മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ പെൻഷൻ പ്രായമിതാ 65 ആക്കാൻ പോകുന്നു, അടിപൊളി

376

Dr Manoj Vellanad

(മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ പെൻഷൻ പ്രായമിതാ വീണ്ടും കൂട്ടാൻ പോണ്. അടിപൊളി. 2 വർഷം മുമ്പൊന്ന് കൂട്ടിയേ ഉള്ളൂ. അന്ന് പ്രായം 60-ൽ നിന്ന് 62-ലേക്ക് കൂട്ടി. ഇപ്പൊ അത് 65-ലേക്കാക്കാൻ പോകുന്നു. ഇനിയത് 70-ഉം 90-ഉം ഒക്കെ ആവുമായിരിക്കും. 😠

ഇത് കൃത്യം രണ്ടുവർഷംമുമ്പ്, 2017 നവംബർ 15-ന് ഇതേ വിഷയം സംബന്ധിച്ച് പോസ്റ്റ് ചെയ്ത കുറിപ്പാണ്. എന്റെ അഭിപ്രായം (അതിനെന്ത് പ്രസക്തിയെന്ന് അറിയില്ല) ഇപ്പോഴും അത് തന്നെ.. അതോണ്ട് വീണ്ടുമിവിടിടുന്നു.)

കേരളത്തിൽ ആരോഗ്യമേഖലയിൽ ഡോക്ടർമാരുടെ പെൻഷൻ പ്രായം വർദ്ധിപ്പിച്ചല്ലോ. DHS ൽ 56 ൽ നിന്ന് 60 ലേക്കും, DME യിൽ 60 ൽ നിന്ന് 62 ലേക്കുമാണ് കൂട്ടിയിട്ടുള്ളത്. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ പെൻഷൻ പ്രായം ഇതിലധികമാണെന്നും അനുഭവസമ്പന്നരായ ഡോക്ടർമാരുടെ കുറവുനികത്താൻ ഇതാണ് വഴിയെന്നും മന്ത്രിസഭാ തീരുമാനം പറയുന്ന കൂട്ടത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കുകയുമുണ്ടായി.

നിലവിലെ കേരളത്തിലെ സാഹചര്യത്തിൽ ഈ തീരുമാനത്തെ ഒരു രീതിയിലും അനുകൂലിക്കാനാവില്ലാ. തീർത്തും ദീർഘവീക്ഷണമില്ലാത്ത നിലപാടാണെന്ന് മാത്രമേ പറയാൻ പറ്റു. ശരിക്കും ഈ വിഷയത്തെ രണ്ടുമൂന്ന് വ്യത്യസ്തമായ കോണുകളിൽ നിന്നു പരിശോധിച്ച് അഡ്രസ് ചെയ്യണമെന്നാണ് എനിക്ക് തോന്നുന്നത്. എനിക്ക് തോന്നുന്ന ചില പോയിന്റുകൾ പറയാം.

