മാറേണ്ട ഇന്ത്യൻ വിവാഹ നിയമങ്ങൾ

0
130

മാറേണ്ട ഇന്ത്യൻ വിവാഹ നിയമങ്ങൾ

ഇന്ത്യയിൽ വിവാഹാമെന്നത് ഒരു കച്ചവടമാണ് ആ കച്ചവടത്തിലെ ഒരു വിപണന ചരക്കാണ് ഇന്ത്യയിലെ സ്ത്രീ. അവർ ഒരിക്കലും സമൂഹത്തിനു മുന്നിൽ ഒരു വ്യക്തിയല്ല വിപണയിൽ കൊടുക്കൽ വാങ്ങാനുള്ള വസ്തുവാണ്. ഇന്ത്യയിലെ ഏതൊരു മതമെടുത്താലും മതങ്ങളിലെ ജാതികൾ എടുത്തു നോക്കിയാലും സ്ത്രീ ആ വിപണിയിലെ വിൽക്കാനുള്ള വസ്തു തന്നെയാണ്.
ഇന്ത്യയിലെ അറേൻജ്‌ഡ്‌ മാരേജുകൾ നോക്കിയാൽ കാണാൻ സാധിക്കുന്നത് സ്ത്രീയെ കച്ചവട ചരക്കായി വില്പനക്കും അവളെ കുരുതികൊടുക്കാനുള്ള ഒരുവലിയ ഇടമായിട്ടാണ് കാണുന്നത്. കല്ല്യാണം കഴിഞ്ഞു വരുന്നവൾ വരുന്ന വീട്ടിലെ അടിമയാണ്. അവൾക്ക് സ്വന്തമായി ചിന്തിക്കാനോ, തീരുമാനങ്ങൾ എടുക്കാനോ, അഭിപ്രായം പോലും പറയാൻ പാടില്ലാത്തവളാണ് വാതിലിനു പിറകിലായിരിക്കണം അവളുടെ സ്ഥാനം അവിടെ നിൽക്കുമ്പോൾ എത്ര കുലീനമാവുന്നോ നാണിച്ചു തലതാഴ്ത്തി നിൽക്കുന്നു അത്രയും നല്ലവളായി അവൾ മാറ്റപ്പെടുന്നു. നമ്മുടെ സമൂഹത്തിൽ സിനിമാ മാധ്യമങ്ങൾ പോലും അങ്ങനെയാണ് സ്ത്രീയെ സമൂഹത്തിനു മുന്നിൽ ചിത്രീകരിക്കുന്നത്.

ഒരു പെൺകുട്ടി ജനിച്ചത് മുതൽ തുടങ്ങുകയായി ആനയെ മെരുക്കുംപോലെ മത ജാതി സമൂഹങ്ങൾക്ക് വേണ്ടി പ്രസവ യന്ത്രങ്ങളെ വാർത്തെടുക്കാൻ വേണ്ടി മാത്രമാണ് സ്ത്രീയെ ഇന്ത്യൻ സമൂഹം കാണുന്നത്.സ്വന്തമായി അഡ്രസ് ഇല്ല ബഹുഃപൂരിപക്ഷത്തിനും ഒരു തുണ്ടു ഭൂമിയോ മറ്റോ ഉണ്ടാവില്ല ആണുങ്ങൾ ഇറങ്ങിപ്പോകാൻ പറഞ്ഞാൽ കിടക്കുന്ന കിടപ്പാടം വിട്ടു അവിടെ നിന്നും ഇറങ്ങിപ്പോകാൻ വിധിക്കപെട്ടവൾ സ്വന്തമായി ഒരു വീടുണ്ട് എന്ന് കരുതി ബന്ധുക്കളുടെ അടുത്തേക്ക് പോയാലും കുറച്ചു കാലം കൊണ്ട് അവിടെ നിന്നും ആട്ടിയോടിക്കപെടുന്നവൾ ഇതൊക്കെയാണ് ഇന്ത്യൻ സ്ത്രീകളുടെ അവസ്ഥ. ഭരിക്കുന്നവനും ഭരിക്കപ്പെടുമന്നവരുമാണ് ഇന്നും കുടുംബവ്യവസ്ഥയിലെ മുഖ്യഘടകങ്ങള്‍. പണവും അധികാരവും കയ്യാളുന്ന, കാര്യവിവരമുള്ള, ലോകം കണ്ടിട്ടുള്ള പുരുഷന്‍ ഒരുവശത്ത്. ഇതൊന്നും ഇല്ലാത്ത, ആശ്രിതയായ സ്ത്രീ മറുപുറത്ത്. വിദ്യാഭ്യാസവും ജോലിയും തന്മൂലം അറിവും സമ്പാദ്യവും നിഷേധിക്കപ്പെടുന്ന സ്ത്രീക്ക് സ്വന്തം വീട്ടിലെ ഭരണാധികാരിയെ വെല്ലാനോ മറികടക്കാനോ ഈ സാഹചര്യത്തില്‍ ഒരിക്കലും സാധിക്കുകയില്ല.

