ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടി 100 വർഷങ്ങൾ, ചരിത്രത്തിലേക്ക് ഒന്നു തിരിഞ്ഞു നോക്കാം

32

ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടി 100 വർഷങ്ങൾ, ചരിത്രത്തിലേക്ക് ഒന്നു തിരിഞ്ഞു നോക്കാം

ഇന്ത്യയിലെ ഒന്നാമത്തെ കമ്മ്യൂണിസ്റ്റ് എങ്ങനെ ഒന്നാം നമ്പർ എക്സ് കമ്മ്യൂണിസ്റ്റായി എന്ന ചരിത്രം കൂടി .ബ്രിട്ടിഷ് ഇന്ത്യ ആക്രമിക്കാനുള്ള പദ്ധതിയുടെ ഭാഗമായി ഒന്നാം ലോകയുദ്ധത്തിൽ സ്വിറ്റ്സർലൻഡ് കേന്ദ്രീകരിച്ച് മലയാളിയായ ഡോ സി ചെമ്പകരാമൻ പിള്ള എന്ന ജയ് ഹിന്ദ് ചെമ്പകരാമൻ പിള്ള (എംഡൻ പിള്ള എന്നും അറിയപ്പെടുന്നു).‘രാജ്യാന്തര ഇന്ത്യാ അനുകൂലികളുടെ’ സംഘടനയുണ്ടാക്കി. ബർലിൻ കേന്ദ്രീകരിച്ച് ജർമനിയിലും ഇംഗ്ലിഷിലുമായി പ്രോ ഇന്ത്യ എന്ന പ്രസിദ്ധീകരണം തുടങ്ങി. സരോജിനി നായിഡുവിന്റെ സഹോദരൻ വീരേന്ദ്രനാഥ ചതോപാധ്യായ (ചാറ്റോ) ആയിരുന്നു മുഖ്യകൂട്ടാളി.
ഒന്നാം ലോകയുദ്ധകാലത്തു ബ്രിട്ടിഷ് ചാരപ്രവർത്തനം നിയന്ത്രിച്ചിരുന്ന ജോൺ വെലിങർ തന്റെ ഡപ്യൂട്ടി ‘ആർ’ എന്ന ഓഫിസറുടെ കീഴിലുള്ള ചാരസംഘത്തെ ഇവരെ ഇല്ലാതാക്കാൻ സ്വിറ്റ്സർലൻലേക്കു വിട്ടു. വിഖ്യാത നോവലിസ്റ്റ് സോമർസെറ്റ് മോം ആയിരുന്നു ആ ഡപ്യൂട്ടി. അദ്ദേഹം പിന്നീട് ഇന്ത്യൻ വിപ്ലവകാരികളുടെ ഛായയിൽ പല കഥാപാത്രങ്ങളെയും സൃഷ്ടിച്ചു. പിള്ളയും ചാറ്റോയും ബർലിനിലേക്കു കടന്നു.അവിടെ ഇന്ത്യൻ ഇൻഡിപെൻഡൻസ് ലീഗിന്റെ കീഴിൽ ഇന്ത്യൻ വിപ്ലവകാരികളുടെ നീണ്ട നിരയുണ്ടായിരുന്നു. (അക്കൂട്ടത്തിലെ മലയാളികൾ: നോവലിസ്റ്റ് സി.വി.രാമൻപിള്ളയുടെ മരുമകൻ എ.ആർ. (രാമൻ)പിള്ള, മലയാള ചെറുകഥയുടെ പിതാവ് വേങ്ങയിൽ കുഞ്ഞിരാമൻനായനാരുടെ മകൻ എ.സി.എൻ(നാണു)നമ്പ്യാർ, ചെമ്പകരാമനൊപ്പം എത്തിയ ടി.പത്മനാഭപിള്ളയും. ചാറ്റോയും ചെമ്പകരാമൻപിള്ളയും(ചെമ്പക്) ചേർന്ന് ഇന്ത്യൻ സ്വാതന്ത്ര്യത്തിനായി ചാറ്റോ–ചെമ്പക് ബർലിൻ കമ്മിറ്റി ഉണ്ടാക്കി.

