എന്തുകൊണ്ടാണ് നമ്മുടെ സംവാദങ്ങള്‍ ഇപ്പോഴും ദൈവത്തിന്റെ ബ്രഹ്മചര്യത്തെയും ഗോമൂത്രത്തെയും കുറിച്ചാകുന്നത്?

793

രാഷ്ട്രീയം മതമൗലികവാദത്തിന് വിധേയമാകുന്നത് സമൂഹം സംസ്‌കാരരഹിതമാകുമ്പോഴാണ്. ഇന്നു ഭാരതം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഈ സാംസ്‌കാരിക അരാജകത്വമാണ്. സംസ്‌കാരം തിരിച്ചറിവുകളാണ് – താനും പ്രകൃതിയും സഹജീവികളും തമ്മിലുള്ള നിലനില്‍പിന്റെ ബന്ധങ്ങളുടെ തിരിച്ചറിവുകള്‍.

ഓരോ മണിക്കൂറും ശരാശരി 50 പേര്‍ വീതം ക്ഷയരോഗം മൂലം മരിക്കുന്ന, ഓരോ മണിക്കൂറും മൂന്നു സ്ത്രീകള്‍ വീതം ബലാല്‍സംഗം ചെയ്യപ്പെടുന്ന ഒരു രാജ്യത്ത് ഗോമൂത്രത്തിന്റെയും ചാണകത്തിന്റെയും അമ്പലത്തിന്റെയും ആര്‍ത്തവശുദ്ധിയുടെയും പേരില്‍ വോട്ടു ചോദിക്കാന്‍ രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് ധൈര്യം പകരുന്നത് ജനത്തിന്റെ തിരിച്ചറിവില്ലായ്മയാണ്; സംസ്‌കാരരാഹിത്യമാണ്. ഈ സംസ്‌കാരരാഹിത്യത്തിന് മതവും രാഷ്ട്രീയവും ഒരു പോലെ ഉത്തരവാദികളാണ്.

വിശ്വാസം മതത്തില്‍ നിന്നും, സംസ്‌കാരം പാരമ്പര്യങ്ങളില്‍ നിന്നും, ആദ്ധ്യാത്മികത അനുഷ്ഠാനങ്ങളില്‍ നിന്നും വ്യത്യസ്തമാണെന്ന തിരിച്ചറിവ് നല്‍കേണ്ടത് വിദ്യാഭ്യാസമാണ്. നിര്‍ഭാഗ്യവശാല്‍ ഒന്നിനു മറ്റൊന്നിനോടുള്ള ബന്ധമോ വേര്‍തിരിവോ അറിയാതെ ജനം വിശ്വാസത്തെ മതവുമായി മാത്രം ബന്ധപ്പെടുത്തി മനസ്സിലാക്കുന്നു. ഒന്നു മറ്റൊന്നാണെന്നു തെറ്റിദ്ധരിച്ചിരിക്കുന്ന മഹാഭൂരിപക്ഷത്തിന്റെ തിരിച്ചറിവില്ലായ്മ മാറ്റാന്‍ മതവും രാഷ്ട്രീയവും ഒന്നും ചെയ്യുന്നില്ല. എന്നു മാത്രമല്ല, ഈ തെറ്റിദ്ധാരണകള്‍ക്കു വളം വെയ്ക്കാന്‍ വേണ്ടതെല്ലാം അവര്‍ സര്‍വ്വാത്മനാ ചെയ്യുന്നുമുണ്ട്. ജനത്തെ അബോധരായി നിലനിര്‍ത്തേണ്ടത് മതത്തിനും രാഷ്ട്രീയത്തിനും ഒരുപോലെ അനിവാര്യമാണ്. കാരണം ഈ തിരിച്ചറിവില്ലായ്മയാണ് മത-പൗരോഹിത്യ-രാഷ്ട്രീയ നേതൃത്വത്തിന്റെ ചൂഷണത്തിന് ജനത്തെ നിരുപാധികം വിട്ടുകൊടുക്കുന്നത്.

