ഇന്ത്യ – നേപ്പാൾ അതിർത്തി തർക്കം, സത്യാവസ്ഥ എന്താണ് ?

116

ഇന്ത്യ – നേപ്പാൾ അതിർത്തി തർക്കം

Q. ഏതാണ് ഈ തർക്കപ്രദേശം ?
A. നേപ്പാളിന്റെ വടക്ക് പടിഞ്ഞാറൻ ഭാഗത്ത് ഒരു ത്രികോണം പോലെ തള്ളിനിൽക്കുന്ന ഭാഗമാണ് ഇത്. ഇന്ത്യയിലെ ഉത്തരാഖണ്ഡിന്റെ കിഴക്കേയറ്റത്തെ മൂലയാണിത്. ഏകദേശം വിസ്തീർണ്ണം 330 sqkm. ഇതിൽ മൂന്ന് പ്രധാന ഗ്രാമങ്ങളാണുള്ളത്.
1.വടക്ക് ലിംബിയാധുരാ
2.തെക്ക് കിഴക്ക് ലിപുലേഖ് പാസ്
3. തെക്ക് കാലാപാനി.

Q. എന്താണ് ഇപ്പോൾ തർക്കം തുടങ്ങാനുണ്ടായ സാഹചര്യം?
A. നവംബർ 2019-ൽ നേപ്പാളിന്റെ അവകാശ വാദത്തിൽ പെട്ട കാലാപാനി ഉൾപ്പെടുത്തിയ ഇന്ത്യയുടെ മാപ്പ് പുറത്തുവിട്ടു.
ഈ മാസം (May 8th 2020) നമ്മൾ മാനസരോവർ തീർത്ഥാടകർക്കായി ഒരു പുതിയ 80km ബോർഡറിലൂടെ പോവുന്ന റോഡ് ഇവിടെ നിർമിച്ചു, തുറന്നുകൊടുത്തു. ഇത് തർക്കത്തിലുള്ള ലിപുലേഖ് വരെയെത്തിയിരുന്നു. ഈ റോഡ് തീർത്ഥാടകർക്ക് സിക്കിം വഴി കറങ്ങിപോവേണ്ട അഞ്ച് ദിവസം ലാഭിക്കും.
എന്നാൽ ഇത് നേപ്പാളിന്റെ കീഴിലുള്ള പ്രദേശമാണെന്നും റോഡ് നിർമിക്കും മുൻപ് തങ്ങളുടെ അനുവാദം വാങ്ങേണ്ടിയിരുന്നു എന്നും നേപ്പാൾ ഗവണ്മെന്റ്. എന്നാൽ അതിന്റെ ആവശ്യമില്ലെന്നും അത് തങ്ങളുടെ സ്ഥലമാണെന്നും ഇന്ത്യൻ വിദേശകാര്യ വകുപ്പ്.
നേപ്പാളിൽ ജനങ്ങൾ പ്രതിഷേധിക്കാൻ തുടങ്ങി. ഇന്ത്യയുടെ സൈന്യാധിപൻ ജനറൽ മനോജ് മുകുന്ദ് നരവനെ അതിനെക്കുറിച്ച് പറഞ്ഞത് പ്രതിഷേധങ്ങൾ ചൈനയുടെ സ്വാധീനം മൂലമാണെന്നാണ്.
ഇതോടു കൂടി കഴിഞ്ഞദിവസം (20th) നേപ്പാൾ പുതിയ മാപ്പ് പുറത്തിറക്കി. സ്വതന്ത്ര നേപ്പാളിന്റെ മുപ്പത് വർഷത്തെ ചരിത്രത്തിൽ ആദ്യമായി ആദ്യം പറഞ്ഞ മുഴുവൻ പ്രദേശവും ഈ മാപ്പിൽ ഉൾപ്പെടുത്തി.

