ഒരു സ്ത്രീ അവൾക്ക് വേണ്ടി തന്നെ നിൽക്കുമ്പോൾ ലോകത്തിലെ മറ്റനേകം സ്ത്രീകൾക്കു കൂടി വേണ്ടിയാണ് നിലകൊള്ളുന്നത്

Reshma C എഴുതുന്നു 
പെൺകുട്ടികളുടെ ശബ്ദം ഉച്ചത്തിൽ കേൾക്കരുതെന്ന് നിർബന്ധമുള്ള വീട്ടിൽ ഒച്ചവെച്ചും കലഹിച്ചും തന്നെയാണ് വളർന്നത്. ഒച്ച പൊന്തിയതിന് അവസാനമായി അടി കിട്ടിയത് ഇരുപത്തിയൊന്നാം വയസിലാണ്. ഇനിമേലിൽ എന്നെ തൊട്ടുപോവരുതെന്ന് കൈ ചൂണ്ടി പറഞ്ഞത് അതേ ദിവസമാണ്.
പെൺകുട്ടികളെ പഠിപ്പിച്ചിട്ടെന്തിനാണ് എന്ന് പുച്ഛിക്കുന്ന ഒരിടത്ത് നിന്നുതന്നെയാണ് ഇപ്പോഴും പഠനം തുടരുന്നത്. പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന് മുടക്കുന്ന പണം അവരുടെ കല്യാണത്തിന് കരുതിവെക്കുകയാണ് വേണ്ടതെന്ന് തന്നെയും പിന്നെയും പറയുന്ന ആൾക്കാരുടെ ഇടയിൽ നിന്നുകൊണ്ടാണ് പി എച്ച് ഡി ചെയ്യുന്നത്. വിഭവങ്ങളുടെ ലഭ്യത കുറയുന്ന കണക്കിന് അത് പങ്കുവെക്കുന്നതിലെ അനീതിയും കൂടുമെന്ന് തിരിച്ചറിഞ്ഞുകൊണ്ടാണ് നിലനിൽക്കുന്നത്. രണ്ടാമത്തെ പെൺകുട്ടിയാവുക എന്നതിലെ അപകടം ഞാനേതാണ്ട് രണ്ടുവയസിൽ തന്നെ തിരിച്ചറിഞ്ഞിട്ടുണ്ട്.
കെട്ടിച്ചു വിടാൻ, പെൺകുട്ടികൾക്ക് പതിനെട്ട് വയസാവാൻ കാത്തിരിക്കുന്ന ഒരു ഗ്രാമത്തിൽ നിന്നാണ് വരുന്നത്. ഇരുപത്തിയാറ് വയസിൽ അവിവാഹിതയെന്നത് അവിടെ ചില്ലറ കാര്യമല്ല. “എന്ത് ചെയ്തിട്ടെന്തിനാ, അവസാനം വല്ലവന്റെയും അടുപ്പുന്താനല്ലേ” എന്നൊരശരീരി അവിടെ ബസിറങ്ങുമ്പോൾ മുതൽ ഞാൻ കേൾക്കാറുണ്ട്. എന്നെപ്പോലുള്ള, ദരിദ്രകുടുംബങ്ങളിലെ പെൺകുട്ടികളുടെ തലയിൽ കയറാനും തീരുമാനമെടുക്കാനും വീട്ടുകാരെക്കാൾ നാട്ടുകാർക്ക് താൽപര്യം കൂടുതലാണെന്ന ബോധ്യവുമുണ്ട്.
എന്നെപ്പറ്റി എഴുതിയതുകൊണ്ട് ഇതെന്നെപ്പറ്റി മാത്രമാവണമെന്നില്ല. ഇതിലും കടുത്തതോ ഇത്രയില്ലാത്തതോ ആയ കഥകളുള്ള സ്ത്രീകൾ ഉണ്ട്. നിലനിൽപ് തന്നെ വലുതും ചെറുതുമായ അനേകം സമരങ്ങളാവുന്നവർ. ഒരു സ്ത്രീ അവൾക്ക് വേണ്ടി തന്നെ നിൽക്കുമ്പോൾ ലോകത്തിലെ മറ്റനേകം സ്ത്രീകൾക്കു കൂടി വേണ്ടിയാണ് നിലകൊള്ളുന്നത് എന്നെവിടെയോ വായിച്ചിട്ടുണ്ട്. ഞാൻ അത്തരം ഒരു സ്ത്രീയാണ്. അതിലഭിമാനമാണ്.
വനിതാദിനാശംസകൾ.
*****
Sreeja Neyyattinkara എഴുതുന്നു 
ആത്മാഭിമാനത്തോടെ പറയുന്നു ഞാൻ ഒരു ഫെമിനിസ്റ്റാണ്….
പിതാവ് , ആങ്ങള, ഭർത്താവ് തുടങ്ങിയ ആൺ സംരക്ഷണ വലയങ്ങളെ ഭേദിച്ച് അതിജീവനം സാധ്യമാക്കിയ ഒരു സ്ത്രീയാണ് ഞാൻ….ഓരോ ചുവടുകളും അതിജീവനത്തിന്റേതായിരുന്നു….