അറേൻജ്‌ഡ്‌ മാരേജുകൾ എടുത്തു പരിശോധിക്കുമ്പോൾ അതിൽ നടക്കുന്ന ക്രൂരതയുടെ മുഖം വളരെ വലുതാണ്. അതൊന്നും എടുത്തു പരിശോധിക്കണോ അതേക്കുറിച്ചു ഒന്ന് ചിന്തിക്കാനോ ചർച്ച ചെയ്യാനോ ഇവിടെയുള്ള മത ജാതി സമൂഹം ആഗ്രഹിക്കുന്നില്ല. ഇനി അതിനെ കുറിച്ച് ആരെങ്കിലും വല്ലതും പറഞ്ഞാൽ പറഞ്ഞവരെയും അതിനു പ്രേരിപ്പിച്ചവരെയും മത ജാതി സമൂഹം ഒറ്റപ്പെടുത്തുകയും ഭീഷണിയുടെ സ്വരങ്ങൾ അവർക്കു മുന്നിൽ തുറക്കുകയും ചെയ്യുന്നു.

പ്രായപൂർത്തിയായ പുരുഷനും സ്ത്രീക്കും മതത്തിന്റെയും അവരുടെ ബന്ധുജനങ്ങളുടേയും അനുവാദത്തോടെ ഒന്നിച്ചു ജീവിക്കാനും ലൈംഗികബന്ധത്തിൽ ഏർപ്പെടാനും കുട്ടികൾക്ക് ജന്മം കൊടുക്കാനും അനുവാദം കൊടുക്കുന്ന ഒരു പരമ്പരാഗത ചടങ്ങ് കൂടിയാണ് ഇന്ത്യൻ വിവാഹം. ഇന്ത്യയിലെ സ്ത്രീകളെ സംബന്ധിച്ചു ചരക്കുവൽക്കരണവും മത ജാതി വൈവിധ്യത്തിന്റെയും ജ്യോതിഷികളും മധ്യസ്ഥരായ മാതാപിതാക്കളും ബന്ധു മിത്രാദികളായും വധുക്കളുടെയും വരന്മാരുടെയും മുൻഗണനകളേക്കാൾ സ്വാധീനം ചെലുത്തുന്ന വിവാഹത്തെക്കുറിച്ചുള്ള പിന്നോക്ക കാഴ്ചപ്പാടിനെ പ്രോത്സാഹിപ്പിക്കുന്ന ഒരു ഇടമാണ് നമ്മുടെ രാജ്യമായ ഇന്ത്യ.
ഇന്ത്യയിൽ വിവിധ മതക്കാർക്ക് വ്യത്യസ്ത ആചാരങ്ങളോടെയാണ് വിവാഹം നടക്കുന്നത്. ജാതി, മതം, സാമ്പത്തികം, തൊഴിൽ, നിറം എന്നിവ പങ്കാളിയെ തിരഞ്ഞെടുക്കുമ്പോൾ പലപ്പോഴും ഒരു പ്രധാന ഘടകം ആകാറുണ്ട്. വ്യക്തികൾ സ്വന്തം ഇഷ്ടപ്രകാരമോ പ്രണയിച്ചോ വിവാഹം കഴിക്കുന്നതിനെ സമൂഹം വളരെ പുച്ഛത്തോടെയാണ് കാണുന്നത്. അവരെ സമൂഹത്തിൽ അംഗീകരിക്കാനോ ജീവിക്കാനോ നമ്മുടെ ഗോത്ര മത ജാതി സമൂഹങ്ങൾ അനുവദിക്കാറില്ല. എന്നാൽ ഇവർ നടത്തുന്ന അറേൻജ്‌ഡ്‌ മാരേജുകൾ നല്ല നിലയിലാണോ ഒന്നിച്ചു പോകുന്നത് എന്ന് നോക്കിയാൽ 90 ശതമാനവും ഒരു അഡ്ജസ്റ്റ്‌മെന്റ് ജീവിതമാണ് നയിക്കുന്നത്. ആജീവിതത്തിൽ തന്നെ സ്ത്രീക്ക് വലിയ പങ്കുകൾ ഇല്ല എന്നുള്ളതാണ് യഥാർത്ഥ വസ്തുത.

