സോയിൽ പൈപ്പിങ്ങ് – അടുത്ത ദുരന്തവഴിയോ?

0
396

മാധവ് ഗാഡ്ഗിൽ റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ
Indulal Gopalജിയുടെ ശ്രദ്ധേയമായ പോസ്റ്റ്. ചർച്ചചെയ്യപ്പെടേണ്ടത്

സോയിൽ പൈപ്പിങ്ങ് – അടുത്ത ദുരന്തവഴിയോ?
*******************************
ഭൗമോപരിതലത്തിലുള്ള മണ്ണൊലിപ്പിനെപ്പെറ്റി പണ്ടുമുതലേ നാം കേൾക്കുന്നതാണ്‌. മണ്ണൊലിപ്പുമൂലമുള്ള വിപത്തുകളെപ്പറ്റി നാം ഒരുപരിധിവരെ ബോധവാന്മാരാണുതാനും. എന്നാൽ ഭൗമാന്തർഭാഗത്തുള്ള മണ്ണൊലിപ്പിനേപ്പറ്റി നാം അത്രകണ്ട് മനസ്സിലാക്കിയിട്ടുണ്ടോ എന്നു സംശയമാണ്‌..

നദീതീരത്തുള്ള മണ്ണിടിച്ചിൽ നാം വാർത്തകളിൽ കാണുകയും നദി അതിന്റെ സ്വാഭാവിക പാത വീണ്ടെടുക്കുന്നു എന്ന് കാവ്യാത്മകമായിപ്പറഞ്ഞ് അതിനെ നിസ്സാരമാക്കി തള്ളിക്കളയുകയും ചെയ്യുന്നു. ഒരു വെള്ളപ്പൊക്കകാലത്തിനുശേഷം അതിനു വാർത്താപ്രാധാന്യം ലഭിക്കുന്നുമില്ല. നദിയുടെ വീതി വർദ്ധിക്കുന്നുവെന്നും നദിക്കരയിൽ വസ്തുവുള്ളവർക്ക് വസ്തു നഷ്ടപ്പെടുന്നു എന്നുമുള്ള ഉപരിപ്ലവമായ

Indulal Gopal

ചർച്ചയ്ക്കും ആശങ്കയ്ക്കുമപ്പുറം അതിനുപിന്നിലെ അപകടത്തെപ്പറ്റി നാം അത്രമേൽ ബോധവാന്മാരാണോ? ഈ പ്രതിഭാസത്തെ ഒരു വെള്ളപ്പൊക്കകാല വാർത്തയ്ക്കപ്പുറം ഗൗരവത്തോടെ കാണേണ്ടതുണ്ടോ?

2018 ലെ പ്രളയത്തിനുശേഷം ദേശീയഭൗമശാസ്ത്രപഠനകേന്ദ്രം നടത്തിയ പഠനഗവേഷണങ്ങൾ വിരൽ ചൂണ്ടുന്നത് സമീപകാല മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ,പ്രളയം എന്നീ പ്രകൃതിദുരന്തങ്ങൾക്കു പിന്നിൽ ഭൗമാന്തർഭാഗത്തുള്ള മണ്ണൊലിപ്പിനുള്ള (Soil Piping) പ്രാധാന്യത്തിലേക്കാണ്‌.

എന്താണു സോയിൽ പൈപ്പിങ്ങ്? ഭൂമിയ്ക്കടിയിൽ ഇളകിയമണ്ണിലേക്ക് വെള്ളം ഒഴുകിയിറങ്ങി, വെള്ളത്തിനു കടന്നുപോകാനുള്ള ഒരു പാതയുണ്ടാകലാണ്‌ സോയിൽ പൈപ്പിങ്ങ് എന്നു ചുരുക്കത്തിൽ പറയാം. സ്വാഭാവികമായ അത്തരം ജലപ്രവാഹങ്ങൾ ഭൂമിയിലെ ജലസംരക്ഷണത്തിനും ജലലഭ്യതയ്ക്കും ആവശ്യമായ വിധത്തിൽ പ്രകൃതിതന്നെ ഒരുക്കിയിട്ടുണ്ടുതാനും. അത്തരം ചെറിയ ജലപ്രവാഹങ്ങളാണ്‌ ഉറവകൾ. കിണറിൽ ജലമെത്തിക്കുന്ന ഉറവകൾ!. മഴപെയ്ത് ഭൂമിയിൽ ആഴത്തിൽ ഇറങ്ങുന്ന വെള്ളം മറ്റു പലസ്ഥലത്തേക്കും ഭൂമിയുടെ അടിയില്ക്കൂടെ ഒഴുകിപ്പരന്ന് ഉറവകളായി കിണറുകളിൽ ജലമെത്തിക്കുന്നു. ഉയർന്ന മലനിരകളുടെ താഴെയുള്ള പാറകളിലുള്ള നനവുപോലും ഭൂമിക്കടിയിലുള്ള അത്തരം ജലപ്രവാഹത്താലാണ് സംഭവിക്കുന്നത്.

