1948ലെ ഒളിമ്പിക്സിൽ ഇന്ത്യ നഗ്നപാദങ്ങളുമായി ഫുട്ബോൾ കളിക്കാനുള്ള കാരണം എന്ത് ? സ്വതന്ത്ര ഇന്ത്യയുടെ ഫുട്ബോൾ ചരിത്രത്തിലെ ആദ്യ രാജ്യാന്തര ഗോൾ നേടിയത് ആര്?ഒളിമ്പിക് ഫുട്ബോളിൽ ഹാട്രിക് നേടിയ ഇന്ത്യക്കാരൻ ആരാണ്?

അറിവ് തേടുന്ന പാവം പ്രവാസി

ഒളിംപിക്സിൽ ഫ്രാൻസ് ഫുട്ബോൾ ടീമിന്റെ വലയിൽ ഇന്ത്യൻ താരങ്ങൾ പന്തെത്തിച്ചിട്ടുണ്ട്. ഒരുതവണ അവരെ സമനിലയിൽ പിടിച്ചു നിർത്തിയിട്ടുമുണ്ട്. ലോകകപ്പിൽ കളിച്ച ഓസ്ട്രേലിയയെ തകർത്തുവിട്ടിട്ടുണ്ട്. ഇതെല്ലാം വിശ്വസിച്ചേ പറ്റൂ. ബ്രസീലും , അർജന്റീനയും അടക്കമുള്ള ടീമുകൾ മുഖത്തോടുമുഖം വരുന്നതാണ് ആധുനിക ഒളിംപിക്സെങ്കിൽ അതേ ഒളിംപിക്സിൽ ഇന്ത്യ ഒരിക്കൽ സെമിഫൈനൽ വരെയെത്തിയിട്ടുണ്ട്.

1948 ലണ്ടൻ ഒളിമ്പിക്സിൽ ഇന്ത്യൻ ഫുട്ബാൾ ടീം കളിച്ചിരുന്നു. അതിൽ ഫ്രാൻസിനെതിരെ ഉള്ള മത്സരത്തിന്റെ ചിത്രം ( മൂന്നു ഇന്ത്യൻ ഫുട്ബാൾ താരങ്ങൾ നഗ്നപാദങ്ങളുമായി ഗ്രൗണ്ടിലൂടെ നടക്കുന്നത്) ഇടയ്ക്കിടയ്ക്ക് സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടുകയും ചെയ്യാറുണ്ട്. ആ മത്സരത്തിന്റെ പ്രത്യേകതയായി സോഷ്യൽ മീഡിയകളിൽ ചൂണ്ടിക്കാട്ടുന്ന ചില കാരണങ്ങൾ ഇതൊക്കെയാണ് . നമ്മുടെ താരങ്ങൾക്ക് ബൂട്ട് ഇല്ലാത്തതിനാൽ ജയിക്കാനായില്ല എന്നത് . എതിർ താരങ്ങളുടെ ബൂട്ടിന്‍റെ ചവിട്ടേറ്റ് ഇന്ത്യൻ താരങ്ങൾക്ക് പരിക്കേറ്റിട്ടും മത്സരം സമനിലയിലായി . കൂടാതെ സർക്കാറിന്‍റെ കൈയിൽ പണമില്ലാത്തതിനാൽ ഇന്ത്യൻ ഫുട്ബാൾ താരങ്ങൾക്ക് ബൂട്ടുകൾ ലഭിച്ചില്ല എന്നതും .

എന്നാൽ ഇതിൽ പലതും തെറ്റിദ്ധരിപ്പിക്കുന്ന ഏതാനും കാര്യങ്ങളാണ് എന്നതാണ് യഥാർത്ഥ്യം . ബൂട്ടില്ലാത്ത ഇന്ത്യൻ താരങ്ങളുടെ പ്രചാരത്തിലുള്ള ചിത്രം സൂക്ഷ്മമായി പരിശോധിച്ചാൽ നാലാമത്തെ താരം ബൂട്ട് ധരിച്ചിരുന്നതായി കാണാം. പപ്പൻ എന്ന പേരിലറിയപ്പെട്ടിരുന്ന തേന്മാടം മാത്യു വർഗീസാണ് ഈ ബൂട്ട് ധരിച്ച താരം. ഇദ്ദേഹത്തെ പടത്തിൽനിന്ന് വെട്ടിമാറ്റിയാണ് സമൂഹമാധ്യമങ്ങളിൽ പലപ്പോഴും ഈ ചിത്രം പ്രചരിപ്പിക്കുന്നത്. യഥാർഥത്തിൽ മത്സരത്തിൽ ഇന്ത്യ 2-1ന് തോൽക്കുകയാണ് ചെയ്തത്.
ഇന്ത്യയുടെ 11 കളിക്കാരിൽ എട്ട് പേരും ബൂട്ടില്ലാതെയാണ് കളിക്കാനിറങ്ങിയത്. നഗ്നപാദരായി കളിക്കാൻ കൂടുതൽ സൗകര്യപ്രദമായതിനാൽ ഈ താരങ്ങൾ ബൂട്ടുകൾ ഇല്ലാതെയാണ് ഗ്രൗണ്ടിലിറങ്ങിയത്. അന്ന് ഇന്ത്യൻ ഫുട്ബാളിന് പണമല്ലായിരുന്നു പ്രശ്നം. ഇന്ത്യൻ താരങ്ങൾക്ക് ബൂട്ടുകൾ ധരിച്ച് കളിച്ച് പരിചയമില്ലായിരുന്നു. അതിനാൽ ഭൂരിഭാഗം താരങ്ങളും മത്സരത്തിൽ ബൂട്ട് ധരിക്കാതെയാണ് കളിക്കാനിറങ്ങിയത്.