ചെമ്പകരാമൻപിള്ളയുടെ യുദ്ധപദ്ധതി ബ്രിട്ടിഷ് ഇന്ത്യയെ കശ്മീരിന്റെ വടക്കുപടിഞ്ഞാറു ഭാഗത്തുകൂടി ആക്രമിക്കുക എന്നതായിരുന്നു. ജർമനിയുടെ സഖ്യകക്ഷിയായ തുർക്കിയിലെ വിമതസൈന്യത്തിന്റെ പിന്തുണ ഉറപ്പാക്കി. ബ്രിട്ടനെതിരായിരുന്ന അഫ്ഗാനിസ്ഥാനിലെ അമീറിന്റെ സഹായം അഭ്യർഥിച്ചു. അമീർ വഴങ്ങിയില്ലെങ്കിലും സഹോദരനും മക്കളും മതപണ്ഡിതരും ചേർന്ന് അരലക്ഷം പേരെ നൽകാമെന്ന് ഉറപ്പു കൊടുത്തു.1914 ജൂലൈ 31ന് ഇന്ത്യൻ നാഷനൽ വൊളന്ററി കോർപ്സ് (ഐഎൻവി) രൂപീകരിച്ച് ബർലനിൽ നിന്നു സുപ്രസിദ്ധമായ യുദ്ധാഹ്വാനം ചെമ്പകരാമൻപിള്ള നടത്തി. ചെമ്പകരാമൻ പിള്ള ചൈനയും ജപ്പാനുമായി സഹകരണമുണ്ടാക്കാനും ആളെ വിട്ടു.റഷ്യയിലേക്കയച്ച രണ്ടുപേരിലൊരാരാളായ ഭൂപേന്ദ്രനാഥ ദത്ത സ്വാമി വിവേകാനന്ദന്റെ അനിയനായിരുന്നു. രണ്ട് അംഗങ്ങളെ അമേരിക്കൻ ദേശീയനേതാക്കളോടു സംസാരിക്കാനും അയച്ചു. മെസപ്പൊട്ടേമിയയിൽ ചെമ്പകരാമൻപിള്ള പട്ടാള ക്യാംപ് തുടങ്ങി. വിപ്ലവം സംഭവിക്കുമ്പോൾ ഇന്ത്യയിലെ താൽക്കാലിക ആവശ്യത്തിനുള്ള സർക്കാരിനെ കാബൂൾ കേന്ദ്രീകരിച്ച് നിയമിച്ചു. ചെമ്പകരാമൻപിള്ളയ്ക്കായിരുന്നു തന്ത്രപ്രധാനമായ വിദേശകാര്യവകുപ്പ്. പിള്ളയോടൊപ്പം മറ്റു വിപ്ലവകാരികളും കൈകോർത്തു.