തിരിച്ചറിവ് വിദ്യാഭ്യാസത്തില്‍ നിന്നും ഉണ്ടാകണമെന്നില്ല. തിരിച്ചറിവുള്ളവന്‍ സാങ്കേതികാര്‍ത്ഥത്തില്‍ വിദ്യാഭ്യാസം ഉള്ളവന്‍ ആയിരിക്കണമെന്നുമില്ല. അതുകൊണ്ടാണ് സര്‍വ്വകലാശാല ബിരുദധാരികള്‍ ദൈവത്തിന്റെ ബ്രഹ്മചാര്യ സംരക്ഷണത്തിനായി സ്ത്രീകളെ ആക്രമിക്കാന്‍ തേങ്ങയും കല്ലും കയ്യിലേന്തി സങ്കോചരഹിതരായി നിലകൊണ്ടത്. അതുകൊണ്ടുതന്നെയാണ്, ബിരുദധാരികള്‍ പശുവിനുവേണ്ടി മനുഷ്യനെ നിരത്തില്‍ തല്ലിക്കൊല്ലുന്നത്. ഏത് ആര്‍ഷസംസ്‌കാരത്തിന്റെ പേരിലായാലും തിരിച്ചറിവുള്ളവന്‍ ഇതിനെ സംസ്‌കാരരാഹിത്യമായി മാത്രമേ മനസ്സിലാക്കുകയുള്ളൂ. പ്രാകൃതമനുഷ്യന്‍ പോലും പരസ്പരം ആക്രമിച്ചിരുന്നത് ആഹാരത്തിന്റെയും ഇണയുടേയും പേരിലുള്ള വൈരങ്ങളില്‍ മാത്രമാണെന്നറിയുമ്പോഴാണ് ഭാരതത്തിലെ ബിരുദധാരികള്‍ ചെന്നെത്തിയിരിക്കുന്ന സംസ്‌കാരിക അന്ധകാരത്തിന്റെ ആഴം നാം അറിയുന്നത്.

ദൈവം ബ്രഹ്മചാരിയാണെന്നും ആ ബ്രഹ്മചര്യം തന്റെ നിഷ്ഠകളിലൂടെ നിലനിര്‍ത്തിപ്പോകേണ്ടതാണെന്നും ഒരുവന് വിശ്വസിക്കാന്‍ അവകാശമുണ്ട്. പശു മാതാവാണെന്ന് വിശ്വസിക്കുന്നതും ചോദ്യം ചെയ്യപ്പെട്ടുകൂടാത്ത വിശ്വാസമാണ്. പക്ഷെ, തന്റെ വിശ്വാസങ്ങള്‍ മാത്രമാണ് സത്യമെന്നും, ആ വിശ്വാസങ്ങളും നിഷ്ഠകളും പാലിക്കാത്ത എല്ലാവരും ആക്രമിക്കപ്പെടണമെന്നും വരുമ്പോഴാണ് വിശ്വാസം മൗലികവാദത്തിന് കീഴ്‌പ്പെടുന്നത്.
അക്രമങ്ങള്‍ അഴിച്ചുവിടുന്ന എല്ലാ ‘ഭക്തന്മാരും’ ആക്രോശിക്കുന്നത് തങ്ങള്‍ വാളെടുക്കുന്നത് വിശ്വാസസംരക്ഷണത്തിന് വേണ്ടിയാണെന്നാണ്. മതങ്ങള്‍ രക്തപ്പുഴ ഒഴുക്കിയ എല്ലാ കാലഘട്ടങ്ങളിലും രാജക്കന്മാരും പുരോഹിതരും ജനത്തെ അതിനു പ്രേരിപ്പിച്ചതും വിശ്വാസത്തിന്റെ പേരിലാണെന്നത് ചരിത്രം. വിശ്വാസം വ്യക്തിപരവും മതം സമൂഹാധിഷ്ഠിതവുമാണ് എന്ന അറിവില്ലായ്മയാണ് വിശ്വാസത്തിന് വേണ്ടി വ്യക്തികള്‍ നിരത്തിലിറങ്ങുന്നതിനും രക്തമൊഴുക്കുന്നതിനും കാരണമാകുന്നത്.

