ഉള്ളിലെരിഞ്ഞ വേനലിന്റെ തീക്ഷ്ണതയുമായി രാജേഷ് കെ രാമൻ

0
599

രാജേഷ് കെ രാമൻ എന്ന പേര് മലയാള സിനിമയിൽ പതിഞ്ഞിട്ടു കാലമേറെ ആയി. പ്രേക്ഷകപ്രീതി നേടിയ സാരഥി, ഷേസ്പിയർ എംഎ മലയാളം എന്നീ രണ്ടു സിനിമകളുടെ തിരക്കഥകൾ രചിക്കുകയും നിരവധി നാടകങ്ങൾ സംവിധാനം

രാജേഷ് കെ രാമൻ

ചെയുകയും ചെയ്ത കലാകാരനാണ് അദ്ദേഹം. ഇപ്പോളിതാ ഈ കാലത്തിന്റെ പ്രതിസന്ധിയെ മുഴുവൻ ആവാഹിച്ചുകൊണ്ടു അദ്ദേഹം തിരക്കഥ,സംവിധാനം നിർവഹിച്ച ‘വേനൽ’ എന്ന ഷോർട്ട് ഫിലിം പ്രേക്ഷകരുടെ ഹൃദയത്തെ സ്പർശിക്കുന്നതാണ്. മലയാളിയുടെ പ്രിയങ്കരനായ തിരക്കഥാകൃത്തായ ബെന്നി പി നായരമ്പലം ആണ് അതിൽ പ്രധാനവേഷം ചെയ്തിരിക്കുന്നത് . ഈ അടുത്തകാലത്ത് അഭിനയത്തിലേക്കും കടന്നുവന്ന അദ്ദേഹം ഒരു നല്ല നടനെന്ന് ഇതിനോടകം തെളിയിച്ചിട്ടുണ്ട്. ഒരു നല്ല സംവിധായകന്റെ കയ്യടക്കത്തോടോടുകൂടി, ഊതിക്കാച്ചിയ പൊന്നുപോലെ രാജേഷ് കെ രാമൻ ചെയ്തിരിക്കുന്ന ആ സൃഷ്ടി ഏവരും കണ്ടിരിക്കേണ്ട ഒന്നാണ്. ഈ കലാകാരൻ ശോഭനമായ ഒരു ഭാവി അർഹിക്കുന്നുണ്ട് എന്ന് നിസംശയം പറയാം. നമുക്ക് അദ്ദേഹത്തോട് സംസാരിക്കാം, അദ്ദേഹത്തിനു പങ്കുവയ്ക്കാനുള്ള കാര്യങ്ങൾ കേൾക്കാം. ബൂലോകത്തിനു വേണ്ടി രാജേഷ് കെ രാമനെ ഇന്റർവ്യൂ ചെയുന്നത് രാജേഷ് ശിവ.

ചോദ്യം : തികച്ചും പ്രതിസന്ധിയിൽ പെട്ടുപോയ ലോകത്തിന്റെ ഒരു ഭീകരത വേണ്ടുവോളം ഉണ്ട് താങ്കളുടെ ‘വേനൽ’ എന്ന ഷോർട്ട് ഫിലിമിൽ. എപ്പോൾ പത്രം തുറന്നാലും കാണാൻ സാധിക്കുന്ന ദുരന്തങ്ങളുടെ ഭീകര മുഖം . ഒന്ന് വിശദീകരിക്കാമോ അത്തരമൊരു വിഷയത്തെ ഉപയോഗിച്ചതിനെ കുറിച്ച് ?

ഉത്തരം : സംശയമില്ല, നമ്മുടെയൊക്കെ ജീവിതം തന്നെ. നാടകം, സിനിമ മേഖലകളിൽ ആണ് ഞാൻ വർക്ക് ചെയ്യുന്നത്. സ്വാഭാവികമായും അതിൽ നിന്ന് കിട്ടുന്ന വരുമാനം കൊണ്ടാണ് നമ്മൾ കഴിഞ്ഞിരുന്നത്. ലോകം മുഴുവൻ നിശ്ചലമാക്കുന്ന ഒരു വൈറസിന്റെ ആക്രമണം ആണിത് . മനുഷ്യർക്ക് അനങ്ങാൻ സാധിക്കാത്ത അവസ്ഥയായി.

നമ്മുക്ക് കുറെ ശീലങ്ങളുണ്ട് , അതൊക്കെ മാറ്റിയാൽ നമ്മളില്ല. അത് നമ്മൾ കാലങ്ങൾ കൊണ്ട് ഉണ്ടാക്കിയിട്ടുള്ളതാണ്. ഇപ്പോൾ അതെല്ലാം ഒന്ന് ചേഞ്ച് ചെയ്യേണ്ടി വന്നിരിക്കുന്നു. ഉദാ : പാൽച്ചായ കുടിച്ചു ശീലിച്ചവർക്കു അത് കുടിക്കാൻ കഴിയാത്ത അവസ്ഥ വരുന്നത്, അവർക്കത് വലിയൊരു വിഷയമാണ്. വിലകൂടിയ കാറുള്ളവൻ കാറില്ലാതെ വരുമ്പോൾ ബസിൽ കയറി പോകേണ്ടിവരുന്നത് അവനു വലിയൊരു വിഷയമാണ്. അതിനേക്കാൾ ഭേദം മരിക്കുന്നതാണ് എന്ന് അവൻ ചിന്തിക്കുന്നു. എനിക്ക് ചുറ്റും ഞാൻ ഇതാണ് കണ്ടതും കേട്ടതും. മൊത്തം അതുതന്നെ എവിടെയും. ശീലങ്ങൾ മാറ്റി ജീവിക്കാൻ പലരും തയ്യാറല്ല. നമ്മുടെ മുൻ തലമുറകൾ പോലും അനുഭവിക്കാത്ത കാര്യമാണ് ഇതൊക്കെ. ലോകം മുഴുവൻ നിശ്ചലമാക്കി കളഞ്ഞ ഒരു സംഭവം ഇപ്പോഴാണ് ഉണ്ടാകുന്നതു. എന്നാൽ രസകരമായൊരു കാര്യം, കോവിഡും നമ്മളൊരു ശീലമാക്കി എന്നതാണ്.

