അന്താരാഷ്ട്ര ചായ ദിനത്തിൽ ചായയെ കുറിച്ചുള്ള അറിവുകളിലേക്ക് ഒരു സഞ്ചാരം നടത്താം

266

കടപ്പാട് : Muhammed Sageer Pandarathil

ഇന്ന് അന്താരാഷ്ട്ര ചായ ദിനം

കട്ടന്‍ചായ/കടുംചായ/പാൽ ചായ/സുലൈമാനി/ മധുരം കുറഞ്ഞ് കടുപ്പത്തിൽ ചായ…ചായയുടെ വിവിധ രൂപങ്ങൾ വിവിധ നേരങ്ങളിൽ ആസ്വദിക്കുന്നവരാണ് നമ്മൾ.

ചായയില്ലാത്ത ഒരു ദിവസത്തെക്കുറിച്ച് ചിന്തിക്കുക എന്നത് തന്നെ പ്രയാസമാണ്. എന്നാൽ ഈ ചായ എവിടെ നിന്നു വന്നുവെന്നോ അതിന്റെ പിന്നിലുള്ള ചരിത്രമെന്തെന്നോ അറിയുന്നവർ ചുരുക്കമായിരിക്കും.

നമുക്ക് ഈ അന്താരാഷ്ട്ര ചായ ദിനത്തിൽ ആ അറിവുകളിലേക്ക് ഒരു സഞ്ചാരം നടത്താം.

എല്ലാ വർഷവും ഡിസംബർ 15 അന്താരാഷ്ട്ര ചായ ദിനമായി ആചരിക്കുന്നു. 2005 മുതൽ തേയില ഉല്പാദക രാജ്യങ്ങളായ ഇന്ത്യ/ബംഗ്ലാദേശ്/ ശ്രീലങ്ക/നേപ്പാൾ/വിയറ്റ്നാം/ ഇൻഡോനേഷ്യ/കെനിയ/മലാവി/മലേഷ്യ/ ഉഗാണ്ട/ടാൻസാനിയ തുടങ്ങിയ രാജ്യങ്ങളിൽ ചായ ദിനം ആഘോഷിച്ചു വരുന്നുണ്ട്.

ചായയുടെ ചരിത്രം ആരംഭിക്കുന്നതു ഏകദേശം 5000 വർഷങ്ങൾക്കു മുൻപ് പുരാതന ചൈനയിലാണ്.

ഐതിഹ്യങ്ങളനുസരിച്ച് ചൈനീസ് ചക്രവർത്തിയായിരുന്ന ഷെൻ നുങ് (Shen Nung) ഒരു വേനല്ക്കാലത്ത് കാട്ടിൽ വേട്ടക്കു പോയ സമയത്തു കുറച്ചു വെള്ളം ചൂടാക്കാനായി വെയ്ക്കുകയും തിളച്ചുകൊണ്ടിരുന്ന അവസരത്തിൽ കുറച്ച് ഉണങ്ങിയ ഇലകൾ ഈ വെള്ളത്തിൽ വീഴുകയും ആ വെള്ളം തവിട്ടുനിറത്തിലാകുകയും ചെയ്തു. ഈ വെള്ളംകുടിച്ച അദ്ദേഹത്തിനു ഉന്മേഷം തോന്നുകയും അങ്ങനെ തേയിലയും ചായയും കണ്ടെത്തി എന്നുമാണ്‌ ഐതിഹ്യം.

ചായയുടെ പാനീയമൂല്യം തിരിച്ചറിഞ്ഞത് ചൈനാക്കാരാണ്. ചൈനീസ് സംസ്കാരത്തോടൊപ്പം ചായയുടെ ഉപഭോഗവും സമൂഹത്തിന്റെ എല്ലാ തലങ്ങളിലും എത്തിപ്പെട്ടു.

എ ഡി 800-ൽ ബുദ്ധസന്യാസിയായ ലു യു (Lu Yu) ചായയെ കുറിച്ച് വിശദമായ പുസ്തകം പുറത്തിറക്കി. അനാഥനായിരുന്ന ഇദ്ദേഹം ചൈനയിലെ ബുദ്ധവിഹാരങ്ങളിലൂടെ (Monasteries) വളർന്നു വലുതായി.