 1. പെൻഷൻ പ്രായം വർദ്ധിപ്പിക്കുന്നതിലൂടെ ഏതൊരു മേഖലയിലെയും പോലെ യുവാക്കളുടെ/ യുവഡോക്ടർമാരുടെ തൊഴിലവസരം ഇവിടെ നഷ്ടപ്പെടുന്നുണ്ട്. ആയിരക്കണക്കിന് ഡോക്ടർമാർ ഓരോ വർഷവും കേരളത്തിൽ നിന്നുമാത്രം പഠിച്ചിറങ്ങുന്നുണ്ട്. അവർക്കെല്ലാവർക്കുമല്ലെങ്കിലും അതിന്റെ നല്ലൊരു ശതമാനത്തിന് സർക്കാർ സർവീസിൽ ജോലിയൊരുക്കേണ്ടതിന്റെ ബാധ്യത സർക്കാരിനുണ്ട്. അതിനുവേണ്ടി കൂടുതൽ തസ്തികകളും ഒഴിവുകളും സൃഷ്ടിക്കേണ്ട സ്ഥാനത്താണ് ഉള്ള സാധ്യതകൾ കൂടി നഷ്ടപ്പെടുത്തുന്ന ഈ സർക്കാർ നടപടി.
 2. ‎ജോലിയിലെ സ്ഥിരതയില്ലായ്മ, തുച്ഛമായ ശമ്പളം, അമിത ജോലിഭാരമൊക്കെ സ്വകാര്യമേഖലയിലെ ഡോക്ടർമാരുടെ പ്രധാനപ്രശ്‌നമാണ്. പ്രത്യേകിച്ചും MBBS മാത്രമുള്ളവരുടെ. അതുകൊണ്ട് പഠിച്ചിറങ്ങുന്നവർക്ക് സർക്കാർ ജോലിയില്ലെങ്കിൽ സ്വകാര്യമേഖലയിൽ ജോലി ചെയ്തോളുമെന്ന ഒഴുക്കൻ ചിന്താഗതി മാറണം.
 3. ‎അതേസമയം സർക്കാർ ആശുപത്രികൾ, പ്രത്യേകിച്ചും മെഡിക്കൽ കോളേജുകൾ നടത്തേണ്ടത് ഡോക്ടർമാർക്കും മറ്റുള്ളവർക്കും ജോലി നൽകാൻവേണ്ടി മാത്രമുള്ളതല്ലാ കാഴ്ചപ്പാടുകൂടി എനിക്കുണ്ട്. അത് രോഗികൾക്ക് ഏറ്റവും മികച്ച ചികിത്സ നൽകാൻ വേണ്ടിത്തന്നെയാകണം. അനുഭവസമ്പന്നരായ ഡോക്ടർമാരെ അവിടെ നിലനിർത്തേണ്ടതും അതുകൊണ്ടുതന്നെ ആവശ്യമാണ്.
 4. ‎ഈ 60- 62 വയസൊക്കെ ഇന്നത്തെ ജീവിതദൈർഘ്യം വെച്ച് നോക്കിയാൽ വലിയൊരു പ്രായമല്ലാ. 75-80 വയസിലും ചുറുചുറുക്കോടെ ജോലി ചെയ്യുന്ന സർജന്മാരുണ്ട്.

 5. നിലവിൽ 60 വയസുള്ള, 2 ലക്ഷം ശമ്പളം വാങ്ങുന്ന ഒരു ഡോക്ടർ റിട്ടയർ ചെയ്യുമ്പോൾ ഒരു ലക്ഷത്തോളം രൂപ സർക്കാർ പെൻഷനായി നൽകുന്നുണ്ട്. ആരോഗ്യവാനായ ആ ഡോക്ടർ തൊട്ടടുത്ത ദിവസം മുതൽ ഏതെങ്കിലും സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്തു തുടങ്ങുന്നു. മരണം വരെ അതു തുടരുന്നു. ഒരു അസോഷ്യേറ്റ് പ്രൊഫസർക്ക് കിട്ടുന്ന അത്രയും ശമ്പളം സർക്കാർ ആ ഡോക്ടർക്ക് മാസാമാസം പെൻഷനായി വെറുതെ നൽകുന്നുണ്ട്. എന്നാലാരോഗ്യവാനായ അദ്ദേഹത്തിന്റെ സേവനം സർക്കാർ നിരസിക്കുകയും ചെയ്യുന്നു. ഇതിനെ ഒരു റിസോഴ്സ് വേസ്റ്റായി കാണാനാണ് തോന്നുന്നത്.

 6. ‎അതുകൊണ്ട് ഈ വിഷയത്തിൽ കൃത്യമായ ഒരു മാൻപവർ പ്ലാനിംഗ് അത്യാവശ്യമാണ്. എന്നുവച്ചാൽ, യുവാക്കളുടെ തൊഴിലവസരം നഷ്ടപ്പെടുത്താതെ, കീഴ്പദവികളിലുള്ളവരുടെ പ്രമോഷൻ സാധ്യത തടയാതെ, സർക്കാറിന്റെ കാശ് വലിയ തോതിൽ പാഴാകാതെ, അനുഭവസമ്പന്നരായ ഡോക്ടർമാരുടെ സേവനം പൊതുജനാരോഗ്യമേഖലയിൽ നിന്ന് നഷ്ടപ്പെടാതെയുള്ള ഒരു പ്ലാനിംഗ് .