അങ്ങനെ എന്റെമുന്നിലൂടെ കടന്നുപോയ കാര്യങ്ങളാണ് വിഷയമാക്കിയത്. ഒരുനിമിഷമെങ്കിലും, എന്തിനു വേണ്ടി ജീവിക്കണം എന്നൊരു ചിന്ത കടന്നുപോയപ്പോൾ വിഷയം എന്നിൽ തന്നെ രൂപപ്പെട്ടു. നമുക്ക് അതിജീവിച്ചേ പറ്റൂ. അതിനുവേണ്ടി അതിനു ബദലായ ആന്റി ചിന്തകളും വികസിപ്പിക്കേണ്ടതുണ്ട്. കലയോ സാഹിത്യമോ ചുമ്മാ ഉണ്ടാക്കിയിട്ട് എന്തുകാര്യം, നമുക്ക് അതിജീവിക്കാൻ സാധിച്ചില്ലെങ്കിൽ എന്തിനാണ് കുറെ നന്മയുള്ള സാധനങ്ങൾ ഉണ്ടാക്കുന്നത് ? എന്റെ ചെവിയിൽ ഒരു മന്ത്രംപോലെ വന്നതാണ് ഈ ആശയം. ആത്മഹത്യ ചെയ്യാൻ തുനിയുന്നവർ ഓർക്കണം, ജീവിക്കാൻ എന്തെല്ലാം വഴികളുണ്ട് എന്ന്… . ഇതെല്ലം ചേർത്ത് വികസിപ്പിച്ച ഒരു കഥയാണ്. വളരെ ചുരുക്കി , പറയാനുള്ളത് കൃത്യമായി പറഞ്ഞുപോകുന്ന ,അനാവശ്യമായി ഒന്നും മുഴച്ചുനിൽക്കാത്ത കടുകോളം പോന്ന ഒരു സൃഷ്ടി.

വേനലിൽ ഒരു കൂട്ട ആത്മഹത്യ ആണ് കാണിക്കുന്നത്. എന്നാൽ ഗൃഹനാഥൻ എന്ത് ജോലിയാണ്, എന്ത് ബിസിനസ് ആണ് ചെയ്തിരുന്നത് എന്ന് പറയുന്നില്ല. ബെന്നി പി നായരമ്പലം ആണ് ആ കഥാപാത്രം ചെയ്തത്.

ചോദ്യകർത്താവ് : അതെ, അത് ഞാനും ശ്രദ്ധിച്ച കാര്യമാണ്. ആ വ്യക്തി എന്ത് പ്രൊഫഷൻ ആണ് എന്ന് കഥയിൽ പറയാത്തതുതന്നെ , ഈ പ്രതിസന്ധി ലോകത്തു എല്ലാപേരെയും ബാധിച്ചു എന്നത് ആണ് സൂചിപ്പിക്കുന്നത്. ആ വ്യക്തി ലോകത്തു എല്ലാപേരുടെയും പ്രതിനിധിയാണ് , എല്ലാ പേരുടെയും ദുരന്തഭീതികളും സങ്കടങ്ങളും ആകുലതകളും ആശങ്കളും അയാളിൽ കാണാൻ കഴിയുന്നുണ്ട്.

ഉത്തരം : അതെ, എന്നോടും പലരും പറഞ്ഞു, രാജേഷേ ഈ പ്രതിസന്ധി എല്ലാരേയും ബാധിച്ചു എങ്കിലും ഏറ്റവുമധികം ബാധിച്ചത് കലകാരന്മാരെ തന്നെയാണ്. അപ്പോൾ ആ കഥാപാത്രത്തെയും ഒരു കലാകാരൻ ആയി കാണിച്ചുകൂടായിരുന്നോ എന്ന് . എന്നാൽ എനിക്ക് തോന്നിയത് അങ്ങനെ ചെയ്താൽ ആ കഥാപാത്രം ഒരു വിഭാഗത്തിന്റെ മാത്രം പ്രതിനിധി ആയിപ്പോകും. കലാകാരന്റെ കഥയായി കാണിച്ചാൽ വിഷയം ചുരുങ്ങിപ്പോകും. എന്നാൽ അവർ പറഞ്ഞതും ശരിയാണ്, കലാകാരൻ വലിയ പ്രതിസന്ധിയിൽ തന്നെ , അവനു കരകയറാൻ നിലവിൽ ഒരു വകുപ്പും ഇല്ല. മറ്റുള്ളവർക്കാണെങ്കിൽ എന്തെങ്കിലുമൊക്കെ പ്രതീക്ഷകൾ ഉണ്ടെന്നു പറയാം.

അതിലെ ഡയലോഗുകൾ തന്നെ നോക്കൂ വളരെ കുറച്ചേ ഉള്ളൂ. അതാകട്ടെ അത്രമാത്രം ആവശ്യമുള്ളതുമാത്രം, വളരെ കൃത്യമായ കാര്യങ്ങൾ. നിരന്തരമായ എഡിറ്റിങ്ങുകളിലൂടെ അങ്ങനെ ആക്കിയെടുത്തു.

ചോദ്യം : കലയിലൂടെ ജനത്തെ ഉദ്ബോധിപ്പിക്കുക എന്നത് വർത്തമാനകാലത്തു സാധ്യമാണോ ? ‘വേനലി’ൽ കാണുന്നത്പോലുള്ള ദുരന്തങ്ങളും തിന്മകളും പെരുകിക്കൊണ്ടേ ഇരിക്കുന്നു, പക്ഷെ ഉത്തമമായ ഉദാത്തമായ രചനകൾ ഉണ്ടാകുന്നുമുണ്ട്. കല ജനത്തെ സ്വാധീനിക്കുന്നില്ല എന്നതാണ് അതിനർത്ഥം ?

