ഭൂമിയുടെ അകത്തേക്ക്‌ ഒരു യാത്ര

Manu Nethajipuram

ഇതു ഭൂമിയുടെ തോലും ചകിരിയും ചിരട്ടയും വേർപ്പെടുത്തിയ പടമാണ് ,ഏറ്റവും പുറമേ, ഇടത്തേ അറ്റത്തു് ചിരട്ട പോലെ കാണുന്ന ആ പുറന്തോടില്ലേ? അതിനു് ശരാശരി 100,000 മീറ്റർ കനമുണ്ട് .ആ ചിരട്ടയുടെ മീതെ പെയിന്റടിച്ച കനത്തിൽ ഉള്ള നേരിയ വർണ്ണചിത്രപ്പാടയാണു് നമുക്കു നേരിട്ടു പരിചയമുള്ള, നാം ചുറ്റുപാടും കാണുന്ന ഭൂമി.

ശരാശരി 500 മീറ്റർ മാത്രം കട്ടിയുള്ള, നേരിയ പട്ടുറുമാൽ പോലുള്ള ആ പെയിന്റ് പാടയിൻമേലാണു് നമ്മുടെ ജനനവും ജീവിതവും മരണവുമെല്ലാം. കാണായ കരയും കായലും കുന്നും മലയും തോടും മേടും കൂടും വീടുമെല്ലാം ആ പാടയിലാണു്.

ശരിയ്ക്കും ഭൂമി അത്ര ചെറുതൊന്നുമല്ല. ഇവിടെനിന്നു നേരേ താഴേക്കു കുഴിച്ചുകുഴിച്ചുചെന്നാൽ, വെറും നാലഞ്ചു മീറ്റർ കഴിഞ്ഞാൽ പിന്നെ മുഴുവൻ കരിങ്കൽപാറകളാണു്. 45,000 മീറ്റർ, ചിലയിടത്തു് ഒരു ലക്ഷം മീറ്റർ വരെ, അതായതു് 100 കിലോമീറ്റർ വരെ താഴ്ചയോളം കടുകട്ടിയായ കരിങ്കല്ലുമാത്രം! (എത്ര കരിങ്കല്ലാ ലേ?!)

പക്ഷേ അതൊന്നും ഒന്നുമല്ല. പിന്നെയുള്ള 28.5 ലക്ഷം മീറ്റർ ആഴം മുഴുവൻ മണലും പാറയും അതിശക്തമായ ചൂടിൽ ഉരുകിയുരുകി കുഴമ്പുപായസമായിക്കിടക്കുന്ന ഒരു അതിമഹാസാഗരമാണു്. അഗ്നിപർവ്വതങ്ങളിലൂടെ പുറത്തോട്ടൊഴുകുന്ന ലാവയാണു് ആ കടലിൽ മുഴുവൻ. അതാണു് ചിത്രത്തിൽ ചുവപ്പുനിറത്തിൽ കാണുന്നതു്.

(നാം കാണുന്ന കടലൊക്കെ എന്ത് ? ശരാശരി 4 കിലോമീറ്റർ മാത്രമാണു് നമ്മുടെ കടലുകളുടെ ആഴം. ഇപ്പറഞ്ഞതു് അതിന്റെ ഏഴര ലക്ഷം മടങ്ങു് ആഴത്തിലാണ് ).

അതുകൊണ്ടും കഴിഞ്ഞില്ല. പിന്നെയും ഒരു കടൽ കൂടിയുണ്ടു്: 22.25 ലക്ഷം മീറ്റർ ആഴമുണ്ട് അതിനു്. അവിടെയെന്താ? ഇരുമ്പും നിക്കലും ഗന്ധകവുമൊക്കെ ഉരുകിത്തിളച്ചു് മിക്കവാറും ആവിയാവാൻ തയ്യാറായി നിൽക്കുന്ന മട്ടിൽ കോഴിമുട്ടയിലെ വെള്ളക്കരു പോലെ ദ്രാവകരൂപത്തിൽ.

ഇത്രയധികം പദാർത്ഥങ്ങൾ സ്വയം ഉള്ളിലേക്കു് വലിച്ചുകൊണ്ടിരുന്നാൽ അവയുടെ ചൂട് എത്രയായാലും വേണ്ടില്ല, അവയ്ക്കു് കട്ടപിടിച്ചു് ഖരാവസ്ഥയിൽ തന്നെ തുടരേണ്ടിവരും.
അതുകൊണ്ടു് ഏറ്റവും ഉള്ളിൽ, അവസാനം കാണുന്ന ആ ഉണ്ട ഖരരൂപത്തിലാണു്. അസാമാന്യഘനവും ഭാരവും ഊഷ്മാവുമുള്ള ഒരു മഹാഭീമലോഹഗോളം! അതിന്റെ മാത്രം ആഴം 12.75 ലക്ഷം മീറ്റർ.