പണം, ആയുധം എന്നിവ സംഘടിപ്പിച്ച് ഇന്ത്യൻ തീരങ്ങളിൽ എത്തുക.ബ്രിട്ടിഷ് സർക്കാരിനെ ആക്രമിക്കുക. ഇന്ത്യയെ ജനാധിപത്യസോഷ്യലിസ്റ്റ് രാഷ്ട്രമാക്കി മാറ്റുക. അതായിരുന്നു പദ്ധതി. പട്ടാളത്തെ ശേഖരിക്കാൻ പിള്ള യൂറോപ്പിലും ഏഷ്യയിലും ആഫ്രിക്കയിലെ ജർമൻ കോളനികളിലും പലപേരിൽ സഞ്ചരിച്ചു. ആളുണ്ടെങ്കിൽ പണവും ആയുധവും നൽകാമെന്നു ജർമൻ ഫോറിൻ ഓഫിസ് സമ്മതിച്ചു. പത്മനാഭപിള്ള അടക്കം പല വിപ്ലവകാരികളും യുദ്ധത്തിനു നേതൃത്വം നൽകാൻ ഇന്ത്യയിലേക്കു മടങ്ങി.ഇന്തോനീഷ്യയിലെ ജാവയായിരുന്നു യുദ്ധത്തിൽ ചേരാത്ത, ഇന്ത്യയുടെ ഏറ്റവുമടുത്തുള്ള രാജ്യം. അവിടെ ജർമൻ പടക്കപ്പൽ ആയുധമിറക്കുമെന്നായിരുന്നു ധാരണ. ആയുധക്കപ്പലിനെ നേരിട്ടു സ്വീകരിക്കാൻ നരേന്ദ്രനാഥ്ഭട്ടാചാര്യ എന്ന വിപ്ലവകാരിയെ ആണ് അയച്ചത്. അദ്ദേഹം അലഞ്ഞതു മിച്ചം. കപ്പൽ വന്നില്ല.എന്നാൽ ഒന്നാം ലോകയുദ്ധത്തിൽ ജർമനി പരാജയപ്പെട്ടതോടെ സകലതും പൊളിഞ്ഞു. പിന്നീട് മെക്സികോയിലേക്കും പിന്നീട് മോസ്കോയിലേക്കും പോയ ഭട്ടാചാര്യ പേരു മാറി #എംഎൻ_റോയിയായി. ഈ പേരുമാറ്റം അധികാരികളുടെ കണ്ണില്‍നിന്ന് രക്ഷപ്പെടാനുള്ള തന്ത്രം മാത്രമായിരുന്നില്ല; ഒരു പുതിയ മനുഷ്യന്‍റെ ആരംഭം കൂടിയായിരുന്നു. അത് തന്‍റെ പുനര്‍ജന്മമായിരുന്നുവെന്ന് റോയ് ഓര്‍മ്മക്കുറിപ്പുകളില്‍ പ്രസ്താവി ക്കുന്നുണ്ട്,
ഇന്ത്യന്‍ വിപ്ലവകാരികള്‍ക്കെതിരെയുള്ള ഹിന്ദു-ജര്‍മ്മന്‍ ഗൂഢാലോചനക്കേസില്‍ ഉള്‍പ്പെടുത്തി അമേരിക്കന്‍ പോലീസ് റോയിയെ അറസ്റ്റുചെയ്യുകയുണ്ടായി. ജാമ്യത്തിലിറങ്ങിയ അദ്ദേഹം അവിടെനിന്ന് മെക്സിക്കോവിലേയ്ക്ക് രക്ഷപ്പെട്ടു.1919 ല്‍ മെക്സിക്കോവില്‍വെച്ച് സഖാവ് വി.ഐ ലെനിന്‍റെ ദൂതനായ മൈക്കിള്‍ ബറോഡിനുമായുള്ള സഹവാസത്തിലൂടെയാണ് ആ പരിവര്‍ത്തനം പൂര്‍ണ്ണമാകുന്നത്.