ദാരിദ്ര്യത്തിന്റെയും അസമത്വങ്ങളുടെയും അക്രമങ്ങളുടെയും നാട്; ചില കണക്കുകൾ !

563

Sajan Gopalan എഴുതുന്നു

പല സ്രോതസ്സുകളിൽ നിന്ന് സമാഹരിച്ച കുറെ കണക്കുകളാണ്.

നമുക്കു പൊതുവെ കണക്കുകൾ സൂക്ഷ്മമായി പരിശോധിക്കുന്ന ശീലമില്ല.

എന്നാൽ ഈ കണക്കുകൾ എല്ലാവരും ശ്രദ്ധയോടെ വായിക്കണം.

Sajan Gopalan
Sajan Gopalan

ഒരു രാജ്യത്തിൻറെ അവസ്ഥ ചില കണക്കുകളിലൂടെ അവതരിപ്പിക്കുകയാണ്.

സാമൂഹികസംഘർഷങ്ങളുടെ ഇൻഡക്സിൽ 2016ൽ പ്യു റിസേര്ച് സെന്റർ 198 രാജ്യങ്ങളിൽ ഏറ്റവും താഴെയുള്ള 8 രാജ്യങ്ങളിൽ ആണ് ഇന്ത്യയെ ഉൾപ്പെടുത്തിയിരിക്കുന്നത്.

ലോകബാങ്കിന്റെ വിദ്യാഭ്യാസം, ആരോഗ്യം എന്നിവ പരിശോധിക്കുന്ന ഹ്യൂമൻ ക്യാപിറ്റൽ ഇന്ഡക്സില് നമ്മൾ തൊട്ടടുത്തുള്ള നേപ്പാളിനേക്കാളും ബംഗ്ലാദേശിനേക്കാളും പിറകിലാണ്.

ആംനസ്റ്റി ഇന്റർനാഷണൽ പറയുന്നത് ഹേറ്റ് ക്രൈമിൽ ഉത്തർപ്രദേശ് ഏറ്റവും മുന്നിൽ നിൽക്കുന്നു എന്നാണ്.

റിപ്പോർട്ടേഴ്‌സ് വിതൗട് ബോർഡേഴ്സ് 2017 _18ൽ തയ്യാറാക്കിയ വേൾഡ് പ്രസ് ഫ്രീഡം ഇന്ഡക്സില് ഇന്ത്യയുടെ സ്ഥാനം180ൽ 138 ആണ്.

2017_18ൽ 113 രാജ്യങ്ങളിൽ പഠനം നടത്തി വേൾഡ് ജസ്റ്റിസ് പ്രോജെക്ട് തയ്യാറാക്കിയ റൂൾ ഓഫ് ലോ ഇൻഡക്സിൽ ഇന്ത്യയുടെ സ്ഥാനം 62 ആണ്.

ജനാധിപത്യത്തെക്കുറിച്ചുള്ള ഇക്കണോമിസ്റ് മാസികയുടെ ഇന്റലിജൻസ് യൂണിറ്റ് റിപ്പോർട്ടിൽ 167 രാജ്യങ്ങളിൽ ഇന്ത്യയുടെ സ്ഥാനം ലാത്‌വിയക്കും തായ്‌വാനും ബോട്സ്വാനക്കും താഴെ 41 ആണ്. അത് തന്നെ ഇതൊരു പൂർണ ജനാധിപത്യം അല്ലെന്നും flawd ആയ ജനാധിപത്യം ആണെന്നും അവർ വിലയിരുത്തുന്നു. 2014 ന് ശേഷം വലിയ വീഴ്ചയാണ് ഈ പഠനം കാണിക്കുന്നത്.

ഇനി അസമത്വത്തെക്കുറിച്ചു നോക്കാം.

വേൾഡ് ഇനിക്വാളിറ്റി ലാബിന്റെ വർഷങ്ങൾ നീണ്ടുനിൽക്കുന്ന പഠനങ്ങൾ ഉണ്ട്. അതനുസരിച്ചു 2000 മുതൽ താഴെ തട്ടിലുള്ള 90 ശതമാനം ജനങ്ങളുടെ വരുമാനം പ്രതിവർഷം 2 ശതമാനം വച്ചാണ് വളർന്നത്. അതെ സമയം മുകളിലുള്ള ഒരുശതമാനത്തിന്റെ വാർഷിക വരുമാന വളർച്ച 7 ശതമാനം ആയിരുന്നു.

1980 മുതൽ മൊത്തം വരുമാന വളർച്ചയുടെ 12 ശതമാനം ലഭിച്ചത് ഏറ്റവും മുകളിലെ 0 .1 ശതമാനത്തിനാണ്. ഏറ്റവും താഴത്തെ 50 ശതമാനത്തിന് കിട്ടിയതാവട്ടെ മൊത്തം വരുമാന വളർച്ചയുടെ 11 ശതമാനവും.

ഇനി വിഭവങ്ങളുടെ ഉടമസ്ഥത നോക്കാം.

