ഇന്ത്യയിലെ ഏറ്റവും മികച്ച പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ റാങ്കിങ്ങിൽ ആദ്യ 12 എണ്ണവും കേരളത്തിലാണ്

47

MB Rajesh

ചിലർക്ക് കടുത്ത നിരാശയുണ്ടാക്കാനിടയുണ്ടെങ്കിലും മലയാളികളിൽ മഹാഭൂരിപക്ഷത്തിനും ആഹ്ലാദമുണ്ടാക്കുന്ന കാര്യങ്ങളാണ് ഇന്നും പങ്കുവെക്കാനുള്ളത്. കേരളത്തിലെ പൊതുജനാരോഗ്യ മികവിൻ്റെ തൊപ്പിയിൽ മറ്റൊരു തൂവൽ കൂടി .ഇന്ത്യയിലെ ഏറ്റവും മികച്ച പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ റാങ്കിങ്ങിൽ ആദ്യ 12 എണ്ണവും കേരളത്തിലാണ്. നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ് മാനദണ്ഡപ്രകാരമാണിത്. കേരളത്തിലെ PHC കൾ 93% ത്തിനു മേൽ പോയിൻറ് കരസ്ഥമാക്കിയെന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു.പ്രാഥമികാരോഗ്യ രംഗത്തെ ഈ മികവാണ് പകർച്ചവ്യാധികളെ തടയുന്നതിൽ ലോകത്തിനു തന്നെ കേരളം മാതൃകയാവാൻ കാരണം.

കോ വിഡിൻ്റെ കാര്യത്തിൽ മുന്നിലൊന്നായി രോഗവിമുക്തി ഉയർത്താനായതിലും പൊതുജനാരോഗ്യ രംഗത്തെ മികവ് കാരണമായി. ആഗോള രോഗമുക്തി നിരക്കിനേക്കാൾ 12% കൂടുതലാണ് കേരളത്തിൽ രോഗം ഭേദമാകുന്നതിൻ്റെ നിരക്ക്.ഇന്ത്യയിലാകെ കോ വിഡ് പരിശോധനാ നിരക്ക് 0.2% എന്ന ദയനീയ നിലയിലാണെങ്കിൽ കേരളത്തിൽ 18.9% മാണ് പരിശോധന.ഇതാകട്ടെ ആഗോള ശരാശരിക്കും മുകളിലാണ്.ഇങ്ങനെയെല്ലാമാണ് കേരളം മഹാമാരിയെ ചെറുക്കുന്നത്.o.2% മാത്രം പരിശോധന നടത്തിയിട്ടും രാജ്യത്ത് 24 മണിക്കൂറിൽ 896 രോഗികളും 37 മരണവുമുണ്ടാവുകയും ആകെ രോഗികളുടെ എണ്ണം 6761 ൽ എത്തുകയും ചെയ്തിരിക്കുന്നു എന്നോർക്കുക! അപ്പോൾ കേരളത്തിലെപ്പോലെ വൻതോതിൽ പരിശോധന നടത്തിയാലത്തെ സ്ഥിതിയോ? എന്തുകൊണ്ടാണ് കേന്ദ്ര സർക്കാർ പരിശോധന വ്യാപിപ്പിക്കാത്തത്?