പിന്നീട് മെക്സിക്കന്‍ സോഷ്യലിസ്റ്റുപാര്‍ട്ടിയും കമ്മ്യൂണിസ്റ്റു പാര്‍ട്ടിയും രൂപീകരിക്കുന്നതില്‍ പ്രധാന പങ്കാളിയായി. അവയുടെ സ്ഥാപക ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടത് റോയിയായിരുന്നു. റഷ്യയ്ക്കു പുറത്തുള്ള ആദ്യത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാപക സെക്രട്ടറി എന്ന ബഹുമതി അങ്ങനെ റോയിക്കു ലഭിച്ചു. മെക്സിക്കന്‍ കമ്മ്യൂണിസ്റ്റു പാര്‍ട്ടിയുടെ പ്രതിനിധിയായി 1920ല്‍ കമ്മ്യൂണിസ്റ്റ് ഇന്‍റര്‍നാഷണലിന്‍റെ രണ്ടാം ലോക സമ്മേളനത്തില്‍ പങ്കെടുത്തത് റോയിയായിരുന്നു.അക്കൊല്ലംതന്നെ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി താഷ്ക്കെന്‍റില്‍വെച്ച് റോയിയുടെ നേതൃത്വത്തില്‍ രൂപീകരിക്കപ്പെട്ടു. പിന്നീട് വിദേശിയായ ഭാര്യയും ഇന്ത്യയിലെത്തി കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം വളര്‍ത്തിയെടുക്കുന്നതിലും ഇന്ത്യന്‍ അവസ്ഥയെ മാര്‍ക്സിയന്‍ രീതിയില്‍ വിശകലനം ചെയ്യുന്നതിലും വ്യാപൃതനായി. ഇന്ത്യ പരിവര്‍ത്തനദശയില്‍ എന്ന കൃതി ഇക്കാലത്തെഴുതപ്പെട്ടതാണ്. അതോടൊപ്പം വാന്‍ഗാര്‍ഡ്, മാസ്സസ് എന്നീ ആനുകാലികങ്ങളും അദ്ദേഹം പ്രസിദ്ധീകരിച്ചിരുന്നു. ഇതിന്‍റെയൊക്കെ ഫലമായി 1924ല്‍ അദ്ദേഹം കാണ്‍പൂര്‍ കമ്മ്യൂണിസ്റ്റ് ഗൂഢാലോചനാ ക്കേസ്സില്‍ ഒന്നാം പ്രതിയാക്കപ്പെട്ടു. ഇന്ത്യയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാപിച്ച് ഇന്ത്യയ്ക്കുമേലുള്ള ബ്രിട്ടീഷ് രാജ്ഞിയുടെ അധികാരത്തെ അട്ടിമറിക്കാന്‍ ശ്രമിച്ചു എന്നതായിരുന്നു കുറ്റം.

1919ൽ തന്നെ ചെമ്പകരാമൻ പിള്ള ജർമനിയിൽ തിരിച്ചു പോയിരുന്നു. റഷ്യൻ വിപ്ലവം രണ്ടുകൊല്ലം മുൻപ് സംഭവിച്ചതോടെ ചാറ്റർജി അടക്കമുള്ള വലിയവിഭാഗം റഷ്യയിലേക്കു പോയി. 1927ല്‍ ചൈനീസ് വിപ്ലവത്തിനുവേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനു കൊമിന്‍റേണിന്‍റെ പ്രതിനിധികളായി അയക്കപ്പെട്ടത് റോയിയും ബറോഡിനുമായിരുന്നു. ചൈനയിലെ കാര്‍ഷിക വിപ്ലവം എന്ന ആശയം റോയിയുടേതായിരുന്നു. ഒടുവിൽ സ്റ്റാലിന്റെ സേന കൊന്നുകൂട്ടിയവരിൽ ഹതഭാഗ്യനായ ചാറ്റർജിയും പെട്ടു. എം.എൻ.റോയ് റഷ്യയിൽ അരങ്ങേറിയ സ്റ്റാലിന്റെ ക്രൂരത കണ്ട് കമ്യൂണിസവും മാർക്സിസവും വിട്ടു.