അതായതു് ഈ ഭൂമി വലിയൊരു ഫുട്‌ബോൾ ആയിരുന്നെങ്കിൽ, വെള്ളം നനഞ്ഞു് അതിന്റെ പുറത്തു് അങ്ങിങ്ങായി സ്വല്പം വെള്ളം പുരണ്ടിരുന്നെങ്കിൽ, ആ വെള്ളത്തിന്റെ നേരിയ പാടയാകുമായിരുന്നു നാം കാണുന്ന മഹാസമുദ്രങ്ങളെല്ലാം.

ഭൂമി 12.8 മീറ്റർ ഉയരവും നീളവും വീതിയുമുള്ള വലിയൊരു വീടായിരുന്നെങ്കിൽ (നമ്മുടെയൊക്കെ നാട്ടിൽ പതിവുള്ള ഒരു രണ്ടുനിലവീടിനോളം ഉയരമുണ്ടാകും അപ്പോളതിനു്) അതിന്റെ പുറംചുമരിലടിച്ച കുമ്മായത്തിന്റെ കനത്തിലായിരിക്കും (അര മില്ലിമീറ്റർ, അതായതു് ഒരു ATM കാർഡിന്റെ പകുതി കട്ടി) നമ്മുടെ മലകളും കടലുകളുമെല്ലാം. അതായത് നമ്മുടെ കരഭൂമി ഭൂമിയുടെ ആകെ വ്യാസത്തിന്റെ രണ്ടരക്കോടിയിൽ ഒന്നു മാത്രമാണു്!

ഭൂമി ഒരു സവോളയായിരുന്നെങ്കിൽ അതിന്റെ മേലുള്ള ഉള്ളിത്തൊലിയേക്കാളും കനം കുറഞ്ഞതായിരിക്കും ഭൂതലത്തിലെ കടലും മലയുമൊക്കെത്തമ്മിലുള്ള ഉയരവ്യത്യാസം.
ഇത്ര വലിയ സംഭവങ്ങളാണെന്നു സ്വയം കരുതിക്കൊണ്ടിരിക്കുന്ന നമ്മളെല്ലാം ആ ഒരു നേരിയ പാടയിലാണു് ജനിക്കുന്നതും മരിക്കുന്നതും ഉണ്ണുന്നതും ഉറങ്ങുന്നതും വിമാനം പറത്തുന്നതും എല്ലാം!

You May Also Like

സാധാരണക്കാരന് റിസർവ് ബാങ്കിൽ അക്കൗണ്ട് തുടങ്ങാൻ പറ്റുമോ ?

സാധാരണക്കാരന് റിസർവ് ബാങ്കിൽ അക്കൗണ്ട് തുടങ്ങാൻ പറ്റുമോ ? അറിവ് തേടുന്ന പാവം പ്രവാസി വ്യക്തികൾക്ക്…

വെടിപ്ലാവിന് ആ പേര് ലഭിച്ചത് എങ്ങനെ ?

വെടിപ്ലാവിന് ആ പേര് ലഭിച്ചത് എങ്ങനെ ? അറിവ് തേടുന്ന പാവം പ്രവാസി മാൽവേസി (മെല്ലോ)…

മെർക്കുറി വീണാൽ സ്വർണത്തിന് എന്ത് സംഭവിക്കും ? വീഡിയോ

മെർക്കുറി വീണാൽ സ്വർണത്തിന് എന്ത് സംഭവിക്കും? അറിവ് തേടുന്ന പാവം പ്രവാസി ആറ്റോമിക് നമ്പർ 80…

വാടകയ്‌ക്കൊരു ഭാര്യ, വാടകയ്ക്ക് ലഭിക്കാത്തതായി ജപ്പാനിൽ ഒന്നുമില്ല

വാടകയ്‌ക്കൊരു ഭാര്യ അറിവ് തേടുന്ന പാവം പ്രവാസി പണം കൊടുത്താൽ എന്തും വാങ്ങാം, മാതാപിതാക്കളൊഴികെ എന്ന…