ഒരുപാട് സ്ത്രീവിരുദ്ധബോധങ്ങളുടെ ആകെത്തുകയാണ് നരസിംഹം എന്ന സിനിമ എന്നാണു വർത്തമാനകാല പുരോഗമന സമൂഹത്തിന്റെ കാഴ്ചപ്പാട്. എന്നാൽ ഇന്ദുചൂഡൻ സിനിമയിൽ ഒരിടത്തും നായികയെ വിലകുറച്ചു കണ്ടിട്ടില്ല എന്നതാണ് സത്യം. ഒരു തമാശപോലെ തന്റെ തന്റെ ബ്രാര്യയാകാൻ ഇങ്ങനെയൊക്കെ വേണം നിനക്ക് സമ്മതമാണോ എന്ന് ചോദിക്കുകയാണ് ഇന്ദുചൂഡൻ ചെയുന്നത്. ആ സിനിമയിൽ പിന്തിരിപ്പൻ ബോധ്ങ്ങൾ ഉണ്ടാകാം. എന്നാൽ അതിലുമേറെ സ്ത്രീവിരുദ്ധത ആഘോഷിച്ച സിനിമകൾ ഉള്ളപ്പോൾ ഇന്ദുചൂഡൻ കാലങ്ങളോളം വേട്ടയാടപ്പെടുന്നു. അക്കാലത്തെ സിനിമയുടെ പൊതുവായ രീതികളിൽ നിന്ന് വായിക്കാതെ ഇവിടെ ഇന്ദുചൂഢന്റെ ആവശ്യങ്ങളെ ഒരു തെറി വിളികൊണ്ടു നേരിടാൻ മറ്റൊരു സിനിമയിലെ നായികയുടെ ഭാഗം എഡിറ്റ് ചെയ്തു കയറ്റിയത് ശരിയല്ല .സുരൻ നൂറനാട്ടുകര സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പ്.
സുരൻ നൂറനാട്ടുകര
ഇത് തെറ്റാണ്🚫
2000 ൽ പുറത്തിറങ്ങിയ ഷാജി കൈലാസ് ചിത്രമാണ് നരസിംഹം. രഞ്ജിത്തായിരുന്നു ഇതിന്റെ തിരക്കഥ . ഇന്ന് 23 വർഷത്തിനു ശേഷം ചിത്രത്തിലെ ഒരു സീനിനെ വിലയിരുത്തുന്നതിൽ യാതൊരു അർത്ഥവുമില്ല. കാളിദാസനും കാലത്തിന്റെ ദാസൻ എന്നാണ് പറയാറുള്ളത്. കാലഘട്ടത്തെ മറികടന്നു ചിന്തിക്കാൻ അൽപം പ്രയാസമാണ്. മൈക്കലാഞ്ജലോ എന്ന ശിൽപി ജീവിതകാലം മുഴുവൻ പണി ചെയ്തിട്ടും ഒരു പള്ളിയിലെ ആർട്ട് വർക്ക് തീർന്നില്ല. കാരണം അന്ന് സഭക്കായിരുന്നു സമ്പത്ത് ഉണ്ടായിരുന്നത്. ഒരു ആർട്ട് ഗാലറി സ്വകാര്യ വ്യക്തിക്ക് ഉണ്ടായിരുന്നെങ്കിൽ പ്രതിഭ തെളിയുന്നത് അവിടെയായിരിക്കും. മലയാളത്തിലെ ആദ്യ ചിത്രം വിഗതകുമാരനാണ്. അതിന്റെ പ്രിന്റ് ഇന്നില്ല.ആ ചിത്രം ഇന്നു കാണുന്ന ഒരാൾക്ക് തിരുത്താൻ എന്തൊക്കെ ഉണ്ടാവും. ?
കരിമ്പന എന്ന ജയന്റെ ഒരു സിനിമയുണ്ട്. അതിൽ പ്രണയിച്ചു വിവാഹം കഴിക്കുന്ന ജയനും സീമയും മുഖ്യ കഥാപാത്രങ്ങളാണ്. ആദ്യ രാത്രിയിൽ നടക്കുന്നത് ബലാത്സംഗമാണ്. അന്നത്തെ പ്രേക്ഷകർ അതു കണ്ട് ആസ്വദിച്ചു. ഇന്നത് വയലൻസ് ആണ്. ജയൻ കാട്ടാനയുമായി മൽ പിടുത്തം നടത്തുന്ന ഒരു സിനിമയുണ്ട്. അന്നത് ആസ്വാദ്യമായിരുന്നു. ഇന്നോ?
നരസിംഹം എന്ന ചിത്രം , അക്കാലത്തെ ഒരു പക്കാ കൊമേഴ്സൽ ചേരുവകൾ കുത്തി നിറച്ച സിനിമയാണ്. ആറ് വർഷത്തെ ഇടവേള കഴിഞ്ഞ് ഭാരതപുഴയിൽ ശ്വാസമടക്കി പിടിച്ചു കിടക്കുന്ന നായകൻ. പതിനഞ്ച് മിനുറ്റോളം ഇയാൾ വെള്ളത്തിൽ നിന്നാണ് വായു എടുക്കുന്നത്.
ജയിലിൽ നിന്നിറങ്ങി വന്ന ഉടനെ തനിക്കു വേണ്ടി പതിനായിര കണക്കിന് ആളുകളെ ഒപ്പം കൂട്ടാൻ കഴിഞ്ഞ അപൂർവ്വ പ്രതിഭയാണ് ഇന്ദുചൂഡൻ .അയാൾ കാണിക്കുന്ന അതിമാനുഷിക കഥാപാത്രത്തിന് അനുയോജ്യമാണ് അയാളുടെ പ്രണയ രംഗങ്ങളും .ഇന്ന് മാറിയ കാഴ്ച്ചപാടിൽ അതിനെ എടുത്ത് ഇഴ കീറി പരിശോധിക്കുന്ന പൊ. ക വാദികളോട് സഹതാപം മാത്രമാണുള്ളത്.
കല കലക്കുവേണ്ടിയാണ്. ശ്രീനിവാസൻ പറഞ്ഞ പോലെ വൈലോപ്പള്ളിയുടെ മാമ്പഴം വായിച്ച ഒരു പെൺകുട്ടിയും മുതിർന്ന് അമ്മയായ ശേഷം , മാമ്പൂ എറിഞ്ഞു കളയുന്ന തന്റെ കുഞ്ഞിനെ തല്ലാതിരുന്നിട്ടില്ല.കാരണം കലക്ക് അത്ര പ്രാധാന്യമേ സമൂഹത്തിലുള്ളൂ.ഇവിടെ മറ്റൊരു ചിത്രത്തിലെ ഭാഗത്തെ എഡിറ്റ് ചെയ്തു കയറ്റി കോൾമയിർ കൊള്ളുകയാണ് പൊ. ക വാദികൾ .സത്യത്തിൽ ഇന്ദുചൂഢൻ തന്റെ നിബന്ധന മുന്നോട്ടു വയ്ക്കുന്നു എന്നേയുള്ളൂ. അപ്പോഴും നായിക ഫ്രീയാണ്. ഇവിടെ നായികയെ നിർമ്മിച്ച് വായിൽ കയറി വെടി വച്ചാണ് പൊ. ക ശരിയാക്കി എടുക്കുന്നത്.