1929-30 കാലഘട്ടത്തില്‍ റോയ് കുറെ ലേഖനങ്ങള്‍ എഴുതിയിരുന്നു. ബോള്‍ഷേവിക്ക് കമ്മ്യൂണിസത്തിന്‍റെ വൈരുദ്ധ്യങ്ങളെയും പരാജയങ്ങളെയും ആ ലേഖനങ്ങളില്‍ അദ്ദേഹം വിശകലന വിധേയമാക്കിയിരുന്നു. ബോള്‍ഷേവിസത്തിന്‍റെ സംഘടനാപരവും നേതൃത്വപരവുമായ പ്രശ്നങ്ങളെയും, മറ്റു രാജ്യങ്ങളിലെ കമ്മ്യൂണിസ്റ്റു പാര്‍ട്ടികള്‍ക്കുമേല്‍ അന്ധമായി ബോള്‍ഷേവിക് മാതൃക അടിച്ചേല്‍പ്പിക്കുന്നതിനെയും, കമ്മ്യൂണിസ്റ്റ് ഇന്‍റര്‍നാഷണല്‍ സോവിയറ്റ് നയത്തിന്‍റെ ചട്ടുകമായി അധ:പതിക്കുന്നതിനെയും, അധികാര കേന്ദ്രീകരണത്തേയും, ഭിന്നാഭിപ്രായങ്ങളെ ഭീകരമായി നേരിടുന്നതി നെയുംക്കുറിച്ച് റോയ് ആ ലേഖനങ്ങളില്‍ ചര്‍ച്ചചെയ്യുന്നുണ്ട്. റോയിയെ കമ്മ്യൂണിസ്റ്റ് ഇന്‍റര്‍നാഷണലില്‍നിന്ന് 1929ല്‍ പുറത്താക്കുന്നതിനു കാരണമായി ചൂണ്ടിക്കാണിച്ചിരിക്കുന്നത് ബ്രാന്‍ഡ്ലറുടെ പത്രത്തിലെ ഈ ലേഖനങ്ങളായിരുന്നു. ജര്‍മ്മന്‍ഭാഷയില്‍ എഴുതപ്പെട്ട ആ ലേഖനങ്ങളുടെ ഇംഗ്ലീഷ് വിവര്‍ത്തനം ശിവനാരായണ്‍ റായ് ‘ The Russian Revolution and The Tragedy of Communismli ‘ എന്ന പേരില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതിനിടയില്‍ 1929 മാര്‍ച്ചില്‍ മീററ്റ് കമ്മ്യൂണിസ്റ്റ് ഗൂഢാലോചനക്കേസ്സിലും റോയ് പ്രതിയാക്കപ്പെട്ടിരുന്നു.
1930 ഡിസംബറില്‍ റോയ് രഹസ്യമായി ഇന്ത്യയിലെത്തി ബോംബെ കേന്ദ്രമാക്കിയാണ് പ്രവര്‍ത്തനമാരംഭിച്ചു. ഡോക്ടര്‍ മുഹമ്മദ്, പ്രൊഫസര്‍ ബാനര്‍ജി എന്നീ പേരുകളിലാണ് പ്രവര്‍ത്തിച്ചിരുന്നത്. റോയിസ്റ്റുകള്‍ക്കുപോലും അത് എം.എന്‍.റോയിയാണെന്ന് അറിയുമായിരുന്നില്ല. എന്നാല്‍, ഏഴുമാസത്തിനുശേഷം, 1931 ജൂലായ് മാസത്തില്‍ ബോംബെയില്‍വെച്ച് റോയ് അറസ്റ്റുചെയ്യപ്പെട്ടു. കാണ്‍പൂര്‍-മീററ്റ് കമ്മ്യൂണിസ്റ്റ് ഗൂഢാലോചനക്കേസുകളിലെ പ്രതിയായിരുന്നുവല്ലോ അദ്ദേഹം. ഈ അറസ്റ്റിനുപിന്നില്‍ ഔദ്യോഗികപക്ഷ കമ്മ്യൂണിസ്റ്റുകളുടെ കൈയും ഉണ്ടായിരുന്നു. ആറുകൊല്ലത്തെ കഠിനതടവാണ് വിധിക്കപ്പെട്ടത്.1936 നവംബറില്‍ റോയ് ജയില്‍ വിമോചിതനായി. തുടര്‍ന്ന് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ റോയിയും അനുയായികളും തീരുമാനിച്ചു. ‘ഇന്‍ഡിപെന്‍ഡന്‍റ് ഇന്ത്യ’ എന്ന ഒരു വാരികയും ആരംഭിച്ചു.