ഉത്തരം : നമ്മൾ ചിന്തിക്കേണ്ട ഒരു കാര്യമുണ്ട്, ഈയൊരു കെട്ട കാലത്തു ഏറ്റവും തള്ളിക്കളഞ്ഞ വിഭാഗം കലാകാരൻമാർ ആണ് . അവിടെ ഒരു ചോദ്യം ഉയരുന്നുണ്ട്. പാട്ടുകളും സിനിമകളും നാടകങ്ങളും കവിതകളും …സത്യത്തിൽ എന്ത് അത്യാവശ്യമാണ് ഇവിടെ എന്ന്. ലോകം ഇത്തരമൊരു അവസ്ഥയിൽ നിൽക്കുമ്പോൾ ഇവർ എന്ത് ജോലിയാണ് ഇവിടെ ചെയുന്നത് ? കലാകാരൻമാർ ഭൂമിയിൽ തന്നെ
ഒട്ടും ആവശ്യമില്ലാത്ത , മോശപ്പെട്ട ഒരു വിഭാഗമായി മാറി. അപ്പോൾ നമ്മൾ നമ്മളോട് തന്നെ ചോദിക്കണം, കലാകാരൻമാർ എന്തിനാണ് ഭൂമിയിൽ ? കലാകാരൻമാർ കാലാകാലങ്ങളായി ഈ ഭൂമിയിൽ ചെയ്തുപോന്നിരുന്നത് എന്തായിരുന്നു ? സമൂഹത്തിനു കല എന്തിനായിരുന്നു ? അതൊരു മിനിമം ചോദ്യം മാത്രമാണ്, നമുക്കതിന്റെ ഉത്തരവും വേണം.

ഇത്രേം പൂക്കളെ കണ്ടു നാം വളർന്നില്ല എങ്കിൽ, ഇത്രേം കവിതകളും പാട്ടുകളും കേട്ടു നാം വളർന്നില്ല എങ്കിൽ ഒരു കുഞ്ഞുപോലും ഇത്ര മനോഹരമായി ചിരിക്കില്ലായിരുന്നു. ഒരു കുഞ്ഞുപോലും ഇത്ര സൗഹൃദപരമായി പെരുമാറില്ലായിരുന്നു, മനുഷ്യനെ ഇത്രയും നന്നായി സ്നേഹിക്കില്ലായിരുന്നു. ഈ സ്നേഹത്തിന്റെയും നന്മയുടെയും മൂല്യം കണ്ടെത്തിക്കൊടുക്കാൻ കലയ്ക്കു മാത്രമേ കഴിയു. ഈ വിഷയം പ്രമേയമാക്കിയാണ് എന്റെ അടുത്ത വർക്ക്. കാരണം ഈ വിഷയം സമൂഹത്തോട് ഒന്ന് പറയേണ്ടതുതന്നെ എന്ന് തോന്നുന്നു. ആ ഒരു ഷോർട്ട് ഫിലിം കൂടി ഞാൻ അടുത്തുതന്നെ ചെയ്യും. ഒറ്റനോട്ടത്തിൽ കലാകാരൻമാർ മുഴുവൻ വേസ്റ്റ് ആണ് എന്ന് പറയുന്ന സമൂഹത്തിനു മുന്നിൽ അത് ചർച്ചയ്ക്കു വയ്‌ക്കേണ്ടതുണ്ട്.

നമ്മൾ ഒന്നുകൂടി ശ്രദ്ധിക്കേണ്ടതുണ്ട്. നമ്മുടെ ഉത്സവങ്ങൾ , കൂട്ടായ്മകൾ അതിലൊക്കെ നമ്മൾ ഒരു രസം കണ്ടെത്തിയിരുന്നു. മനുഷ്യൻ മനുഷ്യനോട് ചേർന്നിരിക്കുമ്പോൾ പലതും ഷെയർ ചെയ്തിരുന്നു. എന്നാലിന്ന് ഒരുവൻ അവനെക്കുറിച്ചു മാത്രം ചിന്തിക്കുന്നു, അല്ലെങ്കിൽ നമ്മെ പ്രതീക്ഷിച്ചു ജീവിക്കുന്നവർക്ക് വേണ്ടി മാത്രം ചിന്തിക്കുന്നു. നമ്മുടെ ശരീരം തളർന്നാൽ ഒരിടത്തു ഇരുത്താം . എന്നാൽ മനസ് തളർന്നാൽ എവിടെ കൊണ്ടുപോയി ഇരുത്താം ? അതിന്റെ ഉത്തരമാണ് കല. നമ്മളറിയാതെ നമ്മെ ബാലൻസ് ചെയ്തു നിർത്തുന്ന ചില സാധനങ്ങളുണ്ട്. അപ്പോൾ മാത്രമാണ് നമ്മൾ നമ്മളെ കുറിച്ച് ചിന്തിക്കാത്തത്. നമ്മെ നിലനിർത്തുന്ന വലിയൊരു ഘടകം അതിലുണ്ട്. അത് വ്യക്തമാക്കുന്ന തരത്തിലായിരിക്കും എന്റെ അടുത്ത വർക്ക്.

ചോദ്യം : ആത്മഹത്യക്കെതിരെയുള്ള ഒരു അവബോധമാണ് പ്രധാനമായും വേനൽ. ശ്രീകുമാരൻ തമ്പിയുടെ ‘കത്തിയെരിയുമീ ഗ്രീഷ്മത്തിനക്കരെ പൂക്കാലമുണ്ടായിരിക്കാം’ എന്ന പ്രതീക്ഷയൂറുന്ന വരികൾ ഓർത്തുപോകുന്നു. പ്രതീക്ഷയുടെ തുരുത്തുകൾ നാം കാണാത്തതു എന്തുകൊണ്ടാകും ?