അക്കാദമിക് തലങ്ങളിൽ അന്നുണ്ടായിരുന്നതിൽ അഗ്രഗണ്യന്മാരിലൊരാളായി. വളരെ വർഷങ്ങൾ നീണ്ടു നിന്ന ഗവേഷണങ്ങൾക്കു ശേഷം അദ്ദേഹം പുരാതന ചൈനയിൽ എങ്ങനെയാണ് ചായ വിളവെടുത്തിരുന്നതെന്നും അത് എങ്ങനെ തയ്യാറാക്കുന്നതെന്നും മനസ്സിലാക്കി.

വളരെക്കാലം നീണ്ടുനിന്ന ഈ ഗവേഷണത്തിനൊടുവിൽ അദ്ദേഹം ചക്രവർത്തിയുടെ ബഹുമാനത്തിനു പാത്രമായി. സെൻ ബുദ്ധിസത്തിന്റെ (Zen Buddhism) വക്താവായിരുന്ന ഇദ്ദേഹം ചായകുടി അതിന്റെ ഒരു ഭാഗമാക്കി മാറ്റുകയുണ്ടായി. പില്ക്കാലത്തു സെൻ ബുദ്ധ സന്യാസിമാരിലൂടെ അതു ജപ്പാനിലെത്തിച്ചേർന്നു.

തേയിലയുടെ തൂക്കം നിർണ്ണയിക്കുന്ന തൊഴിലാളികൾ ജപ്പാനിലേക്കു തേയിലച്ചെടി ആദ്യമായി കൊണ്ടു വരുന്നതു യിസൈ (Yeisei) എന്ന ബുദ്ധ സന്യാസിയാണ്.

അദ്ദേഹം ചായയുടെ പിതാവായി ജപ്പാനിൽ അറിയപ്പെടുന്നു. ചായ ഒരു രാജകീയ വിഭവമായി ജപ്പാനിലെ ബുദ്ധവിഹാരങ്ങളിലും, കോടതികളിലും മറ്റും നല്കി വന്നിരുന്നു.

ചായ സല്കാരം ഒരു ചടങ്ങായി ജപ്പാനിൽ ചാ-നൊ-യു (“Cha-no-yu” “the hot water for tea) എന്നപേരിലറിയപ്പെടുന്നു.

ചായയുടെ ഉപഭോഗം ചൈനയിലും ജപ്പാനിലും വർദ്ധിച്ചുകൊണ്ടിരുന്ന അവസരത്തിൽ യൂറോപ്യന്മാർ സഞ്ചാരികളിലൂടെയും മറ്റും ചായ എന്ന പാനീയത്തെ പറ്റി അറിഞ്ഞു തുടങ്ങി.

എന്നാൽ ഇതെന്താണെന്നൊ ഇതെങ്ങനെയാണ് ഉപയോഗിക്കുന്നതെന്നൊ യാതൊരു വിവരവും അവർക്കുണ്ടായിരുന്നില്ല. ചിലരുടെ അഭിപ്രായത്തിൽ ഇത് ഉപ്പിലിട്ടു തിളപ്പിച്ച് വെണ്ണയോടൊപ്പം കഴിക്കേണ്ട ഒരു പാനീയമെന്നായിരുന്നു.

1560 ൽ പോർച്ചുഗീസ് ജസ്യൂട്ട് പാതിരിയായിരുന്ന ജാസ്പർ ഡി ക്രുസ് ( Jasper De Cruz) ആയിരുന്നു ഇതിനെക്കുറിച്ച് അറിയുകയും വിശദമായി എഴുതുകയും ചെയ്ത ആദ്യത്തെ യൂറോപ്യൻ.

അദ്ദേഹത്തിന്റെ നേതൃത്വത്തിലുണ്ടായിരുന്ന കപ്പൽവ്യൂഹം വഴി വിജയകരമായി ചായയുടെ വ്യാപാരം ചൈനയുമായി വാണിജ്യാടിസ്ഥാനത്തിൽ ആരംഭിക്കുകയും ചെയ്തു.

അതിനുശേഷം പോർച്ചുഗിസുകാർ ചായ ലിസ്ബണിലെക്ക് കൊണ്ടു വരികയും അവിടെ നിന്നും ഡച്ചുകപ്പലുകളിൽ ഫ്രാൻസ്,ഹോളണ്ട്, ബാൾടിക് രാജ്യങ്ങൾ എന്നിവിടങ്ങളിലേക്കു കയറ്റുമതി ചെയ്യുകയും ചെയ്തു.