ഓരോ വീട്ടിലും വിറ്റൊഴിവാക്കാൻ വെച്ചിരിക്കുന്ന വ്യാപാര സാധനമാണ് ഇന്ത്യയിലെ സ്ത്രീകൾ ആവുശ്യക്കാർ വരുന്നതിനനുസരിച്ചു കുലീനമായി നാണം കുണുങ്ങി അണിഞ്ഞൊരുങ്ങി അവൾ നിൽക്കണം നമ്മൾ ഒരു കാർ ഷോറൂമിൽ പോയാൽ കാറിനെ എങ്ങനെയാണോ നോക്കുന്നത് അതുപോലെയാണ് നമ്മുടെ നാട്ടിലെ പെൺകുട്ടികൾക്കുള്ള വീടുകളിലെ പെണ്ണുകാണൽ ചടങ്ങുകൾ.
ഇപ്പോഴും കാലാഹരണപെട്ട ചിന്താഗതിയോടെ നടക്കുന്ന ഒരു വലിയ മതജാതി സമൂഹമാണ് നമ്മുക്കുമുന്നിലുള്ളത്. അവരെ തിരുത്താനോ അവരെ ഉപദേശിക്കാനോ ആർക്കും പാടില്ല എന്നതാണ് രാജ്യത്തെ നിയമവും വ്യവസ്ഥയും. രാജ്യം ഭരിക്കുന്നവർപോലും കാലഹരണപ്പെട്ട ചിന്താധാരയുടെ ഏറ്റവും വലിയ അടിമകളാണ്. നിയമങ്ങൾ നടപ്പാക്കി രാജ്യത്തെ ഓരോ പൗരനും അവകാശങ്ങൾക്കു വേണ്ടി സമീപിക്കുന്ന കോടതികൾപോലും അവിടെ ഇരിക്കുന്ന നിയമ പാലകർ ഗോത്ര ജാതി മത ഗ്രന്ഥങ്ങൾക്ക് ഓശാന പാടുന്നവരായി മാറുന്നു.

ലോകം ഇപ്പോൾ ചൊവ്വയിലേക്ക് പരിവേഷണം നടത്താൻ ഇരിക്കുമ്പോൾ നാം ചൊവ്വ ദോഷം പറഞ്ഞു സ്ത്രീകളെ ഒരു മൂലയിൽ തളച്ചിടാൻ ശ്രമിക്കുന്നു. ഈ അവസ്ഥയാണ് നമ്മുക്ക് മുന്നിൽ കണ്ടുകൊണ്ടിരിക്കുന്നത്.മത ജാതി സമൂഹങ്ങൾ നമുക്ക് മുന്നിൽ തുറന്നിടുന്നത് കാലഹരണപ്പെട്ടതും കുറ്റകരവും പിന്തിരിപ്പനുമായ ഒരു വിവാഹ വിപണിയാണ്. വ്യക്തിപരമായ സന്തോഷത്തെക്കാൾ ഗോത്ര കാല ചിന്തകൾക്ക് മുൻഗണന കൊടുക്കുന്നു. ഇന്ത്യയിലെ 1.35 ബില്യൺ പൗരന്മാർ ഒരേസമയം വ്യത്യസ്ത പുരാണ നൂറ്റാണ്ടുകൾ കൈവശപ്പെടുത്തിയാണ് വിവാഹവും ജീവിതവും നയിക്കുന്നത്. അതിൽ തന്നെ ബാല വിവാഹങ്ങളാലും വിപണിയെ സ്ഥിരപ്പെടുത്തുന്നു. ചില കമ്മ്യൂണിറ്റികൾ ഒരു പെൺകുട്ടി ജനിച്ചയുടനെ വിവാഹ ചടങ്ങുകൾ നടത്തുന്നു.എവിടെയാണ് നാം നിൽക്കുന്നത് എന്ന് ചിന്തിക്കേണ്ട ഇടത്തിലേക്ക് കാര്യങ്ങൾ എത്തിയിരിക്കുന്നു.