ഉത്തരം : നമ്മളൊന്നും പരസ്പരം ഷെയർ ചെയ്യുന്നില്ല, പകരം മത്സരിക്കുകയാണ്. ഇപ്പോൾ എന്താണ് സംഭവിക്കുന്നത് ? അയൽപക്ക സ്നേഹമൊക്കെ പോയി . ഒരു പ്രശ്നം നമ്മുടെ കുടുംബത്തിൽ ഉണ്ടാകുന്നു എങ്കിൽ ആ കാര്യം അവർ അറിയരുത് , ഇവർ അറിയരുത് എന്ന നിലക്കായി കാര്യങ്ങൾ. ‘വേനൽ’ തന്നെ നോക്കൂ, അതൊരു കുടിലിൽ അല്ല ചെയ്തത്. അതൊരു വലിയ വീടാണ്. അതിലെ കഥാപാത്രത്തിന് വേണമെങ്കിൽ താനനുഭവിക്കുന്ന പ്രതിസന്ധിയെ തരണം ചെയ്യാൻ ആ വീട് വിൽക്കാം , അല്ലെങ്കിൽ വലിയ കുഴപ്പമില്ലാത്ത ആ ചുറ്റുപാട് അയാൾക്ക് ഉപയോഗപ്പെടുത്താം . എന്നാലോ ദുരഭിമാനമാണ് പ്രശ്നം. വേറൊരു ചെറിയ ജോലിയിലേക്ക് പോകാൻ അയാൾക്ക്‌ സാധിക്കുന്നില്ല . കാറ് വിറ്റിട്ട് അയാൾക്ക് സൈക്കിളിലോ ബസിലോ പോകാൻ സാധിക്കുന്നില്ല, നടന്നുപോകാൻ പറ്റുന്നില്ല. അങ്ങനെയൊക്കെ ചെയ്താൽ താൻ തീർന്നു എന്ന നിലയിൽ അയാൾ ചിന്തിക്കും. എന്നാൽ തനിക്കു ചുറ്റുമുള്ള ഒരുപാട് അതിജീവന വഴികളെ അയാൾ ശ്രദ്ധിക്കുന്നില്ല .

ചോദ്യകർത്താവ് : ഒരു പൂവിൽ നൂറു കവിത കണ്ടെത്താൻ കഴിയുന്നതുപോലെ ജീവിതത്തെ പല സാധ്യതകളിലൂടെ നിലനിർത്താൻ മനുഷ്യന് കഴിയുന്നില്ല എന്നതാണ് സത്യം. എല്ലാര്ക്കും പ്രതിസന്ധി തരണം ചെയ്യാൻ ഒറ്റ സാധ്യതയെ ഉള്ളൂ- മരണം. മൊത്തം നെഗറ്റിവ് സമീപനങ്ങൾ…എന്തൊരു കഷ്ടമാണ് ഈ ചിന്ത.

ഉത്തരം : താമരയുടെ ഉയരം എത്രയാണ് എന്ന് ഒരു ഗുരു ശിഷ്യന്മാരോട് ചോദിച്ചു . മൂന്നടിയെന്നും രണ്ടടിയെന്നും ആറടിയെന്നും ഒക്കെ ഓരോരുത്തർ മറുപടി പറഞ്ഞു. എന്നാൽ ഒരു ശിഷ്യൻ പറഞ്ഞു ‘താമരയുടെ ഉയരം തണ്ണിയോളം’ . ഗുരു ചോദിച്ചു, അപ്പോൾ മനുഷ്യന്റെ ഉയരം എത്രയാണ് എന്ന്. അതവന്റെ ആഗ്രഹത്തിന്റെയും കഠിനാധ്വാനത്തിന്റെയും ഉയരമാണ് എന്ന് ശിഷ്യൻ മറുപടി കൊടുത്തു. അവന്റെ സ്വപ്നങ്ങളും അതിലേക്കു എത്താനുള്ള അവന്റെ കഠിനാധ്വാനവും ഉണ്ടല്ലോ..അതാണ് അവന്റെ ഉയരം. ഇനി പുഴയിൽ പത്തടി വെള്ളമുണ്ടെങ്കിലും അതിനുമേലെ താമര വിരിയും. നമ്മുടെ ആഗ്രഹത്തിലേക്കു കഠിനാധ്വാനത്തിലൂടെ നമുക്ക് നിശ്ചയമായും എത്താൻ പറ്റും .

ചോദ്യം : ബെന്നി പി നായരമ്പലത്തെ പോലൊരു പ്രതിഭയുള്ള കലാകാരൻ പ്രധാനവേഷം അവതരിപ്പിച്ചിരിക്കുന്നു. വളരെ മനോഹരമായി തന്നെ അദ്ദേഹം അത് ചെയ്തിട്ടുണ്ട്. അദ്ദേഹവുമായുള്ള ഒരു എക്സ്പീരിയൻസ് ഒന്ന് പങ്കുവയ്ക്കുമോ ?

Benny P Nayarambalam

നായരമ്പലം ആണ് എന്റെയും നാട്. ചെറുപ്പകാലത്തൊക്കെ സിനിമ എന്ന ആഗ്രഹം വന്നപ്പോൾ ഒരുപാട് അകലെയാണ് സിനിമ എന്ന് മനസിലായി. നായരമ്പലം എന്ന് പേരിട്ടുകൊണ്ടു ബെന്നി പി നായരമ്പലം നമ്മെയൊക്കെ സിനിമയിലേക്ക് കൂടുതൽ അടുപ്പിക്കുന്ന ചെയ്തത്. നമ്മുടെ നാട്ടിൽ നിന്നുതന്നെ ഒരാൾ സിനിമയിൽ ഉണ്ടല്ലോ, അദ്ദേഹത്തോട് പണ്ടേ എനിക്കു ആരാധനയും ഗുരുതുല്യമായ ബഹുമാനവും സ്നേഹവുമൊക്കെയാണ് പണ്ടേ ഉണ്ടായിരുന്നത്. എന്റെ ചെറുപ്പകാലത്തൊക്കെ കടുത്ത ആരാധനയോടെ അദ്ദേഹത്തെ മാറിനിന്നു കാണാൻ മാത്രമേ സാധിച്ചിരുന്നുള്ളൂ.