Q. ആരാണ് ഈ അതിർത്തി തീരുമാനിച്ചത്?
A. ബ്രിട്ടിഷുകാർ.
ബ്രിട്ടീഷുകാരും അന്നത്തെ ഗൂർഖ (നേപ്പാൾ) രാജ്യവും തമ്മിൽ 1814-1816 നടന്ന യുദ്ധത്തിന് ശേഷം ഉണ്ടാക്കിയ ഉടമ്പടിയാണ് സുഗോളി ട്രീറ്റി. ഇതുപ്രകാരം സിക്കിമും ടാർജലിംഗും നഷ്ടപ്പെട്ട നേപ്പാളിന്റെ അതിർത്തികൾ പുനർനിർണ്ണയിക്കപ്പെട്ടു. അതിനായി അവർ ഉപയോഗിച്ച മാർഗം നേപ്പാളിന്റെ ഇരുവശത്തുമുള്ള നദികളാണ്. കിഴക്ക് മേച്ചി നദിയും; പടിഞ്ഞാറ് മഹാകാളി നദിയുമായിരുന്നു ഇവ. മഹാകാളി നദിയിലൂടെ വടക്കോട്ട് പോവുമ്പോൾ ഒരു സ്ഥലത്ത് രണ്ടായി പിരിയുന്നത് കാണാം. അതായത് രണ്ടു സ്രോതസ്സുകളിൽ നിന്നാണ് നദി ഉത്ഭവിക്കുന്നത്. ഈ source rivers-ൽ ഒരെണ്ണം (കിഴക്കൻ നദി) തീരെ മെലിഞ്ഞതായതിനാൽ സ്വാഭാവികമായി പടിഞ്ഞാറുനിന്നും വരുന്ന രണ്ടാമത്തേതിനെ ആണ് പിന്നീട് പരിഗണിച്ചത്. അത്കൊണ്ട് നേപ്പാളിൽ കൂടുതൽ പ്രദേശം ഉൾപ്പെട്ടു. 1827-ൽ പ്രസിദ്ധീകരിച്ച ബ്രിട്ടീഷ് മാപ്പിൽ ഇത് കാണാം.

Q. അപ്പോൾ ഈ പ്രദേശം എങ്ങനെ ഇന്ത്യയുടെ ഭാഗമായി?
A. കഥ തീർന്നിട്ടില്ല. കുറച്ചു കാലം കഴിഞ്ഞപ്പോൾ ബ്രിട്ടീഷുകാർക്ക് ആ പ്രദേശത്തിന്റെ തന്ത്രപ്രാധാന്യം തിരിച്ചറിഞ്ഞു. ചൈനയുമായുള്ള വ്യാപാരത്തിന് അത് നല്ലൊരു മാർഗമായിരുന്നു. 1860-കളിൽ ഈ ത്രികോണം ബ്രിട്ടീഷ് ഇന്ത്യയുടെ ഭാഗമായി അവകാശമുന്നയിച്ചു. 1865-ലെ മാപ്പിൽ രണ്ടാമത്തെ സ്രോതസായ കിഴക്കൻ നദിയെ ആധാരമാക്കിയുള്ള അതിർത്തി കാണാം. നേപ്പാൾ അത് ലളിതമായി അനുവദിച്ചു കൊടുത്തു- കാരണം അധികം ആളുകൾ താമസിക്കാത്ത ഒരു ചെറുപ്രദേശം അധികമായ നേട്ടമൊന്നും അവർക്ക് നൽകിയില്ല.
സ്വാഭാവികമായും സ്വതന്ത്രമായ ഇന്ത്യൻ യൂണിയനും ബ്രിട്ടീഷ് ഇന്ത്യയുടെ ഈ അതിർത്തികൾ ഉപയോഗിച്ചു പൊന്നു.

Q. അപ്പോൾ ഇത്രയും കാലമില്ലാത്ത പ്രശ്നം എങ്ങനെയാ നേപ്പാളിന്‌? ഒന്നര നൂറ്റാണ്ട് മിണ്ടാതിരുന്നത് എന്തേ?
A. നേപ്പാൾ ഇതിൽ ഏറിയപങ്കും ഏകാധിപതിമാരാണ് ഭരിക്കപ്പെട്ടത്. 1990-ൽ മാത്രമാണ് നേപ്പാൾ ജനാധിപത്യരാഷ്ട്രമാകുന്നത്. അതായത് അതുവരെ ജനങ്ങളുടെ അഭിപ്രായമായിരുന്നില്ല ഇക്കാര്യത്തിലൊന്നും. 90നു ശേഷം പലപ്പോഴും ഇതിന്റെപേരിൽ പ്രതിഷേധങ്ങൾ നടന്നിട്ടുണ്ട്. കാലാപാനി, ലിപുലേഖ് പ്രദേശങ്ങൾ ഇതിനിടയിൽ വന്ന ഇന്ത്യ-നേപ്പാൾ മാപ്പുകളിൽ തർക്കപ്രദേശമായി തന്നെക്കിടന്നു.