1939ലെ തൃപുരി കോൺഗ്രസ് സമ്മേളനത്തിൽ നേതാജി സുഭാഷ് ചന്ദ്ര ബോസ് തന്റെ രണ്ടാമൂഴത്തിൽ മഹാത്മാ ഗാന്ധിയുടെ സ്ഥാനാർത്ഥിയെ തോൽപിച്ച് കോൺഗ്രസിന്റ ആദ്യ തിരഞ്ഞെടുക്കപ്പെട്ട പ്രസിഡൻറായി.ഇതിനെ തുടര്‍ന്ന് ലീഗ് ഓഫ് റാഡിക്കല്‍ കോണ്‍ഗ്രസ്മെന്‍ അഥവ റാഡിക്കൽ ഹ്യൂമനിസ്റ്റ് പാർട്ടി എന്ന ഒരു സംഘടന കോണ്‍ഗ്രസ്സിനുള്ളില്‍ റോയിയുടെ നേതൃത്വത്തിൽ രൂപീകരിക്കപ്പെട്ടു. മഹാത്മാ ഗാന്ധിയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് നേതാജി കോൺഗ്രസ് പ്രസിഡൻറ് സ്ഥാനം രാജിവെച്ച്‌ ഫോർവേഡ് ബ്ലോക്ക് രൂപീകരിക്കുകയും ബ്രിട്ടീഷ് കാർക്ക് കോൺഗ്രസ് പ്രസിഡൻറായിരുന്നപ്പോൾ ഉണ്ടായിരുന്നതിനേക്കാൾ വലിയ തലവേദനയുണ്ടാക്കുകയും ചെയ്തു.നേതാജി യെ അറസ്റ്റ് ചെയ്ത് ബ്രിട്ടീഷുകാർ വീട്ടുതടങ്കലിൽ പാർപ്പിച്ചു .അവിടെ നിന്നും ഐതിഹാസികമായി രക്ഷപ്പെട്ട നേതാജി ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള പദ്ധതികളുടെ ഭാഗമായി ബർലിനിലേക്ക് കടന്നു. ഈ സമയം 1940ല്‍ രണ്ടാംലോക മഹായുദ്ധത്തില്‍ സ്വീകരിക്കേണ്ട നിലപാടു സംബന്ധിച്ച അഭിപ്രായഭിന്നതയെ തുടര്‍ന്ന് റോയ് കോണ്‍ഗ്രസ്സില്‍നിന്നു രാജിവെച്ചു.പിന്നീട് തന്റെ സമത്വ സിദ്ധാന്തത്തിലുപരി മഹാനായ ഒരു മനുഷ്യനായിരിക്കുക എന്ന റാഡിക്കൽ ഹ്യൂമനിസത്തിലൂന്നിയുള്ള എന്ന ആശയം വ്യാപകമായി പ്രചരിപ്പിച്ചു.

ഇന്ത്യയില്‍ സ്വാതന്ത്ര്യമസമരം രാജ്യവ്യാപകമായ ഒരു പ്രശ്‌നമല്ലാതിരുന്ന കാലത്ത്, സ്വാതന്ത്ര്യം ഭാരതീയന്റെ ജന്മാവകാശമാണെന്ന ബോധം പരക്കാതിരുന്ന കാലത്ത് മഹാത്മാഗാന്ധി രാഷ്ട്രീയ രംഗത്തു പ്രവേശിക്കുന്നതിനും ഒന്നു രണ്ടു ദശാബ്ദങ്ങള്‍ക്കു മുമ്പേ ആരംഭിച്ചു. റോയിയുടെ സ്വാതന്ത്ര്യ സമരം കമ്മ്യൂണിസമെന്നതെന്താണെന്ന് ഇന്ത്യയിലൊരാളും ശരിയായി ധരിക്കാതിരുന്ന കാലത്താണ്, അതായത് റഷ്യന്‍ വിപ്ലവത്തിനും മുമ്പാണ് റോയി മാര്‍ക്‌സിറ്റായത്. ഒടുവിലൊടുവില്‍ ദേശീയത്വത്തെപ്പോലെ കമ്മ്യൂണിസവും ലാഭകരമായ ബിസിനസ്സായി ആ ഘട്ടത്തില്‍ റോയിയെ അവിടെയൊന്നും കാണുന്നില്ല. രണ്ടാം ലോകമഹായുദ്ധകാലത്ത് മാര്‍ക്‌സിസത്തിന്റെ അപര്യാപ്തതകളെ റോയി മനസ്സിലാക്കിത്തുടങ്ങി. അതു ശരിയല്ലെന്നു നിഷേധാത്മകമായി