ഫ്രാൻസിനെ വിറപ്പിച്ചുവിട്ട് ലണ്ടനിലെ ബക്കിങ്ങാം കൊട്ടാരത്തിന്റെ ചുവപ്പു പരവതാനിയിലേക്ക് നടന്നുകയറിയൊരു കഥയും ഇന്ത്യൻ ഫുട്ബോൾ ടീമിനുണ്ട്. അന്നൊരു മലയാളിയും അക്കൂട്ടത്തിലുണ്ടായിരുന്നു .തിരുവല്ല പാപ്പൻ എന്ന തിരുവല്ലക്കാരൻ തോമസ് വർഗീസ്. നഗ്നപാദരായി ഫ്രാൻസിനെ എതിരിട്ട ഇന്ത്യൻ ടീമിലെ ബൂട്ടുകെട്ടി പോരാട്ടത്തിനിറങ്ങിയ മൂന്നുപേരിൽ ഒരാൾ. അന്നുമുതലുള്ള ഉശിരൻ പോരാട്ടത്തിന്റെ ചരിത്രത്തിൽ തലയുയർത്തി നിൽക്കാൻ മറ്റ് 5 മലയാളികൾ കൂടിയുണ്ട്. പി.ബി. അബ്ദുൽ സാലി എന്ന കോട്ടയം സാലി, എസ്.എസ്. നാരായണൻ എന്ന ഒറ്റപ്പാലം നാരായണൻ, ടി. അബ്ദുൽ റഹ്മാൻ എന്ന കോഴിക്കോട്ടുകാരൻ ഒളിംപ്യൻ റഹ്മാൻ, ഇരിങ്ങാലക്കുടക്കാരനായ പ്രതിരോധ നിരക്കാരൻ ഒ. ചന്ദ്രശേഖരൻ, പിന്നെ എം. ദേവദാസും.തുടർച്ചയായി നാല് ഒളിമ്പിക്സിൽ ഇന്ത്യൻ ഫുട്ബോൾ ടീം മത്സരിച്ചു. അതിൽ 1956-ൽ മെൽബണിൽ ഇന്ത്യ ആതിഥേയരായ ഓസ്ട്രേലിയയെ തോൽപ്പിച്ച് സെമിയിൽ കടന്നുവെന്നുമാത്രമല്ല, ഓസ്ട്രേലിയക്കെതിരേ (4-2) ഇന്ത്യയുടെ നെവിൽ ഡിസൂസ ഹാട്രിക്കും നേടി. (‘കോൻ ബനേഗ കരോർപതി’ ടി.വി. ഷോയിൽ 50 ലക്ഷം നേടിയ കൊൽക്കത്തയിലെ വ്യവസായി രമേശ് ദുബേയോട് അമിതാഭ് ബച്ചന്റെ അവസാന ചോദ്യം ഇതായിരുന്നു. ഒളിമ്പിക് ഫുട്ബോളിൽ ഹാട്രിക് നേടിയ ഇന്ത്യക്കാരൻ ആരാണ്? ഉത്തരം തെറ്റിയാൽ അതുവരെ നേടിയ 50 ലക്ഷം നഷ്ടപ്പെടുമെന്നതിനാൽ ഒരു കോടിക്കു ശ്രമിക്കാതെ ദുബേ പിൻവാങ്ങി). സെമിയിൽ ഇന്ത്യ യൂഗോസ്ലാവ്യയോടു തോറ്റു (1-4). ഇന്ത്യൻ ഫുട്ബോൾ ടീം ഒളിംപിക്സ് കളിച്ച 4 തവണയും ടീമിൽ മലയാളികളായി ഇവരുണ്ടായിരുന്നു. കാലഘട്ടം -1948 – 1960.