പൊതുബോധത്തിന്റെ തിട്ടൂരങ്ങളെ മറികടന്ന പെണ്ണുങ്ങൾക്ക് രാഷ്ട്രീയായുധം ഒന്നേയുള്ളൂ നിർഭയത്വമാണത്…ആ ആയുധം പകരുന്ന ആത്മവിശ്വാസത്തോളം വലുതായി മറ്റൊന്നില്ല …
പെണ്ണായി ജനിച്ചു പോയല്ലോ എന്നെനിക്കൊരിക്കലും പരിതപിക്കാൻ ഇടയാകാത്തത് അത്രമേൽ ഞാൻ എന്റെ പെൺ സ്വത്വത്തെ തിരിച്ചറിയുകയും പ്രണയിക്കുകയും രാഷ്ട്രീയമായി സമീപിക്കുകയും പൊതുബോധത്തെ അവഗണിക്കുകയും ചെയ്യുന്നത് കൊണ്ടാണ്…
എന്റെ പെൺ ജീവിതത്തിൽ ഏറ്റവും മൂല്യമേറിയ രാഷ്ട്രീയ പ്രവർത്തനം വായന തന്നെയായിരുന്നു ധിക്കാരത്തിന്റെ ഗാഥകൾ രചിക്കാൻ എന്നെ പരിശീലിപ്പിച്ചതിൽ , എന്നിൽ സ്വത്വ ബോധം വളർത്തിയതിൽ , പെണ്ണ് ആണധികാര വ്യവസ്ഥിതിയിൽ നിന്ന് പുറത്തു കടന്നാലേ സാമൂഹിക വിപ്ലവം അഥവാ ഗുണകരമായ മാറ്റം സാധ്യമാകൂ എന്ന് എന്നെ പഠിപ്പിച്ചതിൽ അനുഭവങ്ങളോളം തന്നെ പുസ്തകങ്ങൾക്കും ഏറെ പങ്കുണ്ട് അതു പോലെ തന്നെ മുപ്പത്തിയഞ്ചു വർഷങ്ങൾ ഈ ഭൂമിയിൽ ജീവിക്കുന്നതിനിടയിൽ ഏകദേശം ഇരുപതു വർഷങ്ങൾക്കിടയിൽ ഞാൻ നടത്തിയ പല പല യാത്രകൾ…ആ യാത്രകൾ എനിക്ക് നേടിത്തന്ന അനുഭവങ്ങളിലൂടെ ആർജ്ജിച്ച രാഷ്ട്രീയ വിദ്യാഭ്യാസം മികച്ചതായിരുന്നു … യാത്രകൾ ഭൂരി ഭാഗവും ഒറ്റയ്ക്കോ അല്ലെങ്കിൽ പെണ്ണുങ്ങൾ മാത്രമായോ നടത്തിയിട്ടുള്ളതാണ്… അതിലെ കാട്ട് യാത്രകൾ എനിക്ക് സമ്മാനിച്ച ആത്മീയാനുഭൂതി കോറിയിടാൻ വാക്കുകൾ പരിമിതമാണ്…
ഈ മാർച്ച് എട്ടിലേക്ക് അഥവാ ഈ വർഷത്തെ വനിതാ ദിനത്തിലേക്ക് നോക്കുമ്പോൾ അതിജീവനത്തിനായി പൊരുതുന്ന പെണ്ണുങ്ങളാണെങ്ങും അതും മുസ്‌ലിം പെണ്ണുങ്ങൾ വിപ്ലവത്തിന്റെ പുതുചരിതമെഴുതുന്ന മുസ്‌ലിം പെണ്ണുങ്ങൾ ഇന്ത്യയെന്ന ജനാധിപത്യ മതേതര രാജ്യത്തെ ഫാസിസ കരങ്ങളിൽ നിന്നും പിടിച്ചെടുക്കാനുള്ള പോരാട്ടത്തിത്തിന്റെ മുൻ നിരയിലാണ് ….
പൊതു ബോധത്തെ അതിജീവിച്ച് വിവേചനങ്ങൾക്കെതിരെ പോരടിച്ചു കൊണ്ടിരിക്കുന്ന ലോകത്തെ എല്ലാ പെണ്ണുങ്ങൾക്കും മാർച്ച് എട്ടിന്റെ രാഷ്ട്രീയ ചരിത്രം ഊർജ്ജം പകരട്ടെ….
ഹൃദയാഭിവാദ്യങ്ങൾ
*****
Dale Spender
ഫെമിനിസം ഒരു യുദ്ധവും നടത്തിയിട്ടില്ല.ഫെമിനിസം ഒരു എതിരാളിയേയും കൊന്നിട്ടില്ല. ഫെമിനിസം തടങ്കൽപ്പാളയങ്ങൾ സ്ഥാപിച്ചിട്ടില്ല.ഫെമിനിസം ശത്രുതയോ പട്ടിണിയോ സൃഷ്ടിച്ചിട്ടില്ല.ഫെമിനിസം ക്രൂരതകളൊന്നും നടത്തിയിട്ടില്ല.മറിച്ച് ,വിദ്യാഭ്യാസം, തിരഞ്ഞെടുപ്പ്, മെച്ചപ്പെട്ട തൊഴിൽ സാഹചര്യങ്ങൾ, തെരുവുകളിലെ സുരക്ഷ, കുട്ടികളുടെ സംരക്ഷണം, സാമൂഹ്യക്ഷേമം , ബലാത്സംഗങ്ങൾക്ക് എതിരെയുളള പോരാട്ടങ്ങൾ, വനിതാ അഭയാർത്ഥികൾ, നിയമ പരിഷ്കാരങ്ങൾ …അങ്ങനെ നീളുന്നു ഒരു ഫെമിനിസ്റ്റിന്റെ ജീവിത പോരാട്ടങ്ങൾ. എന്നിട്ടും നിങ്ങൾ ആ വാക്കിനെ അറപ്പോടെ കാണുന്നു. ആരെങ്കിലും ചോദിച്ചാൽ ‘ഓ, ഞാൻ ഒരു ഫെമിനിസ്റ്റ് അല്ല’ എന്ന് പറയുന്നു.അതെന്ത് കൊണ്ട്? ഫെമിനിസ്റ്റ് എന്ന് പറയുന്നതിൽ എന്താണ് തെറ്റ്?
Image result for dale spender