ജനങ്ങൾ തിങ്ങിപ്പാർക്കുന്ന വൈപ്പിന്കര എന്ന ദ്വീപിനെ കുറിച്ച് കേട്ടിട്ടുണ്ടല്ലോ. അവിടെ ഒരുപാട് ആർട്ട്സിറ്റുകൾ ഉണ്ടായിട്ടുണ്ട് . വിൻസന്റ് , ശങ്കരാടി, ദിലീപ് …അങ്ങനെ ഒരുപാട് ആർട്ടിസ്റ്റുകൾ. പിന്നീട് ജിബു ജേക്കബ്, ബെന്നി പി നായരമ്പലം തുടങ്ങിയവരും. വൈപ്പിൻ ആർട്ടിസ്റ്റ് വെൽഫെയർ അസോസിയേഷൻ എന്നൊരു സംഘടന അവിടെയുണ്ട്. അതിന്റെ രക്ഷാധികാരിയാണ് ബെന്നിച്ചേട്ടൻ. അതിന്റെ സ്ഥിരം പ്രവർത്തകനും യൂണിറ്റ് പ്രസിഡന്റും ഒക്കെയാണ് ഞാൻ. അപ്പോൾ അങ്ങനെയൊരു ബന്ധം അദ്ദേഹവുമായി ഉണ്ടായിരുന്നു. അനവധി തിരക്കഥകൾ എഴുതിയ അത്രയും വലിയൊരു മനുഷ്യനാണ് അദ്ദേഹം. അപ്പോൾ അദ്ദേഹത്തെ ഒരു ഷോർട്ട് ഫിലിമിലേക്കു വേണ്ടി കൊണ്ടുവരിക എന്നത് എനിക്കും ആശങ്ക ഉണ്ടായിരുന്നു. എങ്കിലും നേരെ പോയി ബെന്നിച്ചേട്ടനോട് വേനലിന്റെ കഥ പറഞ്ഞു. അതിനു ശേഷം പറഞ്ഞു, ഇതൊരു മാസ് സംഭവമൊന്നും അല്ല എന്നാൽ, ഈ കഥ ചേട്ടൻ ചെയ്യണം എന്ന് ഞാൻ ആഗ്രഹിക്കാൻ കാരണം ഇതിന്റെ ആശയം ഒരുപാടു പേരിൽ എത്തണമെന്നും ഒരുപാടു പേർ ഇത് ഷെയർ ചെയ്യണമെന്നും എനിക്ക് തോന്നി. ചേട്ടൻ അഭിനയിച്ചാൽ അത് സാധ്യമാകും. അപ്പോൾ അദ്ദേഹം പറഞ്ഞു, തീർച്ചയായും ഞാൻ അഭിനയിക്കാം, നൂറുശതമാനം ഞാൻ ഇതിൽ സഹകരിക്കാം .

അപ്പോൾ ഒരു പ്രശ്നം എന്താണെന്നു വച്ചാൽ ‘സാറാ’സ് ‘ സിനിമയുടെ തയ്യാറെടുപ്പുകൾ നടക്കുകയായിരുന്നു. ബെന്നി പി നായരമ്പലം ആദ്യമായി അഭിനയിക്കുന്ന സിനിമ എന്ന നിലക്കാണ് അവർ അതിനു പബ്ലിസിറ്റി നൽകിയിരുന്നത്. എങ്കിലും ‘വേനൽ’ അതിനു മുൻപ് തന്നെ ചെയ്യണമെന്ന അദ്ദേഹത്തിന്റെ താത്പര്യം പോലെ അത് നടന്നു.. അതിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മമ്മൂട്ടിയാണ് ഷെയർ ചെയ്തത്. അത് ബെന്നിച്ചേട്ടൻ പറഞ്ഞിട്ടായിരുന്നു. അതുപോലെ തന്നെ മലയാള സിനിമയിലെ ഒരുപാട് നടീനടന്മാർ ഒരുമിച്ചു ചേർന്ന് വേനൽ ഷെയർ ചെയ്തു. നമ്മൾ വിചാരിച്ച അത്രയും ഉയരത്തിൽ ‘വേനൽ’ എത്താൻ കാരണം ബെന്നി ചേട്ടൻ അതിൽ അഭിനയിച്ചത് കൊണ്ടാണ്. കാരണം നമ്മൾ എത്ര നല്ല ഒരു പ്രോഡക്റ്റ് ഉണ്ടാക്കിയിട്ടും കാര്യമില്ല. അത് എല്ലാരിലേക്കും എത്തിക്കാനും കഴിയണം. അതിനദ്ദേഹം പ്രധാന കാരണമായിട്ടുണ്ട്. ഷൂട്ടിങ് നടക്കുമ്പോഴും സിനിമാരംഗത്തെ വലിയ എക്സ്പീരിയൻസ് ഒന്നും പുറത്തുകാണിക്കാതെ , തികഞ്ഞ സ്നേഹത്തോടെ ,ഡയറക്ടറിന് മുന്നിൽ ഒരു കുട്ടിയെ പോലെ അദ്ദേഹം അഭിനയിച്ചു.

ചോദ്യകർത്താവ് : ശരിയാണ്, അത് കാണുന്നവർക്കെല്ലാം മനസിലാകും. ആ വേഷം വളരെ പെർഫെക്റ്റ് ആയി അദ്ദേഹം ചെയ്തിട്ടുണ്ട്.

ഉത്തരം : താങ്ക് യു, ഞാനതു തീർച്ചയായതും അദ്ദേഹത്തെ അറിയിക്കാം.

