???? പറന്ന് ഫിഫ്റ്റി അടിക്കാൻ ഇൻജെന്യുവിറ്റി; ചൊവ്വയിൽ ഹെലികോപ്റ്റർ പറന്നത് 16 മീറ്ററിൽ‌

അനു ശ്രീധർ

ചൊവ്വയിൽ പലവിധ റെക്കോർഡുകൾ സ്ഥാപിച്ചുകൊണ്ടിരിക്കുകയാണ് അവിടെയെത്തിയ ചെറുഹെലികോപ്റ്ററായ ഇൻജെന്യൂയിറ്റി. കഴിഞ്ഞ ദിവസം കോപ്റ്ററിന്റെ 49–ാമത്തെ പറക്കലായിരുന്നു. 16 മീറ്റർ പൊക്കത്തിൽ പറന്ന കോപ്റ്റർ മണിക്കൂറിൽ 23.4 കിലോമീറ്റർ എന്ന വേഗവും നേടി. ചൊവ്വയിൽ കൈവരിക്കുന്ന ഏറ്റവും ഉയർന്ന പൊക്കവും വേഗവും ആണിത്. 142.7 സെക്കൻഡ് നീണ്ടുനിന്നു ഇൻജെന്യൂയിറ്റിയുടെ 49–ാം പറക്കൽ.

മണിക്കൂറിൽ 19.8 കിലോമീറ്റർ എന്നതായിരുന്നു ഇൻജെന്യൂയിറ്റി ഇതിനു മുൻപ് കൈവരിച്ച ഉയർന്ന വേഗം. 3 തവണ ഇതേ വേഗം കൈവരിച്ചു. ഏറ്റവും ദൂരം താണ്ടിയ പറക്കൽ പക്ഷേ ഇതൊന്നുമല്ല. അത് സംഭവിച്ചത് കഴിഞ്ഞ ഏപ്രിൽ എട്ടിനാണ്. 704 മീറ്റർ ദൂരം താണ്ടാൻ അന്ന് കോപ്റ്ററിനു സാധിച്ചു. 2021 ഫെബ്രുവരിയിൽ ചൊവ്വയിലിറങ്ങിയ പെഴ്സിവീയറൻസ് റോവറിനൊപ്പമാണ് ഇൻജെന്യൂയിറ്റി ഹെലികോപ്റ്ററും എത്തിയത്. ചൊവ്വയുടെ ആകാശത്ത് പറന്ന ആദ്യ മനുഷ്യനിർമിത വസ്തുകൂടിയായ ഈ ഹെലിക്കോപ്റ്ററിന്റെ ഭാരം വെറും 1.8 കിലോ മാത്രമാണ്. ചൊവ്വാമാനത്ത് പറക്കൽ സാധ്യമാണോയെന്ന് അറിയുകയായിരുന്നു ഇൻജെന്യൂയിറ്റിയുടെ പ്രധാന ലക്ഷ്യം.

പണ്ട് ഭൂമിയിൽ വിമാനം പറത്താ‍ൻ സാധ്യമാണോയെന്ന് റൈറ്റ് സഹോദരൻമാർ പരിശോധിച്ചത് ഒരു ചെറുവിമാനം പറത്തിക്കൊണ്ടാണ്. ഇതേ ദൗത്യമാണ് ഇൻജെന്യൂയിറ്റി ചൊവ്വയിൽ ചെയ്തത്. മറ്റൊരു ഗ്രഹത്തിൽ ഊർജം ഉപയോഗിച്ചുള്ള ഒരു പറക്കൽ നടത്തിയതും ആദ്യമായായിരുന്നു.
മിനിറ്റിൽ 2400 തവണ കറങ്ങുന്ന രണ്ട് റോട്ടറുകളാണ് ഇൻജെന്യൂയിറ്റിക്കുള്ളത്. ഭൂമിയിലെ ഹെലിക്കോപ്റ്ററുകളേക്കാൾ റോട്ടർ സ്പീഡ് കൂടുതലാണ് ഇതിന്. ഇൻജെന്യൂയിറ്റിയുടെ ഓരോ റോട്ടറിലും കാർബൺ ഫൈബറിൽ തീർത്ത നാലു ബ്ലേഡുകൾ. റോവറിൽ നിന്നു ഊർജം ശേഖരിക്കുന്ന ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഇൻജെന്യൂയിറ്റിയിൽ പക്ഷേ മറ്റു ശാസ്ത്ര ഉപകരണങ്ങളൊന്നുമില്ല. എന്നാൽ ഹെലിക്കോപ്റ്ററിൽ രണ്ടു ക്യാമറകളുണ്ട്. ചൊവ്വയുടെ കുറച്ച് നല്ല ചിത്രങ്ങൾ ഇതിനകം തന്നെ ഇൻജെന്യൂയിറ്റി പകർത്തി അയച്ചിരുന്നു.

ഇൻജെന്യൂയിറ്റിയുടെ ചൊവ്വയിലെ പറക്കൽ ദൗത്യം അത്ര എളുപ്പമായിരുന്നില്ല. ഭൂമിയെ അപേക്ഷിച്ച് വളരെ സാന്ദ്രത കുറഞ്ഞ അന്തരീക്ഷമാണ് ചൊവ്വയിൽ എന്നതിനാലായിരുന്നു ഇത്. ഭൂമിയുടെ അന്തരീക്ഷത്തിന്റെ ഒരു ശതമാനം സാന്ദ്രത മാത്രമാണ് അവിടെയുള്ളത്. ഇത്തരമൊരു സാഹചര്യത്തിൽ പറക്കൽ വളരെ ദുഷ്കരമാണ്. 2400 ആർപിഎം എന്ന വളരെയുയർന്ന റോട്ടർ വേഗം ഇൻജെന്യൂയിറ്റിക്കു നൽകിയത് ഈ പ്രശ്നത്തെ തരണം ചെയ്തു.

