ആയിരം കാലങ്ങൾക്കും പ്രസക്തമായ കഥാപാത്രങ്ങളുമായി യൂസഫ് മൊഹമ്മദ്‌

0
891

സിനിമയൊരു അതിജീവനമായി സ്വീകരിച്ച യുസഫ് മൊഹമ്മദ് എന്ന ഒറ്റപ്പാലംകാരൻ മികച്ചൊരു സംവിധായകനും തിരക്കഥാകൃത്തും ആണ് . 2015 -ൽ ‘രാഗ് രംഗീല’ എന്നൊരു സിനിമ സംവിധാനം ചെയ്ത യുസഫ് സാമൂഹിക പ്രതിബദ്ധതയുള്ള

Yousef Mohammed

ഷോർട്ട് ഫിലിമുകളും അണിയിച്ചൊരുക്കിയിട്ടുണ്ട്. കൂടാതെ പുതുമുഖങ്ങളെ വച്ച് ചെയ്ത ‘ആയിരംകാലം’ എന്നൊരു മിനി സിനിമയും ഇപ്പോൾ റിലീസിങ്ങിന് തയ്യാറായി ഒരുങ്ങുന്നുണ്ട്.പ്രണയാർദ്രമായ ഗാനരംഗങ്ങളോട് കൂടിയ ആയിരം കാലംഎന്ന സിനിമ മൂപ്പർ ഫിലിംസിന്റെ ബാനറിൽ എസ് ശേഖർ ആണ് നിർമ്മിച്ചിരിക്കുന്നത്.

. പതിനാറു വർഷത്തോളം സിനിമയിൽ പ്രവർത്തിച്ച അനുഭവസമ്പത്ത് കൈമുതലായുണ്ട് യൂസഫിന്. വിവാഹിതനും രണ്ടുകുട്ടികളുടെ പിതാവുമായ അദ്ദേഹത്തെ വായനക്കാർക്ക് വേണ്ടി ബൂലോകം പരിചയപ്പെടുത്തുന്നു.

ഇന്റർവ്യൂ ചെയുന്നത് രാജേഷ് ശിവ

ചോദ്യം : ഈ ലോക്‌ഡോൺ കാലത്തു പൊതുവെ എല്ലാത്തിലും ഒരു മന്ദതയാണ്, ജനം ചരിത്രത്തിലെ ഏറ്റവും വലിയ പ്രസിസന്ധിയിലൂടെയാണ് സഞ്ചരിക്കുന്നത്. ഇത്തരം വെല്ലുവിളികളെ അതിജീവിച്ചു ആയിരം കാലം എന്ന സിനിമ തയ്യാറാക്കിയ വ്യക്തിയാണ് താങ്കൾ. കോവിഡും ലോക് ഡൗണും ചിത്രീകരണവും തമ്മിൽ ബന്ധപ്പെടുത്തി നല്ലതോ മോശമായതോ ആയ അനുഭവങ്ങൾ അറിയാൻ താത്പര്യമുണ്ട്

ഉത്തരം രാഗ് രംഗീല എന്ന സിനിമയ്ക്ക് ശേഷം ഒരു സിനിമ ചെയ്യാൻ നാലുവര്ഷത്തോളം എടുത്തു എന്നാൽ ചില പ്രശ്നങ്ങൾ കാരണം അത് നടന്നില്ല. അതിനു ശേഷം ഒരു സിനിമ പ്ലാൻ ചെയ്‌തെങ്കിലും കോവിഡിന്റെ പ്രശ്നങ്ങൾ വന്നു. ആ സിനിമ ആഗസ്റ്റിൽ ആരംഭിക്കാൻ ഇരിക്കുകയാണ്. അതിന്റെ തയ്യാറെടുപ്പുകൾ എല്ലാം പൂർത്തിയായി ഇരിക്കുകയാണ്, തമിഴിലും മലയാളത്തിലും ആയാണ് അത് ചെയ്യാൻ പോകുന്നത് . കോവിഡ് വന്നതിനു ശേഷം ചെയ്ത രണ്ടു ഷോർട്ട് ഫിലിമുകൾ ആണ് ‘അശ്വനിപാതം’, ‘പാതകം’.

ചോദ്യം : ആയിരം കാലം മുന്നോട്ടു വയ്ക്കുന്ന ആശയം എന്താണ് ?. പോസ്റ്റർ കണ്ടപ്പോൾ പ്രണയമാണ് എന്ന് തോന്നി.

ഉത്തരം : അതൊരു ടീനേജ് ലവ് അല്ല. വർഷങ്ങളോളം ക്ഷമയോടെ കാത്തിരിക്കാൻ തയ്യാറായ കമിതാക്കളുടെ പരസ്പരം തുറന്നു പറയാനാവാത്ത സ്നേഹബന്ധം.ഒരുനാൾ ഇവരുടെ പ്രണയ സാക്ഷാത്കാരത്തിന് വിള്ളൽ സംഭവിക്കുന്നു. മനസ്സിന്റെ ഉള്ളിൽ മഞ്ജുവിനെ മാത്രം സ്വപ്നം കണ്ട് ജീവിതം കഴിച്ചുകൂട്ടിയ രവീന്ദ്രൻ. എന്നാൽ ജീവിതവീഥിയിൽ പ്രണയിനിയുടെ രോഗാവസ്ഥയ്ക്ക് സാക്ഷ്യം വഹിക്കേണ്ടി വരുന്നു അയാൾക്ക്.വിദേശ രാജ്യത്തെ ജോലി സ്വപ്നം കണ്ട നായകൻ നാട്ടിൽ നാട്ടിൻപുറത്തെ ജീവിതവുമായി പൊരുത്തപ്പെട്ട് പോവുകയായിരുന്നു.ഈ അവസരത്തിൽ നായികയെ വീണ്ടും കണ്ടുമുട്ടുന്ന പ്രതീക്ഷിച്ചിരുന്നില്ല. പിന്നീടങ്ങോട്ടുള്ള ഇവരുടെ ജീവിതയാത്രയാണ് ചിത്രം പറയുന്നത്.വളരെ ആകര്ഷകമായാണ് ഇതിന്റെ ചിത്രീകരണം പൂർത്തിയായത്. കഥാപാത്രങ്ങൾ തന്നെ അമിത ഗ്ലാമർ ഇല്ലാതെ സ്വാഭാവികതയോടെ ആണ് ചിത്രത്തിൽ കൊണ്ടുവന്നത്.