ചോദ്യകർത്താവ് : അതെ, തീർച്ചയായും അറിയിക്കണം, മാത്രമല്ല അങ്ങനെയൊരു വിഷയം കണ്ടെത്തി, കഥ എഴുതിയുണ്ടാക്കി സംവിധാനം ചെയ്ത രാജേഷിനെയും ഞാൻ പ്രശംസിക്കുകയാണ്. ഞാൻ അനവധി ഷോർട്ട് ഫിലിമുകൾ കാണാറുണ്ട് . ചിലതൊക്കെ മനസ്സിൽ സ്പർശിച്ചുപോയിട്ടുണ്ട്. എന്നാൽ വേനൽ അങ്ങനെ സ്പർശിക്കുന്നതിനോടൊപ്പം വലിയ ഞെട്ടലും ആണുണ്ടാക്കിയത്. പ്രത്യേകിച്ച് അതിലെ ചില സമീപനങ്ങൾ. സസ്പെൻസ്.. എല്ലാം .ഒരു നല്ല സംവിധായകന് മാത്രം സാധ്യമാകുന്നത്.

(ഞാനും രാജേഷ് കെ രാമനും വേനലിന്റെ കഥ ചർച്ച ചെയ്യുകയുണ്ടായി. അതിവിടെ പരാമർശിക്കുന്നില്ല. ‘വേനൽ’ നിങ്ങൾ കണ്ടുതന്നെ ആസ്വദിക്കേണ്ടതുണ്ട് )

ഉത്തരം : ശരിക്കും ആ സമീപനം സ്വീകരിക്കപ്പെടുമോ എന്നൊരു സംശയം ഉണ്ടായിരുന്നു . ഈ ഷോർട്ട് ഫിലിം ഉണ്ടാകാൻ കാരണം ,വളരെ ചെറുപ്പത്തിൽ തന്നെ നാടകം ചെയ്തു തുടങ്ങിയ ഞാൻ അറുപത്തഞ്ചോളം നാടകം ചെയ്തിട്ടുണ്ട്. 650 പേരെങ്കിലും അതിൽ സഹകരിച്ചിട്ടുണ്ട് . ഈ ലോക് ഡൌൺ സമയത്തു അതിൽ കുറച്ചുപേർ എന്നെ വിളിച്ചു ചോദിച്ചു, ഇപ്പോൾ എങ്ങനെ പോകുന്നു മാഷേ, എന്താണ് വരുമാനമാർഗ്ഗം ? ആ സ്നേഹപരമായ വിളികൾ ആണ് ഇങ്ങനെയൊരു കാര്യം ഉണ്ടാകാൻ കാരണം. അതിലെ പത്തുപേർ ചേർന്നാണ് ചെറിയതെങ്കിലും ഫണ്ട് സ്വരൂപിച്ചു തുടക്കമിട്ടത്. എല്ലാത്തിനും അവരാണ് ചുക്കാൻ പിടിച്ചത്. എന്നാൽ ഷൂട്ടിങ് കഴിഞ്ഞിട്ട് ഇതിന്റെ ബാക്കി വർക്കുകൾ തീർക്കാൻ പൈസ ഇല്ലാതിരുന്ന സമയത്തു, സിനിമ ചെയ്യാൻ ആഗ്രഹമൊക്കെയുള്ള രേണുക ഗോപിനാഥ പണിക്കർ എന്ന ലേഡി  ജിജോ ജോണി എന്നെ സുഹൃത്ത് വഴി ഇത് കാണുകയും ഇതിന്റെ ബാക്കി ഫുൾ വർക്കുകളും ചെയ്യാനുള്ള എമൗണ്ട് തരാമെന്നും പറഞ്ഞു, അതിന്റെ മെയിൻ പ്രൊഡ്യൂസർ ആകുകയും ചെയ്തു. അതിനു ശേഷം അത് മനോരമയിൽ ആണ് റിലീസ് ചെയ്തത്. ഇതിന്റെ ടെക്‌നീഷ്യൻ എല്ലാം സിനിമാ രംഗത്തെ വലിയ ആളുകളാണ്.

(വേനലിൽ കാമറയ്ക്കു മുന്നിലും പിന്നിലും പ്രവർത്തിച്ചവർ

വേനലിന്റെ സ്ക്രിപ്റ്റ് & സംവിധാനം : രാജേഷ് കെ രാമൻ , നിർമ്മാതാക്കൾ : രേണു ഗോപിനാഥ്‌ പണിക്കർ , ജിജോ ജോണി, രാജേഷ് കെ രാമൻ. കാമറ ചെയ്തത് : രാഗേഷ് നാരായൺ, എഡിറ്റിങ് : അയൂബ് ഖാൻ,
സംഗീതം :ബിബിൻ അശോക് , ആർട്ട് ഡയറക്ടർ : സിങ്ജിൻ കെ എസ് . മേക്കപ്പ് : രാജീവ് അങ്കമാലി, അസോസിയേറ്റ് ഡയറക്ടർ : ഷിബിൻ സി ബാബു .അസിസ്റ്റന്റ് ഡയറക്ടർ : വിനീഷ് സോമശേഖരൻ,
ചീഫ് അസോസിയേറ്റ് കാമറാമാൻ : മണികണ്ഠൻ , ഓപറേറ്റിങ് കാമറാമാൻ :ലിബാസ് മുഹമ്മദ്, സൗണ്ട് ഡിസൈനർ : വൈശാഖ് ശോഭൻ , DI കളറിസ്റ്റ് : നികേഷ് രമേശ് , പ്രൊഡക്ഷൻ മാനേജർ : കണ്ണൻ സിഎസ്,
റെക്കോർഡിസ്റ്റ് : രതീഷ് വിജയൻ. ഡബ്ബിങ് ആര്ടിസ്റ് : ജയലക്ഷ്മി, പബ്ലിസിറ്റി ഡിസൈൻ : ഷിബിൻ സി ബാബു, എക്സിക്യു്ട്ടീവ് പ്രൊഡ്യൂസേഴ്‌സ് : : നേവൽ ജോർജ് , രേണു ജേക്കബ് , സഞ്ജു സതീഷ് , അഞ്ചു നായർ, ലത സതീശൻ, ശ്രീജിത്ത് .