മൊത്തം അഞ്ചുതവണ ചൊവ്വയിൽ വച്ച് ഇൻജെന്യൂയിറ്റിയെ പറത്താനായിരുന്നു നാസയുടെ പദ്ധതി. ആകെ 330 അടി ദൂരം ഹെലിക്കോപ്റ്റർ പറക്കുമെന്നും നാസ വിലയിരുത്തി. എന്നാൽ ആ വിലയിരുത്തലുകളെല്ലാം കാറ്റിൽ പറന്നു. അമേരിക്കയിലെ അലബാമയിൽ നിന്നുള്ള ഹൈസ്കൂൾ വിദ്യാർഥിയായ വനീസ രൂപാണിയാണ് ഹെലിക്കോപ്റ്ററിന് ഇൻജെന്യൂയിറ്റിയെന്നു പേരു നൽകിയത്. ഇന്ത്യൻ വംശജയാണ് 17 വയസ്സുകാരിയായ വനീസ. പെഴ്സിവിറൻസ് റോവറിനു പേരു ക്ഷണിച്ചു കൊണ്ട് നാസ ഒരു വലിയ ക്യാംപെയ്ൻ നടത്തിയിരുന്നു. അതിലേക്കാണ് വനീസ പേരു നൽകിയത്. എന്നാൽ ഈ പേര് റോവറിനേക്കാൾ ചേരുക ഹെലിക്കോപ്റ്ററിനാണെന്നു തിരിച്ചറിഞ്ഞാണു നാസ അധികൃതർ ഈ പേരു നൽകാൻ തീരുമാനമെടുത്തത്.

Leave a Reply
You May Also Like

ചന്ദ്രയാന്‍ മൂന്നിലെ ലാന്‍ഡര്‍ മൊഡ്യൂളില്‍നിന്ന് റോവര്‍ ചന്ദ്രോപരിതലത്തില്‍ യാത്ര തുടങ്ങിയ വീഡിയോ പുറത്തുവിട്ട് ഇസ്രോ

ചന്ദ്രയാന്റെ വിജയം രാജ്യവും ലോകവും ആഘോഷിക്കുമ്പോൾ പുതിയ പുതിയ അപ്‌ഡേറ്റുകൾക്ക് കാതോർക്കുകയാണ് ലോകം. ചന്ദ്രയാന്‍ മൂന്നിലെ…

വിസ്മയത്തുമ്പത്ത് ചിത്രശലഭങ്ങള്; ശലഭോദ്യാനം കടലാസിലൊതുങ്ങുന്നു

ദേശാടനശലഭങ്ങള്‍ വിരുന്നെത്തുന്ന വയനാട് ജൈവമണ്ഡലത്തില്‍ ശലഭോദ്യാനം സ്വപ്നം മാത്രമായി. നീലക്കടുവയും അരളിയും ഉള്‍പ്പെടെ നൂറുകണക്കിനു നിശാശലഭങ്ങളും രാപ്പാര്‍ക്കുന്ന ജീന്‍ പൂള്‍ മേഖലയില്‍ ഇവയെല്ലാം നിലനില്‍പ്പിനായുള്ള പോരാട്ടത്തിലാണ്. സസ്യലതാദികള്‍ക്കിടയില്‍ സുഷുപ്തിപൂണ്ട് സപ്തംബര്‍ മുതല്‍ നവംബര്‍ വരെ ഗ്രാമവഴികളിലേക്കു വിരുന്നിനിറങ്ങുന്ന നാനാതരം ശലഭങ്ങള്‍ വയനാട്ടിലുണ്ട്. തണുപ്പും മിതോഷ്ണവും ഇടകലരുന്ന ഋതുസംക്രമങ്ങളാണ് ശലഭങ്ങളുടെ പ്രിയതാവളമായി വയനാടിനെ മാറ്റിയത്.

നമുക്ക് ശ്വസിക്കാൻ ഓക്സിജൻ പുറത്തുവിടുന്ന ആ മാനസികരോഗി നമ്മൾ കരുതുന്നതുപോലെ മരങ്ങളല്ല

മരത്തിൽ കെട്ടിയ പശുവിനെപ്പോലെയാണ് നമ്മുടെ പരിസ്ഥിതിദിനം. പരിസ്ഥിതി എന്താണ്, അതിന്റെ സമഗ്രമായ മാനങ്ങൾ എന്തൊക്കെയാണ്

എസിയും ഡിസിയും പിന്നെ ടോപ്സിയും

ആവി എഞ്ചിന്‍ ശബ്ദിച്ചു തുടങ്ങി . കുരുക്കുകള്‍ മുറുകാന്‍ ആരംഭിച്ചു . പ്ലാറ്റ് ഫോമില്‍ നിന്നും പുക ഉയര്‍ന്നു . ജനങ്ങളുടെ ആരവങ്ങള്‍ക്കിടയില്‍ പ്രധാന ഇലക്ട്രീഷ്യന്‍ കൈ ഉയര്‍ത്തി . ടോപ്സിയുടെ ശരീരത്തിലേക്ക് 6,600 വോള്‍ട്ട് വൈദ്യുതി പ്രവഹിച്ചു . അങ്ങിനെ വര്‍ഷങ്ങള്‍ നീണ്ട ദുരിത ജീവിതത്തിനു വിരാമമിട്ടുകൊണ്ട് ടോപ്സി എന്ന ഏഷ്യന്‍ പിടിയാന അമേരിക്കന്‍ മണ്ണില്‍ പിടഞ്ഞു വീണു .