ഇന്നസെന്റ് പറഞ്ഞ കഥ
പ്രശസ്ത ചലച്ചിത്രതാരം ഇന്നസെന്റ് പറഞ്ഞ കഥയാണ്. അദ്ദേഹത്തിൻ്റെ വീട്ടിലെ ഫോൺ ഒരു ദിവസം പെട്ടെന്ന് വർക്ക് ചെയ്യാതായി. ഒറ്റക്കോളും വരുന്നില്ല. ഡയൽ ടോൺ കിട്ടുന്നുണ്ട് താനും. അങ്ങനെ അദ്ദേഹം ടെലിഫോൺസിൽ പരാതി കൊടുത്തു. അവർ ആളിനെ വിട്ടു നോക്കിച്ചു. ഒരു കുഴപ്പവുമില്ല എന്നവരും ഉറപ്പിച്ചു പറഞ്ഞു. ഒടുവിൽ അദ്ദേഹത്തിൻ്റെ സഹധർമിണിയായ ശ്രീമതി ആലീസ് അദ്ദേഹത്തോട് പറഞ്ഞു, മനുഷ്യാ നിങ്ങളെ ആരും സിനിമയിൽ ഇപ്പോൾ വിളിക്കുന്നില്ല.അതാണ് ഫോൺ അടിക്കാത്തത്. സത്യം പറഞ്ഞാൽ അപ്പോളാണ് അദ്ദേഹവും സിനിമയിൽ തനിക്കുണ്ടായ താൽക്കാലിക ഡിമാൻഡ് കുറവ് തിരിച്ചറിയുന്നത്. സാധാരണക്കാരനായ ഒരാൾ ചിലപ്പോൾ ആ അവസ്ഥയിൽ നിരാശയുടെ പടുകുഴിയിലേക്ക് വീണേനെ. പക്ഷെ ബുദ്ധിമാനായ ഇന്നസെന്റ് അതിനെ വളരെ പോസിറ്റീവായാണ് എടുത്തത്. ഭാവിയിൽ സിനിമകൾ ഇനിയും പഴയതുപോലെ കിട്ടിയേക്കാം. ഫോൺ നിർത്താതെ അടിക്കുകയും ചെയ്തേക്കാം. പക്ഷെ എപ്പോൾ വേണമെങ്കിലും നിലച്ചുപോകാവുന്ന ഒന്നാണത് , സന്തോഷവും ദുഃഖവും പോലെ സ്ഥായിയല്ലാത്ത ഒന്ന് എന്നുള്ള തിരിച്ചറിവ് അദ്ദേഹത്തിനുണ്ടായി. അത് ജീവിതത്തിന്റെ തുടർന്നുള്ള കാലത്ത് വലിയൊരു പാഠമായി സൂക്ഷിക്കാനുള്ള തീരുമാനം അദ്ദേഹം അവിടെ വച്ചെടുത്തു.
(കടപ്പാട് : Sanuj Suseelan)