അഭിനേതാക്കൾ : ബെന്നി പി നായരമ്പലം, അഞ്ചു നായർ , ദേവകി രാമൻ, കല്യാണി, ശ്രീജിത്ത്, സിജിൻ നിലമ്പൂർ, വിനീത് സോമശേഖരൻ)

ചോദ്യം : എന്തായാലും കഷ്ടപ്പാടുകൾക്കു എല്ലാം നല്ലൊരു ഫലം കിട്ടിയല്ലോ. താങ്കൾ ഷോർട്ട് ഫിലിം ചെയ്യുമ്പോൾ തന്നെ മുഖ്യധാരാ സിനിമകളിലും സജീവമായിരുന്നു. സാരഥി, ഷേക്സ്പിയർ എം എ മലയാളം ഒക്കെ ഞാൻ ആസ്വദിച്ച സിനിമകളാണ്. അതിന്റെ തിരക്കഥകൾ തയ്യാറാക്കിയ ആളാണ്. സിനിമാ രംഗത്തുള്ള അനുഭവങ്ങൾ അറിയാൻ താത്പര്യമുണ്ട്. പ്രത്യേകിച്ച് ഇനിയുള്ള പ്രോജക്ടുകൾ , സംവിധാനം ചെയ്യാൻ പോകുന്ന വർക്കുകൾ…..

ഉത്തരം :എന്റെ ആദ്യ സിനിമ ഷേക്സ്പിയർ എം എ മലയാളം , അതിന്റെ തിരക്കഥ എഴുതിക്കൊണ്ടാണ് ഞാൻ സിനിമയിലേക്ക് വരുന്നത്. പിന്നീട് സാരഥി ചെയ്തതിനു ശേഷം, ആ സിനിമയൊരു കൊമേഴ്‌സ്യൽ ഹിറ്റ് അല്ലെങ്കിൽ പോലും ദുബായിൽ നിന്നൊരു കാൾ വന്നു. അത്തരമൊരു സിനിമ ചെയ്യണമെന്ന് പറഞ്ഞുകൊണ്ട്. ആ പടം ഗംഭീരമായിട്ടുണ്ട്, അതുപോലെ സത്യസന്ധമായ ഒരു കഥ പറയാമോ എന്ന് ആവശ്യപ്പെട്ടുകൊണ്ട്. എന്നാൽ അതിവിടെ ഫെയിൽ ആണെന്ന് പറഞ്ഞിട്ടും അതുപോലത്തെ ഒരു സിനിമ തന്നെ വേണമെന്ന് അവർ പറഞ്ഞു. ഇക്കാര്യങ്ങൾ ചർച്ച ചെയ്യാൻ അവരെന്നെ ദുബായിലേക്ക് ടിക്കറ്റ് എടുത്തു ക്ഷണിച്ചു. പടം ചെയ്യാമെന്ന് പറഞ്ഞ മനു എന്നൊരാളുമായി അവിടെ പാം ജുമൈറയിൽ ഇരുന്നു ഞാൻ പുതിയൊരു കഥ പറഞ്ഞു. അത് സാരഥിയുടെ തന്നെ വേറൊരു വേർഷൻ ആയിരുന്നു. തമിഴിൽ ചെയ്യാനായിരുന്നു പ്ലാൻ. ‘ശ്രാവൺ ദി റിയൽ ഹീറോ’ എന്ന് പേരിട്ട ആ സിനിമ രാജ് ബാബു ആണ് ഡയറക്റ്റ് ചെയ്തത്. കങ്കാരു ഒക്കെ ചെയ്ത ആൾ. അതിൽ പ്രകാശ് രാജ്, നാസർ..ഒക്കെ അഭിനയിച്ചു. നകുൽ ആയിരുന്നു നായകൻ . സിനിമ വളരെ ഗംഭീരമായി ചെയ്തിട്ടുണ്ട്. വളരെ നല്ല അഭിപ്രയങ്ങളും വന്നു.

പിന്നെ, ക്ലാസിക് ഹിറ്റുകൾ നിർമ്മിച്ചിട്ടുള്ള ഹെൻട്രി (യവനിക) എന്ന നിർമ്മാതാവ് ഒരു കഥയുടെ ത്രെഡ് തന്നിട്ട് ഒരു കഥയാക്കാമോ എന്ന് എന്നോട് ചോദിച്ചു. മറ്റൊരു എഴുത്തുകാരനും നൽകാതെയാണ് അദ്ദേഹം എന്നെ അതിനു സെലക്റ്റ് ചെയ്തത്. ആൻഡമാൻ നിക്കോബാറിൽ നടക്കുന്ന ഒരു കഥയാണ്. അതിന്റെ തിരക്കഥ പൂർത്തിയാക്കി, അതൊരു വലിയൊരു സിനിമയാണ്. തമിഴിലും തെലുങ്കിലുമായി റിലീസ് ചെയ്യും. ആൻഡമാനിൽ ഒരുപാട് സിനിമകൾ ചെയ്തിട്ടുണ്ട്, എങ്കിലും നിക്കോബാറിൽ ഷൂട്ട് ചെയുന്ന ആദ്യ സിനിമ ആയിരിക്കും ഇത്. ഇപ്പോൾ രണ്ടു സിനിമകളുടെ ചർച്ചകൾ ആണ് നടക്കുന്നത്, ഒന്ന് ഞാൻ സംവിധാനം ചെയുന്നതിന്റെയും മറ്റൊന്ന് തിരക്കഥ എഴുതുന്നതിന്റെയും.

ചോദ്യം : ഒരു കലാകാരൻ എന്ന നിലയിൽ അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ടോ ?

