അതിമനോഹരമായ കലകളും പ്രകൃതിയുമുണ്ട്, പക്ഷെ മേൽ-കീഴ് വ്യത്യാസങ്ങൾ വർണ്ണ-വർഗ്ഗ-ലിംഗ-സമ്പദ് വിവേചനങ്ങൾ വളരെ കൂടുതലാണ്

214

Nasee Melethil

പുതുതായി ഓഫീസിൽ ജോലിക്കു ചേർന്ന ആഫ്രോ വംശജയായ പെൺകുട്ടി കൂടുതൽ അടുത്തറിയാനായി വെച്ച ലഞ്ച് മീറ്റിങ്ങിൽ മിസോ സൂപ്പ് കുടിച്ചിരിക്കുകയായിരുന്നു. നാടും വീടും ജീവിതവും സംസാരിക്കുന്നതിനിടക്കാണ് അവൾ ”വിവേചനം” എന്ന വിഷയത്തെ കുറിച്ച് ചോദിച്ചത്. പെണ്ണായി പിറന്നതിൽ, വിദേശിയായി ജീവിക്കുന്നതിൽ ജപ്പാനിൽ എന്തെങ്കിലും വിവേചനം നേരിട്ടിട്ടുണ്ടോ ?

13 കൊല്ലങ്ങളായി തുടർച്ചയായി ജോലി ചെയ്ത് ജീവിക്കുന്ന നാടാണ് . ഒരു മാസം വീട് പൂട്ടാൻ മറന്ന് നാട്ടിൽ പോയി വന്നിട്ടും കള്ളൻ കയറാത്ത , തിരക്കുള്ള മെട്രോ ട്രെയിനിൽ കയറി പോയിട്ടും ആരും തൊട്ടു തോണ്ടാത്ത , കൂട്ടുകാരെ കണ്ടു രാത്രി 12 മണിയുടെ ട്രെയിനിൽ കയറി വന്നിട്ടും ഒരാളും കണ്ട ഭാവം നടിക്കാത്ത, ഓഫിസിൽ ജോലിയിൽ ഒക്കെയും പ്രായ ലിംഗ വ്യത്യസമില്ലാതെ അവസരങ്ങൾ കിട്ടിയ അനുഭവങ്ങൾ ആണുള്ളത്.

ഓർമ്മകൾ പിന്നെയും ബാക്കിലോട്ടു പോയി, ആദ്യമായി 4 കിലോമീറ്റർ അകലെയുള്ള യു പി സ്കൂളിൽ ചേർന്നപ്പോൾ അയ്യേ ഓടോമ്പറ്റക്കാരിയോ
എന്ന ചിരി, പിന്നെ 10 കിലോമീറ്റർ അകലെ ഹൈ സ്കൂളിൽ പോയപ്പോൾ ചെമ്പ്രശ്ശേരിയോ എന്ന തമാശ പുച്ഛം, യൂണിവേഴ്സിറ്റിയിൽ, കല്യാണം കഴിഞ്ഞപ്പോൾ, എന്തിന് ഈയിടെ പരിചയപ്പെട്ടവർ പോലും മലപ്പുറം ജില്ലയോ അവിടെയും പെൺകുട്ടികൾക്ക് ഭാഷയോ പഠിപ്പോ ജോലിയോ എന്ന അതിശയം.

ആദ്യമായി മലയാളിയായത് കേരളം വിട്ടപ്പോഴാണ്. അന്ന് ബോംബയിൽ നിന്ന് വന്ന ഒരു ലോ വേസ്റ്റ് ജീൻസുകാരിയായ ജൂനിയർ ആണ് സൗത്ത് ഇന്ത്യക്കാർ എത്ര പരിഷ്‌കാരം കുറഞ്ഞവരാണെന്ന് ഓർമ്മിപ്പിച്ചത്. ആദ്യമായി ഇന്ത്യക്കാരിയായത് ഇന്ത്യക്ക് പുറത്തു വന്നപ്പോഴും. തവിട്ടു നിറവും ഉണ്ടക്കണ്ണും ചപ്ര തലമുടിയും നോക്കി നീയെത്ര സുന്ദരിയെന്നു ഒരു പാട് മനുഷ്യരിൽ നിന്ന് കേട്ടതും പുറത്തു വന്നപ്പോഴാണ്.

ഇന്ത്യയിൽ ഒരു കൊല്ലം കറങ്ങി നടന്ന ഒരു വിദേശി കൂട്ടുകാരി പറഞ്ഞതാണ്, “അതി മനോഹരമായ കലകളും പ്രകൃതിയുമുണ്ട് നിന്റെ നാട്ടിൽ , പക്ഷെ മേൽ-കീഴ് വ്യത്യാസങ്ങൾ വർണ്ണ-വർഗ്ഗ-ലിംഗ-സമ്പദ് വിവേചനകൾ വളരെ വളരെ കൂടുതലാണ്” .

കേരളം പിറന്നാൾ ആഘോഷിക്കുന്ന ഇന്ന് പ്രതീക്ഷ തരുന്നത് താഴെ കുറിച്ചിട്ട വരികളിലാണ്
“മതമല്ല മതമല്ല പ്രശ്നം
എരിയുന്ന വയറിന്റെ തീയാണു പ്രശ്നം”
കീഴടങ്ങാത്ത മനുഷ്യത്വത്തിന്റെ കാവലാളാകുന്നു ബിനീഷ് ബാസ്റ്റിന്റെ മാന്യമായ പ്രതിഷേധം.