ഒരു ഇന്ത്യൻ ചെരുപ്പ് സെൽഫി 

873

 

മൊബൈൽ സെൽഫി എടുക്കുമ്പോലെ കയ്യിൽ ചെരുപ്പൂരിപ്പിടിച്ചു ഫോട്ടോയ്ക്ക് പോസ് ചെയുന്ന കുട്ടികളുടെ ചിത്രം ഇന്ത്യയിൽ വൈറൽ ആയിക്കഴിഞ്ഞു. സാധാരണക്കാർ മുതൽ സെലിബ്രിറ്റികൾ വരെ കുട്ടികളുടെ പെർഫോമൻസിനെ വാഴ്ത്തുന്ന തിരക്കിലാണ്. അങ്ങനെയൊരാശയം ക്യാമറയിലാക്കിയ ‘അജ്ഞാതനായ’ ആളും പ്രശംസകളുടെ പരിധിയിൽ തന്നെ .

അത് കുഞ്ഞുങ്ങളുടെ നിഷ്കളങ്കതയെന്നു പറഞ്ഞു നമ്മളുടെ വാത്സല്യം പൊട്ടിയൊലിയ്ക്കുമ്പോൾ അതിനുപിന്നിൽ ഒളിച്ചിരിക്കുന്ന, ഒരു വലിയ രാഷ്ട്രത്തിന്റെ ഗതികേടുകളെ ആരും കാണുന്നില്ല. മൊബൈൽ വിപ്ലവം നടന്ന ഒരു രാജ്യത്തിൻറെ പൊള്ളത്തരം വെളിവാക്കുന്ന ആ ചിത്രം അഭിമാനപൂർവ്വം കൊണ്ടാടപ്പെടുന്നതും ഒരു പരോക്ഷ ഗതികേടുതന്നെയാണ്. ആചിത്രം പലരുടെയും മനസിനെ പൊള്ളിക്കുന്നു. ചെരുപ്പുസെൽഫി കാണുന്ന ലോകം നമ്മുടെ രാജ്യത്തിന് നൽകുന്ന വിലയെന്താണെന്ന് പരിശോധിക്കുന്നത് നല്ലതായിരിക്കും. ഒരു ജപ്പാൻപൗരന്റേയോ അമേരിക്കൻ പൗരന്റേയോ എന്തിനു, ചൈനീസ് പൗരന്റെ വരെ കുട്ടികൾ ഈയാഴ്ച വിപണിയിലറിങ്ങിയ ഫോണിലും ടാബിലും ഗെയിമുകളും വിഹരിക്കുമ്പോൾ ചെരുപ്പ് സെല്ഫിക്കൊണ്ടു ആ കുഞ്ഞുങ്ങൾ നമ്മുടെ ഭരണാധികാരികൾ നഗ്നരെന്നു പ്രഖ്യാപിക്കുന്നു..

