ഫ്രോഡുചരിതമാനസം എപിസോഡ്-1

0
356

Indu Menon

ഫ്രോഡുചരിതമാനസം എപിസോഡ്-1

ഫ്രോഡുകളെക്കുറിച്ചാണു പറഞ്ഞ് വരുന്നത്. മധുരോദാരമായ് സംസാരിക്കുന്ന, ഏറെ കഠിനാധ്വാനിയെന്ന് നാട്ടുകാർ മുഴുവൻ സെർട്ടിഫിക്കറ്റ് നൽകുന്ന അറിവിന്റെ, കനിവിന്റെ, നീതിയുടെ നെറിയുടെ മുഴുവൻ പേറ്റെന്റുമെടുത്തവരെന്നു തോന്നിപ്പിക്കുന്ന നന്മപ്പൂമരങ്ങൾ.

അവർ എന്തിനെക്കുറിച്ചും അഭിപ്രായം പറയുന്നവർ. പ്രതികരണത്തൊഴിലാളികൾ, ജീനിയസ്സുകൾ എന്നൊക്കെയിരിക്കുമേ കാഴ്ചയിൽ.

ബുദ്ധിജീവിയായിരിക്കും. നൂറിലേറെപ്പേരത് സാക്ഷ്യപ്പെടുത്തും.

സിദ്ധാന്തം,സൂഫിസം,ഡിങ്കോയിസം എന്നിവയിൽ വിശ്വസിക്കുന്നുവെന്ന് നമുക്ക് ഭയങ്കരമായ് തോന്നും.

ജാതിയില്ല, മതമില്ല എന്ന ലൈനിൽ തള്ളുമെങ്കിലും വേരു കിഴിഞ്ഞ് പോയാൽ കരിയറിന്റെ തുടക്കത്തിലെവിടെയെങ്കിലും ദീർഘകാലത്തോളം യോഗക്ഷേമ സമിതിക്കാരോ നായർ സമാജം കാരോ എൻ എസ് എസുകാരോ ബ്രാഹ്മണസഭയോ ഊട്ടിവളർത്തിയ ഒരു ചരിത്രമുണ്ടാകും. പരസ്പര്യത്തിന്റെ ജാതി ഹിന്ദു മറുക് കാക്കി നിക്കറിനാൽ മൂടിക്കളയും

ക്ലാനും ലിനീയേജും താവഴിയും പരിശോധിച്ച് ബോധ്യപ്പെട്ട സ്വജാതിവിവാഹമായിരിക്കും. ആ പെൺ ആൺ തിരച്ചിൽ പരസ്യങ്ങൾ ഒക്കെ എന്ത് യമ്മിയാണ്. സ്ത്രീധനം, വരദക്ഷിണ, നാട്ടിൽ ഭൂമി. പോക്കറ്റ് മണി അമ്പമ്പോ.

സംഗീതം,നൃത്തം, സാഹിത്യം എന്നീ മേഖലകളിൽ 10 തലയുള്ള രാവണന്മാരായിരിക്കും. പാടും, എഴുതും, മോഡെലിങ്ങ് ചെയ്യും, പിന്നെ എന്ത് വന്നാലും നല്ല പ്രാസംഗികരായിരിക്കും.

കോൺസ്റ്റിറ്റ്യക്ഷനൽ ഡെമോക്രസി, ഹൈക്കോടതി നിയമങ്ങൾ, സംഘ രാഷ്ട്രീയത്തിനെതിരെ ആഞ്ഞടി പ്രസംഗങ്ങൾ

സിനിമ സംവിധാനം ചെയ്യൽ, അഭിനയിക്കൽ- അതിലൊക്കെ മുടുമുടുക്കന്മാരോ മുടുക്കികളോ ആയിരിക്കും.

ലിറ്റെറേച്ചർ ഫെസ്റ്റിവെൽ, അന്തിച്ചർച്ചകൾ, സർക്കാർ വക കോൺക്ലേവുകളിലൊക്കെ ക്ഷണിക്കപ്പെട്ട മുഖ്യാതിഥികൾ ആയിരിക്കും.
ഇനീപ്പം ടിക്കറ്റ് തന്നില്ലേലും ഞാനും എന്റെ ഓനും പാരീസിൽ പോണ്. ഞങ്ങടെ ഫോട്ടോ കണ്ടാൽ ഹണിമൂൺ പോലെ തോന്നുച്ചാലും ഞങ്ങളിലൊരാൾക്ക് ഉത്തരവാദിത്തമുണ്ടെന്ന് തോന്നുന്നു. എന്ന എയർ വോട്ട് പോസ്റ്റിങ്ങിന് മ്യാരക ലൈക്കും ഷെയറുമാണ്.