1948 ഒളിമ്പിക്‌സിന് ശേഷം നഗ്‌നപാദരായി കളിക്കുന്നത് ഫിഫ നിരോധിച്ചു. ഇന്ത്യ അന്നുവരെ നഗ്‌നപാദരായി ആണ് ഫുട്‌ബോള്‍ കളിച്ചിരുന്നത്. ബൂട്ട് ഉപയോഗിച്ച് കളിക്കുന്നതിലുള്ള പരിചയമില്ലായ്മ അതിനുവേണ്ടിയുള്ള പരിശീലനത്തിനുള്ള സമയക്കുറവും, ടീം സെലെക്ഷന്‍, യാത്രാചിലവ് എന്നിവ കാരണമാണ് 1950 ലോകകപ്പിൽ നിന്ന് ഇന്ത്യ പിന്മാറാന്‍ AIFF തീരുമാനിച്ചത്. മാത്രമല്ല, ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ ആയ AIFF ആ കാലഘട്ടത്തില്‍ ഫിഫ ലോകകപ്പിനെക്കാള്‍ പ്രാമുഖ്യം നല്‍കിയിരുന്നത് ഒളിംപിക്സിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ക്കായിരുന്നു. അതുകൊണ്ടുതന്നെ ഇവിടെനിന്നും ഭൂമിയുടെ മറ്റേ അറ്റത്തുള്ള ബ്രസീലിലേക്ക് കപ്പല്‍മാര്‍ഗ്ഗം ടീമിനെ അയക്കാന്‍ താല്പര്യപെട്ടില്ല.

1952ലെ ഹെൽസിങ്കി ഒളിമ്പിക്സിൽ തണുത്തുറഞ്ഞ മൈതാനിയില്‍ ബൂട്ടില്ലാതെ കളിച്ച ഇന്ത്യയൂഗോസ്ലാവിയയോട് 1-10ന് പരാജയപ്പെട്ടതിനു പിന്നാലെയാണ് ഇന്ത്യൻ ഫുട്ബാളിൽ ബൂട്ടുകൾ നിർബന്ധമാക്കിയത്. ബൂട്ട് ധരിച്ചു കളിയ്ക്കാന്‍ കഴിയാത്തതു കൊണ്ടു മാത്രമാണ് ഇന്ത്യ 1950ല്‍ പിന്മാറിയത് എന്നൊരാക്ഷേപം ഉണ്ടായിരുന്നു. എന്നാല്‍ 3 ടൂര്‍ണ്ണമെന്റ് മാത്രം പ്രായമുള്ള ഫിഫ ലോകകപ്പിനോടല്ല നൂറ്റാണ്ടു പഴക്കമുള്ള ഒളിംപിക്സ് ആയിരുന്നു അന്ന് AIFFന് പ്രിയം. ‘ലോകകപ്പിനെ കുറിച്ച് നമുക്ക് ഒന്നും അറിയില്ല അന്ന് . ഒളിംപിക്സ് ആയിരുന്നു നമുക്ക് അന്തസ്സും അഭിമാനവും, അതില്‍ വലുതായി വേറെ ഒന്നും ഇല്ല’ അന്നത്തെ ക്യാപ്റ്റന്‍ സൈലന്‍ മന്ന പറഞ്ഞതിങ്ങനെ.

📌1948 ലണ്ടൻ ഒളിംപിക്സിനെ പറ്റി ഒരല്പം വിവരണം

ഭയങ്കരമായൊരു പോരാട്ടമായിരുന്നു അത്. ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ ആദ്യത്തെ രാജ്യാന്തര മൽസരം. എതിരാളികൾ ഫ്രാൻസ്. അവസാന നിമിഷ ഗോളിൽ തോറ്റെങ്കിലും (1–2) ഇന്ത്യൻ ഫുട്ബോൾ, ലോകത്തിനു മുന്നിൽ തലയുയർത്തിനിന്ന നിമിഷമായിരുന്നു അത്. കിഴക്കൻ ലണ്ടനിലെ ചെറുപട്ടണമായ ഇൽഫോർ‍ഡിലെ ലിം റോഡ് സ്റ്റേഡിയത്തിലായിരുന്നു മത്സരം. ഇന്ത്യൻ ടീമിലെ 8 പേരും ബൂട്ടിടാതെയാണു കളിച്ചത്. തിരുവല്ല പാപ്പൻ അടക്കം 3 പേർ ബൂട്ടുകെട്ടി. മറ്റുള്ളവർ ബാൻഡേജ് ചുറ്റി. അവർക്ക് അതായിരുന്നു കൂടുതൽ സൗകര്യപ്രദം. അല്ലെങ്കിൽ സാങ്കേതികതയിൽ ഇന്ത്യ അത്രയേ വളർന്നിട്ടുണ്ടായിരുന്നുള്ളൂ.കളിയാരംഭിച്ച് അധികം വൈകാതെ ഫ്രാൻസിനു കാര്യം പിടികിട്ടി .എതിരാളികൾ അത്ര നിസ്സാരരല്ല. 30–ാം മിനിറ്റിൽ കോർബിനിലൂടെ ഫ്രാൻസ് മുന്നിലെത്തിയെങ്കിലും വൈകാതെ ഇന്ത്യൻ കടുവകൾ തിരിച്ചടിച്ചു. കൊടും തണുപ്പിലും 17,000 കാണികളുടെയും മുന്നിൽ ബൂട്ടില്ലാതെ കളം നിറഞ്ഞു കളിച്ച ഇന്ത്യ 70–ാം മിനിറ്റിൽ സമനില കണ്ടെത്തി.