ശേഖർ, ദീപ എന്നിവരെ കൂടാതെ പുതുമുഖ താരങ്ങളും അഭിനയിക്കുന്നു. ചായഗ്രഹണവും എഡിറ്റിംഗും നിർവ്വഹിക്കുന്നത് സുധീർ ഒറ്റപ്പാലം ആണ്. കലാസംവിധാനം, ഗാനരചന എന്നിവ നിർവഹിക്കുന്നത് വിഷ്ണു നെല്ലായ ആണ്. സംഗീതം ജാഫർ ഹനീഫ. പാടിയിരിക്കുന്നത് ജാഫർ ഹനീഫ,നഫിയ ജാഫർ എന്നിവരാണ്. മേക്കപ്പ് അനീസ് ചെറുപ്പളശ്ശേരി. സ്റ്റുഡിയോ നവീന ഒറ്റപ്പാലം. ഡിസൈനർ വിവിട് മീഡിയ. പി ആർ ഓ എം കെ ഷെജിൻ ആലപ്പുഴ.പാലക്കാട് മലമ്പുഴ പരിസരപ്രദേശങ്ങളിൽ ചിത്രീകരണം പൂർത്തിയായ ചിത്രം ഉടൻ റിലീസിന് തയ്യാറെടുക്കുകയാണ്.

ചോദ്യം : ആ വിഷയം തിരഞ്ഞെടുക്കുമ്പോൾ സ്വീകരിക്കപെടുമോ എന്ന ആശങ്ക ഉണ്ടായിരുന്നോ ?

ഉത്തരം : എന്റെയൊരു സുഹൃത്തിന്റെ ഒരു അനുഭവമാണ് പ്രചോദനം ആയതു. അദ്ദേഹം അനുഭവ കഥ മുഴുവൻ പറയുകയും എന്നോടിതിൽ ഒരു സിനിമ കണ്ടെത്താൻ പറ്റുമോ എന്നും ചോദിച്ചു, അതിൽ നിന്നാണ് ‘ആയിരംകാലം ‘ ഉണ്ടായത് . അദ്ദേഹം ഗൾഫിൽ പോയതും ഒരാളെ സഹായിച്ചതുമായി ബന്ധപ്പെട്ട ഒരു വിഷയം.

ചോദ്യം : സാധാരണഗതിയിൽ കലയും സാഹിത്യവും ചിലരുടെ അനുഭവങ്ങളിൽ നിന്നുള്ള ചില സ്പാർക്കുകളിൽ കൂടിയാണ് ഉണ്ടാകുന്നതു . ചെറിയൊരു കാര്യത്തെ തന്നെ വികസിപ്പിച്ചു ഉത്തമമായ സൃഷ്ടികൾ ഉണ്ടാക്കാം ഇല്ലേ ?

ഉത്തരം : അതെ, ഞാൻ അദ്ദേഹത്തിന്റെ അനുഭവം കേട്ടപ്പോൾ തന്നെ, ഇതിലൊരു സിനിമ ഉണ്ട് എന്ന് പറഞ്ഞു . ലോക് ഡൗണിന്റെ സമയമായിരുന്നു, യൂസഫ്ക്കാ ഈ കഥ എഴുതാൻ അവൻ പറഞ്ഞു . എഴുതിയത് നല്ലൊരു സിനിമയായി മാറി. . അവന്റെ ആ അനുഭവം ഞാൻ കഥയാക്കി വികസിപ്പിച്ചു തിരക്കഥയും സംഭാഷണവും തയ്യാറാക്കി സംവിധാനം ചെയ്തു. മൂലകഥ അവന്റെ പേരിൽ തന്നെ. ഇതിന്റെ മാർക്കറ്റിങ് ആലോചിച്ചപ്പോൾ ഒടിടി റിലീസിൽ ഒക്കെ വയലൻസ് , ഇൻവെസ്റ്റിഗേഷൻ ടൈപ് മൂവീസിനു ഒക്കെയാണ് മുൻഗണന കൊടുക്കുന്നത്. ഇത്തരം മൂവീസിനു അവിടെ പ്രാധാന്യം കൊടുക്കില്ല. ഇതിലൊരു പ്രണയാർദ്രമായ ഒരു ഗാനം ഉണ്ടെങ്കിൽ കൂടുതൽ നന്നായേനെ എന്ന് തോന്നി. അങ്ങനെ സുഹൃത്തുമുഖേന പാട്ടെഴുതി റെക്കോർഡിങ്ങും കഴിഞ്ഞപ്പോൾ ഈ സിനിമയിൽ ജീവനുള്ള എന്തോ ഒന്നുണ്ടെന്നു മനസിലായി. വളരെ രസകരമായൊരു പാട്ടാണ്. ആര് കേട്ടാലും ശ്രദ്ധിക്കപ്പെടുന്ന ഒരു പാട്ട്. ആ പാട്ടിലാണ് ആ സിനിമയുടെ ആത്മാവ്.