കുറ്റം പറയരുതല്ലോ, ഫ്രോഡുകൾ കുമ്മൻജിയോട് സീറ്റ് രഹസ്യമായ് ചോദിക്കുമെങ്കിലും, കുമ്മൻജി തുമ്മിക്കൊണ്ട് ഒറ്റ പ്പറച്ചിലാ. മോദിയെ പ്രകീർത്തിച്ച് പ്രസംഗിക്കണം.

കേരളസർക്കാരിലല്ല നന്മ ഫ്രോഡുകൾ പ്രവർത്തിക്കുന്നതെങ്കിൽ ഉറപ്പായും മുഖ്യമന്ത്രി ബെസ്റ്റ് ഫ്രെൻടായിരിക്കും. റ്റൈം ലൈനിലൊക്കെ ഞാനും എന്റെ വിജയേട്ടനും എന്ന ലൈനിൽ ഇട്ടത് കണ്ടാൽ നമ്മൾ കണ്മിഴിഞ്ഞ് നിന്നു പോകും.

ദുരന്തം വരുന്ന ദുനിയാവിൽ ഫേസ്സ്ബുക്കിലിരുന്ന് കവളപ്പാറ ദുരന്തം, പുത്തുമലദുരന്തമൊക്കെ ഭയങ്കരമായ് മാനേജ്ചെയ്തു കളയും. ഓ പോസിറ്റീവ് ബ്ലെഡ് വേണം, ഇന്ന ക്യാമ്പിലേക്ക് സാനിട്ടറി നാപ്കിൻ വേണം എന്നൊക്കെ പോസ്റ്റിടും. ഇന്നു രാത്രി ഉറങ്ങാതെ പ്രളയമുഖത്തുള്ളവർക്കായ് നാമിരിക്കും എന്ന പോസ്റ്റൊക്കെ കണ്ട് നമ്മുടെ ഹൃദയം നിന്നു പോകും. കുറ്റം പറയരുതല്ലോ ഇടയ്ക്ക് എഫ് ബിയിലെ ദുരിതാശ്വാസം മടുക്കുമ്പോൾ ഫീൽഡിലേക്ക് പോയതായി പോസ്റ്റിടും. ലാപ്ടോപ്പ് ,ഫോൺ, വയലിൻ, യൂനിഫോം എന്നിവ പ്രളയത്തിൽ പെട്ട് അണ്ടം തുണ്ടമായ് നനഞ്ഞമ്പിയ ഫോട്ടോകൾ കാണുമ്പോൾ സുമനസ്സുകൾ ചേർത്ത് പിടിക്കാൻ വരുമ്പോൾ ( പ്രത്യേകിച്ച് സ്റ്റിക്കർ പൊട്ടിക്കാത്ത ലാപ്യമായി വരുന്ന പ്രവാസികളുടെ ധൃതരാഷ്ട്രാലിംഗനം) കുതറുന്നതായി ഒരഭിനയം കാഴ്ചവെക്കും.

ലെഫ്റ്റ് ലിബറലുകൾ ആണു എന്നാണു മൊത്തത്തിൽ ഉണ്ടാക്കിയിട്ടുള്ള രാഷ്ട്രീയ ഇമേജ്. പക്ഷേ ആൾദൈവം, സംഘബന്ധം,,അദൃശ്യമായ കാക്കിക്കളസം, കുറുവടി, അധികാരശ്രേണിയിലെ ഉന്നതരോടുള്ള ,പണക്കാരോടുള്ള അന്ധമായ സ്നേഹം ഒക്കെ ഭയങ്കരമായിരിക്കും.

കവിത കോപ്പിയടിച്ച് കൊടുക്കേം ചെയ്യും വാങ്ങേം ചെയ്യും സ്വന്തം പേരില് ചാമ്പേം ചെയ്യും.

