Anoop Payyadithazham
എന്തുകൊണ്ടായിരിക്കും ഇസ്രായേലിന്റെ പാഠപുസ്തകങ്ങളിൽ ഇന്ത്യൻ സൈനികരെക്കുറിച്ചുള്ള പാഠഭാഗങ്ങൾ ഉള്ളത്? അതുമല്ലെങ്കിൽ ഒന്നാം ലോകമഹായുദ്ധത്തിനു ശേഷം നൂറ് വർഷങ്ങൾക്ക് ശേഷം ഒരു ഇസ്രായേലി നഗരം ഇന്ത്യൻ സൈനികരെ ആദരിച്ചതെന്തിനായിരിക്കാം….? അറിയാൻ ശ്രമിക്കുന്തോറും പല കൈവഴികളാൽ പിരിഞ്ഞൊഴുകി, അത്ഭുതപ്പെടുത്തുന്ന പുത്തനറിവുകളാൽ നമ്മെ ആശ്ചര്യപ്പെടുത്തുന്ന ചരിത്ര വായന എന്നും വല്ലാത്തൊരു ഹരമാണ്.
ഇസ്രായേലിലെ ” ഹൈഫ ” നഗരത്തിന് ഇന്ത്യയുമായി ആഴത്തിൽ വേരൂന്നിയ ഒരു ബന്ധമുണ്ട്. ഒന്നാം ലോകമഹായുദ്ധകാലത്തെ വിസ്മയകരവും അതിധീരവുമായ ഒരു സംഭവകഥയാണിത് ! ഹൈഫ നഗരം 1918-ൽ ജർമ്മൻ- തുർക്കി ഓട്ടോമാൻ സേനയുടെ നിയന്ത്രണത്തിലായിരുന്നു. ഒന്നാം ലോകമഹായുദ്ധം ആ സമയത്ത് അതിന്റെ ഉച്ചസ്ഥായിയിലും.ബ്രിട്ടീഷ് – ഇന്ത്യയുടെ 15-ാമത്തെ കുതിരപ്പട ബ്രിഗേഡാണ് ഹൈഫയെ മോചിപ്പിക്കുവാനുള്ള ദൗത്യമേറ്റെടുത്തത്,
1918 സെപ്തംബർ 23-ന്, ജോധ്പൂർ, മൈസൂർ ലാൻസേഴ്‌സ് എന്നിവരുടെ നേതൃത്വത്തിൽ കുതിരപ്പടയാളികളും ഭാവനഗർ, ബറോഡ, ഇഡാർ, ജാംനഗർ സേനകളിൽ നിന്നുള്ള സംഘങ്ങളും ജർമ്മൻ-തുർക്കി സൈനികരെ ആക്രമിച്ചു.തുർക്കി സൈന്യത്തിൽ യന്ത്രത്തോക്കുകളും പീരങ്കികളും സുസജ്ജമായിരുന്നു, മറുവശത്ത് ഇന്ത്യൻ കുതിരപ്പട്ടാളക്കാരുടെ കൈവശം കുന്തങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതു മാത്രമല്ല ഏറ്റവും പ്രധാന കാര്യം,1500 ഓളംതുർക്കി സൈനികരോട് ഏറ്റുമുട്ടുവാൻ ഏകദേശം 400 ഇന്ത്യൻ സൈനികർ മാത്രമായിരുന്നു യുദ്ധക്കളത്തിലുണ്ടായിരുന്നത്. എന്നിട്ടും തുർക്കി സൈന്യത്തിൽ നിന്ന് ഹൈഫ പിടിച്ചെടുക്കുന്നതിൽ ഇന്ത്യൻ സൈന്യം വിജയിച്ചു. കുതിച്ചുകയറുന്ന കുതിരകളെ തടയുന്നതിൽ മെഷീൻ ഗൺ ബുള്ളറ്റുകൾ വീണ്ടും വീണ്ടും പരാജയപ്പെട്ടത് അവിശ്വസനീയമായിരുന്നു.

ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന് കീഴിലാണ് യുദ്ധം ചെയ്തതെങ്കിലും,ക്യാപ്റ്റൻ അമർ സിംഗ് ബഹാദൂർ, ദഫാദർ ജോർ സിംഗ്, മേജർ താക്കൂർ ദൽപത് സിംഗ്, ക്യാപ്റ്റൻ അനോപ് സിംഗ്, രണ്ടാം ലെഫ്റ്റനന്റ് സഗത് സിംഗ് എന്നിവരടങ്ങുന്ന ഇന്ത്യൻ കുതിരപ്പട്ടാളത്തിന്റെ അസാമാന്യ ചങ്കൂറ്റവും , കരുത്തും ഇസ്രായേലിന് പുത്തൻ അനുഭവമായി. ആദ്യത്തെ രണ്ട് ധീരരായ ലാൻസറുകൾക്ക് ഇന്ത്യൻ ഓർഡർ ഓഫ് മെറിറ്റ് (ഐഒഎം) ലഭിച്ചപ്പോൾ, പിന്നീടുള്ള മൂന്ന് പേർക്ക് മിലിട്ടറി ക്രോസ് (എംസി) ലഭിച്ചു.
ഹൈഫയുടെ വിമോചനം ആഘോഷിക്കുന്ന നൂറാം വാർഷിക സമ്മേളനത്തിൽ 3 മുതൽ 5 വരെ ക്ലാസുകളിലെ ഇസ്രയേൽ സ്കൂൾ സിലബസിൽ ജർമ്മൻ- തുർക്കി ഓട്ടോമാൻ സൈന്യത്തിനെതിരെ പോരാടിയ ഇന്ത്യൻ സൈനികരുടെ ധീരഅധ്യായം അവർ ഉൾപ്പെടുത്തിയിട്ടുണ്ട്.ഇപ്പോഴും എല്ലാ വർഷവും സെപ്റ്റംബർ 23-ന് ഹൈഫ ദിനമായി ഇന്ത്യൻ ആർമി യുദ്ധത്തെ അനുസ്മരിക്കുന്നു. കൂടാതെ, ഹൈദ്രാബാദ്, ജോധ്പൂർ, മൈസൂർ ലാൻസേഴ്സിനെ പ്രതിനിധീകരിക്കുന്ന മൂന്ന് വെങ്കല പ്രതിമകൾ ഉൾക്കൊള്ളുന്ന പ്രശസ്തമായ ടീൻ മൂർത്തി ഹൈഫ ചൗക്ക് സ്മാരകവും 1922 ൽ നിർമ്മിച്ചു.
ധീരരക്തസാക്ഷിയും ഹൈഫയുടെ വീരനായകനുമായ മേജര്‍ ദല്‍പാത് സിങ്ങും അദ്ദേഹത്തിനൊപ്പം ഹൈഫയുടെ മോചനം സാധ്യമാക്കിയ പട്ടാളക്കാരും അവർ പ്രകടിപ്പിച്ച അസാമാന്യ ധീരതയും എക്കാലവും ഓര്‍മിക്കപ്പെടുകയും ഇന്ത്യൻ യുവതയെ പ്രചോദിപ്പിക്കുകയും ചെയ്യും