വിമര്‍ശിച്ചു. തൃപ്തിയടയുന്ന പ്രകൃതം അദ്ദേഹത്തിന്റെതല്ല. ഒരു പുതിയ ജീവിതത്ത്വശാസ്ത്രം ആവശ്യമാണെന്ന് അദ്ദേഹത്തിന് ബോധ്യമായി. ആ അന്വേഷണ ഫലമാണ് റോയിയുടെ ഹ്യൂമനിസ്റ്റ് വീക്ഷണം. ദേശീയ സ്വാതന്ത്ര്യത്തില്‍ നിന്നു തുടങ്ങി, സാമ്പത്തിക പരാധീനതയനുഭവിക്കുന്നവരുടെ സ്വാതന്ത്ര്യത്തിലേക്ക് അദ്ദേഹം നീങ്ങി. ഒടുവില്‍ ദേശത്തിന്റെയോ പ്രത്യേക വര്‍ഗ്ഗത്തിന്റെയോ അല്ല, മനുഷ്യന്റെ സ്വാന്ത്ര്യമാണ് വേണ്ടതെന്ന നിഗമനത്തില്‍ അദ്ദേഹം എത്തിച്ചേര്‍ന്നു. ഇന്ത്യക്കാരനും തൊഴിലാളിയും എല്ലാറ്റിനുമുപരി മനുഷ്യനാണ്. മനുഷ്യന്‍ ഒന്നിച്ചു കൂടുന്നതു വര്‍ഗ്ഗബന്ധത്തിലോ ദേശീയാതിര്‍ത്തിയിലോ അല്ല, മനുഷ്യത്വത്തിന്റെ മണ്ഡലത്തിലാണ് അങ്ങനെ മനുഷ്യര്‍ക്കിടയിലോ ഒരു വലിയ മനുഷ്യനായി അദ്ദേഹം മാനവേന്ദ്രനാഥനെന്ന പേര്‍ അന്വര്‍ത്ഥമാക്കി, മനുഷ്യവര്‍ഗ്ഗത്തിന് ദാര്‍ശനികമായ ഒരു പൈതൃകം സമ്മാനിച്ചു മരണമടഞ്ഞു.

ഇന്ത്യയിലെ ഒന്നാമത്തെ കമ്മ്യൂണിസ്റ്റും, ഒരുപക്ഷെ, അതേ കാരണത്താല്‍ ഒന്നാം നമ്പര്‍ എക്‌സ് കമ്മ്യൂണിസ്റ്റും എം.എന്‍.റോയിയാണെന്നു പറയാം. ഒരുകാലത്ത് ഇന്ത്യന്‍ രാഷ്ട്രീയരംഗത്തില്‍ രണ്ടു പ്രവര്‍ത്തനക്രമങ്ങളും ചിന്താരീതികളുമേ ഉണ്ടായിരുന്നുളളു- ഒന്നു മഹാത്മാഗാന്ധിയുടേതും മറ്റേത് മാനവേന്ദ്രനാഥ റോയിയുടേതും. രാംഗാര്‍ കോണ്‍ഗ്രസ്സ് സമ്മേളനത്തില്‍ ഡോ. രാജേന്ദ്രപ്രസാദ് പ്രസ്താവിക്കുകയുണ്ടായി. ‘നമ്മുടെ മുമ്പില്‍ ഇപ്പോള്‍ രണ്ടു പരിപാടിയേ ഉളളൂ. ഒന്ന് മഹാത്മജിയുടേത്, അതാണ് കോൺഗ്രസ് അംഗീകരിച്ചിട്ടുളളത്, മറ്റൊന്ന് എം.എന്‍.റോയി അവതരിപ്പിച്ചത്. ഗാന്ധിയന്‍ പരിപാടിയുടെ വ്യക്തമായ ഒരു ഗത്യന്തരമാണിത്. ഇതേ അഭിപ്രായംതന്നെ പ്രസ്തുത സമ്മേളനത്തില്‍ പങ്കെടുത്തു തിരിച്ചു വന്നശേഷം കെ.കേളപ്പന്‍ ‘മാതൃഭൂമി’യില്‍ എഴുതിയിരുന്നു. ഇന്ത്യയിലെ ദേശീയ നേതൃത്വത്തെ ചോദ്യം ചെയ്തവരില്‍ മുമ്പന്‍ റോയിയാണ്. പക്ഷെ, മറ്റൊരു പരിപാടിയും നയങ്ങളും മുമ്പില്‍ വയ്ക്കാതെ ഒരിക്കലും അദ്ദേഹം വിമര്‍ശിച്ചിരുന്നില്ല. കര്‍ശനവും തീവ്രവുമായ ആ വിമര്‍ശനങ്ങള്‍ കാര്യമായെടുക്കാതിരിക്കാനോ ചുമ്മാ തട്ടിനീക്കാനോ ആര്‍ക്കും സാദ്ധ്യമല്ലായിരുന്നു.