പലരുടെയും അഭിപ്രായം, ആ കുഞ്ഞുങ്ങൾ ഈ പ്രായത്തിൽ മൊബൈൽ ഫോൺ അർഹിക്കുന്നില്ല എന്നതുകൊണ്ട് ആരും വാങ്ങി നൽകേണ്ടതില്ല എന്നതാണ്. എന്നാൽ ആപ്പിളും സാംസങും കളിപ്പാട്ടങ്ങളായി കുട്ടികളുടെ കൈയിൽ വച്ചുകൊടുക്കുന്ന നമ്മുടെനാട്ടിലെ  സമ്പന്നന്റെയും ഇടത്തക്കാരന്റെയും  മനസ്സിൽ നിന്നും അത്തരമൊരു ചിന്ത ഉണ്ടായില്ലെങ്കിലേ അത്ഭുതമുള്ളൂ.  ഇനി സമ്പന്നരുടെ കുട്ടികൾക്ക് മാതാപിതാക്കൾ മൊബൈൽ വാങ്ങി നൽകിയില്ലെങ്കിൽ തന്നെ ഒരു സെൽഫിയെടുക്കാൻ അച്ഛന്റെയോ അമ്മയുടേയോ ബന്ധുക്കളുടെയോ ഫോണുകൾ യഥേഷ്ടം ഉപയോഗിക്കുന്നവരാകും അവിടത്തെ കുട്ടികൾ. ആ കുട്ടികൾക്ക്  മൊബൈൽ ഫോണിനെപോലെ ചെരുപ്പ് പിടിച്ചുകൊണ്ടു നിൽക്കേണ്ട ഒരു ഗതികേടും ഉണ്ടാകുന്നില്ല.എന്നതാണ് നമ്മൾ ശ്രദ്ധിക്കേണ്ടത്. കുറച്ചു കാലംമുമ്പ് തവിയെ മൊബൈൽ ഫോൺ പോലെ പിടിച്ചു ഫോട്ടയ്ക്കു പോസ്റ്റ് ചെയുന്ന കുട്ടികളുടെ ചിത്രവും വൈറലായിരുന്നു. ‘ബാലകുതൂഹലം’ കൊണ്ട് ഇന്ത്യയിലെ ദരിദ്രരായ കുട്ടികൾ മാത്രം ഇതുചെയ്യുംപോൾ അതെ കുതൂഹലം കൊണ്ട് സമ്പന്നന്റെ കുട്ടികൾ വിലയേറിയ ഫോണുകൾ തന്നെ ഉപയോഗിക്കുന്നു.

പുരാണകഥയിലെ ദ്രോണരുടെ മകനായ അശ്വത്ഥാത്മാവിനെ നമ്മൾ ഓർക്കുന്നുണ്ടാകും. അതോടൊപ്പം അയാളെക്കുറിച്ചു നമ്മുടെ ബാല്യകാലങ്ങളിൽ എപ്പോഴോ വായിച്ചൊരു കഥയും. ദ്രോണർ ദരിദ്രനായിരുന്നു. സമ്പന്നരുടെ കുട്ടികളുടെ ഭാഗ്യങ്ങളൊന്നും ബാലനായ അശ്വത്ഥാത്മാവിനു കിട്ടാത്ത കാലം. ഒരിക്കൽ പാലെന്നു പറഞ്ഞു അരിമാവ് കലക്കി സമ്പന്നരുടെ കുട്ടികൾ അശ്വത്ഥാത്മാവിനു കൊടുത്തു. പാലിന്റെ രുചി അറിഞ്ഞിട്ടില്ലാത്തതിനാൽ അവനതു കുടിക്കുകയും ചെയ്തു. അതെ ദുരവസ്ഥ ഇന്ത്യയിലെ ദരിദ്രരുടെ ഓരോ കുട്ടിയും പലതരത്തിൽ അനുഭവിക്കുന്നു.

വിദ്യാഭ്യാസമായാലും നല്ല ജീവിതസൗകര്യങ്ങൾ ആയാലും ദരിദ്രന്റെ കുട്ടികൾക്കു എല്ലാം അന്യമാണ്. അവർ ചേരികളിലും പൈപ്പിൻകുഴലുകളിലും മാലിന്യക്കൂനകളിലും ബാല്യം ആഘോഷിക്കുന്നു. റോഡരികിലെ കടകളിലെ ടീവിയിൽ ഭ്രമിപ്പിക്കുന്ന പരസ്യങ്ങൾ കണ്ടു അവരും സാങ്കല്പിക ലോകത്തു പ്രവേശിക്കുന്നു.

