ട്രെയിൻ ഓടിക്കുന്നതിനിടെ രണ്ട് ഡ്രൈവർമാരും ഉറങ്ങിപ്പോയാൽ എന്തു സംഭവിക്കും? ⭐
അറിവ് തേടുന്ന പാവം പ്രവാസി
👉 ലോകത്തിലെ നാലാമത്തെയും, ഏഷ്യയിലെ രണ്ടാമത്തേയും വലിയ റെയിൽ ശൃംഖലയായ ഇന്ത്യൻ റെയിൽവേയിൽ ഒരു ട്രെയിനിന് രണ്ട് ലോക്കോമോട്ടീവ് പൈലറ്റുമാരാണുള്ളത്. ട്രെയിനിലെ ആയിരക്കണക്കിന് യാത്രക്കാരുടെ സുരക്ഷ അവരുടെ ഉത്തരവാദിത്തമാണ്. രണ്ട് ലോക്കോ പൈലറ്റുമാരും ട്രെയിൻ യാത്രയ്ക്കിടെ ഉറങ്ങിപ്പോയാൽ പരിഭ്രാന്തരാകേണ്ട ആവശ്യമില്ല. അത്തരം സുരക്ഷാ സംവിധാനങ്ങളോടു കൂടി തന്നെയാണ് ഇന്ത്യൻ റെയിൽവേ പ്രവർത്തിക്കുന്നത്.
ട്രെയിനിന്റെ പ്രധാന പൈലറ്റിനെ ലോക്കോ പൈലറ്റ് എന്നും മറ്റേയാളെ അസിസ്റ്റന്റ് ലോക്കോ പൈലറ്റ് എന്നുമാണ് വിളിക്കുന്നത്. ഒരാൾക്ക് സുഖമില്ലാതാവുകയോ ഉറങ്ങുകയോ ചെയ്യുമ്പോൾ, മറ്റൊരാൾ ട്രെയിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നു. ഇരുവരും ഒന്നിച്ച് ഉറങ്ങാൻ സാധ്യതയില്ല. അഥവാ അങ്ങനെ സംഭവിച്ചാൽ ട്രെയിൻ നിർത്താനുള്ള സംവിധാനമുണ്ട്. ട്രെയിനിന്റെ എൻജിനിൽ ‘വിജിലൻസ് കൺട്രോൾ ഡിവൈസ്’ എന്ന ഉപകരണം സ്ഥാപിച്ചിട്ടുണ്ട്.
ഡ്രൈവർ ഒരു മിനിറ്റ് നേരത്തേക്ക് പ്രതികരിക്കുന്നില്ലെങ്കിൽ ഈ ഉപകരണം പ്രവർത്തിക്കും. തുടർന്ന് പതിനേഴ് സെക്കൻഡിനുള്ളിൽ ഒരു ഓഡിയോ-വിഷ്വൽ സൂചന നൽകാനും ആരംഭിക്കും. ഒരു ബട്ടൺ അമർത്തി ഡ്രൈവറിന് ഈ നിർദേശം സ്വീകരിക്കാം. ഡ്രൈവർ ഈ സൂചനയോട് പ്രതികരിച്ചില്ലെങ്കിൽ, പതിനേഴ് സെക്കൻഡിനു ശേഷം ഓട്ടോമാറ്റിക് ബ്രേക്കിംഗ് സംവിധാനം പ്രവർത്തിക്കാൻ ആരംഭിക്കും.
ഒരു ട്രെയിൻ ഓടിക്കുമ്പോൾ, ഇടക്കിടെ ലോക്കോ പൈലറ്റ് ട്രെയിനിന്റെ വേഗത കുറക്കുകയോ കൂട്ടുകയോ ചെയ്യണം. ഇടയ്ക്കിടെ ഹോണും അടിക്കണം. ഇങ്ങനെ ചെയ്യുന്നതിലൂടെ, ലോക്കോ പൈലറ്റ് ഉണർന്നിരിക്കുകയാണെന്നും തീവണ്ടി പൂർണ സുരക്ഷയിലാണ് മുന്നോട്ട് പോകുന്നതെന്നും ട്രെയിന്റെ എഞ്ചിനിൽ സ്ഥാപിച്ചിരിക്കുന്ന ഉപകരണത്തിന് തിരിച്ചറിയാൻ കഴിയും.ലോക്കോപൈലറ്റ് ഒരു മിനിറ്റ് നേരത്തേക്ക് പ്രതികരിക്കുന്നില്ല എന്ന് കണ്ടാൽ എഞ്ചിനിലെ ഈ ഉപകരണം പ്രവർത്തിക്കാൻ ആരംഭിക്കും.