അഹമ്മദ് മുഹമ്മദ് ഖാനും പകരക്കാരനായിറങ്ങിയ വജ്രവേലുവും ചേർന്നു നടത്തിയ മുന്നേറ്റത്തിനൊടുവിൽ പന്ത് ശാരംങപാണി രാമനെന്ന മുന്നേറ്റ നിരക്കാരന്റെ കാലുകളിൽ. കണ്ണടച്ചു തുറക്കും മുമ്പേ ഗോൾ വീണു. സ്വതന്ത്ര ഇന്ത്യയുടെ ഫുട്ബോൾ ചരിത്രത്തിലെ ആദ്യ രാജ്യാന്തര ഗോൾ അങ്ങനെ ഈ ബെംഗളൂരു സ്വദേശിയുടെ പേരിൽ കുറിക്കപ്പെട്ടു.89–ാം മിനിറ്റിൽ പെർസിലൺ നേടിയ ഗോളിനു ഫ്രാൻസ് അക്ഷരാർഥത്തിൽ രക്ഷപ്പെടുകയായിരുന്നെന്നു പറയാം. ശൈലൻ മന്നയും , മഹാബീർ പ്രസാദും പെനൽറ്റി നഷ്ടപ്പെടുത്തിയില്ലായിരുന്നെങ്കിൽ ഇന്ത്യയുടെ ആദ്യ രാജ്യാന്തര മത്സരം തന്നെ സംഭവബഹുലമാകുമായിരുന്നു. ഇടവേളയ്ക്കു തൊട്ടുമുൻപ് മന്നയ്ക്കു ലഭിച്ച പെനൽറ്റി, ക്രോസ് ബാറിനു മുകളിലൂടെ പറന്നുപോയി. മഹാബീറിന്റെ ഷോട്ട് നേരെ ഗോളിയുടെ കൈകളിൽ അവസാനിച്ചു. അന്ന് വിജയിച്ചിരുന്നെങ്കിൽ ഒരു പക്ഷേ ഇന്ത്യൻ ഫുട്ബോളിന്റെ തലവരതന്നെ മാറുമായിരുന്നു. മത്സരശേഷം നടന്ന പത്രസമ്മേളനത്തിൽ ഇന്ത്യൻ നായകൻ താലിമറാനോട് ചോദിച്ചു എന്തുകൊണ്ടാണ് ടീം ബൂട്ടില്ലാതെ കളിച്ചതെന്ന്. മറുപടി ഇങ്ങനെയായിരുന്നു – ” ഞങ്ങൾ ഇന്ത്യയിൽ ഫുട്ബോളാണ് കളിക്കുന്നത് . നിങ്ങൾ കളിക്കുന്നത് ബൂട്ട്ബോളും. ” പിറ്റേന്ന് ഇറങ്ങിയ ഇംഗ്ലിഷ് പത്രങ്ങളിൽ അത് വലിയ വാർത്തയായിരുന്നു.