മതങ്ങള്‍ എന്നും സ്വന്തം വ്യക്തിത്വം കൊട്ടിഘോഷിക്കാന്‍ ആദ്യം ഇരയാക്കുന്നത് സ്ത്രീകളെയാണെന്ന് ചരിത്രം നമ്മെ പഠിപ്പിക്കുന്നു. എല്ലാ മതങ്ങളും തങ്ങളുടെ ആചാരാനുഷ്ഠാനങ്ങള്‍ അധികവും കര്‍ശ്ശനമായി പാലിക്കുന്നത് സ്ത്രീകളിലൂടെയാണ്. ഭൂരിഭാഗവും ഇന്ത്യൻ സമൂഹത്തിലെ വിവാഹത്തിന്റെ ഉദ്ദേശ്യം പ്രണയമല്ല മറിച്ച് കുടുംബം, കുട്ടികൾ തങ്ങളുടെ മത ജാതി ഗോത്ര സമൂഹത്തിന്റെ എണ്ണം വർദ്ധിപ്പിക്കുക എന്നുള്ള ലക്ഷ്യമാണ്. അല്ലാതെ ഒരു സ്വതന്ത്ര പൗരനെ സൃഷ്ട്ടിക്കാൻ വേണ്ടിയല്ല ഇവിടെയുള്ള ഗോത്ര വിവാഹങ്ങൾ, അവർക്ക് നല്ല വിദ്യാഭ്യാസം നൽകി ഈ ലോകത്തിന് വേണ്ടി വളർത്തിയെടുക്കാനല്ല കുട്ടികളെ ഉണ്ടാക്കുന്നത്.

2011-12 ലെ ഇന്ത്യ ഹ്യൂമൻ ഡെവലപ്‌മെന്റ് സർവേയുടെ കണക്കനുസരിച്ച് ഏകദേശം 5% ഇന്ത്യക്കാർ മാത്രമാണ് തങ്ങളുടെ ഗോത്ര മത ജാതിക്ക് പുറത്ത് വിവാഹം കഴിക്കുന്നത്. ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയും സമൂഹവും മറ്റു പല വിധത്തിൽ പുരോഗമിച്ചിട്ടുണ്ടെങ്കിലും വിവാഹ കാര്യങ്ങളിൽ വലിയ മാറ്റമൊന്നും സ്വാതന്ത്ര്യാനന്ത ഇന്ത്യയിൽ നടന്നിട്ടില്ല. രണ്ട് ചോരപ്പാടുകള്‍ക്കിടയിലുള്ള ഭ്രമണമാണ് ഇന്ത്യന്‍ സ്ത്രീയുടെ ജീവിതമെന്നു പറയാം. ബാല്യം പരിവര്‍ത്തന ദശയിലേക്കു കടക്കുമ്പോള്‍ സംഭവിക്കുന്ന ആര്‍ത്തവമാണ് ആദ്യത്തെ വഴിത്തിരിവെങ്കില്‍, പെണ്‍കുട്ടിയുടെ മറ്റൊരു ജന്മത്തെ കുറിക്കുന്ന വിവാഹത്തോടനുബന്ധിച്ചുള്ള കന്യകാത്വ പരീക്ഷയുടെ അടയാളമായ ചോരപ്പാടാണ് രണ്ടാമത്തെ സന്ധി.ആദ്യത്തേത് കടുത്ത വിലക്കിന്റെ ചങ്ങലക്കണ്ണികളില്‍ ശരീരത്തെ കൊളുത്തിയിടുകയാണെങ്കില്‍ രണ്ടാമത്തേതാണ് അവളുടെ അടുത്ത ജീവിതത്തിലെ വിശ്വസ്തതയെയും സ്നേഹത്തെയും ശരീരത്തിന്റെ വിധേയത്വത്തെയും നിര്‍ണയിക്കുന്നത്, സ്ത്രീയുടെ സ്വത്വം നിലനിര്‍ത്തി ചൂഷണത്തില്‍ നിന്നവളെ രക്ഷിക്കാൻ ഗോത്രകല മത ജാതി സമൂഹങ്ങൾ തയ്യാറല്ല അവളിപ്പോഴും അടിമയാണ്. വിവാഹം കഴിക്കുന്ന കോളേജ് വിദ്യാഭ്യാസമുള്ള, നഗര, മധ്യവർഗ ഇന്ത്യക്കാർ പോലുംമത ഗോത്ര ജാതിക്കുള്ളിൽ വിവാഹം കഴിക്കാൻ ശക്തമായ മുൻഗണന നൽകുന്നു എന്നുള്ളത് ഈ സാമൂഹത്തെ എത്രത്തോളം പിന്നിലേക്ക് ചിന്തിപ്പിക്കുന്നു എന്നുള്ളത് കാണാൻ സാധിക്കും.