ആ കാലഘട്ടത്തിൽ പോർട്ടുഗീസുകാരും ഹോളണ്ടും തമ്മിൽ രാഷ്ട്രീയമായി ഒരു കൂട്ടുകെട്ടുണ്ടായിരുന്നു.1600 കളിൽ ഈ ബന്ധം ശക്തമാകുകയും ഈ രണ്ടു രാജ്യങ്ങളുടേയും ശക്തമായ കപ്പൽപട വഴി പസഫിക്ക് വഴിയുള്ള വ്യാപാരം ഇവരുടെ നിയന്ത്രണത്തിൽ വരികയും ചെയ്തു അങ്ങനെ ചായ യൂറോപ്പിലെത്തിച്ചേരുകയും ചായ എന്നുള്ളതു ഡച്ച് സമൂഹത്തിലെ ഒരു ആഡംബരമായി മാറുകയും ചെയ്തു.

അതുമാത്രമല്ല ചായക്ക് സ്വർണ്ണത്തിനേക്കാൾ വിലയുമായിരുന്നു അക്കാലത്തു യൂറോപ്പിൽ. കുറച്ചു കാലത്തിനുള്ളിൽ തേയിലയുടെ വ്യാപാരത്തിലൂടെ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ കുതിച്ചുകയറുകയും ചെയ്തു.

1650 കളോടെ ഡച്ചുകാർ തേയിലയുടെ വ്യാപാരം തെക്കോട്ടു വ്യാപിപ്പിച്ചു. പീറ്റർ സ്റ്റുവാസന്റ് (Peter Stuyvesant) ആദ്യമായി തേയില അമേരിക്കയിലെ അവരുടെ കോളനിയായിരുന്ന ന്യൂ ആംസ്റ്റർഡാമിലേക്കു കയറ്റി അയച്ചു. പിന്നീട് ഈ സ്ഥലം ന്യൂയോർക്ക് എന്ന പേരിലറിയപ്പെട്ടു.

അവിടെ കോളനി സ്ഥാപിച്ചിരുന്ന ഇംഗ്ലീഷുകാർ അങ്ങനെ ആദ്യമായി ചായയുടെ രുചി അറിഞ്ഞു. ആ സമയത്തു ഗ്രേറ്റ് ബ്രിട്ടൻ Stuarts and the Cromwellian എന്നറിയപ്പെട്ട യുദ്ധം വഴി ചൈനയിലേക്കും ഈസ്റ്റ് ഇന്ഡ്യയിലെക്കുമുള്ള വാണിജ്യ പാതയിൽ ആധിപത്യം സ്ഥാപിച്ചിരുന്നു.

1652 നും 1654 നും ഇടക്ക് ഇംഗ്ലണ്ടിൽ ആദ്യമായി തേയില എത്തി. വളരെ കുറഞ്ഞ കാലത്തിനുള്ളിൽ ചായ ഇംഗ്ലണ്ടിന്റെ ദേശീയ പാനീയമായി മാറി.

കോഫി ഹൗസുകൾ എന്നറിയപ്പെട്ടിരുന്ന ഇത്തരം റസ്റ്റോറന്റുകളിൽ ചായ ആയിരുന്നു ഏറ്റവും കൂടുതൽ വിളമ്പിയിരുന്നത്. കോഫി ഹൗസുകൾ ഇംഗ്ലണ്ടിന്റെ ജീവിതത്തിന്റെ ഭാഗമായി മാറി. ഈ കോഫി ഹൗസുകൾ പെനി യൂണിവേഴ്സിറ്റി (Penny Universities) എന്ന അപരനാമധേയത്തിലും അറിയപ്പെട്ടു. അതിനു കാരണമായത്, ഒരു പെനി കൊടുത്താൽ ചായയും ന്യൂസ്‌പേപ്പറുകളും ലഭിക്കുകയും കൂട്ടുകാരുമൊത്തു സല്ലപിക്കാനും ഇവിടെ സാധിച്ചിരുന്നു. വക്കീലന്മാരും, എഴുത്തുകാരും, പട്ടാളക്കാരുമെല്ലാം ഇവിടങ്ങളിലെ നിത്യസന്ദർശകരായിരുന്നു.