ആദ്യ റൗണ്ടിൽത്തന്നെ തോറ്റു പുറത്തായെങ്കിലും ഇന്ത്യയുടെ പോരാട്ടവീര്യത്തിനു മുന്നിൽ അന്നു തുറക്കപ്പെട്ടതു ബക്കിങ്ങാം കൊട്ടാരത്തിന്റെ വാതിലുകളായിരുന്നു. പൊരുതിത്തോറ്റ ഇന്ത്യൻ താരങ്ങളുടെ ചങ്കൂറ്റത്തിനു മുന്നിൽ ജോർജ് ആറാമൻ രാജാവ് ചുവപ്പു പരവതാനി വിരിച്ചു. തോൽവിക്കു പിറ്റേന്നു കൊട്ടാരത്തിലേക്കു ക്ഷണിച്ചാണു രാജാവ് ഇന്ത്യൻ ഫുട്ബോളിനോടുള്ള ആദരവ് പ്രകടിപ്പിച്ചത്. മന്നയുടെ കാൽക്കരുത്തിൽ അന്തംവിട്ട രാജാവ്, പാന്റ്സ് ഉയർത്തി മന്നയുടെ കാൽ സ്റ്റീൽ കൊണ്ടാണോയെന്നു പരിശോധിച്ചെന്നു പോലും പറയപ്പെടുന്നു.ഇന്ത്യന്‍ ടീമിന്റെ പ്രകടനത്തില്‍ സന്തുഷ്ടനായ ജോര്‍ജ് നാലാമന്‍ രാജാവ് സയ്യിദ് അബ്ദുല്‍ റഹീം പരിശീലിപ്പിച്ച ടീമിലെ ഫോര്‍വേഡ് കളിച്ചിരുന്ന അഹ്മദ് ഖാന്റെ പന്തടക്കത്തെ പ്രകീര്‍ത്തിച്ചു . പിറ്റേന്ന് ബ്രിട്ടീഷ് പത്രങ്ങള്‍ അദ്ദ്ദേഹത്തെ വിളിച്ചത് ‘സ്‌നേക്ക് ചാര്‍മര്‍’ എന്നാണ്.

ഫ്രാൻസിനെ വിറപ്പിച്ച ആ ടീം ഇതാണ്.

💫ഗോളി– കെഞ്ചപ്പ വി.വരദരാജ്, സഞ്ജീവ ഉച്ചിൽ.
💫പിൻനിര– ശൈലൻ മന്ന, താജ് മുഹമ്മദ്, ടി.എം.വർഗീസ് പാപ്പൻ (തിരുവല്ല പാപ്പൻ). 💫മധ്യനിര– താലിമറാൻ ആവോ, എ.സത്താർ ബഷീർ, മഹാബീർ പ്രസാദ്, എസ്.എം.കൈസർ, അനിൽ നന്തി, ബി.എൻ.വജ്രവേലു.
💫ഫോർവേഡ്– റോബി ദാസ്, അഹമ്മദ് മുഹമ്മദ് ഖാൻ, സാഹു മേവലാൽ, ബാലറാം പരബ് രാമചന്ദ്ര, ശാരംങ്പാണി രാമൻ, കെ.പി.ധൻരാജ്, സന്തോഷ് നന്തി. പരിശീലകൻ ബാലദാസ് ചാറ്റർജിയായിരുന്നു. അസംകാരനായ താലിമറാനായിരുന്നു നായകൻ.

ഫ്രാൻസുമായുള്ള മൽസരത്തിനു മുൻപ് ഇന്ത്യ ഇംഗ്ലണ്ടിലെ 5 പ്രാദേശിക ടീമുകളോടു സൗഹൃദ മത്സരം കളിച്ചിരുന്നു. അഞ്ചിലും ജയം. ഇന്ത്യ നേടിയ ഗോൾ 39, വഴങ്ങിയത് വെറും 5. ഡിപ്പാർട്ടുമെന്റ് സ്റ്റോർ (15-0), മെട്രോപ്പൊലിറ്റൻ പൊലീസ് എഫ്സി (3-1), പിന്നർ എഫ്സി (9-1), ഹയസ് എഫ്സി (4-1), അലക്സാണ്ട്ര പാർക്ക് എഫ്സി (8 – 2)എന്നീ ടീമുകളെയാണു തോൽപിച്ചത്.

ഫ്രാൻസിനോടു തോറ്റതിലുള്ള കലി ഇന്ത്യൻ ടീം തീർത്തതു ഹോളണ്ടിലെ അയാക്സ് ആംസ്റ്റർഡാമിനെ തകർത്തു തരിപ്പണമാക്കിയായിരുന്നു. ഇന്ത്യയിലേക്കുള്ള മടക്കയാത്രയ്ക്കിടെ നടത്തിയ യൂറോപ്യൻ പര്യടനത്തിൽ ഹോളണ്ടിലെ അയാക്സ് ആംസ്റ്റർഡാമിനെ തകർത്തത് 5–1ന്. ഇംഗ്ലണ്ടിലെ മറ്റ് 5 ക്ലബുകൾക്കെതിരെയും ഇന്ത്യ കളിച്ചു. ഒന്നിൽ പോലും തോറ്റില്ല, മൂന്നെണ്ണത്തിൽ വിജയിച്ചു…!