Q. ആകെ ഒരു റോഡും കുറെ മലയുമുള്ള സ്ഥലത്തിനുവേണ്ടിയാണോ ഈ അടി മുഴുവൻ?ഇത് ചർച്ച ചെയ്ത് തീർക്കാനാവില്ലേ ?
A. വെറും മലകൾ മാത്രമല്ല. പ്രധാന ഇന്ത്യ-ചൈന ട്രേഡ് റൂട്ട് ആണ് ഇതിലൂടെ കടന്നുപോകുന്നത്. മാത്രമല്ല, ഇന്തോ-ചൈന യുദ്ധത്തിന് ശേഷം ഇന്ത്യ ഇവിടെ ഒരു സ്ഥിര സൈനിക പോസ്റ്റ് ആരംഭിക്കുകയും ചെയ്തു. അറുപതു വർഷമായി ഈ പ്രദേശത്ത് ഇന്ത്യയുടെ സൈനികസാന്നിധ്യമുണ്ട്. 2000-ത്തിൽ വാജ്‌പേയ് സർക്കാർ ഇത് പരിഹരിക്കാൻ ശ്രമിച്ചതാണ്. എന്നാൽ സൈന്യത്തെ പിൻവലിക്കുക എന്ന നേപ്പാളീസ് ആവശ്യം നമുക്ക് അംഗീകരിക്കാനാവാത്തതിനാൽ അത് മുടങ്ങിപോയി.

Q. ശരിക്കും നേപ്പാളിന്റെ ആവശ്യത്തിൽ ന്യായമുണ്ടോ?
A. സാങ്കേതികമായി നോക്കുമ്പോൾ, രേഖാമൂലം (സുഗോളി ഉടമ്പടി) ഈ സ്ഥലം ബ്രിട്ടീഷ് ഇന്ത്യ നേപ്പാളിന്‌ വിട്ടുകൊടുത്തതാണ്. പിന്നീട് തിരിച്ചെടുത്തതിന് രേഖയുടെ ഉറപ്പില്ല. ഇത് വിട്ടുകൊടുത്തത് ഒരു ഏകാധിപതിയാണ്. ജനങ്ങളുടെ വികാരം അങ്ങനെയാവണം എന്നില്ല.
എന്നിരുന്നാലും ഇത്രയും പഴയ രേഖയുടെ അടിസ്ഥാനത്തിൽ തൽസ്ഥിതി മാറ്റാൻ ആവശ്യപ്പെടുന്നത് ന്യായവുമില്ല. കാരണം ഓരോ രാജ്യങ്ങളും തങ്ങളുടെ പൂർവസ്ഥിതിയിലുണ്ടാക്കിയ അന്താരാഷ്ട്ര കരാറുകൾ അതാതു കാലങ്ങളിൽ തന്നെ പരിഗണിച്ച് പരിഹരിക്കേണ്ടതാണ്. ഗവണ്മെന്റ് രാജഭരണമാണോ, ജനാധിപത്യമാണോ, സോവിയറ്റാണോ എന്നതിന് ഇതിൽ പ്രസക്തിയില്ല.