തമിഴിൽ കുറച്ചുകാലം മുന്നേ ഇറങ്ങിയ ‘കാക്കമുട്ടൈ’ എന്ന മനോഹരമായ, എന്നാൽ ഉള്ളുനീറിക്കുന്ന സിനിമ നിങ്ങളിൽ പലരും കണ്ടുകാണും. ചിന്ന കാക്കമുട്ടൈ, പെരിയ കാക്കമുട്ടൈ എന്നീ പേരുകളുള്ള കുട്ടികൾ ആണ് കേന്ദ്രപഥാപാത്രങ്ങൾ. നഗരജീവിതത്തിന്റെ മായക്കാഴ്ചകളിൽ അകപ്പെടുമ്പോൾ തങ്ങൾക്കു ഇല്ലാതെപോകുന്ന സുഖസൗകര്യങ്ങളോർത്തു അവർ സങ്കടപ്പെടുന്നു. അവർ മൊബൈലിനും ടീവിക്കും വേണ്ടിയൊക്കെ വീട്ടിൽ വഴക്കിടുന്നു. ഇത് ബാല്യത്തിൽ എന്റെയും ഒരവസ്ഥ തന്നെയായിരുന്നു. അപ്പോൾ ‘അമ്മ പറയാറുണ്ട്, ‘ആന അപ്പിയിടുന്നപോലെ ആടിന് അപ്പിയിടാൻ പറ്റില്ല മോനേ’യെന്ന്. അതിന്റെ അർത്ഥം മനസിലാക്കാൻ പിന്നെയും ഏറെക്കാലമെടുത്തു.

സമ്പന്നന്റെ സ്റ്റാറ്റസ് ഫുഡുകളിൽ ഒന്നായി മാറിക്കഴിഞ്ഞ പിസയിൽ

ചിന്ന കാക്കമുട്ടൈക്കും പെരിയ കാക്കമുട്ടൈക്കും കൊതി ജനിക്കുകയും അതുവാങ്ങാനവർ പണമുണ്ടാക്കുകയും ചെയുന്നു. ഒരു ഇന്ത്യൻ ബാല്യത്തിന് ഇവിടെ പലതും അന്യമാണ്, സ്വപ്നമാണ് എന്നിടത്താണ് നമ്മുടെ പല അഭിമാനങ്ങളെയും തച്ചുടയ്‌ക്കേണ്ടിവരുന്ന അവസ്ഥയുണ്ടാകുന്നത്.

ചെരുപ്പ് സെൽഫിയെപോലെയോ അതിലും ദയനീയമായതോ ആയ കാഴ്ചകൾ നമ്മുടെ മുന്നിലൂടെ പലപ്പോഴും കടന്നുപോകുന്നുണ്ടാകും. നിറങ്ങളിൽ കണ്ണുടക്കുന്നതാണ് ബാല്യം. ആ കാലത്തു നരച്ച ജീവിതത്തിന്റെ ദുരിതങ്ങൾ അവരെ വേട്ടയാടുമ്പോൾ നല്ല പൗരന്മാരെ നമുക്ക് എങ്ങനെ വാർത്തെടുക്കാനാകും. അവരുടെ ദുരിതങ്ങൾ കണ്ടു നമുക്ക് ആനന്ദിക്കാതെയെങ്കിലും ഇരിക്കാം. അവരെ ഇത്തരത്തിൽ വേഷംകെട്ടിക്കാതെയുമിരിക്കാം. അവരുടെ ചിത്രങ്ങളും ആൻഡ്രോയിഡ് ഫോണിൽ പതിയുന്ന നല്ലൊരു കാലത്തിനുവേണ്ടി പ്രയത്നിക്കാം.

ധൂർത്തുകൾ കൊണ്ട് വിഹരിക്കുന്ന ഭരണാധികാരികളും സമ്പന്നരും ഒന്നോർക്കണം, എല്ലാരും നിങ്ങളെപ്പോലെയാകുന്ന ഇന്ത്യയെ തന്നില്ലെങ്കിലും നിങ്ങളുടെ മണിമാളികളുടെ പശ്ചാത്തലത്തിൽ സെല്ഫിയെടുക്കാനുള്ള ചില കുഞ്ഞുകുഞ്ഞു ആഗ്രഹങ്ങളെങ്കിലും സാധിക്കണം. അതിനു ദരിദ്രരുടെ ജീവിതനിലവാരത്തെ അടിമുടി പരിഷ്കരിക്കേണ്ടതുണ്ട്.

മുടന്തൻ വികസനനയങ്ങൾ കൊണ്ട് അത് സാധിക്കില്ല.