ഹിന്ദുക്കൾ ജാതി നോക്കുമ്പോൾ ദക്ഷിണേഷ്യയിലെ മുസ്‌ലിംകൾ അവരുടെ ഗോത്ര കുടുംബ ബന്ധമായ ജാട്ടിലേക്കോ വിവാഹം കഴിക്കുന്നു. ഇന്ത്യൻ ക്രിസ്ത്യാനികൾ മതം മാറിയവരെയും നൂറ്റാണ്ടുകൾക്ക് മുമ്പ് ഇന്ത്യയിലെത്തിയവരെയും തമ്മിൽ വേർതിരിക്കുന്നു. മതപരിവർത്തനത്തിന് മുമ്പ് ഒരാളുടെ ജാതി അടിസ്ഥാനമാക്കിയാണ് അവർ വിവാഹം കഴിക്കുന്നത് എന്നുള്ളതും നമ്മുക്കു മുന്നിൽ കാണാവുന്നതാണ്.

ഗോത്ര മതവും ജാതിയും ഒന്നും നോക്കാതെ ഒന്നിച്ചു ജീവിക്കാൻ തുടങ്ങുന്ന യുവതയെ കുടുംബത്തിന്റെ തിരഞ്ഞെടുപ്പിന് വിരുദ്ധമായി പ്രവർത്തിച്ചു ജീവിക്കാൻ ധൈര്യപ്പെടുന്ന ചുരുക്കം ചിലരുടെ അനന്തരഫലങ്ങൾ ദിനം പ്രതി നമ്മുടെ വാർത്തകളിൽ ഇടം പിടിക്കുന്നു.
സ്ത്രീയുടെ വേഷഭൂഷാദികള് മുതല്‍ നടപ്പും ഇരിപ്പും കിടപ്പും വരെ എങ്ങനെ വേണമെന്ന് മതങ്ങള്‍ ശഠിച്ചിട്ടുണ്ട്. നെറുകയിലെ സിന്ദൂരവും ബുര്‍ഖയും ളോഹയും ഒക്കെ പ്രതീകങ്ങളില്‍നിന്ന് മാറി നിര്‍ബന്ധങ്ങളാകുന്നത് അതുകൊണ്ടാണ്. ഈ നിര്‍ബന്ധങ്ങള്‍ കാലം കഴിയെ ആചാരങ്ങളാകുന്നു എന്നുമാത്രമല്ല, പതുക്കെ പതുക്കെ നന്മയുടെ മുഖമുദ്രകളായും മാറുന്നു. സമൂഹം അനുശാസിക്കുന്ന ചട്ടവട്ടങ്ങള്‍ അനുസരിക്കുക എന്നതായി മാറുന്നു നന്മയുടെ നിര്‍വ്വചനം. അതായത്, ചോദ്യങ്ങളോ സംശയങ്ങളോ ഇല്ലാത്ത അനുസരണം. അത് ചെയ്യുന്നവര്‍ ദേവികളാകുന്നു. ചെയ്യാത്തവര്‍ മറിച്ചും.