Image result for soil pipingഭൂമിയ്ക്കടിയിലൂടെയുള്ള ജലപ്രവാഹം നാം കരുതുന്നതിനേക്കാൾ ശക്തമാകുകയും, അതു അവിടുത്തെ മണ്ണിനെ ഒഴുക്കിക്കളഞ്ഞ് വലിയ ദ്വാരങ്ങൾ സൃഷ്ടിക്കുകയും കാലാന്തരത്തിൽ അത്തരം ശൂന്യസ്ഥലങ്ങൾ ധാരാളമായി ഉണ്ടാകുകയും ചെയ്യുന്നതോടെ മേല്മണ്ണിനുതാഴെ താങ്ങ് ഇല്ലാതെവരികയും ആ ഭാഗത്തെ മണ്ണ്‌ താഴേയ്ക്ക് ഇരുത്തുകയും ചെയ്യുന്നു. അതിന്റെ ഫലമായി മണ്ണിടിച്ചിൽ,കിണർ ഇടിയുക എന്നതൊക്കെ സംഭവിക്കുന്നു.‍. സാധാരണഗതിയിൽ ഉറപ്പുള്ളതെന്നു നാം കരുതുന്ന സ്ഥലത്തുപോലും കിണർ ഇരുത്തുന്നതിന്റെ കാരണമിതുകൂടെയാണെന്ന് ദേശീയഭൗമശാസ്ത്രപഠനഗവേഷണകേന്ദ്രം മുന്നറിയിപ്പു നല്കുന്നു. മലനിരകളെന്നോ പരിസ്ഥിതിലോലപ്രദേശമെന്നോ ഉരുൾപൊട്ടലിനു പണ്ടേ സാദ്ധ്യതയുള്ള പ്രദേശമെന്നോ ഉള്ള വേർതിരിവില്ലാതെ എവിടെയും ഇതു സംഭവിച്ചേക്കാം.

മാധവ് ഗാഡ്ഗിലിന്റെ ‘പരിസ്ഥിതിലോലപ്രദേശങ്ങൾ’ എന്ന വാക്കില്‍ അധിഷ്ടിതമാണ്‌ പ്രളയവുമായി ബന്ധപ്പെട്ട നമ്മുടെ പരിസ്ഥിതിചിന്തകളെല്ലാം. ഉയർന്ന മലനിരകൾ മാത്രമാണ്‌ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ എന്നീ ഭീഷണികള്‍ നേരിടുന്നതെന്ന ചിന്തയിൽ മറ്റുള്ളിടമെല്ലാം സുരക്ഷിതമെന്നും നാം ഒരു പരിധിവരെ കണക്കുകൂട്ടുന്നു. സമീപകാലങ്ങളിൽ കിണറുകൾ ഇടിഞ്ഞുതാഴുന്നതും ഭൂമിയിൽനിന്ന് തിളച്ചവെള്ളം പൊന്തിവരുന്നതുമെല്ലാം ഒറ്റപ്പെട്ട സംഭവങ്ങളായിക്കണ്ട് ഒരു ചാനല്‍ചർച്ചയ്ക്കപ്പുറം പ്രാധാന്യമില്ലാതെ മാഞ്ഞുമറഞ്ഞുപോകുന്നതിന്റെ കാരണവുമിതാകാം. ഇവിടെയാണ്‌ ഇതിന്റെയെല്ലാം പിന്നിൽ, പരിസ്ഥിതിലോലമെന്നു മുദ്രകുത്തപ്പെടാത്ത സ്ഥലത്തുപോലുംസംഭവിക്കുന്ന ഇത്തരം പ്രതിഭാസങ്ങളുടെയൊക്കെ പിന്നിൽ , സോയിൽ പൈപ്പിങ്ങ് എന്നതിനു സാരമായ പങ്കില്ലേയെന്ന് ചിന്തിക്കേണ്ടത്.

