Share The Article

എഴുതിയത് : Nelson Joseph

” വളർന്ന് വലുതാവുമ്പൊ നിനക്ക് എന്ത് ചെയ്യാനാണാഗ്രഹം ”
” ലോകത്ത് ആരും ചെയ്യാത്തത് ”

ആ കുട്ടി വലുതായില്ല..പക്ഷേ ലോകത്ത് ആരും അതുവരെ ചെയ്തിട്ടില്ലാത്ത ഒന്ന് അവൻ ചെയ്തു..

1994ലെ സെപ്റ്റംബർ. ഇറ്റലിയിൽ, റോഡിലൂടെ ഓടിച്ചുപോവുന്ന കാറിൻ്റെ പിൻ സീറ്റിലിരുന്ന് ഉറങ്ങുകയാണ് നിക്കൊളാസും അവൻ്റെ സഹോദരി എലെനോറും..അവരുടെ കാറിൻ്റെ പിന്നിലായി ഒരു കറുത്ത കാർ വന്ന് സ്ലോ ചെയ്യുന്നത് ഡ്രൈവ് ചെയ്യുകയായിരുന്ന റെഗ് ശ്രദ്ധിച്ചു…

സൈഡ് കൊടുത്തപ്പോൾ കയറിപ്പോവുന്നതിനു പകരം അവരുടെ ഒപ്പമെത്തി കാർ നിർത്താൻ ബഹളം വയ്ക്കുകയാണവർ ചെയ്തത്..നിർത്തിയാൽ അവരുടെ എല്ലാവരുടെയും ജീവനപകടത്തിലാവുമെന്ന് ഭയന്ന റെഗ് കാറിന് സ്പീഡ് കൂട്ടി….

ഒപ്പത്തിനൊപ്പം പായുന്ന രണ്ട് കാറുകൾ…പിൻ സീറ്റിൽ ഒന്നുമറിയാതെ ഉറങ്ങുന്ന രണ്ട് കുഞ്ഞുങ്ങൾ..പെട്ടെന്ന് ഒരു വെടിപൊട്ടി…പിൻ വാതിലിൻ്റെ ചില്ല് തകർത്തുകൊണ്ട് ഒരു വെടിയുണ്ട….ഠേ….രണ്ടാമത്തെ വെടിയുണ്ട തകർത്തത് ഡ്രൈവേഴ്സ് വിൻഡോയാണ്…. മറ്റേ കാർ ഓടിച്ചുപോയി….

റെഗ് കാർ നിർത്തി..പിന്നിൽ കുട്ടികൾ രണ്ടും ഉണർന്നിട്ടില്ല…ലൈറ്റ് ഇട്ട് അവരെ ഉണർത്താൻ ശ്രമിച്ച റെഗ് ഗ്രീനും ഭാര്യ മാഗിയും അപ്പൊഴാണത് മനസിലാക്കിയത്…ഏഴു വയസുകാരൻ നിക്കൊളാസിൻ്റെ തലയ്ക്ക് വെടിയേറ്റിരുന്നു…

തങ്ങളുടെ ലോകം അവസാനിച്ചതുപോലെ അവർക്ക് തോന്നി…പക്ഷേ അതൊരു തുടക്കം മാത്രമായിരുന്നു..റെജിനാൾഡ് ഗ്രീനും മാഗിയും അന്ന് ഒരു തീരുമാനമെടുത്തു. നിക്കൊളാസിൻ്റെ അവയവങ്ങൾ ദാനം ചെയ്യുക.

Image may contain: 12 people, people smiling, people standing and childഅവധി ആഘോഷിക്കാൻ വന്ന ഒരു ഏഴുവയസുകാരനു സംഭവിച്ച ദുരന്തം ഇറ്റലിയെ പിടിച്ചുകുലുക്കി. അത് മാത്രമല്ല അവരുടെ തീരുമാനവും. നിക്കൊളാസിനോട് പ്രായശ്ചിത്തം ചെയ്യാനുള്ള വഴിയെന്താണെന്ന് ഗ്രീനും മാഗിയും ഇറ്റലിയെ കാണിച്ചുകൊടുത്തിരിക്കണം…

യൂറോപ്പിൽ അവയവദാനത്തിൻ്റെ കണക്കിൽ അന്ന് ഏറ്റവും പിന്നിലായിരുന്ന ഇറ്റലി ഒരു കുതിച്ചുചാട്ടം നടത്തി..ഇറ്റലിയിലെ അവയവദാന നിരക്ക് മൂന്നിരട്ടിയിലേറെയായി..ഇറ്റലി ഓപ്റ്റ് ഇൻ സിസ്റ്റത്തിൽ നിന്ന് ഓപ്റ്റ് ഔട്ട് സിസ്റ്റത്തിലേക്ക് മാറി..

ഇന്ന് നിക്കൊളാസിൻ്റെ പേരിൽ നൂറ്റിയിരുപതിൽ കൂടുതൽ സ്ഥലങ്ങൾ ഇറ്റലിയിലുണ്ട്…

50 തെരുവുകൾ..
27 പാർക്കുകൾ
27 സ്കൂളുകൾ..
16 സ്മാരകങ്ങൾ..

അവയിലൊന്നിൽ 140 മണികളുള്ള ഒരു സ്മാരകത്തിൽ അതിൻ്റെ നടുവിലെ മണി നൽകിയിരിക്കുന്നത് ആയിരം വർഷത്തിലധികമായി മാർ പാപ്പയ്ക്കായി മാത്രം പള്ളിമണികൾ നിർമിച്ചിരുന്നവരാണ്…

ആ മണിയിൽ നിക്കൊളാസിൻ്റെ കയ്യിൽ നിന്ന് അവയവം ലഭിച്ച് പുതിയ ജീവനിലേക്ക് വന്ന ഏഴ് പേരുടെയും പേര് കൊത്തിവച്ചിട്ടുണ്ട്..

ലോകത്ത് ആരും ചെയ്യാത്തത് അവൻ ഏഴ് വയസുകൊണ്ടുതന്നെ ചെയ്തു..
ഏഴ് പേരുടെ ജീവിതങ്ങളെ മാത്രമല്ല സ്വാധീനിച്ചത്..
ഒരു രാജ്യത്തെ മുഴുവൻ..

ദി നിക്കൊളാസ് എഫക്റ്റ്

(നിക്കൊളാസിൽ നിന്ന് അവയവം സ്വീകരിച്ചവർ മാഗിയുടെയും റെജിനാൾഡിൻ്റെയും കൂടെ നിൽക്കുന്നതാണ് രണ്ടാമത്തെ ചിത്രം. ഹൃദയം സ്വീകരിച്ചയാൾ 23 വർഷങ്ങൾക്ക് ശേഷമാണ് മരണമടഞ്ഞത്.)

ഇന്ത്യയിലെ ആദ്യത്തെ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.