ബീഫ് – തുളസി ഫെസ്റ്റിവൽ, ചാണക പൂജാവിരുദ്ധ സമിതി, ചുംബന സമരം, ജട്ടി ഫെസ്റ്റിവൽ സിന് ഒക്കെ പ്രസുദേന്തികളായിരിക്കും

രാത്രി ഒരുമണിയ്ക്കൊക്കെ നഗരത്തിലു ഒറ്റയ്ക്കായാൽ പെൺസുഹൃത്തുക്കൾ വന്ന് കൂട്ടിക്കൊണ്ട് പോകുന്നത്രം ജെന്റിൽമാൻ ഇമേജ് സൃഷ്ടിച്ചിരിക്കും. പെങ്ങളക്കുട്ടി സിൻഡ്രോം ഫീകരമായിരിക്കും. സ്വന്തം സഹോദരി കോപ്പറേഷൻ മാലിന്യക്കുപ്പിൽ വ്രണിത ഉടലോടെ ഊർദ്വൻ വലിച്ച ശബ്ദം ഡിസ്റ്റർബൻസ് ആയിരിക്കും

പരിസ്ഥിതിയോട് ഭീകരസ്നേഹമായിരിക്കും. പക്ഷെ മൊയലാളിമാരു ചിരിച്ചാൽ ,കെട്ടു നോട്ട് കൊടുത്താൽ തീരും ആ സ്നേഹമൊക്കെ. പിന്നെ നോക്കുമ്പോൾ അവരുടെ പേട്രണാണ് , കൗൺസലാണ് ഉപദേശിയണ്ന്നൊക്കെ കാണാം.

വാക്സ്സിൻ വിരുദ്ധസമിതീലു പ്രവർത്തിച്ച കാലത്തെ നോട്ടീസ്സൊക്കെ കത്തിച്ച് കളയും. പൊതുജനാരോഗ്യ പുരോഗമനത ‘

ഇടക്കിടെ സി എമിനെ ഉപദേശിച്ചതായ് കാണാൻ സാധിക്കും.. ഒറ്റയ്ക്കും കൂട്ടത്തോടെയും സി എമ്മിനു വേണ്ടി വാദിച്ചതായും ഭാരം പേറിയതായുള്ള FB പോസ്റ്റുകൾ കാണാൻ കഴിയും

എടാ ഉവ്വേ നിനക്കിതൊക്കെ എങ്ങനെ സാധിക്കുന്നെടാ എന്നു നമ്മളു ചോദിച്ച് പോകും. പക്ഷെ ജനപിന്തുണ ഭീകരമായിരിക്കും.

ദൈവമെടാ നമ്മുടെ തലവനെടാ, നൻപനെടാ നീതിപീഠമെടാ മാലയിടടാ ബോഞ്ചി കൊടടാ ലൈനിൽ ജനങ്ങൾ ആൾക്കൂട്ടരതിയുടെ ഉന്മാദകരമായ ആ ആരാധനാരീതി ഭയങ്കരമായിരിക്കും. ട്രോളിലൂടെ ഭീകരാരധന. നറെമ്മോ

പിന്നെ കൊച്ചി ലെ ഒരേജൻസിക്ക് കാശ് കൊടുത്ത് fB പോസ്റ്റു ബൂസ്റ്റാക്കണ പരിപാടിയിണ്ട്. ഏജൻസിക്ക് ലൈക്ക് കണക്കിനാ കാശ്.

എന്റെ വീട്ടിലെ നന്മമരം
വിനയം എന്റെ ചർമ്മം
എളിമേ നിന്റെ പേരോ ഡാഷ്
കണ്ണീരുപ്പൂറ്റി കഞ്ഞികൊടുത്ത നമ്മുടെ സ്വന്തം നൻപൻ
അലിവിന്റെ അളിയൻ
സ്വിസ്സെർലെൻടിലെ ദയാബായി
ഉമിനീരു കൊണ്ട് ഉലകമൂട്ടിയവൻ
മൂത്രം കൊണ്ട് മുറിവേറ്റവൾ

ഈ രീതിയിൽ തലക്കെട്ടുകളുള്ള ഓൺ ലൈൻ ഓഫ് ലൈൻ അഭിമുഖങ്ങൾ, വാർത്തകൾ, ലേഖനങ്ങൾ, ഓർമ്മ പുസ്തകങ്ങൾ ഒക്കെ കാണാം.

നന്മ,തനിമ, എളിമ, വിനയം, അച്ചടക്കം, മര്യാദ,വിശ്വസ്തത, അലിവ്, ദയ, കരുണ, അഗേപ്പ് പോലെയുള്ള ആഴസ്നേഹം, സുതാര്യത,ജനാധിപത്യമൂല്യം, ഉന്നതവാല്യൂസ്സ്, വെർച്യൂസ്സ്, മര്യാദ, മാന്യത,പകയില്ലായ്മ, സൂഫികൾക്കൊപ്പം നിൽക്കുന്ന മനോനില, അത്മീയത, പുരോഗമനവാദം, ഭയമില്ലായ്മ, അവരുടെ ഗുണഗണലിസ്റ്റ് ഞെട്ടിക്കും വിധം നീണ്ടതാണു.