അതിമർദ്ദത്തിൽ ഒരുവശത്തു വെള്ളം കെട്ടിനിറുത്തിയിരിക്കുന്ന ഡാമുകൾ പോലും അതിന്റെ ജലനിരപ്പുയർന്നോ, വെള്ളം തുറന്നുവിടേണ്ട സ്ഥിതിയുണ്ടോ എന്ന നിലയിൽ മാത്രമാണു നാം കാണുന്നത്. അവിടെയും സോയിൽ പൈപ്പിങ്ങ് എന്ന വില്ലൻ എന്നാണു പ്രവർത്തിക്കുയെന്നത് ഭീതിയോടെയേ ഓർക്കാനാകൂ. അമേരിക്കയിലെ 30% ഡാമുകളും തകർച്ച നേരിട്ടത് ഭൗമാന്തർഭാഗത്തെ നീരൊഴുക്കുമൂലം അടിമണ്ണൊലിപ്പിന്റെ ഫലമായി മേല്മണ്ൺ താഴ്ന്നുപോയതിനാലാണെന്ന്‍ അവരുടെ ആഭ്യന്തരപുനരുപയോഗവിഭാഗം നടത്തിയ പഠനങ്ങൾ അടിവരയിടുന്നു. ഡാമുകളിൽനിന്നുള്ള ജലമൂറൽ (seepage) ഗൗരവമായിക്കാണുകയും അതിനെ പ്രതിരോധിക്കാൻ ഡാമിന്റെ വിള്ളലുകൾ യഥാകാലം അറ്റകുറ്റപ്പണികൾക്കു വിധേയമാക്കുകയും ചെയ്യണം.

അനിയന്ത്രിതമായ രീതിയിൽ ഭൂമിക്കുമേൽ നടത്തുന്ന കെയേറ്റങ്ങൾ അടിയന്തിരമായി അവസാനിപ്പിക്കുകയല്ലാതെ ഇത്തരം ദുരന്തങ്ങൾക്കോ പ്രതിഭാസങ്ങൾക്കോ തടയിടാനാകില്ല. ഭൂമിയുടെ ഉപരിതലതൽസ്ഥിതിയും അതില്ക്കൂടെയുള്ള ബാഹ്യനീരൊഴുക്കും മാത്രം കണക്കിലെടുത്ത് വികസനപ്രവർത്തനങ്ങൾക്കു ശ്രമിക്കാതെ ആ സ്ഥലത്തിന്റെ ഭൗമാന്തരനീരൊഴുക്കും ആ പ്രദേശത്തിന്റെ പിൻകാല ഭൗമസ്ഥിതിയും ആഴത്തിലുള്ള വിശകലനങ്ങൾക്കു വിധേയമാക്കേണ്ടതുണ്ട്. നദികളും നീർത്തടങ്ങളും ചതുപ്പുനിലങ്ങളും തരിശാക്കുന്നതിനെതിരേയും വികസനപ്രവർത്തനങ്ങളുടെ പേരിൽ ഭൂമിയുടെ പ്രകൃത്യാ ഉള്ള സ്വാഭാവികതയ്ക്കു ഭംഗം വരുത്തുന്നതിനെതിരേയും ഏവരും ഒരുമിച്ചു ചിന്തിക്കുകയും അവയ്ക്കൊക്കെയും പകരമായി പ്രകൃതി സൗഹൃദമാർഗങ്ങൾ കണ്ടെത്തുകയും വേണം. പരിസ്ഥിതിലോലപ്രദേശങ്ങളിൽ ഇനിയുള്ള നിർമ്മാണപ്രവർത്തനങ്ങളിലെങ്കിലും അതീവജാഗ്രത പുലർത്തേണ്ട സമയം സമാഗതമായിരിക്കുന്നു.

