1987ലും ഒരു പതിനെട്ട് വയസ്സുകാരിയെ ഭര്‍ത്താവിന്റെ ചിതയില്‍ തള്ളിയിട്ടുകൊന്ന ആചാരസംരക്ഷകരുടെ ഇന്ത്യ

0
319

കുഷ്ഠരോഗിയായ ഭര്‍ത്താവിന്റെ അടങ്ങാത്ത കാമം സഫലീകരിക്കാന്‍ നിത്യവും കൊട്ടയില്‍ ചുമന്ന് വേശ്യാലയത്തിലേയ്ക്ക് കൊണ്ടുപോയ ശീലാവതിയെ പതിവ്രതാ രത്‌നമായി പൂജിക്കുന്ന ഒരു അസംബന്ധ ദേശമാണ് പരിവാറുകാരുടെ ആര്‍ഷഭാരതം.

1987ല്‍ രൂപ് കന്‍വറെന്ന പതിനെട്ട് വയസ്സുകാരിയെ ഭര്‍ത്താവിന്റെ ചിതയില്‍ തള്ളിയിട്ടുകൊന്ന് ‘രൂപ് കന്‍വര്‍ കി ജയ് ജയ് ‘ ‘ധര്‍മ്മ് കി രക്ഷാ കോന്‍ കരേഗാ? ഹം കരേഗാ, ഹം കരേഗാ’ എന്ന മുദ്രവാക്യം വിളിച്ച ലക്ഷക്കണക്കിന് ആചാര സംരക്ഷകരുടെ നാടാണ് ഈ ഭാരതം. തീര്‍ന്നില്ല, രൂപ് കന്‍വറിന്റെ പേരില്‍ ‘സതീസ്ഥല്‍’ എന്നൊരു ക്ഷേത്രവും പണിതു ഹിന്ദുത്വ ആചാരസംരക്ഷകര്‍.

അന്ന് സതി എന്ന പ്രാകൃതാചാരത്തിന് വേണ്ടി നടന്ന ആറു മണിക്കൂറിലേറെ നീണ്ട പ്രകടനം മുന്‍ നിരയില്‍ നിന്ന് നയിച്ച രാജേന്ദ്രസിംഗ് രാത്തോഡ് ഇന്ന് രാജസ്ഥാന്‍ മന്ത്രിസഭയില്‍ ഗ്രാമവികസന മന്ത്രിയാണ്.

ബ്രാഹ്മണ ഹിന്ദു ഒരിക്കലും തുല്യതയെന്ന സങ്കല്‍പ്പം അംഗീകരിക്കുന്നില്ല. സ്ത്രീയ്ക്കും, കീഴ്ജാതിക്കാരനും അതിനകത്തെ സ്ഥാനം അടിമകളുടേതാണ്. മറ്റെല്ലാം മഹത്വവല്‍ക്കരിച്ച നുണകളാണ്.. ഈ ഒതളങ്ങാ ദേശത്ത് ആര്‍ത്തവം പോലൊരു ജീവ പ്രതിഭാസം ക്രിമിനല്‍ കുറ്റമാകുന്നത് ഒട്ടും യാദൃശ്ചികമല്ല..

അംബേദ്കര്‍ പറഞ്ഞതു പോലെ ആയിരത്താണ്ട് വര്‍ഷം ബ്രാഹ്മണ ശ്രുതികളും, സ്മൃതികളും അടക്കിവാണ ഒരു ശ്മശാനഭൂമിയുടെ പേരാണ് ഭാരതം. ചവിട്ടുന്ന കാലിനെ പൂജിക്കാനും, കാല്‍ച്ചങ്ങലകളെ സ്വര്‍ണ്ണ പാദസരം പോലെ താലോലിക്കാനും ശീലിപ്പിച്ചെടുത്ത ചെയ്‌തെടുത്ത അടിമകളുടെ നാടാണ് ഭാരതം. ആ ഭാരതത്തിന്റെ മുകളിലാണ് ദേശീയ സ്വാതന്ത്ര്യ സമരം മാനവികത അടിസ്ഥാനപ്പെടുത്തിയ ഭരണഘടന നട്ടെല്ലാക്കി ഒരു ‘ഇന്ത്യ’ പണിതുയര്‍ത്തിയത്.

മനുഷ്യാവകാശങ്ങളാണ് 21-ാം നൂറ്റാണ്ടിലെ മനുഷ്യന്റെ ജീവിതം സാദ്ധ്യമാക്കുന്നത്. ആയിരം ആചാരങ്ങള്‍ പൊട്ടക്കിണറ്റിലെറിഞ്ഞാലും; ഭരണഘടനയും, മനുഷ്യാവകാശങ്ങളും നെഞ്ചോടു ചേര്‍ത്തു പിടിച്ചില്ലെങ്കില്‍ ഈ നാടിനെ സംഘപരിവാര കാളീകൂളീ സംഘം കൂരിരുട്ടിലേക്ക് ചവിട്ടിത്താഴ്ത്തും.