2012 ലെ കണക്കനുസരിച്ചു ഇന്ത്യയുടെ മൊത്തം സമ്പത്തിന്റെ 30 ശതമാനവും കയ്യടക്കിയിരിക്കുന്നത് മുകൾ തട്ടിലുള്ള ഒരു ശതമാനമാണ്.

10 ശതമാനത്തിന്റെ കൈയിലാണ് 63 ശതമാനം വിഭവവും.

താഴെയുള്ള 50 ശതമാനം ജനങ്ങൾക്കുള്ളത് സമ്പത്തിന്റെ 8 ശതമാനമാണ്.

ഭൂമിയുടെ കേന്ദ്രീകരണമാണ് ഇതിൽ പ്രധാന അസമത്വം.

90-കളുടെ മധ്യത്തിൽ ഇന്ത്യയിൽഉണ്ടായിരുന്നത് 3 .2 ബില്യൺ ആസ്തിയുള്ള 2 ഡോളർ ബില്യണർമാർ ആയിരുന്നു.
2012 ൽ അത് 176 ബില്യൺ ഡോളർ ആസ്തിയുള്ള 46 ബില്യണർമാർ ആയി ഉയർന്നു. GDPയിൽ അവരുടെ പങ്ക് ഒന്നിൽ നിന്ന് പത്തു ശതമാനം ആയി ഉയർന്നു. ഇവരിൽ ഒരാൾ മുസ്ലീമും ഒരാൾ സ്ത്രീയുമായിരുന്നു. ബാക്കി എല്ലാവരും ഉയർന്ന ജാതിയിൽ നിന്നുള്ളവർ.
2015 ൽ ഇന്ത്യയിലെ ഡോളർ ബില്യണർമാരുടെ സംഖ്യ 97 ആയി. അവരുടെ ആസ്തി 226 ബില്യൺ ഡോളറും. അമേരിക്കയും ചൈനയും കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ബില്യണർമാർ ഉള്ള രാജ്യം ഇന്ത്യയാണ്.

ലോകബാങ്കിന്റെ മറ്റൊരു കണക്കനുസരിച്ചു ദിവസം രണ്ടു ഡോളറിൽ താഴെ വരുമാനമുള്ള ദരിദ്രരിൽ 34 ശതമാനം ഇന്ത്യക്കാരാണ്.

ലോകത്തെ മൊത്തം ചില കണക്കും നോക്കാം.

ഓക്സ്‌ഫാമിന്റെ കണക്കുകളാണ്.

ലോകത്തു 85 ധനികർക്കുള്ള ആസ്തി 3.5 ബില്യൺ ജനങ്ങളുടെ മൊത്തം ആസ്തിയെക്കാൾ കൂടുതലാണ്.

തല പെരുക്കുന്ന കണക്കുകളാണ്. എന്നാൽ ഇത് ശ്രദ്ധയോടെ പഠിക്കുന്നവർ പറയുന്ന ചില കാര്യങ്ങൾ പ്രധാനമാണ്.

ഈ ധനികരുടെ പുറത്തു 1.5 ശതമാനം നികുതി ചുമത്തിയാൽ 9 കോടി അതി ദരിദ്രരെ ദാരിദ്ര്യത്തിൽ നിന്ന് പുറത്തു കടത്താം.

ലോകത്തുള്ള എല്ലാ കുട്ടികൾക്കും സ്കൂളിൽ പോകാം. എല്ലാവര്ക്കും പ്രാഥമിക വിദ്യാഭ്യാസം ഉറപ്പു വരുത്താം.
ധനികർ കൂടുതൽ ടാക്‌സ് ചെയ്യുന്നതിനെക്കുറിച്ചും ഈ തിരഞ്ഞെടുപ്പ് സമയത്തു ചർച്ച വന്നു കാണുന്നില്ല.

കഴിഞ്ഞ 70 വര്ഷം കൊണ്ട് നാമുണ്ടാക്കിയ നേട്ടങ്ങളെക്കുറിച്ചും ഇതുപോലെ മറ്റൊരു കണക്കെടുപ്പ് സാധ്യമായേക്കാം. എന്നാൽ ഇത്ര കാലമായിട്ടും അസമത്വവും മറ്റു സാമൂഹിക വികസന സൂചികകളും പ്രതികൂലമായി നിൽക്കുന്നുവെങ്കിൽ ഈ വളർച്ചയുടെ ഗുണഭോക്താക്കൾ എന്ന നിലക്ക് നമുക്ക് ഈ കണക്കുകൾ കൂടുതൽ കരുതലോടെ ശ്രദ്ധിക്കേണ്ടതുണ്ട്.

(പ്രണാബ് ബർദൻ, ഹർഷ് മൻഡർ, രാമകുമാർ, ജാൻ ഡ്രീസ് എന്നിവരുടെ വിവിധ ലേഖനങ്ങളാണ് സ്രോതസ്.)