ഉത്തരം : ജനങ്ങളുടെ അംഗീകാരം വേണ്ടുവോളം കിട്ടിയിട്ടുണ്ട്. നമ്മുടെ തോളത്തു തട്ടിയുള്ള അഭിനന്ദനങ്ങൾ, ഒരു വർക്ക് നന്നായി കേട്ടോ എന്നുള്ള പ്രശംസകൾ… അതുതന്നെയല്ലേ വേണ്ടതും . പിന്നെ നാടകങ്ങൾക്ക് അനവധി അംഗീകാരങ്ങൾ കിട്ടിയിട്ടുണ്ട്. 2005- ൽ കോഴിക്കോട് വച്ച് നടന്ന സയൻസ് ഡ്രാമ കോമ്പറ്റിഷനിൽ വൈപ്പിൽ കരയിൽ നിന്നൊരു സ്‌കൂൾ കുട്ടികളുമായി പോയി . 14 ജില്ലകളിൽ നിന്നും എല്ലാംകൂടി 18 നാടകങ്ങളും ഉണ്ടായിരുന്നു മത്സരത്തിന് . ആ മത്സരത്തിൽ ഫസ്റ്റ് കിട്ടിയപ്പോൾ എനിക്ക് മനസിലായി എന്റെ ജോലി, എന്റെ വഴി കറക്ട് ആണ് എന്ന്. ഞാൻ അക്കാദമിക്കൽ ആയി കല പഠിച്ചിട്ടുള്ള ആളല്ല. അതിനോടുള്ള കടുത്ത ഇഷ്ടം കൊണ്ട് വന്ന ഒരാളാണ് , അക്കാദമികൽ ആയ സൃഷ്ടികളെയും താത്പര്യത്തോടെ ഞാൻ നോക്കാറുണ്ട്. അതുമായി ബന്ധപ്പെട്ടവരോട് താത്പര്യപൂർവ്വം സംസാരിക്കുകയും ചെയ്യുമായിരുന്നു . സയൻസ് ഡ്രാമ കോമ്പറ്റിഷനിൽ മത്സരിച്ച ആ നാടകം നാഷണൽ ലെവൽ വരെ പോയിരുന്നു. ഏറ്റവും നല്ല നടി , നടൻ, ഡയറക്ർ ഇങ്ങനെ അതിനു ഫസ്റ്റ് കിട്ടിയിരുന്നു. മുംബയിലെ വോർളിയിൽ വച്ച് ആ നാടകം കാണാൻ അബ്ദുൾകലാം വന്നു . ‘ശാസ്ത്രം മനുഷ്യ നന്മയ്ക്കു’ എന്ന് പറയുന്ന നാടകം. അങ്ങനെ 2005-ൽ ഒരു നാഷണൽ അവാർഡ് കിട്ടി. പിന്നെ ചെയ്ത രണ്ടു നാടകവും നാഷണൽ ലെവലിൽ ശ്രദ്ധിക്കപ്പെട്ടു.

ചോദ്യം : ബൂലോകം ഇപ്പോൾ നടത്തുന്ന ഈ ഷോർട്ട് ഫിലിം കോണ്ടസ്റ്റിനെ എങ്ങനെ കാണുന്നു ? എന്താണ് താങ്കളുടെ അഭിപ്രായം ?ഷോർട്ട് ഫിലിമുകൾക്കായൊരു വേദി ബൂലോകം ഒരുക്കുകയാണ്. എന്താണ് അഭിപ്രായം.

ഉത്തരം : ഒരു വലിയ ആൽമരം ആയി തോന്നുന്നു . കുറേപേർക്കു ശ്വസിക്കാൻ ഒരു ആൽമരം ആണ് ബൂലോകത്തിന്റെ ഈ നല്ല നീക്കം .ഈ പ്രതിസന്ധി കാലത്തും ഒരു ചേർത്തുപിടിക്കൽ ആണ് ബൂലോകത്തിന്റെ ഈ കൂട്ടായ്മ. എണ്ണിയാലൊടുങ്ങാത്ത ചെറുപ്പക്കാർക്ക് കിട്ടുന്ന ഒരവസം. ഇങ്ങനെയൊരു മത്സരം വയ്ക്കുക, അതിനൊരു പ്രൈസ് നൽകുക എന്നത് ചെറിയ കാര്യമല്ല. ഒരുപാട് സ്നേഹത്തോടെ അതിനെ കാണുന്നു.

ചോദ്യം : കലാകാരൻ ഒരു മനുഷ്യനാണ്. അദ്ദേഹത്തിന്റെ ജീവിതത്തെ, പ്രത്യേകിച്ച് കുടുംബജീവിതത്തെ കുറിച്ച് കൂടി …

ഉത്തരം : വിവാഹിതനാണ്, ഭാര്യ സനില, രണ്ടുകുട്ടികളുണ്ട്, മൂത്തകുട്ടി ദേവകി രാമൻ , പത്തുവയസുള്ള അവളാണ് വേനലിലെ മകളുടെ കഥാപാത്രം അവതരിപ്പിച്ചത്. അവൾ നന്നായി കഥപറയുകയും അഭിനയിക്കുകയും ഒക്കെ ചെയ്യും. രണ്ടാമത്തെ ആൾ ധർമ്മിക് രാമൻ. കൂടെയുള്ളത് അമ്മയാണ്. ഇതാണ് ഞങ്ങളുടെ ഫാമിലി. സിനിമ, നാടകം എല്ലാം രണ്ടാമത്തെ കാര്യമാണ് എന്നും ആദ്യം ഒരു നല്ല മനുഷ്യൻ ആകുകയാണ് പ്രധാനകാര്യം എന്നുമാണ് ഞാൻ ചിന്തിക്കുന്നത്. കലാപ്രവർത്തങ്ങൾക്കൊപ്പം തന്നെ ഞാൻ ഒരു കോൺട്രാക്റ്റർ കൂടിയാണ്. ഭാര്യയ്ക്ക് ഒരു ട്യൂഷൻ സെന്റർ ഉണ്ട്.

ചോദ്യം :ഒരുപാട് കാര്യങ്ങൾ വായനക്കാരുമായി പങ്കുവച്ചതിനു നന്ദിയുണ്ട്. കലയിൽ കൂടുതൽ ഉയരങ്ങൾ താണ്ടട്ടെ…കൊടുത്താൽ അംഗീകാരങ്ങൾ നേടട്ടെ..എല്ലാ വിധ ആശംസകളും…

ഉത്തരം : ഓക്കേ..നന്ദി… സ്നേഹം…


വേനൽ കാണാൻ ഈ ലിങ്കിൽ പോകുക > https://www.youtube.com/watch?v=9C8AL5WVJLU