ചോദ്യം : മുൻവർക്കുകൾ എന്തെല്ലാമാണ്, ‘പാതകം’ ഞാൻ കണ്ടിരുന്നു . തികച്ചും പ്രസക്തമായ ഒരു സാമൂഹിക വിഷയത്തെ തികഞ്ഞ കയ്യടക്കത്തോടെ ചെയ്തിരിക്കുന്നു. തെറ്റായ ലോക് ഡൗൺ സമ്പദ്രായവും മദ്യാസക്തിയും ചേർത്തുവച്ചുകൊണ്ട് പറഞ്ഞിരിക്കുന്നു. കല എന്നാൽ കലയ്ക്കു വേണ്ടി മാത്രമല്ല മറിച്ചു അത് നല്ല മെസ്സേജ് നല്കുന്നതാകണം എന്നാണു താങ്കളുടെ സമീപനം എന്ന് തോന്നുന്നു.

ഉത്തരം : അതേക്കുറിച്ചു പറയാനുള്ളത്, പാതകമായാലും അശ്വനിപാതം ആയാലും രാഗ് രംഗീല ആയാലും ഒരു നാമ്പ് വികസിക്കുന്നത് ചുറ്റുപാടുകളിൽ നിന്നാണ് . ആദ്യ ഫിലിം അശ്വനിപാതം ഒരു സിനിമ പെൻഡിങ് ആയ സമയത്തു ചെയ്തത് ആയിരുന്നു. അപ്പോൾ നോമ്പ് സമയമായിരുന്നു. അതിനു കാരണമായി എന്റെ മനസിലേക്ക് കയറിവന്ന സംഭവം, കോവിഡിന്റെ ആരംഭസമയത്തുള്ള ലോക് ഡൌൺ ആയിരുന്നു. ഒരു ‘അമ്മ മൂന്നുവയസുകാരിയെ ഒക്കത്തിരുത്തിക്കൊണ്ടു മതിലിനപ്പുറത്തു ഭർത്താവിന്റെ മൃതശരീരം ദഹിപ്പിക്കാൻ കൊണ്ടുപോകുന്ന കാഴ്ചയാണ്, കോവിഡ് മരണം ആയതിനാൽ ഭർത്താവിന്റെ മൃതദേഹം കാണാൻ അവർക്കു പറ്റുന്നില്ല , ദൂരെ നിന്ന് നോക്കി കരയുകയാണ് അവർ. ആ രംഗം ഞാൻ ന്യുസിൽ കണ്ടതാണ്. അതിൽ നിന്നാണ് ശരിക്കും ‘അശ്വനിപാതം’ ഉണ്ടാകുന്നത്. ‘അശ്വനിപാതം’ ഒരു സംസ്കൃതവാക്കാണ് . തീവീഴ്ച എന്നാണ് അർത്ഥം. ശരിക്കും കോവിഡ് ഒരു തീവീഴ്ച തന്നെയാണല്ലോ. അങ്ങനെയുള്ള ചില നാമ്പുകളിൽ കലാപരമായ, കാവ്യാത്മകമായ സമീപനം കൊണ്ടുവന്നാൽ അതിനൊരു ജീവനുണ്ടാകുമെന്ന് എനിക്ക് മനസിലായി. കണ്ടാൽ മനസിലാകും, സംഭാഷണങ്ങളുടെ പിന്ബലമില്ലതെയാണ് അതും മുന്നോട്ടുപോകുന്നത്‌. ഒരു സംഭവത്തെ നോക്കി കാണുമ്പൊൾ അതിലൊരു കലയുണ്ട് എന്ന് തോന്നിയാൽ, അതിപ്പോൾ സമകാലിക സംഭവം ആയാലും അതിനെ ആവിഷ്കരിക്കാൻ പ്രേരകമാകുന്നതു അതുതന്നെയാണ്.

അശ്വനിപാതത്തെ പരിചയപ്പെടുത്തുന്ന വീഡിയോ

ചോദ്യം : അടുത്ത പ്രോജക്റ്റുകൾ എന്തെല്ലാമാണ് ?

ഉത്തരം : അടുത്ത പ്രധാന പ്രജക്ട് ‘ചിന്നാ ‘ എന്നൊരു സിനിമയാണ്. തമിഴിലും മലയാളത്തിലും ആണ് ചെയുന്നത് . കൃത്യമായി പറഞ്ഞാൽ തമിഴ് മലയാളം മിക്സഡ് ആണ്. പൊള്ളാച്ചി, ഗോവിന്ദാപുരം പോലെ ബോർഡർ ഭാഗത്തു നടക്കുന്ന ഒരു കഥയാണ്. 1957 കേരള വിഭജന കാലത്തു നടന്ന സംഭവങ്ങളും മദ്യപന്മാരായ നാടോടിസംഘങ്ങളും എല്ലാം കോർത്തിണക്കി വളരെ രസകരമായൊരു കഥയാണ്.

ചോദ്യം : ഷോർട്ട് ഫില്മുകളുടെ ഭാവിയെ കുറിച്ച് അറിയാൻ താത്പര്യമുണ്ട് , അഥവാ , സിനിമ ഒരു ശക്തമായ മാധ്യമം ആയി നിലനിൽക്കുമ്പോൾ തന്നെ, സമയവ്യത്യാസത്തിൽ ഉപരി ഷോർട്ട് ഫിലിമുകൾ ഭാവിയിലേക്ക് മുന്നോട്ട് വയ്ക്കുന്നത് എന്താണ് ?