ഇതെല്ലാം വായിച്ച് നിരാശകൊണ്ട് പുളയുന്നവർ ഇപ്പോൾ വരും. പിന്നെന്തിനാ അമേരിക്കയിലേക്ക് ചികിത്സക്ക് പോകുന്നത് എന്ന മണ്ടൻ ചോദ്യവുമായി .പൊതു ജനാരോഗ്യ മേഖലയിൽ കേരളാ ലോകനിലവാരത്തിലാണെന്നു പറയുന്നതിനർത്ഥം എല്ലാ മേഖലയിലേയും ഏറ്റവും വിദഗ്ദ്ധ ചികിത്സ ഇവിടെയുണ്ടെന്നല്ലല്ലോ. ചികിത്സയിലായാലും മറ്റ് മേഖലയിലായും ചില സവിശേഷ വൈദഗ്ദ്ധ്യവും മികവും ഓരോ രാഷ്ട്രങ്ങൾക്കുമുണ്ടാകും. ഓരോ സ്ഥലത്തും വ്യത്യസ്ത ആശുപത്രികൾക്കുണ്ടാവും.എല്ലാം ഇവിടെ മാത്രമേ ഉള്ളൂ എന്ന വാദമൊന്നും വെളിവുള്ള ആരും ഉയർത്തുന്നില്ല. എല്ലാം ഇവിടെയുണ്ടായിരുന്നു ഇവിടെ മാത്രമേ ഉണ്ടായിരുന്നുള്ളു എന്ന വാദം ആരുടേതാണെന്ന് എല്ലാവർക്കുമറിയാം. പ്ലാസ്റ്റിക് സർജറിയും ട്രാൻസ്പ്ലാൻ്റേഷൻ തിയറിയും ഗണേശ വിഗ്രഹം തെളിവായി ഹാജരാക്കിയതുമെല്ലാം ആരാണെന്ന് ഇനി പാത്രം കൊട്ടിപ്പാടണോ?

ആർഷഭാരതപാരമ്പര്യത്തിൻ്റെ ഉത്തമ പിന്തുടർച്ചക്കാരായിരുന്നിട്ടും അരുൺ ജെയ്റ്റ്ലിയും മനോഹർ പരീക്കറുമെല്ലാം എന്തിനാണ് ദിവ്യ ഔഷധമായ പഞ്ചഗവ്യം സേവിക്കാതെ അമേരിക്കയിൽ ചികിത്സക്ക് പോയത് എന്ന ചോദ്യം തിരിച്ചു ചോദിക്കാൻ ഞാൻ ശാഖയിലല്ലോ പഠിച്ചത്. അമേരിക്കയിൽ ചില ചികിത്സാ ശാഖകളിൽ സവിശേഷ വൈദഗ്ദ്ധ്യമുള്ളതുകൊണ്ടാണത് എന്നറിയാനുള്ള പ്രാഥമിക വിവരം ഉണ്ടായാൽ മതി. ആയുർവേദ ചികിത്സക്ക് അമേരിക്കയിൽ നിന്നും മറ്റും ആളുകൾ കേരളത്തിലേക്ക് വരുന്നത് എന്തുകൊണ്ടാണ്? അതിൽ കേരളത്തിന് സവിശേഷ വൈദഗ്ദ്ധ്യമുള്ളതുകൊണ്ട് .

പൊതുജനാരോഗ്യ രംഗത്ത് എല്ലാവർക്കും ഒരുപോലെ ചികിത്സ ലഭ്യമാക്കുന്നതിലും ഗുണമേൻമയിലും കേരളം ലോക നിലവാരത്തിലും ദേശീയ നിലവാരത്തിന് വളരെ മുമ്പിലുമാണ്. അതു കേൾക്കുമ്പോൾ അസ്വസ്ഥരാവുന്നവർക്ക് കാര്യമായ രോഗമുണ്ട്. കഷണ്ടിക്കും കൊറോണക്കും കണ്ടു പിടിച്ചാൽ പോലും മരുന്നു കണ്ടു പിടിക്കാൻ കഴിയാത്ത കലശലായ രോഗം. തലതല്ലി ക്കരയുക ചുമച്ച് ചുമച്ച് ഉള്ളിൽ കെട്ടിക്കിടക്കുന്ന തെറി പുറത്തേക്ക് തള്ളുക എന്നിവയാണ് രോഗലക്ഷണങ്ങൾ. അത്തരക്കാരെ ഇതിനു താഴെ ധാരാളം കാണാനിടയുണ്ട്. ബാക്കിയുള്ളവർ മുൻകരുതലെടുക്കുക. സാനിറ്റൈസർ, മാസ്ക് എന്നിവ കരുതുക.