ന്യൂ ഇന്ത്യൻ എക്സ്പ്രസ് അഭിമുഖത്തിൽ നടൻ ഇന്ദ്രൻസ് പറഞ്ഞ കാര്യങ്ങൾ വളരെയധികം വിമര്ശിക്കപ്പെടുകയാണ്. പ്രധാനമായും നടി ആക്രമിക്കപ്പെട്ട വിഷയത്തിൽ അദ്ദേഹം പറഞ്ഞ അഭിപ്രായമാണ് പലരും ചൂണ്ടിക്കാട്ടുന്നത്. എന്നാൽ ദിലീപ് കുറ്റക്കാരൻ അല്ലെന്നു അദ്ദേഹം പറഞ്ഞില്ല, മറിച്ച് , താനറിയുന്ന ഒരാൾ അങ്ങനെയൊക്കെ ചെയ്യുമോ എന്ന സംശയമാണ് അദ്ദേഹം പ്രകടിപ്പിച്ചത്. WCCയെ കുറിച്ചും തുല്യ നീതിയെ കുറിച്ചും അദ്ദേഹം പറഞ്ഞതും വിമർശന വിധേയമായിട്ടുണ്ട്. ഈ അവസരത്തിൽ ഇന്ദ്രൻസ് തന്റെ ഫേസ്ബുക് പേജിൽ പങ്കുവച്ച കുറിപ്പ് ശ്രദ്ധിക്കപ്പെടുകയാണ്. താൻ അഭിമുഖത്തിൽ പറയാത്ത കാര്യങ്ങൾ തെറ്റിദ്ധാരണയുണ്ടാക്കുന്ന തരത്തിൽ ചിലർ പ്രചരിപ്പിച്ചതാണെന്നും അദ്ദേഹം പറയുന്നു. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ…
ഇന്ദ്രൻസ് : “കഴിഞ്ഞ ദിവസം ന്യൂ ഇന്ത്യൻ എക്സ്പ്രസിൽ വന്ന അഭിമുഖവുമായി ബന്ധപ്പെട്ട് ചില സുഹൃത്തുക്കളുടെ അഭിപ്രായം കാണാനും കേൾക്കാനും ഇടയായി. ആരെയെങ്കിലും വേദനിപ്പിക്കാനോ കുറ്റപ്പെടുത്താനോ ബോധപൂർവ്വം ശ്രമിച്ചിട്ടില്ല.ഡബ്ല്യു സി സി യെ തള്ളിപ്പറയാനല്ല ശ്രമിച്ചത്, ചിലരെങ്കിലും അഭിമുഖത്തിൽ പറയാത്ത കാര്യങ്ങൾ തെറ്റിദ്ധാരണയുണ്ടാക്കുന്ന തരത്തിൽ പ്രചരിപ്പിക്കുന്നതായി കണ്ടു. എൻ്റെ ഒരു സഹപ്രവർത്തകൻ തെറ്റ് ചെയ്തു എന്നത് വിശ്വസിക്കാൻ പാടാണ് എന്ന് മാത്രമാണ് ഉദ്ദേശിച്ചത്. പെൺകുട്ടിയെ മകളെ പോലെത്തന്നെയാണ് കാണുന്നത്. അവരുടെ വേദനയിൽ ഒപ്പം തന്നെയുണ്ട്. മനുഷ്യരുടെ സങ്കടങ്ങൾ വലിയ തോതിൽ വേദനിപ്പിക്കാറുണ്ട്. എല്ലാ നിലവിളികളും തിരിച്ചറിയാനുള്ള ജീവിത സാഹചര്യങ്ങളിലൂടെയാണ് കടന്ന് വന്നത്. നിൽക്കുന്ന മണ്ണിനെ കുറിച്ച് നല്ല ബോധമുണ്ട്. എൻ്റെ വാക്കുകൾ ആരെയെങ്കിലും മുറിപ്പെടുത്തിയിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നു….എല്ലാവരോടും സ്നേഹം”.