നിങ്ങളും അടക്കമുള്ള വലിയൊരു കൂട്ടം യാതൊരു ഗ്യാരണ്ടിയുമില്ലാത്ത ലൈഫുമായി എല്ലാ നടപ്പിലാക്കലുകൾക്കും വിധേയരായി ജീവിച്ചു മരിക്കും.


പതിവായി എല്ലാ ഞായറാഴ്ചകളിലും നടന്നിരുന്ന ‍ തിയറ്ററിലെ സിനിമ കാണല്‍ ഒഴിവാക്കി
ടിക്കറ്റ് നിരക്കിലെ അമിത വര്‍ദ്ധനവിനെതിരെ എന്റെ പ്രതിഷേധമറിയിക്കുന്നു