ഒരു മതത്തിനും വിശ്വാസത്തിന്റെയോ സത്യത്തിന്റെയോ കുത്തക അവകാശപ്പെടാനില്ല. മതം വിശ്വാസത്തിലേക്കുള്ള ഊന്നുവടിയോ ദൈവത്തിലേക്കുള്ള കോവണിപ്പടിയോ മാത്രമാണ്. മതത്തിന്റെ അംഗത്വം വിശ്വാസത്തിന്റെ അടിസ്ഥാനമോ തെളിവോ അല്ല. വ്യക്തിയുടെ ബോധ്യങ്ങളും അതില്‍ നിന്നുത്ഭവിക്കുന്ന പ്രവൃത്തികളുമാണ് വിശ്വാസത്തിന്റെ തെളിവുകള്‍.

ഒരു മതേതര ക്ഷേമരാഷ്ട്രത്തിന്റെ ലക്ഷ്യം ആരുടെയും വിശ്വാസം സംരക്ഷിക്കലല്ല. മനുഷ്യഭാവനകളിലൂടെ വിശുദ്ധലിഖിതങ്ങളിലെത്തിയ ദൈവരാജ്യമോ രാമരാജ്യമോ സ്ഥാപിക്കുകയുമല്ല. അത്തരം ഒരു വേദ-ദേവരാഷ്ട്രസങ്കല്പം ഒരുപക്ഷെ ഒരു ക്ഷേമരാഷ്ട്രത്തിലേക്കുള്ള വഴിവിളക്കുകള്‍ സൃഷ്ടിച്ചു നല്കിയേക്കാം. പക്ഷെ മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങള്‍ – ആഹാരം – പാര്‍പ്പിടം – വസ്ത്രം – ഉറപ്പുവരുത്തുക എന്നതാണ് ഏതൊരു ക്ഷേമരാഷ്ട്രത്തിന്റെയും ആദ്യലക്ഷ്യം. സംസ്‌കാരത്തിന്റെ ആദ്യപടിയും അതുതന്നെയാണ്. രാമരാജ്യത്തിന് വേണ്ടി ക്ഷേമരാഷ്ട്രത്തിന്റെ അര്‍ത്ഥം മറക്കുന്നൊരു ജനത്തിന് സ്വാര്‍ത്ഥതാല്‍പര്യങ്ങള്‍ മാത്രമുള്ള ഒരു ഭരണനേതൃത്വം ഉണ്ടാകുന്നതില്‍ അത്ഭുതപ്പെടാനില്ല.