പിന്നീട് ആ സംസ്ക്കാരം ബ്രിട്ടീഷ്ക്കാരുടെ വരവോടെ ഇന്ത്യയിലുമെത്തി. പത്തൊമ്പതാം നൂറ്റാണ്ടിൽ ബ്രിട്ടനിൽ നിന്നെത്തിയ ഡോ. ക്രിസ്റ്റി സായിപ്പ് നീലഗിരിയുടെ കുളിരകറ്റാനായി 1832 ൽ നീലഗിരിയിൽ തേയില നട്ടു തുടങ്ങിയ ആ രുചി പിന്നെപ്പിന്നെ മൂന്നാറിലേയും മറ്റുമുള്ള മൊട്ടക്കുന്നുകൾ തണുക്കാതിരിക്കാൻ തേയിലച്ചെടി പുതപ്പിച്ചു.

ഇന്ത്യയിലിപ്പോൾ പശ്ചിമ ബംഗാള്‍/ആസാം/തമിഴ്നാട്/ കേരളം/ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിലാണ് ഏറ്റവും അധികം തേയിലത്തോട്ടങ്ങൾ കാണുവാൻ സാധിക്കുക.

കേരളത്തിലെ ചായയിൽ പാലും വെള്ളവും സമാസമമായിരിക്കുമ്പോൾ തമിഴ്നാട്ടിൽ പാലിന്റെ അളവ് കൂടും. കർണാടകയിലാവട്ടെ പാലിൽ ചായപ്പൊടിചേർത്ത് കഴിക്കുന്നതാണ് പഥ്യം.

ഈ യാത്ര നമ്മൾ അവസാനിപ്പിക്കുന്നത് അടിമാലി മൂന്നാർ റൂട്ടിൽ ഇരുട്ടുകാനത്തുള്ള ടീ കപ്സ് കട്ടൻചായക്കടയിലാണ്. അവിടെ ഒന്നും രണ്ടുമല്ല 60 തരത്തിലുള്ള കട്ടൻ ചായകൾ കിട്ടും.

മേഘാനന്ദ്/എൽദോസ് സക്കറിയ/രജീഷ് എന്നിവരാണ് ഈ ടീ കപ്സിന്റെ ഉടമകൾ. ഇവർ സ്വന്തമായി വികസിപ്പിച്ചെടുത്ത പഴക്കൂട്ട്/ ഔഷധക്കൂട്ട്/സുഗന്ധ വ്യഞ്ജനക്കൂട്ടു ചായകളാണ് ഇവിടെയുള്ളത്. 10 മുതൽ 200 രൂപ വരെയാണു ഈ ചായയുടെ വില.

വിലയേറിയ വൈറ്റ് ടീയും ഇവിടെ രുചിക്കാം.
ഇവിടെ എന്തും ചായയാണ് ആപ്പിൾ ടീ/ തണ്ണിമത്തൻ ടീ/ ഓറഞ്ച് ടീ/പാഷൻ ഫ്രൂട്ട് ടീ/ മുന്തിരി ടീ/ പൈനാപ്പിൾ ടീ… എന്നിങ്ങനെ നീളുന്നു പഴക്കൂട്ടു ചേർന്ന ചായനിര.

തീർന്നില്ല ചെമ്പരത്തി ടീ/പനിനീർ ടീ/തുളസി ടീ/പേരയില ടീ/ മുരിങ്ങയില ടീ/മിന്റ് ടീ… എന്നിങ്ങനെ ഇലയും പൂക്കളും ചേർന്ന ഒൗഷധഗുണമുള്ള ചായകൾ വേറെയും ഇവിടെ രുചിക്കാം.

അപ്പോൾ ഒരു ചൂടു സുലലെമാനി ഊതിക്കുടിച്ച് ഉസ്താദ് ഹോട്ടലിൽ ഉപ്പാപ്പ ഫൈസിയോടു പറഞ്ഞപ്പോലെ ‘ഒരു നുള്ള് മൊഹ്ബത്തും കൂടി ചേർത്തു കൊടുത്താലേ ഏതു സുലൈമാനിയിലും രുചിയുടെ പെരുന്നാളു കൂടുകയുള്ളൂ.’ എന്നും പറഞ്ഞ് കൊണ്ട് കൈ കൊടുത്തു പിരിയാം.