📌1952 ഹെൽസിങ്കിയിലെ മത്സരത്തെപ്പറ്റി ഒരല്പ വിവരണം
തലേ ഒളിംപിക്സിൽ ഫ്രാൻസിനെതിരെ പുറത്തെടുത്ത കളിമികവ് ഇത്തവണ ഇന്ത്യക്ക് ആവർത്തിക്കാനായില്ല. ശൈലൻ മന്നയുടെ ക്യാപ്റ്റൻസിയിൽ ഇറങ്ങിയ ഇന്ത്യ ഇത്തവണയും ആദ്യ റൗണ്ടിൽതന്നെ പുറത്തായി. വൻ മാർജിനിൽ (10-1) യുഗോസ്ലാവിയയോടായിരുന്നു പരാജയം. ഇന്ത്യയുടെ ഏകഗോൾ അഹമ്മദ് ഖാനാണ് നേടിയത്. കോട്ടയം സാലിയായിരുന്നു മലയാളി പ്രാതിനിധ്യം.

📌1956 മെൽബൺ മത്സരത്തെപ്പറ്റി ഒരല്പ വിവരണം
ഒളിംപിക് ഫുട്ബോളിൽ ഇന്ത്യയുടെ എക്കാലത്തെയും മികച്ച നേട്ടം ഇത്തവണയായിരുന്നു, സെമിഫൈനൽ – നാലാം സ്ഥാനം. സമർ ബാനർജിയുടെ നായകത്വത്തിൽ ഇറങ്ങിയ ഇന്ത്യയുടെ ആദ്യ എതിരാളി ഹംഗറിയായിരുന്നു. എന്നാൽ ടീം എത്താതിരുന്നതോടെ വാക്കോവർ ലഭിച്ചു. അടുത്ത മത്സരത്തിൽ ഓസ്ട്രേലിയയെ 4 -2 ന് തകർത്ത് ഇന്ത്യ സെമിയിലെത്തി.ഒളിംപിക് സെമിയിലെത്തുന്ന ആദ്യ ഏഷ്യൻ രാജ്യം. നെവിൽ ഡിസൂസ ഹാട്രിക് നേടിയപ്പോൾ കൃഷ്ണ കിട്ടു ഒരു ഗോൾനേടി. സെമിയിൽ ഒരിക്കൽക്കൂടി യുഗോസ്ലാവിയ ഇന്ത്യയുടെ കഥകഴിച്ചു. 4 – 1. നെവിൽ ഡിസൂസയുടെ ഗോളിൽ മുന്നിലെത്തിയ ഇന്ത്യയെ യുഗോസ്ലാവിയ തോൽപിച്ചു. ഇന്ത്യയെ 3 ഗോളിനു തോൽപിച്ച് ബൾഗേറിയ വെങ്കലം നേടി. എസ്. എസ്. നാരായണൻ എന്ന മലയാളി ടീമിലുണ്ടായിരുന്നു. നാരായണൻ 1960ലും ടീമിലുണ്ടായിരുന്നു.

1960 റോം മത്സരത്തെപ്പറ്റി ഒരല്പ വിവരണം

ഈ ഒളിംപിക്സിലാണ് ഇന്ത്യ ഫ്രാൻസിനെ 1 – 1 സമനിലയിൽ കുരുക്കിയിട്ടത്. നായകൻ പി.കെ. ബാനർജിയായിരുന്നു ഗോൾ നേട്ടക്കാരൻ. ഹംഗറിയും , പെറുവുമായിരുന്നു ഇന്ത്യയുടെ ഗ്രൂപ്പിലെ മറ്റു ടീമുകൾ. 2 ടീമുകളോടും തോറ്റ ഇന്ത്യ അടുത്ത റൗണ്ടിലേക്കു പ്രവേശിക്കാനാകാതെ മടങ്ങി. അറുപതിനു ശേഷം പിന്നീടിന്നു വരെ ഇന്ത്യ ഒളിംപിക്‌സിന് യോഗ്യത നേടിയിട്ടില്ല

വാൽ കഷ്ണം

1937 ലാണ് അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷൻ രൂപം കൊണ്ടതെങ്കിലും പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ തന്നെ ഇന്ത്യയിൽ ക്ലബ്ബുകളുണ്ട്. 1904 ലാണ് ഫിഫ പോലും നിലവിൽ വന്നത്. 1888 ൽ രൂപം കൊണ്ട മോഹൻ ബഗാൻ ഏഷ്യയിലെ പ്രായമേറിയ ക്ലബ്ബാണ്. മുഹമ്മദൻസ് 1889 ൽ സ്ഥാപിതമായി. 1888 ൽ തുടങ്ങിയ ഡ്യൂറന്റ് കപ്പ് ലോകത്തിലെ പ്രായമേറിയ രണ്ടാമത്തെ ടൂർണമെന്റാണ്. ബ്രിട്ടീഷ് ടീമുകൾ മാത്രം ജയിക്കാറുള്ള ഐ.എഫ്.എ ഷീൽഡിൽ 1911 ൽ ബഗാൻ ചാമ്പ്യന്മാരായത് സ്വാതന്ത്ര്യപൂർവ ഇന്ത്യയുടെ ഏറ്റവും വലിയ ഫുട്‌ബോൾ വിജയമായിരുന്നു.