ഉത്തരം : പണ്ട് നമുക്ക് തിയേറ്ററുകളിൽ രണ്ട് രണ്ടര മൂന്നു മണിക്കൂറുകൾ ഇരുന്നു സിനിമ കാണാനുള്ള സാഹചര്യമുണ്ടായിരുന്നു. നല്ല സിനിമകൾ ആണെങ്കിൽ നമ്മൾ ഒരു പ്രശ്നവുമില്ലാതെ ഇരുന്നു കാണുകയും ചെയ്യും. അന്ന് A,B,C ഇങ്ങനെ കാറ്റഗറി തിയേറ്ററുകളും ഉണ്ടായിരുന്നു. ഒരു ഫിലിം പെട്ടി ഉണ്ടായാൽ മതി സീ ക്ലാസ് തിയേറ്ററുകൾ കാശുണ്ടാക്കുമായിരുന്നു . അന്ന് സാറ്റലൈറ്റ് ഒന്നും ഇല്ല. അന്നത്തെ സീ ക്ലാസ് തിയേറ്ററുകളുടെ പൈസയാണ് ഇന്നത്തെ സാറ്റലൈറ്റ് എന്ന് പറയുന്നത്. നാലോ അഞ്ചോ കോടി അതിൽ നിന്ന് കിട്ടുന്നു . ആ ഒരു കാലം കഴിഞ്ഞപ്പോൾ ജനങ്ങൾക്കു സമയമില്ലാതായി. കോവിഡിന് മുൻപ് തന്നെ യങ്‌സ്റ്റേഴ്സും ഫാമിലിയും നല്ല പടം എങ്കിൽ മാത്രം തിയേറ്ററിൽ പോകുന്നത് ഒരു ശീലമാക്കിയിരുന്നു. ചെറിയ ചെറിയ പടങ്ങളെ അവർ അവഗണിച്ചിരുന്നു. മമ്മൂട്ടി മോഹൻലാൽ സിനിമകൾ മാത്രം കാണുന്ന അവസ്ഥ വന്നു.അല്ലെങ്കിൽ പിന്നെ ഷൈൻ ടോം ചക്കയുടെ ‘ഇതിഹാസ’ പോലുള്ള ചെറിയ ചിത്രങ്ങൾ ഒക്കെ പ്രമേയത്തിന്റെ ബലത്തിൽ സ്വീകരിക്കപ്പെട്ടു എന്ന് പറയാം. എന്നതൊഴിച്ചാൽ ചെറിയ ചിത്രങ്ങൾ പൊതുവെ പ്രേക്ഷകർ കയ്യൊഴിഞ്ഞു. എന്റെ ‘രാഗ് രംഗീല ‘ ഒക്കെ ചെറിയ ബഡ്ജറ്റിൽ ചെയ്തതുകൊണ്ട് തന്നെ, നല്ലൊരു പടമായിട്ടും…തിയേറ്ററുകൾ കിട്ടിയിരുന്നു എങ്കിലും…വലിയ പബ്ലിസിറ്റി കൊടുക്കാൻ സാധിച്ചില്ല. അതിന്റെ ദൂഷ്യങ്ങളും അനുഭവിച്ചു

ഇപ്പോൾ സിനിമാ തിയേറ്ററുകൾ പ്രതാപം വീണ്ടെടുത്ത് ലക്ഷ്വറി തിയേറ്ററുകൾ ഒക്കെ വന്നപ്പോൾ ജനം വീണ്ടും അങ്ങോട്ട് കയറാൻ തുടങ്ങി. എങ്കിലും മൊബൈൽ ഫോണിന്റെ തരംഗം വന്നതോടെ ആളുകൾ മൊബൈലിൽ എന്തെങ്കിലും കാണാനാണ് കൂടുതൽ താത്പര്യം എടുക്കുന്നത്. അതിലാകുമ്പോൾ നമുക്ക് നമ്മുടെ സമയം അനുസരിച്ചു പത്തോ പതിനഞ്ചോ മിനിട്ടുള്ള ഒരു ഫിലിം കാണാൻ സാധിക്കും. കോവിഡ് പ്രതിസന്ധി കാരണമുള്ള തിയേറ്ററുകളുടെ അഭാവം ഷോർട്ട് ഫിലിമുകളുടെ സാധ്യതയെ ആണ് വർദ്ധിപ്പിച്ചത്. ഇപ്പോൾ എല്ലാര്ക്കും ഷോർട്ട് മൂവീസ് കാണാനാണ് താത്പര്യം കൂടുതൽ . അതാകുമ്പോൾ വീട്ടിലിരുന്നു വലിയ ധനനഷ്ടം കൂടാതെ കാണാനും സാധിക്കും.

 

പാതകം ഷോർട്ട് ഫിലിമിൽ നിന്നും

ചോദ്യം : എന്തും കാപ്സ്യൂളുകളായി കിട്ടുക എന്നത് മോഡേൺ ജീവിതശൈലിക്ക് ഇണങ്ങുന്നതാണ്. പല മുഖ്യധാരാ സിനിമകൾക്കും വരുന്ന കമന്റുകളിൽ പ്രധാനപ്പെട്ട ഒന്ന് , ‘ഒരു ഷോർട്ട് ഫിലിമായി പറയേണ്ട ആശയത്തെ വലിച്ചുനീട്ടി ‘ എന്നാണു. നമ്മൾ സമയത്തിന് കല്പിക്കുന്ന വില ഷോർട്ട് ഫിലിമുകളുടെയും ഷോർട്ട് മൂവീസിന്റെയും ഒക്കെ ഉയർച്ചയ്ക്ക് കാരണമാകുന്നുണ്ടോ ?

അതെ..അതെ… മുമ്പ് ഞാൻ ഉദ്ദേശിച്ച ആശയവും അതുതന്നെയായിരുന്നു. നല്ലൊരു പ്ലാറ്റ് ഫോമുണ്ടെങ്കിൽ നല്ല നല്ല ആശയങ്ങളുമായി ക്ലാസിക് വർക്കുകൾ ഷോർട്ട് ഫിലിം മേഖലയിൽ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. പല പ്രതിഭകളും കടന്നുവരും.

ചോദ്യം : പൊതുവെ ബൗദ്ധികഘടനയിൽ ആണ് മിക്ക ഷോർട്ട് ഫിലിമുകളും സഞ്ചരിക്കുന്നത്. കവിതയിൽ ഒക്കെ സംഭവിച്ച മാറ്റംപോലെ വലിച്ചുനീട്ടിയ പദ്യകവിതകളിൽ നിന്നും വ്യതിചലിച്ചു ഒരു ഉത്തരാധുനിക സമീപനം കൈവന്നു. അതുപോലെ വിനോദ ദൃശ്യമാധ്യമങ്ങളിലെ മാറ്റം ആണ് ഷോർട്ട് ഫിലിമുകൾ എന്നാണു എന്റെ അഭിപ്രായം, എന്താണ് താങ്കളുടെ അഭിപ്രായം ?