ഗോത്ര കാല മതാദ്ധ്യാപനത്തെ തിരസ്‌കരിച്ച് ഭരണവും തൊഴിലും തേടി സ്ത്രീ പുറത്തിറങ്ങിയതോടെ കുടുംബന്ധങ്ങള്‍ തകരുകയും ശിഥിലമാവുകയും ചെയ്യുന്നു എന്ന് ഒരു വലിയ പിന്തിരിപ്പൻ സമൂഹംവിലയിരുത്തുന്നു. സ്ത്രീയെ അവരുടെ പൊതുകഴിവുകള്‍ക്കപ്പുറം പൊതുരംഗത്ത് കൊണ്ടുവന്നപ്പോളുണ്ടായ ദുരന്തഫലങ്ങള്‍ ലോകമിന്നനുഭവിക്കുന്നു എന്നും ‘വീടിനുപുറത്തുള്ള ഒരു ഉത്തരവാദിത്വവും സ്ത്രീ ഏറ്റെടുക്കരുത്’ എന്നും ‘കൈകാര്യകര്‍തൃത്വം സ്ത്രീയെ ഏല്പിച്ച ഒരു സമൂഹവും വിജയിക്കുകയില്ല’ എന്നും ‘നേതൃത്വവും ഭരണനിര്‍വ്വഹണവും സ്ത്രീക്ക് ഒരിക്കലും വിധിച്ചതല്ല ‘ എന്നും ‘സ്ത്രീക്ക് സ്വന്തം നിലയ്ക്ക് വിവാഹിതയാകാന് അനുവാദമില്ല ‘എന്നും ‘മതശാസാനയ്ക്ക് അന്ധന് അവകാശമുണ്ടെങ്കിലും സ്ത്രീയ്ക്ക് അതിനവാകാശമില്ല’ എന്നും തുടങ്ങി നിരവധി മതാനുശാസനങ്ങള്‍ നിങ്ങൾക്ക് മുന്നിലവർ തുറന്നു കാണിക്കുന്നു.സ്ത്രീ വ്യക്തിയല്ല. പുരുഷനായ ഒരു വ്യക്തിയുടെ തുടര്‍ച്ച മാത്രമാണ്. സ്ത്രീയുടെ സംരക്ഷണം എന്നൊന്നില്ല. വ്യക്തിയുടെ സംരക്ഷണം മാത്രമേയുള്ളൂ. അത് ഉറപ്പാക്കേണ്ടത് സമൂഹമാണ്. ചുമതലകള്‍ പുരുഷനെപ്പോലെ തന്നെ ഏറ്റെടുക്കാന്‍ കഴിയുന്ന ഒരു വ്യക്തിയായി സ്ത്രീക്ക് വരാനുള്ള സാഹചര്യങ്ങള്‍ ഒരുക്കുക മാത്രമാണ് സമൂഹം ചെയ്യേണ്ടത്. അതിന്, വിദ്യാഭ്യാസവും അറിവും നേടാനുള്ള അവസരങ്ങള്‍ വേണം. വീടിനു പുറത്തുപോയി ഉദ്യോഗം ഭരിക്കണം.

പുരുഷന്‍ ഉദ്യോഗം ഭരിച്ചാല്‍ കുടുംബം തകരുന്നില്ല എങ്കില് സ്ത്രീ ഉദ്യോഗം ഭരിച്ചാലും തകരാന്‍ പോകുന്നില്ല. ഇന്ത്യയിലെ വിവാഹ കമ്പോളസിസ്റ്റം ഗോത്രകാല ചിന്തകൾക്കൊണ്ട് രൂപാന്തരപ്പെട്ടതായതുകൊണ്ടു പെൺകുട്ടികളെ നിങ്ങൾ ചിന്തിക്കുക ജീവിതം നല്ല രീതിയിൽ ജീവിച്ചു തീർക്കാനുള്ളതാണ് നിങ്ങളുടെ സ്വപ്നങ്ങളും ആഗ്രഹങ്ങളും അഭിപ്രായവും പരിഗണനയും തരുന്ന ഇണകളെ നിങ്ങൾ സ്വയം നിങ്ങൾ തന്നെ കണ്ടത്തി ജീവിക്കുക ഒന്നിച്ചു ജീവിക്കാൻ തരത്തിൽ ബുദ്ധിമുട്ടുകൾ ഉണ്ടാവുകയാണെങ്കിൽ ബന്ധം ഒഴിവാക്കാൻ പറ്റുന്ന തരത്തിലാവട്ടെ നിങ്ങളുടെ മുന്നോട്ടുള്ള യാത്രകൾ