ഇന്റര്‍നെറ്റും ജീവിതവും – ഡോ. ജെയിംസ്‌ ബ്രൈറ്റ് എഴുതുന്നു

ആളുകളെ ഇന്റര്‍നെറ്റില്‍ നിന്നും കുറെ നേരം അകറ്റി നിറുത്തിയാല്‍ എന്ത് സംഭവിക്കും? എങ്ങിനെ ആയിരിക്കും അവര്‍ പ്രതികരിക്കുക? ഇതിനെപ്പറ്റി ആലോചിച്ചിട്ടുണ്ടോ? എന്നാല്‍ ഇത്തരത്തിലുള്ള അനവധി പരീക്ഷണങ്ങള്‍ നടന്നു കഴിഞ്ഞു. ആളുകളുടെ പ്രതികരണങ്ങള്‍ പലതും രസകരങ്ങളായിരുന്നു. “എന്റെ കൈ മുറിച്ചത് പോലെ തോന്നി” എന്നുവരെ പലരും പറഞ്ഞു. ആളുകളെ ലാപ്പ് ടോപ്പ് , സ്മാര്‍ട്ട് ഫോണുകള്‍ തുടങ്ങിയ ഇന്റര്‍നെറ്റ്‌ ഉപകരണങ്ങളില്‍ നിന്നും ഇരുപത്തിനാല് മണിക്കൂര്‍ അകറ്റി നിറുത്തിയാണ് പരീക്ഷണങ്ങള്‍ നടത്തിയത്.

ഇന്റര്‍നെറ്റു ബന്ധം മുറിഞ്ഞപ്പോള്‍ ആളുകളില്‍ ഒരുതരം മാനസിക പിരിമുറുക്കം കാണുവാനിടയായി എന്ന കാര്യം വളരെ ശ്രദ്ധേയമായി തോന്നാം.പുകവലി, മദ്യപാനം തുടങ്ങിയ കാര്യങ്ങള്‍ ശീലിച്ചവരെ പെട്ടെന്ന്‍ അവയില്‍ നിന്നും അകറ്റി നിറുത്തിയാല്‍ ഉണ്ടാവുന്ന തരത്തിലുള്ള പ്രതികരണമാണ് ഇന്റര്‍നെറ്റു ബന്ധം മുറിച്ചപ്പോഴും ഉണ്ടായതെന്ന് പോലും വിദഗ്ദര്‍ അഭിപ്രായപ്പെട്ടു. ഇതിനോട് എത്രമാത്രം യോജിക്കുവാന്‍ കഴിയുമെന്നറിയില്ല . എന്നാല്‍ ഒരു കാര്യം നമുക്കറിയാം. മനുഷ്യജീവിതത്തില്‍ ഇന്ന് ഇന്റര്‍നെറ്റ് വളരെ പ്രധാനപ്പെട്ട ഒരു മാധ്യമം ആയി മാറിയിരിക്കുന്നു. ന്യൂസ് പേപ്പര്‍ , റേഡിയോ , ടെലിവിഷന്‍ എന്നീ മാധ്യമങ്ങളെ മറികടന്നു ആധുനിക ജീവിതത്തിലെ ഏറ്റവും അധികം ആളുകള്‍ ഉപയോഗിക്കുന്ന മാധ്യമം ആയി ഇന്റര്‍നെറ്റ് .

നമ്മളെ ഇന്‍റര്‍നെറ്റില്‍ നിന്നും ഒരു ദിവസം അകറ്റി നിറുത്തിയാല്‍ എന്തെങ്കിലും സംഭവിക്കുമോ? അതായത് നമ്മള്‍ മെയില്‍ ചെക്ക് ചെയ്യുന്നില്ല, ഫെയിസ് ബുക്ക് നോക്കുന്നില്ല , ജാലകം അഗ്രിഗേറ്റര്‍ നോക്കുന്നില്ല എന്നൊക്കെ ഒന്ന് ചിന്തിക്കുക. എന്തു തോന്നുന്നു? മേല്പറഞ്ഞ ഉദാഹരണങ്ങള്‍ ആയിരിക്കില്ല ഒരു പക്ഷെ നിങ്ങളുടെ ഇന്റര്‍നെറ്റ് ബന്ധം.
ഏതു തരത്തില്‍ നാം ഇന്റര്‍നെറ്റ് ഉപയോഗിച്ചാലും അതില്‍ നിന്നും നമ്മെ ഒന്നോ രണ്ടോ ദിവസം അകറ്റി നിറുത്തിയാല്‍ അത് ഇന്നത്തെ പരിതസ്ഥിതിയില്‍ നമ്മെ എങ്ങിനെ ബാധിക്കും? ആലോചിക്കേണ്ടുന്ന കാര്യം തന്നെയാണ്.

ഭാവിയില്‍ എല്ലായിടത്തും ഫോണിലൂടെയുള്ള ഇന്റര്‍നെറ്റുപയോഗം സാര്‍വത്രികമാവും. കമ്പ്യൂട്ടറിനേക്കാള്‍ അവ കൂടുതല്‍ സൌകര്യപ്രദം ആണല്ലോ. നമ്മുടെ നാട്ടില്‍ ഇത് എത്രകണ്ട് നടപ്പിലായി എന്നറിയില്ല. കേരളത്തില്‍ പൊതുവേ ഇന്റര്‍നെറ്റുപയോഗം എത്ര വരും എന്ന ഒരു കണക്കും ഞാന്‍ അടുത്തിടെ കണ്ടിട്ടില്ല. എല്ലാ വീടുകളിലും കമ്പ്യൂട്ടറും ഇന്റര്‍നെറ്റു കണക്ഷനും ഉണ്ടായെങ്കില്‍ മാത്രമേ ഈ രംഗത്ത്‌ ഒരു കുതിച്ചു ചാട്ടം നമുക്കുണ്ടാവൂ. ഇക്കാര്യം നടപ്പാക്കുവാന്‍ സര്‍ക്കാരുകളാണ് ശ്രദ്ധിക്കേണ്ടത്.

മനുഷ്യരുമായി ബന്ധപ്പെടുത്താവുന്ന എല്ലാ മേഖലകളിലും ഇന്ന് ഇന്റര്‍നെറ്റു കടന്നു കയറി. അനുബന്ധ ബിസിനസ്സായ ആപ്പിള്‍ കമ്പനി ഇന്ന് അമേരിക്കന്‍ സര്‍ക്കാരിനെക്കാള്‍ ധനികരാണ്. അപ്പോള്‍ ഇനി ഇന്റര്‍നെറ്റു തന്നെയാണോ മനുഷ്യരുടെ ഭാവി നിര്‍ണയിക്കുവാന്‍ പോകുന്നത്? കാത്തിരുന്നു കാണേണ്ടി വരും.