അതേസമയം ബ്രിട്ടീഷ് സൈനികരിൽനിന്നും ഇന്ത്യയിൽനിന്നും ഫുട്‌ബോളിന്റെ ബാലപാഠങ്ങൾ പഠിച്ച ഗൾഫിൽ കളിക്ക് സംഘടിത രൂപമാവുന്നത് സമീപകാലത്താണ്. ഗൾഫിൽ ആദ്യം കരുത്തു തെളിയിച്ച കുവൈത്തിൽ 1952 ലാണ് ഫെഡറേഷൻ രൂപം കൊണ്ടത്. 1961 ലെ അറേബ്യൻ ഗെയിംസിൽ കുവൈത്ത് പങ്കെടുത്തെങ്കിലും ഫിഫയിൽ അവർ അംഗമാവുന്നത് 62 ലാണ്. കുവൈത്തിന് ആദ്യം വെല്ലുവിളിയുയർത്തിയ യു.എ.ഇയിൽ 1971 ലാണ് ഫെഡറേഷനുണ്ടായത്. 74 ൽ ഫിഫ അംഗമായി. 1920 കളിൽതന്നെ ബഹ്‌റൈനിൽ ഫുട്‌ബോൾ പ്രചാരത്തിലുണ്ടായിരുന്നുവെങ്കിലും 58 ലാണ് ഫെഡറേഷൻ രൂപം കൊള്ളുന്നത്. ഫിഫ അംഗമായത് 65 ൽ മാത്രം. 1978 ൽ മാത്രം നിലവിൽ വന്ന ഒമാൻ ഫുട്‌ബോൾ ഫെഡറേഷൻ 80 ലാണ് ഫിഫയിൽ ചേർന്നത്.

ഇന്ന് മേഖലയിലെ ഏറ്റവും ശക്തമായ ടീമായ സൗദിയിൽ 1959 ലാണ് സംഘടിത രൂപം കൈവന്നത്.ഞൊടിയിടയിലാണ് ഗൾഫ് മേഖലയിൽ ഫുട്‌ബോൾ ലഹരി കത്തിപ്പടർന്നത്. ഫിഫയിൽ അംഗമായി എട്ടു വർഷം പിന്നിടും മുമ്പെ കുവൈത്ത് 1970 ലെ ഗൾഫ് കപ്പ് നേടി. ഗൾഫ് കപ്പിൽ പിന്നീട് അവർ തോൽക്കുന്നത് 79 ൽ ബഗ്ദാദിൽ ഇറാഖിനോടായിരുന്നു. ഇപ്പോൾ സൗദിയാണ് ഗൾഫിലെ ഏറ്റവും പ്രബല ശക്തി. നൂറ്റമ്പതിലേറെ ക്ലബ്ബുകളും , വിവിധ പ്രായഗ്രൂപ്പുകൾക്കായി പത്തിലേറെ ടൂർണമെന്റുകളും , പതിനയ്യായിരത്തിലേറെ രജിസ്റ്റർ ചെയ്ത കളിക്കാരും , പത്തോളം രാജ്യാന്തര റഫറിമാരുമുള്ള സൗദിയിൽ ഫുട്‌ബോളിന് അതിശക്തമായ ഘടനയുണ്ട്. 1984 മുതൽ 2000 വരെ എല്ലാ ഏഷ്യൻ കപ്പിലും സൗദി ഫൈനലിലെത്തി. അഞ്ചു ലക്ഷത്തോളം ജനസംഖ്യയുള്ള കൊച്ചു രാജ്യമെന്ന നിലയിൽ ഖത്തറിന്റെ നേട്ടവും അസൂയാവഹമാണ്.