നദീതീരസംരക്ഷണത്തിനായി അതിർഭിത്തികൾ കെട്ടുന്നതും ശാത്രസാങ്കേതികവിദ്യയുടെ സഹായത്തോടെ തീരങ്ങളിൽ സീപേജിന്റെ അളവുനിർണയിച്ച് സംരക്ഷണഭിത്തികൾ ബലപ്പെടുത്തുന്നതും സോയിൽ പൈപ്പിങ്ങിന്റെ ആഘാതം കുറയ്ക്കാൻ സഹായിക്കും. ഇതേ വഴികള്‍തന്നെ ഡാമുകളിലും കൂടുതൽ ഗൗരവത്തോടെ അനുവർത്തിക്കേണ്ടതുണ്ട്. പാറഖനനത്തിനും ക്വാറികളുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിനും നാം ശ്രദ്ധിച്ചേ മതിയാകൂ.

വയനാട്ടിലെ വൈത്തിരിയിൽ ഒരു ഇരുനിലക്കെട്ടിടം അതിന്റെ സ്ഥാനത്തുനിന്ന് 12 അടിയോളം ദൂരേയ്ക്കു മാറിപ്പോയി; കണ്ണൂരിൽ ഭൂമിക്കടിയിൽനിന്ന് ഭൗമോപരിതലത്തിലേക്ക് ശക്തമായ ജലപ്രവാഹമുണ്ടായി; ചിലയിടത്ത് നാം ആദ്യം പരാമർശിച്ചതുപോലെ കിണറുകൾ ഇടിഞ്ഞുതാണു. കോഴിക്കോട് പൈക്കാടന്‍ മല, പുത്തുമല, കവളപ്പാറ എന്നീ സ്ഥലങ്ങളിലെ ദുരന്തങ്ങൾക്കുപിന്നിൽ സോയിൽ പൈപ്പിങ്ങിനു സാദ്ധ്യത തള്ളിക്കളയാനാവില്ലെന്ന ഭൗമശാസ്ത്രജ്ഞരുടെ നിരീക്ഷണങ്ങളെ നാം നിസ്സാരമായിക്കാണുന്നത് ഇതുപോലെയുള്ള ഭാവിദുരന്തങ്ങൾക്കു വഴിവെയ്ക്കുമെന്നും തിരിച്ചറിയേണ്ടതുണ്ട്.

കേരളത്തിൽ അടുത്തയിടെ മാത്രം കണ്ടുതുടങ്ങിയ സോയിൽ പൈപ്പിങ്ങും ഭൂമി വിണ്ടുകീറുന്നതും വരാനിരിക്കുന്ന വൻദുരന്തങ്ങളുടെ മുന്നോടിയാണെന്ന ദേശീയഭൗമശാസ്ത്രപഠനകേന്ദ്രത്തിലെ ഡോ വി നന്ദകുമാറിന്റെ വാക്കുകളും മാധവ് ഗാഡ്ഗിൽ റിപ്പോർട്ടിന്മേൽ ആരോഗ്യകരമായ ചർച്ചകൾ നടത്തി പ്രകൃതിസൗഹാർദപരമായ നടപടികളെടുത്തില്ലെങ്കിൽ അനിയന്ത്രിതമായ പ്രകൃതിദുരന്തങ്ങളായിരിക്കും ഫലമെന്ന പാരിസ്ഥിതിക ശാസ്ത്രജ്ഞനായ ഡോ വി എസ് വിജയന്റെ വാക്കുകളും അകറ്റിനിറുത്താവുന്ന ആസന്ന സന്നിഗ്ദ്ധാവസ്ഥയിലേക്കുള്ള ചൂണ്ടുപലകയാണ്‌.

