ഇന്ത്യയുടെ കടവും ലോകബാങ്കിന്റെ സ്വാധീനവും

401

Ajith Sudevan

ലോകരാജ്യങ്ങളുടെ മൊത്തം കടം 69 ട്രില്യൺ ഡോളർ ആണ്. അതിൽ ഏകദേശം പകുതിയോളം 48% (31+17=48%) കേവലം രണ്ട് രാജ്യങ്ങളുടെ കടമാണ്. ലോകരാജ്യങ്ങളുടെ അകെ കടത്തിന്റെ 31% അമേരിക്കൻ സർക്കാരിന്റെ കടമാണ്. 17% വിഹിതവുമായി ജപ്പാൻ രണ്ടാം സ്ഥാനത്തുണ്ട്. ജിഡിപിയുടെ 237%കടമുള്ള ജപ്പാനെ അതിന്റെ പേരിൽ സാമ്പത്തിക അച്ചടക്കത്തിന് പ്രേരിപ്പകൻ ഒന്നും ഐഎംഫ്, വേൾഡ് ബാങ്ക് മുതലായ ഏജൻസികൾ വലുതായി ശ്രമിക്കുന്നില്ല. കാരണം ജപ്പാന്റെ കടത്തിന്റെ 90% ആഭ്യന്തര കടമാണ്. അതിനാൽ തന്നെ ഐഎംഫ്, വേൾഡ് ബാങ്ക് മുതലായ ഏജൻസികൾക്ക് ജപ്പാന്റെ മേൽ പരിമിതമായ നിയന്ത്രണം മാത്രമേ ഉള്ളൂ.

ലോകത്തെ അകെ കടത്തിന്റെ 2.7% മാത്രമേ ഇന്ത്യയുടേതായി ഉള്ളൂ. അത് ജിഡിപിയുടെ 68.1% മാത്രമേ വരൂ. എന്നാലും ഐഎംഫ്, വേൾഡ് ബാങ്ക് മുതലായ ഏജൻസികൾക്ക് ഇന്ത്യക്ക് മേൽ വലിയ സ്വാധീനം ഉണ്ട്. കാരണം വേൾഡ് ബാങ്കിൽ നിന്ന് ഏറ്റവും കൂടുതൽ പണം കടം എടുത്തിരിക്കുന്ന രജ്യം ഇന്ത്യയാണ്. അതിനാൽ തന്നെ പൊതു ടാപ്പുകൾക്ക് നിയന്ത്രണം വേണം എന്നത് മുതൽ പൊതുമേഖലാ സ്ഥാപനങ്ങൾ എല്ലാം തൂക്കി വിൽക്കണം എന്നത് അടക്കമുള്ള അവരുടെ നിബന്ധനകൾ അംഗീകരിക്കാൻ നമ്മളുടെ സർക്കാരുകൾ മിക്കപ്പോളും നിർബന്ധിതരാകുന്നു.

എന്നാൽ ജിഡിപിയുടെ 104.3% കടമുള്ള അമേരിക്കയുടെ കടത്തിന്റെ ഭൂരിഭാഗവും ജപ്പാനെ പോലെ ആഭ്യന്തര കടമാണ്. അതിനാൽ തന്നെ കടത്തിന്റെ പേരിൽ അമേരിക്കയെ നിയന്ത്രിക്കാനും ആഗോള ഏജൻസികൾ വലുതായി ശ്രമിക്കാറില്ല. ഒബാമയുടെ കാലത്ത് അമേരിക്കൻ കടപത്രത്തിന്റെ 14% ഓളം ചൈനയുടെ കൈവശം ആയിരിന്നു.

ഇത് ഭാവിയിൽ ചൈന അമേരിക്കൻ നയങ്ങളെ നിയന്ത്രിക്കുന്ന സാഹചര്യം ഉണ്ടാക്കും എന്ന ഭയം തോന്നിയ അമേരിക്കൻ ജനത ട്രംപിനെ വിജയിപ്പിക്കുകയും, പുള്ളിക്കാരൻ ചൈനയുമായി ഗുസ്തിക്ക് പോയി അവരെക്കൊണ്ടു 600 ബില്യൺ ഡോളറിന്റെ കടപ്പത്രങ്ങൾ വിൽപ്പിക്കുകയും ചെയ്‌തു. ഇപ്പോൾ അമേരിക്കൻ കടപ്പത്രങ്ങളുടെ കഷ്ടി 5% മാത്രമേ ചൈനയുടെ കൈയിൽ ഉള്ളൂ. അമേരിക്കൻ കടപ്പത്രങ്ങളുടെ 82% വും ഇപ്പോൾ അമേരിക്കക്കാരുടെ കൈയിൽ തന്നെയാണ്.

ഇന്ത്യയേയും, ജപ്പാനെയും, അമേരിക്കയേയും പോലെ ആഭ്യന്തര കടപ്പത്രങ്ങളെ പ്രോത്സാഹിപ്പിച്ചാൽ അത് നാട്ടുകാർക്ക് മാന്യമായ വരുമാനം ഉറപ്പാക്കുന്ന സുരക്ഷിതമായ ഒര് സമ്പാദ്യ പദ്ധതിക്ക് ഉള്ള അവസരം ഉണ്ടാക്കും. അതോടൊപ്പം ആഗോള ഏജൻസികൾക്ക് നമ്മളുടെ സാമ്പത്തിക നയങ്ങളിൽ ഉണ്ടാക്കാവുന്ന സ്വാധീനം കുറയുകയും ചെയ്യും.