ഉത്തരം : പണ്ട് നമുക്ക് കൊച്ചിൻ ഹനീഫ തുടങ്ങിയ താരങ്ങളുടെ മിമിക്രി സിനിമകൾ ഇറങ്ങിയ കാലം ഉണ്ടായിരുന്നു . അത്തരത്തിൽ ഒരു പടം ഹിറ്റായപ്പോൾ പലരും അത്തരം സിനിമകൾ എടുക്കാൻ മുന്നോട്ടു വന്നു. അതൊരു പതിവായപ്പോൾ അതിലൊരു മാറ്റംവരണം എന്ന് പലരും ആഗ്രഹിച്ചു. അതുപോലെ മോഹൻലാലിൻറെ മീശപിരിക്കൽ വേഷങ്ങൾ ആദ്യം ആസ്വദിച്ച ആളുകൾ പിന്നെ വെറുത്തപ്പോൾ ബാലേട്ടൻ പോലുള്ള വേഷങ്ങൾ വന്നു. ഇങ്ങനെ മാറ്റങ്ങൾ സാധ്യമാകാത്ത ഒരു കാലമാണ് ഇത്, മാറ്റിയെടുക്കാൻ പോലും സാധിക്കാത്ത അവസ്ഥ. അതിന്റെ കാരണം, ആമസോൺ പോലുള്ള കൂട്ടർ അഞ്ചു കാറ്റഗറി സിനിമകൾ മാത്രമേ സ്വീകരിക്കുന്നുള്ളൂ. ഒന്നുകിൽ ഹൊറർ അല്ലെങ്കിൽ ഇൻവെസ്റ്റിഗേഷൻ ..ഇങ്ങനെ ആകുമ്പോൾ നമുക്ക് മാത്രം മാറ്റം ആഗ്രഹിക്കാൻ സാധിക്കില്ല. അത്തരമൊരു അവസ്ഥയിൽ നിന്നുകൊണ്ടാണ് ഷോർട്ട് ഫിലിം എന്ന , നമുക്ക് ഇഷ്ടമുള്ള ആശയങ്ങളുടെ പൂർത്തീകരണം എന്ന അവസ്ഥയിലേക്ക് എത്തിച്ചേരാൻ സാധിക്കുന്നത്. അതിലാകുമ്പോൾ കോമഡിയൊ എന്ത് വേണമെങ്കിലും ചെറിയൊരു ബഡ്ജറ്റിൽ നമുക്ക് ചെയ്യാൻ സാധിക്കും.

പാതകം ഷോർട്ട് ഫിലിമിൽ നിന്നും

ചോദ്യം : അതിജീവനം തേടിയാണ് നാം കലയും സാഹിത്യവും ഓരോരുത്തരും വാരിപുണരുന്നത്. എന്നാൽ ജീവിതം മറ്റൊരു വഴിയിൽ ആണ്. ആദ്യത്തേതിൽ ഒരു കര പറ്റുന്നതുവരെ ഏതൊരു കലാകാരനും ജീവിതം ഒരു പ്രതിസന്ധിയാണ്. അത്തരം വെല്ലുവിളികൾ ജീവിതത്തിൽ നേരിടുന്നുണ്ടോ ?

ഉത്തരം : എന്റെ ചിന്ത മുഴുവൻ സിനിമയും കലയുമാണ് . അതിനപ്പുറം നമുക്ക് വേറെ ചിന്തകളില്ല. എന്റെ മക്കളോട് ഞാൻ പറയാനുള്ളത് വാപ്പയില്ലാത്ത കാലത്തും നിങ്ങള്ക്ക് നിങ്ങളുടെ മക്കളോട് പറയാം വാപ്പ ചെയ്ത് വച്ച കലാപരമായ പ്രവർത്തികളും കലാപരമായ ചില വീക്ഷണങ്ങളും .അതൊക്കെ നിങ്ങള്ക്ക് കാണിച്ചുകൊടുക്കാം , എന്റെ വാപ്പയുടെ സൃഷ്ടികൾ ആണ് എന്ന് അവർക്കു പരിചയപ്പെടുത്താൻ ഇത്തരമെന്തെങ്കിലും അവശേഷിപ്പിച്ചു പോകാം. അത് കലാകാരന്മാർക്ക് മാത്രം സാധ്യമാകുന്ന കാര്യമാണ്. അനിൽചേട്ടന്റെ (അനിൽ പനച്ചൂരാൻ) അവസാനകാലത്തൊക്കെ ഞങ്ങൾ ഒരുമിച്ചുണ്ടായിരുന്നു. അദ്ദേഹത്തോട് ഞാൻ പറയാറുണ്ടായിരുന്നു. നമ്മുടെ ചിന്തകൾ എന്നത് ഒരു കഷ്ടപ്പാട് അല്ല. കഥാപാത്രങ്ങളിലൂടെ നമ്മുടെ കഷ്ടപ്പാടുകൾ പറയുമ്പോൾ അതിന്റെ ഫീൽ നാം അറിയില്ല. ഒരുപാട് ബുദ്ധിമുട്ടുകളും പ്രശ്നങ്ങളും ചിലപ്പോൾ നമുക്കുണ്ടാകും ആ പ്രതിസന്ധി ഘട്ടങ്ങളിലും നമുക്ക് ഫീൽ അറിയില്ല. കലാകാരൻ വേദനിയ്ക്കുകയാണ് സാധാരണ ഗതിയിൽ വേണ്ടത്. സുഖലോലുപതയിൽ നിന്നും നല്ല സൃഷ്ടികൾ ഉണ്ടാകില്ല. ഞാനും അങ്ങനെയൊക്കെ ചിന്തിക്കുന്ന ഒരാളാണ്. ഞാനും ഇല്ലായ്മയിൽ നിന്നും നിന്നും വളർന്നു വന്ന ആളാണ്. ഇപ്പോഴും സമ്പത്തും ഒന്നും ഉണ്ടാക്കാനല്ല , നിത്യച്ചിലവ് കഴിഞ്ഞാൽ മതി. നമ്മുടെ സൃഷ്ടികൾ, കാഴ്ചപ്പാടുകൾ മറ്റുളളവർക്ക് ആസ്വദിക്കാൻ അവസരമുണ്ടാക്കികൊടുക്കുക എന്നത് മാത്രമാണ് ആഗ്രഹം അല്ലെങ്കിൽ ജീവിതലക്ഷ്യം. എന്റെകൂടെ വന്ന പലരും ഇൻഡസ്ട്രിയിൽ ഇല്ല.എനിക്കും ബുദ്ധിമുട്ടുകൾ വന്നിട്ടും ഞാനിതിൽ പിടിച്ചുനിൽക്കുന്നു. മേല്പറഞ്ഞതൊക്കെ തന്നെയാണ് കാരണം.