പ്രകൃതിയെ സംരക്ഷിച്ചു നിറുത്തേണ്ടതിന്റെ ആവശ്യകത, പരിസ്ഥിതിസംരക്ഷണത്തിന്റെ പ്രാധാന്യം എന്നിവയെപ്പറ്റിയൊക്കെ സംസാരിക്കുന്നവരെ വികസനവിരുദ്ധർ, വംശനാശം സംഭവിച്ച ലോലഹൃദയർ എന്നൊക്കെ പരിഹസിച്ച് അകറ്റുന്നവരാണ്‌ ഏറെയും എന്നറിയാതെയല്ല ഇക്കാര്യത്തെപ്പറ്റി പറയുന്നത്. പ്രകൃതിയുടെ സ്വാഭാവിക ഭൂപ്രകൃതിക്കുമേൽ മനുഷ്യൻ തന്റെ ഭൗതികാവശ്യങ്ങൾക്കായി നിയന്ത്രണരേഖവിട്ടു പെരുമാറാൻ തുടങ്ങിയതോടെ ക്രമാനുഗതമായി പ്രകൃതിദുരന്തങ്ങളുടെ വ്യാപ്തിയും പരപ്പും കൂടാൻ തുടങ്ങി. കുന്നിനെ കുന്നായും തണ്ണീർത്തടങ്ങളെ അങ്ങിനേയും പ്രകൃതി കാത്തുവെച്ചതിന്റെ പിന്നിൽ പ്രകൃതിക്കുണ്ടായിരുന്ന ബൗദ്ധികബോധം മനുഷ്യർ അറിയാൻ ശ്രമിച്ചതേയില്ല. കുന്നിടിച്ചു നിരപ്പാക്കിയും, നീർത്തടങ്ങൾ വികസനത്തിന്റെ പേരിൽ നികത്തിയും പ്രകൃതിക്കുമേൽ, , പ്രകൃതിയിൽ നിർലീനമായ സത്തയ്ക്കുമേൽ നാം കൈയേറ്റം തുടർന്നു. രസതന്ത്രത്തിലെ പ്രശസ്തമായ ലേ ഷാറ്റ്ലിയർ സിദ്ധാന്തം പറയുന്നത് നാം ഒരു വ്യവസ്ഥയ്ക്കുമേൽ ആ വ്യവസ്ഥയ്ക്കു ഭംഗംവരുത്തുന്ന എന്തെങ്കിലും നടപടിക്കു മുതിർന്നാൽ അതിനെ ക്രമപ്പെടുത്താൻ ആ വ്യവസ്ഥ സ്വയമേവ മറ്റൊരു സമതുലനാവസ്ഥ കൈവരിക്കും എന്നാണ്‌. അത്തരത്തിൽ ഏറെ അലോസരപ്പെട്ട പ്രകൃതി സ്വയമേവ ശുദ്ധീകരിക്കാനുള്ള മാർഗങ്ങൾ തേടുന്നതിനു മുന്നോടിയാണോ ഇത്തരം ദുരന്തങ്ങൾ എന്ന് മറ്റുപരിഗണനകൾക്കതീതമായി ഏവരും ഉണർന്നു ചിന്തിക്കേണ്ട സമയമാണിത്. തുച്ഛമായ ലാഭത്തിനും താൻപോരിമയ്ക്കും വേണ്ടി പ്രകൃതിക്കുമേലുള്ള കടന്നുകയറ്റങ്ങൾ അവസാനിപ്പിക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ്‌ ദേശീയഭൗമശാസ്ത്രപഠനകേന്ദ്രത്തിന്റെ ഗവേഷണഫലങ്ങൾ വിരൽ ചൂണ്ടുന്നത്. പരിസ്ഥിതി സംരക്ഷണമെന്നത് ആണ്ടിലൊരിക്കൽ പരിസ്ഥിതിദിനത്തിൽ വൃക്ഷത്തൈകൾ നടുന്ന വെറും പ്രകടനാത്മകതയിലേക്കു ചുരുക്കാതെ ആഗോളതലത്തിൽ ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യാൻ സമീപകാലദുരന്തങ്ങളും ഇനി വരാനിരിക്കുന്നവയെക്കുറിച്ചുള്ള മുന്നറിയിപ്പുകളും നമുക്ക് മാർഗ്ഗദീപമാകട്ടേ.

Ref:
1. Fadi Saliba; Ronald Bou Nassar; Naji Khoury; and Yara Maalouf, Internal Erosion and Piping Evolution in Earth Dams Using an Iterative Approach, Geo-Congress 2019

2. Afsal K P, Anjali Peter, Peter Jobe , Vinaya S M , Binoy Alias M. Dam Break Analysis of Idukki Dam Using FLDWAV River Mechanics, International Research Journal of Engineering and Technology, May 2016

3. Hindustan Times news dated Aug 16, 2019

4. Wan, C.F., & Fell, R., Investigation of internal erosion and piping of soils in embankment dams by the slot erosion test and the hole erosion test. UNICIV Report No R-412, The University of New South Wales Sydney ISSN 0077 880X, 2002.