8 പേരെ ഫെയ്സ്സ്ബുക്കിൽ തന്നെ പ്രാധാനമായ് ഐഡെന്റിഫൈ ചെയ്തിട്ടുണ്ട്. പത്ത് വമ്പന്മാർ/വമ്പികൾ എന്ന രെജിസ്റ്റ്രേഡ് ലിസ്റ്റിൽ പേരെഴുതിയ പലരുടെയും ഫ്രോഡ് എട്ട് നിലയിൽ പൊളിഞ്ഞ് നിൽക്കുന്ന അവസ്ഥകൾ നാം കണ്ടിട്ടുണ്ട്.

പറഞ്ഞ് വന്നത് അതൊന്നുമല്ല. തന്നീർമത്തൻ സിനിമയിലെ വിനീത് ശ്രീനിവാസൻ ആണു ഈ സംഗതി ഓർമ്മിപ്പിച്ചത്. ജുബ്ബയും മുണ്ടുമുടുത്ത് സെൻ കഥ പറയുന്ന മാഷ്, ക്രിറ്റിക്കൽ സംഭാഷണങ്ങളെ അനുവദിക്കുന്ന മാഷ്. പ്രസംഗിക്കുന്ന, പാടുന്ന, സ്പോർട്ട്സ്സ് അറിയുന്ന, ബുള്ളറ്റ് ഓടിക്കുന്ന, ചുറ്റുമുള്ള മനുഷ്യരെ അലിവിനാൽ കംഫേർട്ടബിൾ ആക്കുന്ന,പൊട്ടിച്ചിരിക്കുന്ന കവിത എഴുതുന്ന, റുബിക്സ്സ് ക്യൂബ് നേരെയാക്കുന്ന, ശാസ്ത്രാവഗാഹിയായ ബല്ലാത്ത പഹയൻ. സ്കൂൾ മുഴുവൻ അദ്ദേഹം നന്മ മരമെന്ന് പറഞ്ഞു കഴിഞ്ഞു. ജൈസൺ ഒഴികെ

ആ ജേസണെപ്പോലെയാണു ഞാനും എന്താന്നറിയില്ല. ചിലരെക്കാണുമ്പോൾ ഗജഫ്രോഡുകളെന്ന് മനസ്സ് മന്ത്രിക്കുന്നു. എന്തു കൊണ്ടാണു ദൈവമേ ഇത്രയും പേർ നന്മ സാക്ഷ്യപെടുത്തിയിട്ടും ഇവനെന്തൊരു/ഇവളെന്തൊരു ഫ്രോഡാണെന്ന് എനിക്ക് തോന്നുന്നത്. ഇവറ്റകളുടെ നന്മ എന്റെ ഡിറ്റെക്റ്റിങ്ങ് മിഷീനിന് ഉഡായിപ്പാണെന്ന് തോന്നുന്നത്. നേവിറ്റിയുടെ സാരമായ കുറവ് കാരണമായിരിക്കണം. അത്രമേൽ നന്മ എനിക്ക് ചെടിക്കുന്നത്. നിഷ്കളങ്കത ഇല്ലാത്താണ്ടുമാവും. ജൈസണും ആ നന്മ ചെടിക്കുന്നു…
നന്മ ചെടിക്കുന്നു… ഫ്രോഡുകളുടെ നന്മ.

നബി: ഫ്രോഡുകൾക്ക് മാത്രം ബാധകം. ജെന്യൂനായ ഒരു ഓൺലൈൻ ഓഫ് ലൈൻ പ്രവർത്തനങ്ങളൊന്നിനുമിതിനു ബാധകമല്ല. കടയോരക്കാരനായ നൗഷാദ്, മറ്റസംഖ്യം സഹജീവികൾ ഫീൽഡിലും ക്രോഡീകരണത്തിലുമെല്ലാം പുലർത്തിയ സത്യസന്ധത പോലെയുള്ള പ്രവർത്തങ്ങൾ അല്ല വിമർശിക്കപ്പെടുന്നത്.

ഇതവരാണ് എന്റെ വീട്ടിലെ കൊടിയ നന്മ മരങ്ങൾ

Advertisements