ചോദ്യം : ഷോർട്ട് ഫിലിം മേഖലയിൽ ആരും അറിയാതെ പോകുന്ന അനവധി ടാലന്റുള്ള നടീനടന്മാരെ കണ്ടിട്ടുണ്ട്. അത് അഭിനേതാക്കളെ മാത്രമല്ല, താങ്കളെ പോലെ ടാലന്റുള്ള സംവിധായകരും തിരക്കഥാകൃത്തുക്കളും കാമറ ചെയ്യുന്നവരും സംഗീത സംവിധായകരും… അങ്ങനെ പലരും. അതിന്റെ കാരണം എന്താണ്. പുതുമകൾ അംഗീകരിക്കാത്ത പ്രേക്ഷകർ ആണോ മാർക്കറ്റിങ് അഭാവം ആണോ കാരണം ?

ഉത്തരം : ഇതിൽ ഒരു പ്രധാനകാര്യം ഉണ്ട്, ഇൻസൾട്ടിങ് എന്നൊരു കാര്യമുണ്ട്. അംഗീകരിക്കപ്പെടാത്ത കലാകാരൻ അവഗണിക്കപ്പെടും. ഇത്തരം അവഗണനകൾ കാരണം അവൻ അവന്റെ മേഖല വഴിതിരിച്ചു വിടുന്നു. എന്നാൽ ഞാൻ പിന്തിരിഞ്ഞു പോയില്ല, അതിന്റെ കാരണം എന്റെ മനസിലുള്ള കഥാപാത്രങ്ങളുടെ ശക്തിയാണ് . ഞാൻ തിരിച്ചുപോയാൽ ഈ കഥാപാത്രങ്ങൾ ജീവിക്കില്ല .നമ്മുടെ മനസിലെ കഥാപാത്രങ്ങളുടെ മൂല്യം എത്രമാത്രമാണ് , അത് തന്നെയാണ് നമ്മളെ അതിലേക്കു തിരിച്ചു വിടുന്നതും . നമ്മൾ ചിന്തിക്കുന്ന കഥാപാത്രങ്ങൾ നൂറുശതമാനവും ശക്തിയുള്ളതായിരിക്കണം എന്നാൽ മാത്രമേ അതിനു പൂർത്തീകരണം ഉണ്ടാകൂ. ചിലരാണെങ്കിൽ , കുറച്ചു കാര്യങ്ങൾ ചെയ്യണം പിന്നെ മറ്റൊന്നിലേക്കു പോകണം എന്ന ചിന്തയുള്ളവർ ആണ്. എന്നാൽ യഥാർത്ഥ കലാകാരൻ അങ്ങനെയല്ല. എന്റെ ജീവിതം ഇതാണ് എന്ന് മനസിലാക്കി അതിൽ നില്ക്കാൻ സാധിക്കണം, പലരും പലവിധ പ്രശ്നങ്ങളുമായി വരും നാം അതിന്റെ പിന്നാലെ പോകാതെ , സ്വന്തം വഴി കണ്ടെത്തണം. ഒരു ശില്പി കരിങ്കല്ലിൽ ശിൽപം മെടഞ്ഞെടുമ്പോൾ അവൻ ചിലപ്പോൾ ഭക്ഷണം കഴിക്കാൻ പോലും മറന്നുപോകും. ആരെങ്കിലും പറയുമ്പോൾ ആകും ഓർമിക്കുക. അങ്ങനെ എല്ലാം മറന്നുകൊണ്ടു കലയിൽ ലയിക്കുന്നവൻ ആണ് യഥാർത്ഥ കലാകാരൻ.

ചോദ്യം : ബൂലോകം ഇപ്പോൾ നടത്തുന്ന ഈ ഷോർട്ട് ഫിലിം കോണ്ടസ്റ്റിനെ എങ്ങനെ കാണുന്നു ? എന്താണ് താങ്കളുടെ അഭിപ്രായം ?