 7. ‎അതിനായി എനിക്ക് തോന്നുന്ന ചിലത്
  a)പെൻഷൻ പ്രായം നിലവിലുള്ളതുപോലെ തന്നെ നിലനിർത്തുക.
  ‎b)പെൻഷനാകുന്ന ഡോക്ടർമാരിൽ താൽപ്പര്യമുള്ളവർക്ക് പൊതുജനാരോഗ്യമേഖലയിൽ തുടരാനുള്ള അവസരം നൽകുക.
  ‎c)അവർക്ക് താൽപ്പര്യമുണ്ടെങ്കിൽ മാത്രം തുടർന്നാൽ മതിയാവും. നിർബന്ധമില്ലാ. അങ്ങനെ തുടരാൻ താൽപ്പര്യമുള്ളവർ ധാരാളമുണ്ടെന്നെനിക്കറിയാം.
  ‎d)തുടരുന്നവർക്ക് പക്ഷെ നിലവിൽ വഹിച്ചിരുന്ന പദവികൾ (HOD, Unit chief, Superintendant etc) ഉണ്ടാവില്ലാ. ആ സ്ഥാനം പ്രൊമോഷൻ വഴി അർഹതയുള്ളവർക്ക് കിട്ടണം. മറ്റേ ഡോക്ടർ പ്രത്യേക പദവിയില്ലാതെ, മോസ്റ്റ് സീനിയർ ഡോക്ടറായി തുടരുകയോ അല്ലെങ്കിൽ താഴെയുള്ളവരുടെ പ്രമോഷൻ നഷ്ടപ്പെടുത്താത്ത ഒരു തസ്തിക അവർക്ക് നൽകുകയോ ചെയ്യണം.
  ‎e)തുടരുന്ന ഡോക്ടർക്ക് നിലവിൽ കിട്ടിക്കൊണ്ടിരുന്ന ശമ്പളം നൽകാം. കാരണം ആ സേവനം പഴയതുപോലെ സർക്കാർ പ്രയോജനപ്പെടുത്തുന്നുണ്ട്.
  ‎f) അവർക്ക് സ്വന്തം താൽപ്പര്യപ്രകാരം എപ്പൊ വേണമെങ്കിലും ജോലിയിൽ നിന്നും പിരിഞ്ഞു പോകാൻ കഴിയണം. അല്ലെങ്കിൽ നിർബന്ധമായും പിരിഞ്ഞുപോകുന്നതിന് ഒരു പ്രായം നിശ്ചയിക്കുക. അതുവേണമെങ്കിൽ ഇപ്പോൾ നിശ്ചയിച്ച 62 നു പകരം 65 ഓ അതിനുമുകളിലോ ആയാലും മറ്റുള്ളവരുടെ തൊഴിലവസരത്തെയോ പ്രമോഷനെയോ ബാധിക്കാത്തതിനാൽ പ്രശ്നമില്ലാ.

എന്തായാലും ജനസംഖ്യയ്ക്കനുസരിച്ചും ദീർഘവീക്ഷണത്തോടെയും ആരോഗ്യമേഖലയുടെ നിലനിൽപ്പിന് കൃത്യമായ മാൻപവർ പ്ലാനിംഗ് നടത്തേണ്ടിടത്ത്, പുതിയ തസ്തികകൾ സൃഷ്ടിക്കാതെ, നിലവിലെ ഒഴിവുകൾ നികത്താതെ, പെൻഷൻ പ്രായം മാത്രം വർദ്ധിപ്പിക്കുന്ന സർക്കാർ നിലപാട് ഇരുട്ടുകൊണ്ട് ഓട്ടയടയ്ക്കുന്നതിന് തുല്യമാണ്‌.

മനോജ് വെള്ളനാട്

Previous articleകടകംപള്ളീ …ആരാണ് ആക്റ്റിവിസ്റ്റ് ?
Next articleആർത്തവരക്തം കുടിക്കുന്ന മനുഷ്യർ
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.