ഇന്ത്യ എന്റെ രാജ്യമാണ്

273

ഇന്ത്യ എന്റെ രാജ്യമാണ്

അനഘ രാജ്

കണക്കെടുപ്പു കഴിഞ്ഞതിന്റെ
അടുത്തദിവസം
സ്കൂൾ അസ്സംബ്ലിയിൽ
പ്രതിജ്ഞചൊല്ലാൻ നേരത്താണ്
നാല് ബി യിലെ ഫാത്തിമ
വന്നില്ലന്നറിഞ്ഞത്.
ഉച്ചക്കഞ്ഞി കുടിക്കുമ്പോൾ
ശാലിനിയാണ് പറഞ്ഞത്
ഫാത്തിമ മൂത്തുമ്മാടെകൂടെ
പട്ടികയിലെ പേരുപോയതിനു
പരാതിപറയാൻ
ഒപ്പം പോയതാണെന്ന് .
ആപ്പീസറുടെ മുന്നിൽ
എന്റെ മോൻ
ഈ രാജ്യത്തിന്റെ
കാവൽക്കാരനാരുന്നെന്ന്
ഫാത്തിമയുടെ മൂത്തുമ്മ
അഭിമാനത്തോടെ പറഞ്ഞു ,
ആപ്പീസറൊന്നു ചിരിച്ചു,
കൂടെയുള്ളവർ ഒപ്പം ചിരിച്ചു ,
മൂത്തുമ്മാക്കു ചിരിവന്നില്ല ,
വിളറിനരച്ചക്കണ്ണുകൾ
കുറുകിച്ചുവന്നു വന്നപ്പോൾ
ഫാത്തിമയ്ക്കു കരച്ചിലു വന്നു,
മൂത്തുമ്മ അവളെ ചേർത്തു നിർത്തിപ്പറഞ്ഞു ,
ഇതുനിന്റെ മൂത്താപ്പജീവൻ കൊടുത്ത മണ്ണാ ..
വീരപരമ്പര കരയില്ലപെണ്ണേ …
ആൾക്കൂട്ടത്തിലേക്കു
നീക്കിനിർത്തുമ്പോൾ
മൂത്തുമ്മയുടെ
വിരൽത്തുമ്പിൽ നിന്നും
ഫാത്തിമ വിട്ടുപോയിരുന്നു .

സരസമ്മടീച്ചർ
ഹാജരെടുക്കുമ്പോൾ
അപ്പുണ്ണിയാണ് പറഞ്ഞത്
അവുക്കാദറുകുട്ടി
വലിയുപ്പാടെകൂടെ
പഞ്ചായത്താഫീസിലെ
അദാലത്തിൽ
പരാതിപറയാൻ
കൂട്ടുപോയതാണെന്ന്.
ചിരപരിതമായ
പഞ്ചായത്താഫീസിന്റെ മൂലയിൽ
അവുക്കാദറുകുട്ടിയുടെ വലിയുപ്പ
തിരസ്കൃതനായ് തരിച്ചുനിന്നു,
പഴയമേധാവിയെകണ്ട
പഞ്ചായത്താഫീസിലെ തൂണുകൾ
വിദേശിയെ വണങ്ങാനാവാതെ
സ്തംഭിച്ചു വിമ്മിട്ടപ്പെട്ടു .,
അന്യത്വവേവിൽ
വലിയുപ്പയും ചെറുമകനും
വെന്തുപിടഞ്ഞു .,
നിസ്സഹായനായിപ്പോയ
ചുവരിലെ കണ്ണാടിയപ്പൂപ്പൻ
കണ്ണിലെ നനവുമറയ്ക്കാനെന്നപോലെ
അവരെനോക്കി വെളുക്കെച്ചിരിച്ചു ,

നാല് സി യിലെ അശ്വതി
പിറ്റേന്ന് പ്രതിജ്ഞ ചൊല്ലുമ്പോൾ
രണ്ടാമത്തെ വരിയിൽ
അവളുടെ നാവു വിറച്ചുനിന്നു,
കുഞ്ഞുനാവുകളിലെ ഗദ്ഗദം
കടലുപോലെ ആർത്തിരമ്പി ….
നീളൻനിരകൾക്കിടയിലെ
കൂട്ടുകാരുടെ ശൂന്യതയിൽ
അവരുടെ രാജ്യം മുറിപ്പെട്ടുപോയി ,
നീയില്ലായ്മയെന്നസങ്കടത്തീയിൽ
ഞാനില്ലായ്മയുടെ പൊരുൾ
പച്ചമരം പോലെ നിന്നു കത്തി .
ഇന്നലെവരെ
ഒന്നായിരുന്നവരെത്തേടി
കൂട്ടുകാരെത്തുമ്പോൾ
മതിൽക്കെട്ടിനപ്പുറത്തെ
അഴികൾക്കുപിന്നിലവർ
പേരില്ലാത്തൊരാളായിത്തീർന്നിരുന്നു .
വിതുമ്പുന്നചുണ്ടുകളപ്പോഴും
വ്യർത്ഥം പുലമ്പുന്നുണ്ടായിരുന്നു
ഇന്ത്യ എന്റെ രാജ്യമാണ് …

———അനഘ രാജ്