ഏറ്റവും ചുരുക്കത്തിൽ പറഞ്ഞാൽ ബംഗാളിയായ നരേന്ദ്ര ഭട്ടാചാര്യ എന്ന മാനവേന്ദ്രനാഥ് റോയി റഷ്യയ്ക്കു വെളിയിൽ ആദ്യത്തെ കമ്യൂണിസ്റ്റ് പാർട്ടി-മെക്സിക്കൻ കമ്യൂണിസ്റ്റ് പാർട്ടി സ്ഥാപിച്ച അതിന്റെ സെക്രട്ടറിയായ വ്യക്തിയാണ്. ഇന്ത്യൻ കമ്യൂണിസ്റ്റു പാർട്ടിയുടെ സ്ഥാപകനും അദ്ദേഹം തന്നെ.ലെനിന്റെ നിലപാടുകളെപ്പോലും എതിർത്ത ധിഷണാശാലി. ചൈനയിലെത്തി മാവോ സേതൂങ്ങിനെയും ചൗഎൻലായിയെയുമൊക്കെ വിളിച്ചുവരുത്തി നിർദേശങ്ങൾ കൊടുത്തിരുന്ന ആൾ. ‘ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രതിഭ’ എന്ന് ആൽബർട്ട് ഐൻസ്റ്റൈൻ വിശേഷിപ്പിച്ച വ്യക്തി. പതിനേഴുഭാഷകൾ അറിയുമായിരുന്ന റോയി സകലരാജ്യങ്ങളിലെയും രഹസ്യപ്പോലീസുകാരുടെ കണ്ണിൽപ്പൊടിയിട്ട് പലവേഷത്തിൽ പലപേരുകളിൽ പലരാജ്യങ്ങളിൽ സഞ്ചരിച്ചു.
ഒടുവിൽ ബ്രിട്ടീഷുകാരുടെ ജയിലിൽ ആറുവർഷം കഠിനയാതന അനുഭവിച്ച വ്യക്തി.ചിന്തയിലും ജീവിതത്തിലും പൂര്‍വ്വികരുടെ വെറും പകര്‍പ്പുകളായി അധികാരത്തോട് വിനീതവിധേയത്വം പുലര്‍ത്തുക എന്നതിനെ ആദര്‍ശമായി കൊണ്ടുനടക്കുന്ന ‘ അധികാരഭ്രമത്തിന്റെയും ഏകശാസനവാഴ്ചയുടെയും ബലിവസ്തുക്കളായി മാറിയ ഇന്ത്യയിലെ കമ്യൂണിസ്റ്റ്കൾക്കിടയിൽ എം.എന്‍.റോയിയെപ്പോലൊരാള്‍ ജീവിച്ചിരുന്നു എന്നതുതന്നെ അത്ഭുതമാണ്. !

(കടപ്പാട്)