Q. ഇപ്പോൾ എന്തൊക്കെയാണ് ഈ തർക്കത്തിന്റെ ഭാഗമായി നടക്കുന്നത്?
A. ഇരുരാജ്യങ്ങളും പരസ്പരം ചെളിവാരിയെറിയുകയാണ്. അർണാബ് ഗോസ്വാമിയടക്കമുള്ള ഇന്ത്യൻ മാധ്യമങ്ങൾ നേപ്പാളിനെ ചൈന വിലക്കെടുത്തു എന്ന മട്ടിലാണ് കാര്യങ്ങൾ കൊണ്ടുപോവുന്നത്. ഇത് നേപ്പാളിൽ കടുത്ത പ്രതിഷേധമുയർത്തി. കോവിഡ് 19 വൈറസ് നേപ്പാളിൽ പരത്തുന്നത് ഇന്ത്യക്കാരാണെന്നും മറ്റു രാജ്യങ്ങളിലേക്കാൾ ഭീകരമാണ് ഇന്ത്യയിൽ നിന്നുള്ള വൈറസ് എന്ന് പ്രധാനമന്ത്രി കെ പി ശർമ്മ ഒലി ആരോപിച്ചു. നേപ്പാളീസ് സേനയും (Police) ഇന്ത്യൻ സേനയും ഇപ്പോൾ ബോർഡറിൽ യുദ്ധസജ്ജരായി നിലകൊണ്ടിരിക്കുന്നു. മാത്രമല്ല ഇതുവരെയില്ലാത്ത പ്രതിഷേധം ആദ്യമായി വന്നു എന്ന ആരോപണവും 2015 റോഡ് നിർമാണം, 2019 നിർമാണം, മാപ്പ് തുടങ്ങിയവയടക്കം സമീപകാലത്തു തന്നെ ധാരാളം പ്രതിഷേധങ്ങളുണ്ടായിട്ടുണ്ട്. ലിംബിയാധുരയിൽ അവകാശമുന്നയിച്ചു എന്നതാണ് ഇപ്പോഴത്തെ നേപ്പാളിന്റെ പുതുതായി വന്ന നിലപാട്.

Q. ചൈനയ്ക്ക് ഇതിൽ എന്താണ് പങ്ക്? നേപ്പാളിലെ ഭരണകൂടം കമ്യൂണിസ്റ്റ് ആയതിനാൽ ചൈനയോടാവില്ലേ അടുപ്പം?
A. ചൈനയ്ക്ക് യഥാർത്ഥത്തിൽ ഇതിൽ ഒരു പങ്കുമില്ല. കാരണം 2015-ൽ ഇന്ത്യ-ചൈന റോഡ് ഇവിടെ നിർമിച്ചപ്പോൾ നേപ്പാൾ പ്രതിഷേധിച്ചിരുന്നു. രണ്ടു രാജ്യങ്ങളെയും അവർ അന്ന് ഉപരോധിച്ചു. അതായത് ഈ സ്ഥലവും റോഡും നഷ്ടപ്പെടുന്നതിൽ ചൈനയ്ക്ക് നേട്ടമല്ല കോട്ടമാണ് ഉണ്ടാവുക. ഈ പ്രശ്നത്തിൽ നേപ്പാളിൽ ഭരണകക്ഷിയും പ്രതിപക്ഷവും ഒറ്റക്കെട്ടായാണ് ഇന്ത്യയെ എതിർക്കുന്നത്. അതിനാൽ തന്നെ കക്ഷിരാഷ്ട്രീയത്തിന്റെ സംശയങ്ങൾ മാറ്റിവെക്കാം.

Q. എന്താണ് ഇതിന്റെ പരിഹാരം?
A. ഇന്ത്യ-നേപ്പാൾ അതിർത്തി എന്നത് കേവലം കടലാസ്സിൽ മാത്രമാണ്. അങ്ങോട്ടോ ഇങ്ങോട്ടോ പോവാൻ വിസയോ മറ്റു രേഖകളോ വേണ്ട. രണ്ടു രാജ്യത്തും യഥേഷ്ടം ജോലി ചെയ്യാം. ഇന്ത്യൻ സൈന്യത്തിൽ വരെ നേപ്പാളികൾ ജോലി ചെയ്യുന്നുണ്ട്. ഇന്ത്യ ഉണ്ടാക്കുന്ന റോഡ് ഇരുരാജ്യക്കാർക്കും ഉപകാരമേ ഉണ്ടാക്കൂ. പിന്നെയെന്തിനാണ് അതിർത്തിയുടെ പേരിൽ തർക്കം തന്നെ! ചൈനാവിഷയവും കൊറോണ ആരോപണവും പോലത്തെ അബദ്ധങ്ങൾ തിരുത്തി ഇരുരാജ്യങ്ങളും സഹവർത്തിത്വത്തിൽ എത്തണം. തീവ്രദേശീയത ആളിക്കത്തിക്കാൻ ശ്രമിക്കുന്ന ആഭ്യന്തര രാഷ്ട്രീയ ശക്തികൾ ഇക്കാര്യത്തിൽ ഇടപെട്ട് നാശമാക്കാതിരുന്നാൽ മികച്ച മാതൃകയായ ഈ അന്താരാഷ്ട്ര സൗഹൃദം വീണ്ടും തുടർന്ന് കൊണ്ട് പോവാം. Hoping for the best

Advertisements