നീതിയുടെ ഭാവങ്ങൾ…

177

Asthappan Sunny

നീതിയുടെ ഭാവങ്ങൾ

(1) മലയാറ്റൂരിൽ പ്രാദേശികമായി നടന്ന ഒരു സംഭവത്തിനിടയിൽ പോലീസ് ജീപ്പ് കടന്നു വന്നപ്പോൾ ജീപ്പിൽ ആരോ കല്ലെറിഞ്ഞു. പിന്നീട് പോലീസ് അതുമായി ബന്ധപ്പെട്ട്, ഒരു പാറമട തൊഴിലാളിയെ അറസ്റ്റ് ചെയ്തു. അതിക്രൂരമായി മർദ്ദിച്ചു കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ദളിത് യുവാവായിരുന്നു പോലീസ് കസ്റ്റഡിയിലെടുത്ത പ്രതി. പോലീസിന്റെ രണ്ടു ദിവസത്തെ പീഡനത്തിൽ അയാൾ ജീവച്ഛവമായി. തെളിവെടുക്കാനും മറ്റും പോലീസ് വീണ്ടും കസ്റ്റഡിയിൽ വാങ്ങാൻ പദ്ധതിയിട്ടു. നാലുസെന്റ് കോളനിയിൽ ജീവിക്കുന്ന അവർക്കായി ഇടപെടാൻ ആരുമുണ്ടായിരുന്നില്ല. ജയിലിൽ പോയി ഭർത്താവിനെ കണ്ടശേഷം അവരുടെ ഭാര്യ പല രാഷ്ട്രീയ നേതാക്കളെയും കണ്ടു കരഞ്ഞു കാലുപിടിച്ചു സഹായിക്കാൻ അപേക്ഷിച്ചു. അങ്ങിനെ ആഭ്യന്തരമന്ത്രിയുടെ പി എ ഇടപെട്ടു അവസാനം പോലീസ് പിന്തിരിഞ്ഞു. കടുത്ത മർദ്ദനത്തിൽ ശരീരം ക്ഷയിച്ച അയാൾക്ക് പിന്നീട് പാറമടയിൽ ജോലി ചെയ്യാൻ കഴിയാതെ ലോട്ടറി വിറ്റു ജീവിക്കുന്നു. സത്യത്തിൽ പോലീസ് വണ്ടിക്ക് കല്ലെറിഞ്ഞവർ വേറെ ക്രിമിനലുകളായിരുന്നു.

(2) കഴിഞ്ഞ വർഷമാണ് ഒരു പോലീസ് എ ഡി ജി പി യും മകളും ഒരു പോലീസുകാരനെ അകാരണമായി തല്ലിച്ചതച്ചത്. കഴുത്തിനു സാരമായ പരിക്കേറ്റതിനാൽ പത്തു ദിവസം ആശുപത്രിയിൽ ചികിത്സയിൽ കഴിയേണ്ടി വന്ന കോൺസ്റ്റബിൾ ഗവാസ്‌ക്കർ ഡിജിപിയ്ക്ക് പരാതി നൽകി. എന്നാൽ ഉയർന്ന പോലീസ് ഉദ്യോഗസ്ഥനെതിരെയും മകൾക്കെതിരെയും എടുത്ത കേസുകൾ പോലീസ് മുക്കി കളഞ്ഞു. ഒന്നര വർഷമായിട്ടതും ഗവാസ്‌ക്കർക്ക് നീതി കിട്ടിയില്ല. ഡിജിപി അന്വേഷിക്കുമെന്നും ശക്തമായ നടപടിയുണ്ടാകുമെന്നും ആഭ്യന്തര മന്ത്രികൂടിയായ മുഖ്യമന്ത്രി ഉറപ്പ് നൽകിയതാണ്. പക്ഷെ പ്രതിയായ മകൾ രാജ്യം വിട്ട് അമേരിക്കയിലേക്ക് പറന്നു.

(2)a. ഇനി ഗവാസ്‌ക്കർ എന്ന പോലീസ് കോൺസ്റ്റബിളെ തല്ലിയത് ഒരു ആദിവാസിയോ, ദളിതോ, സാധാരണക്കാരനായ ഒരാളോ, ആണെന്ന് കരുതുക. നിയമവും പോലീസും എങ്ങനെയാകും ഇടപെടുക ? രാത്രിയോ പകലെന്നോ നോക്കാതെ വീട് വളഞ്ഞു ആളെപ്പിടിക്കും. ചവിട്ടിക്കൂട്ടി ജീപ്പിലേക്കെറിയും. പോലീസ് സ്റ്റേഷനിൽ, ലോക്കപ്പിൽ ഏതൊക്കെ തരത്തിലുള്ള മർദ്ദനമാകാമോ അതൊക്കെ ആ ശരീരത്തിൽ പരീക്ഷിക്കും. പിന്നീട് റിമാൻഡിൽ. എല്ലാ വകുപ്പുകളും ചേർത്തുള്ള കുറ്റമറ്റ കുറ്റപത്രം… അങ്ങിനെയങ്ങിനെ ആ ജീവിതങ്ങൾ പുകഞ്ഞു തീരും.

(2)b. പോലീസ് കോസ്റ്റബിളുടെ തോന്നിവാസം ചോദ്യം ചെയ്തതിനോ, കയ്യേറ്റം ചെയ്തതിനോ ആണെങ്കിലും പോലീസ് മേൽ നടപടികൾ തന്നെ ചെയ്തിരിക്കും. അപ്പോഴും നീതി സാധാരണക്കാരന് നൂറു ശതമാനവും എതിരാകും.

(2)C. ഈ പോലീസുകാരനെ മർദ്ദിച്ചത്, ഒരു സമ്പന്നനോ, രാഷ്ട്രീയ നേതാവോ, സമുദായ മതനേതാക്കളോ ആണെന്നിരിക്കട്ടെ. അത് ഒത്തുതീർപ്പിലെത്തിക്കുക ഇതേ നിയമ വാഴ്ച നടപ്പാക്കുന്നവർ തന്നെയാകും.

നമ്മുടെ നീതിക്ക് ഒട്ടേറെ ഭാവങ്ങളുണ്ട്. അത് ഇരയുടെ വലുപ്പമനുസരിച്ച് ക്രൗര്യവും വിനയവും പിന്തിരിഞ്ഞോട്ടവും നടത്തും.