ഉത്തരം : ബൂലോകത്തിന്റെ ഈ നീക്കം കണ്ടപ്പോൾ വളരെ സന്തോഷം തോന്നി. രജിസ്‌ട്രേഷൻ ഫീസോ ഒന്നും ഇല്ലാതെ പ്രതിഭകൾക്ക് കഴിവ് തെളിയിക്കാൻ ഒരവസരം കിട്ടുകയാണ് . ഇതുവരെ ഷോർട്ട് ഫിലിമുകളുടെ ഇടം യുട്യൂബ് ആയിരുന്നു. എന്നാൽ അവിടെനിന്നുകിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ട് ഒരു ഷോർട്ട് ഫിലിം എടുക്കാൻ പറ്റില്ല. നാലഞ്ച് ലക്ഷം രൂപയെങ്കിലും ഉണ്ടെങ്കിലേ ഒരു നല്ല ഷോർട്ട് ഫിലിം അണിയിച്ചൊരുക്കാൻ സാധിക്കൂ. നമ്മുടെയൊക്കെ സൃഷ്ടികൾ വിദേശത്തുപോലും കാണാൻ സാധിക്കുന്ന രീതിയിൽ ബൂലോകത്തെ പോലൊരു ഇടത്തിലൂടെ പബ്ലിഷ് ചെയ്യപ്പെടുന്നത് തികച്ചും സന്തോഷകരമാണ്. അങ്ങനെ കഴിവുകൾ തെളിയിക്കാൻ പലർക്കും അവസരം ഉണ്ടാക്കുന്ന ഒരു മേഖല തുറന്നിടുന്നു എന്ന നിലയിൽ നൂറു ശതമാനം ഞാനതിനെ സമ്മതിക്കുന്നു. എല്ലാം നല്ലപോലെ വരട്ടെ എന്നാണു എന്റെ ആഗ്രഹം.

ചോദ്യം : ഷോർട്ട് ഫിലിമുകൾക്കു മാത്രമായി ഒരു പ്ലാറ്റ്ഫോം എന്ന ആശയത്തെ കുറിച്ച് എന്താണ് അഭിപ്രായം ?

ഉത്തരം : തീർച്ചയായും , ഇതുവളരെ നല്ലൊരു കാര്യമാണ്. എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു. ഒരു തമ്പ് നെയിൽ കണ്ടിട്ടാണ് പലരും യുട്യൂബ് തുറക്കുന്നത്. അട്രാക്ടീവ് ആയ പോസ്റ്ററെങ്കിൽ മാത്രം ചിലപ്പോൾ അത് കൂടുതൽപേർ കയറും. നിലവാരമുള്ള സൃഷ്ടികൾ അപ്പോൾ ശ്രദ്ധിക്കപ്പെടാതെപോകും. അങ്ങനെ വരുമ്പോൾ യൂട്യൂബ് കൊണ്ട് പ്രയോജനമില്ലാത്ത വരുന്നു പലർക്കും. അവർക്കു ബൂലോകം ടീവി നല്ലൊരു മേഖല തുറന്നിടുമ്പോൾ അത് വളരെ സന്തോഷകരം തന്നെ.

ചോദ്യം :ഷോർട്ട് ഫിലിമുകൾ ഇന്റർനെറ്റിൽ മാത്രമാണ് റിലീസ് സാധാരണ ചെയ്യാറുള്ളത്. കൂടുതലും യുട്യൂബിൽ. ഒരു അഞ്ചോ ആറോ ഷോർട്ട് ഫിലിമുകൾ ചേർത്തു തിയേറ്ററിൽ റിലീസ് ചെയുന്ന സംവിധാനം ഉണ്ടായാൽ കുറച്ചുകൂടി സ്വീകരിക്കപ്പെടുമെന്നു തോന്നുന്നുണ്ടോ ? അതായതു ആന്തോളജി സിനിമകൾ ഇപ്പോൾ അനവധി ഇറങ്ങുന്നുണ്ട്. അതൊക്കെ മുഖ്യധാരയിൽ കഴിവ് തെളിയിച്ചവരുടേതു ആകയാൽ സ്വീകാര്യത ലഭിക്കുന്നു. എന്നാൽ അതിനേക്കാൾ നല്ല ഷോർട്ട് ഫിലിമുകൾ യുട്യൂബിൽ സ്വീകരിക്കപ്പെടാതെ പോകുകയും ചെയുന്നു. എന്താണ് പറയാനുള്ളത് ?

ഉത്തരം : അങ്ങനെയൊരു സാഹചര്യം തിയേറ്റർ ബേസ്ഡ് ആകാനുള്ള സാധ്യതയില്ല. ഇത്തരം സിനിമകൾ തിയേറ്ററിലൂടെ കാണാൻ പോകാൻ ആരും ആഗ്രഹിക്കില്ല. തിയേറ്ററിലൂടെ സ്റ്റാർ വാല്യൂ ഉള്ളവരുടെ സിനിമകൾ മാത്രമേ കാണാൻ പ്രേക്ഷകർ ശ്രമിക്കുകയുള്ളൂ. മറ്റുള്ളവരുടെ സിനിമകൾ പോലും കൊള്ളാമെങ്കിൽ പോയി കാണുക എന്നതാണ് പ്രേക്ഷകരുടെ സമീപനം.

ചോദ്യം : അങ്കമാലി ഡയറീസിനെ പോലുള്ള വിജയ സിനിമകൾ മുഴുവൻ പുതുമുഖങ്ങളെ വച്ച് ചെയ്തു എങ്കിൽ താരങ്ങൾ എന്നതിലുപരി ആശയങ്ങളല്ലേ ശ്രദ്ധിക്കപ്പെടുന്നത് ? മൗത്ത് പബ്ലിസിറ്റി അല്ലെ വിജയത്തെ നിർണ്ണയിക്കുന്നത് ?