ഗോമൂത്രത്തിന്റെ നനവില്‍, ആര്‍ത്തവ ചര്‍ച്ചയുടെ അശ്ശീലതയില്‍, അമ്പലനിര്‍മ്മാണത്തിന്റെ പൊടിപടലങ്ങളില്‍ ഒരു മഹാഭൂരിപക്ഷത്തിന്റെ അടിസ്ഥാന ആവശ്യങ്ങള്‍ക്കു വേണ്ടിയുള്ള മുറവിളികളെ മറയ്ക്കാന്‍ കഴിയും എന്നവര്‍ക്കറിയാം. അവിടെയാണ് രാജാവും പുരോഹിതരും ഒന്നിക്കുന്നത്. മരണവും രോഗവും ദാരിദ്ര്യവും ഒന്നും ഒരു മതനേതൃത്വത്തിനും വേദനയാകുന്നില്ല-തന്റെ സുഖലോലുപതയും അധികാരവും രാഷ്ട്രീയം സംരക്ഷിക്കുന്നിടത്തോളം കാലം. മതനേതൃത്വത്തിന്റെ അധികാരങ്ങള്‍ രാഷ്ട്രീയം ചോദ്യം ചെയ്യുമ്പോഴോ, രാഷ്ട്രീയക്കാരന്റെ അധികാരകോട്ടകള്‍ ഉറപ്പിക്കേണ്ടിവരുമ്പോഴോ ആണ്, അപ്പോള്‍ മാത്രമാണ്, വിശ്വാസസംരക്ഷണത്തിനുവേണ്ടി ജനം തെരുവിലിറങ്ങുന്നത്.
ഓരോ ദിവസവും ഏഴായിരം പേര്‍ പട്ടിണികൊണ്ടു മരിക്കുന്ന നാടാണ് നമ്മുടേത്. ഓരോ ദിവസവും ഏഴായിരം പേര്‍. ഞാന്‍ ആവര്‍ത്തിക്കുന്നു; ദിവസവും ഏഴായിരം. ഇതില്‍ മൂവ്വായിരം പേര്‍ അഞ്ചുവയസ്സില്‍ താഴെയുള്ള കുട്ടികളാണ്. പതിനേഴ് ലക്ഷം പേര്‍ തെരുവിലുറങ്ങുന്നു. ഇരുപത് കോടി ജനത്തിന് ഭക്ഷണമില്ല. ഇതു ദൈന്യതയാര്‍ന്ന ദാരിദ്ര്യമാണ്; നമ്മുടെ സംസ്‌കാരശോഷണത്തിന്റെ തെളിവാണ്. പക്ഷെ നമ്മുടെ മാധ്യമ സംവാദങ്ങള്‍ ഇപ്പോഴും ദൈവത്തിന്റെ ബ്രഹ്മചര്യത്തെയും ഗോമൂത്രത്തെയും കുറിച്ചാണ്. കാരണം കര്‍മ്മ-ധര്‍മ്മ ദോഷങ്ങളെക്കുറിച്ച് പഠിപ്പിച്ച നമ്മുടെ സംസ്‌കാരം, ഒരുവന്റെ അവസ്ഥയ്ക്കു കാരണം അവന്റെ മുന്‍ജന്മകര്‍മ്മങ്ങളാണെന്ന് വിശ്വസിക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നു. ദരിദ്രന് ദാനം കൊടുക്കാന്‍ അവ നമ്മെ പഠിപ്പിക്കുന്നു. ദരിദ്രന്റെയും പട്ടിണിക്കാരന്റെയും അവസ്ഥയുടെ കാരണങ്ങളെക്കുറിച്ച് ചിന്തിക്കാനോ, അവകാശങ്ങളെപ്പറ്റി സംസാരിക്കാനോ മതമോ, സംസ്‌കാരമോ, വിദ്യാഭ്യാസമോ നമ്മെ ശക്തരാക്കുന്നില്ല.
മതം, സംസ്‌കാരം, രാഷ്ട്രം തുടങ്ങിയ പ്രയോഗങ്ങളുടെ അര്‍ത്ഥവും ബന്ധവും അറിയാത്തൊരു മഹാഭൂരിപക്ഷമാണ് നെറികെട്ടൊരു നേതൃത്വത്തിനാവശ്യം. അധര്‍മ്മവും അനീതിയും സംസ്‌കാരമാണെന്ന് ഈ മഹാഭൂരിപക്ഷം തെറ്റിദ്ധരിക്കുന്നിടത്തോളം അവരുടെ ചിന്തകളെ തളര്‍ത്താന്‍ ഈ നേതൃത്വത്തിനു കഴിയും. അയ്യായിരം വര്‍ഷം പഴക്കമുള്ള ആര്‍ഷസംസ്‌കാരത്തിലേക്കു മടങ്ങണമെന്നു വാദിക്കുന്നവര്‍, സംസ്‌കാരത്തെ അയ്യായിരം വര്‍ഷം പിന്നില്‍ നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നവരാണ്.
സാമാന്യബോധത്തിലൂന്നിയ സംസ്‌കാരത്തിലേക്കു നാം തിരിച്ചു നടക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

From Whatsapp