ഗൾഫ് യുദ്ധത്തിനുമുമ്പ് മേഖലയിലെ കരുത്തുറ്റ ഫുട്‌ബോൾ ശക്തിയായിരുന്ന ഇറാഖിന് യുദ്ധത്തിനും അധിനിവേശത്തിനും ശേഷവും അതു നിലനിർത്താനായെന്നത് അദ്ഭുതാവഹമാണ്. 2004 ലെ ആതൻസ് ഒളിംപിക്‌സിൽ സെമിയിലെത്തിയ അവർ ഇക്കഴിഞ്ഞ ഏഷ്യാഡിൽ ഫൈനൽ കളിച്ചു. ഗൾഫ് കപ്പിലും ഉജ്വലമായി മുന്നേറി. ഏഷ്യൻ കപ്പിനും യോഗ്യത നേടിയിട്ടുണ്ട്. പശ്ചമേഷ്യയിൽ നിന്ന് ആദ്യമായി ലോകകപ്പ് കളിച്ചത് ഇറാനാണ്, 1978 ൽ. പ്രതിഭയുള്ള കളിക്കാരുടെ നീണ്ട നിരയുള്ള ഇറാന് പലപ്പോഴും പടലപ്പിണക്കമാണ് വിനയായത്. ഇന്ത്യയിൽ ഫുട്‌ബോളിലെ ഉയരങ്ങൾക്കു പകരം എല്ലാവരും ബാങ്ക് ജോലിയുടെ സ്വസ്ഥതയാണ് തെരഞ്ഞെടുത്തത്. ഒടുവിൽ ബൈചുംഗ് ബൂട്ടിയ വേണ്ടി വന്നു യൂറോപ്യൻ ലീഗുകളിൽ ഇന്ത്യയുടെ ആദ്യ കളിക്കാരനാവാൻ ; 1999 മുതൽ 2002 വരെ ബൂട്ടിയ ഇംഗ്ലണ്ടിലെ രണ്ടാം ഡിവിഷനിൽ എഫ്.സി. ബറിക്ക് ബൂട്ട് കെട്ടി.

പശ്ചിമേഷ്യൻ രാജ്യങ്ങളിൽ ഇറാനിൽനിന്നാണ് ഏറ്റവുമധികം കളിക്കാർ യൂറോപ്പിൽ കളിക്കുന്നത്. അലി ദായിയും , വാഹിദ് ഹശ്മിയാനും മെഹ്ദി മെഹ്ദാവികിയയുമൊക്കെ ജർമനിയിൽ കളിച്ചിട്ടുണ്ട്. അലി കരീമി ഇപ്പോൾ ബയേൺ മ്യൂണിക്കിന്റെ പ്രധാന അംഗമാണ്. 1993 ൽപോലും 99ാം സ്ഥാനത്തായിരുന്ന ഇന്ത്യ ഇന്ന് നൂറ്ററുപത്തഞ്ചാമതാണ്. മ്യാന്മറും (151) , ശ്രീലങ്കയും (147) , ബംഗ്ലാദേശും (155) എന്തിന് മാലദ്വീപ് പോലും (158) ഇന്ത്യയെ മറികടന്നു. ഏഷ്യയിൽ ഏറ്റവും മികച്ച റാങ്കുള്ള ടീം ഇറാനാണ് (34). ഗൾഫ് ടീമുകളിൽ സൗദിക്കാണ് (64) ഒന്നാം സ്ഥാനം. ഒമാൻ (73), ഖത്തർ (80), കുവൈത്ത് (84), യു.എ.ഇ (92), ബഹ്‌റൈൻ (96) എന്നിവ തൊട്ടുപിന്നിലുണ്ട്.

You May Also Like

അതികായന്‍മാരെ കാഴ്ചക്കാരാക്കി 9 വയസുകാരി റെബേക്ക കാണികളുടെ മനം കവര്‍ന്നു

അങ്ങനെ 9 വയസുകാരി റെബേക്ക സുവരിസ് ന്യൂയോര്‍ക്ക്‌ സിറ്റി ടെന്നീസ് കോര്‍ട്ടില്‍ തടിച്ചു കൂടിയ ടെന്നീസ്…

42 വർഷം മുൻപ് അലൻബോർഡർ സ്ഥാപിച്ച ആ റെക്കോർഡിന് ഇന്നും മറ്റൊരു അവകാശി പിറന്നിട്ടില്ല

THE ‘BORDER’ OF EXCELLENCE Suresh Varieth 23rd March 1980. ലോക ക്രിക്കറ്റിൽ അലൻ…

“വിനോദ്, പത്തു റൺസ് കൂടിയെടുക്ക്, പിന്നെ നിൻ്റെ മുമ്പിൽ ആരുമില്ല…”

Suresh Varieth “വിനോദ്, പത്തു റൺസ് കൂടിയെടുക്ക്, പിന്നെ നിൻ്റെ മുമ്പിൽ ആരുമില്ല”….. അച്റേക്കർ ഫാക്ടറിയിൽ…

കാലാവസ്ഥയെ പഴിച്ചവരെ പരിഹസിച്ച് മുഴുവൻ കളിക്കളങ്ങളും കളിനഗരങ്ങളും ശീതീകരിച്ച് വിസ്മയം തീർത്തു ഖത്തർ

Muhammed Sageer Pandarathil ഇന്നേക്ക് 12 വർഷങ്ങൾക്ക് മുമ്പായിരുന്നു ലോക ഫുട്‌ബോളിന്റെ ആസ്ഥാനമായ സൂറിച്ചിൽ ശൈഖ…