ഉത്തരം : മാർക്കറ്റിങ്ങിൽ നല്ലൊരു തുക ഇറക്കിയാൽ മാത്രമേ ഹിറ്റ് ആവുകയുള്ളൂ . ജെല്ലിക്കെട്ട് ഒരു വിഭാഗം ആസ്വാദകരെ തൃപ്തിപ്പെടുത്തിയില്ല എങ്കിലും അതും മാർക്കറ്റിങ് കൊണ്ട് വിജയം നേടി, അവാർഡിന് വരെ പരിഗണിച്ചു. പുതുമുഖങ്ങളെ വച്ച് ഇറക്കുന്ന ഒരു സിനിമ എത്ര നല്ലതായാലും മാർക്കറ്റിങ് തന്ത്രം ഉണ്ടെങ്കിലേ അതിനെ വിജയിപ്പിക്കാൻ സാധിക്കൂ. പ്രൊഡക്ഷനിൽ ഇൻവെസ്റ്റ് ചെയ്യുന്നതിന് തുല്യമായ പണം മാർക്കറ്റിങ്ങിലും ഇൻവെസ്റ്റ് ചെയ്താൽ മാത്രമേ ഫലം കിട്ടുകയുള്ളു. ഇല്ലെങ്കിൽ പിന്നെ മമ്മൂട്ടി- മോഹൻലാൽ ചിത്രങ്ങൾ മാത്രം പിടിച്ചുനിൽക്കും. ഇനിയങ്ങോട്ട് തിയേറ്ററുകൾ ഓപ്പൺ ആയാലും പുതുമുഖങ്ങൾക്ക് സാധ്യത കുറവാണ്.

ചോദ്യം : പക്ഷെ സൂപ്പര്താരങ്ങളും മനുഷ്യരല്ലേ ? എന്നും അവരെക്കൊണ്ടു ഒരു ഫീൽഡിന് നിലനിൽക്കാൻ ആകില്ല. പുതുതലമുറ വരും പൃഥ്വിരാജ് , ടൊവീനോ, ദുൽഖർ , ഫഹദ് ഫാസിൽ, ആസിഫലി, ജയസൂര്യ ..ഇങ്ങനെ മറ്റൊരുകൂട്ടർ അവരുടേതായ സ്ഥാനം ഉറപ്പിച്ചുകഴിഞ്ഞില്ലേ ?

ഉത്തരം : ഇവരെല്ലാം നല്ല ആർട്ടിസ്റ്റുകൾ തന്നെ , പുതുമയുള്ള ആശയങ്ങൾ കൊണ്ടുവരുന്നുമുണ്ട്. എന്നാൽ നല്ല സിനിമ എങ്കിൽ മാത്രമേ ഇവരെ ജനം പരിഗണിക്കുന്നുള്ളൂ. സിനിമ കൊള്ളില്ലെങ്കിൽ ടിക്കറ്റ് കാശ് പോകും സമയവും. പണ്ടങ്ങനെ ആയിരുന്നില്ല. ആ സിനിമ ഒന്നുകണ്ടുനോക്കാം എന്ന് കരുതുന്ന കാലമായിരുന്നു.

ചോദ്യം : ഇത്തരമൊരു മേഖലയിൽ പ്രവർത്തിക്കുമ്പോൾ ഉണ്ടായ രസകരമായതോ മനസ്സിൽ തങ്ങുന്നതായോ ആയ അനുഭവങ്ങൾ

ഉത്തരം : തീർച്ചയായും ഒരു വിഷമം എന്തെന്ന് വച്ചാൽ നമ്മുടെ കഥകൾ സംസ്കാരം, ഔചിത്യം എന്നിവയിൽ നിന്നെല്ലാം അകന്നുപോകുന്ന ഒരു അവസ്ഥയാണുള്ളത്, പ്രത്യകിച്ചും ദൃശ്യ മാധ്യമങ്ങളിൽ . പഴയ പ്രതിഭകളുടെ സിനിമ റീക്രിയേറ്റ് ചെയ്തു അവതരിപ്പിക്കുമ്പോൾ തന്നെ കഥ മറ്റൊരു വഴിയിലൂടെ പോകുന്ന അവസ്ഥയാണുള്ളത്. ബിരിയാണി എന്നൊരു സിനിമ തന്നെ നോക്കൂ, നമ്മുടെ കേരളീയ സംസ്കാരം നമ്മുടെ സാംസ്കാരികമായി കൈവന്ന ഔചിത്യം എന്നിവയിൽ നിന്നൊക്കെ ആകന്നു പോകുന്നു എന്നൊരു പേടിയുണ്ട് . എന്റെയൊരു സിനിമയിൽ തന്നെ സോങ്ങിൽ നല്ലൊരു റൊമാന്റിക് മൂഡ് ക്രിയേറ്റ് ചെയ്തിട്ടുണ്ട്. അത് കുടുംബത്തോടൊപ്പം ഇരുന്നുകാണാം. നമ്മുടെ സൃഷ്ടികൾ നമ്മുടെ മക്കൾക്കൊപ്പം ഇരുന്നു കാണാൻ സാധിക്കണം. ഞാൻ അങ്ങനെയൊരു സാഹചര്യത്തിൽ വളർന്നതുകൊണ്ടാകാം അങ്ങനെ തോന്നുന്നത്. ഇതൊക്കെ മുറിയടച്ചിട്ടു മൊബൈലിൽ അവനവനു മാത്രം ഇരുന്നു കണ്ടാൽ മതിയോ ? പക്ഷെ ബിരിയാണി ഏറ്റവുമധികം കണ്ടിരിക്കുന്നത് സ്ത്രീകളാണ് എന്നതാണ് രസം.

ചോദ്യം : സിനിമയെ കുറിച്ചും ഷോർട്ട് ഫിലിമിനെക്കുറിച്ചും അങ്ങനെ അതുമായി ബന്ധപ്പെട്ട പല കാര്യങ്ങളും താങ്കളോട് സംസാരിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. കലയുടെയും അതിജീവനത്തിന്റെയും പാതകളിൽ സുഗമമായി സഞ്ചരിക്കാൻ സാധിക്കട്ടെ , കൂടുതൽ ഉയരങ്ങളിൽ എതാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു .

ഉത്തരം : ബൂലോകം ടീവിയുടെ സംരംഭങ്ങൾ എല്ലാം വിജയിക്കട്ടെ.. ബൂലോകം ടീവിയിൽ നിന്ന് എന്നെ വിളിച്ചതിൽ സന്തോഷമുണ്ട്.