ഇത് ജിജോയുടെ ‘ശബ്ദം’, നിങ്ങൾ കേൾക്കണം

0
490

ഇത് ജിജോയുടെ ശബ്ദം, നിങ്ങൾ കേൾക്കണം

ഒറ്റ വർക്ക് കൊണ്ടുതന്നെ ജനഹൃദയത്തിൽ ഇടംപിടിച്ച സംവിധായകനാണ് ചാലക്കുടി ആളൂർ സ്വദേശി ജിജോ ജോർജ് . അദ്ദേഹത്തിന്റെ ഷോർട്ട് ഫിലിം ‘സൗണ്ട് ഓഫ് ഏജ് ‘ ഇതിനോടകം പ്രേക്ഷക -നിരൂപക പ്രശംസകൾ ഏറ്റുവാങ്ങി മുന്നോട്ടു പോകുകയാണ്. ശരണാലയങ്ങളിൽ ഉപേക്ഷിക്കപ്പെടുന്ന വൃദ്ധരുടെ തേങ്ങലുകൾ പല ഷോർട്ട് ഫിലിമുകൾക്കും വിഷയമായിട്ടുണ്ടെങ്കിൽ, ഇവിടെ സമീപനം ഒന്ന് മാറ്റിപിടിക്കുകയാണ് ജിജോ. അവർക്കും തണലായി നിയമങ്ങളുണ്ടെന്നും പ്രതികരിക്കാൻ വേദികൾ ഉണ്ടെന്നും കൂടി കാണിച്ചുതരുന്നുണ്ട്.

ഒരു തികഞ്ഞ സംവിധായകന്റെ/ തിരക്കഥാകൃത്തിന്റെ പ്രാഗത്ഭ്യം പ്രദർശിപ്പിച്ച ജിജോ തന്റെ ജീവിതചുറ്റുപാടുകളിൽ നിന്നാണ് ഷോർട്ട് ഫിലിമിൽ ഉപയോഗിച്ച ആശയത്തിന് പറ്റിയ അനുഭവങ്ങൾ ചികഞ്ഞെടുത്തത്. വിജയങ്ങൾക്കു തന്റെ ഭാര്യയോട് അകമഴിഞ്ഞ കടപ്പാട് വയ്ക്കുന്ന ഈ സംവിധായകൻ താൻ താണ്ടിയ വഴികളിലെ കുപ്പിച്ചില്ലുകളും കാരമുള്ളുകളും കലാ തപസ്യക്ക് ഊർജ്ജമാക്കുന്നു. എത്ര കഠിനഹൃദയരെ പോലും കരയിപ്പിക്കാൻ ‘സൗണ്ട് ഓഫ് ഏജി’നു സാധിക്കുന്നുണ്ട് . അവിടെയാണ് ഒരു കലയുടെ പരിപൂർണ്ണമായ വിജയം. നമുക്ക് ജിജോയോട് സംസാരിക്കാം. ബൂലോകത്തിനു വേണ്ടി അദ്ദേഹത്തെ ഇന്റർവ്യൂ ചെയുന്നത് രാജേഷ് ശിവ.

ചോദ്യം :  ജിജോ ജോർജ്, ഒന്ന് സ്വയം പരിചയപ്പെടുത്തുമോ ?

ഉത്തരം : ഞാൻ ഇപ്പോൾ വർക്ക് ചെയുന്നത് ജോയ് ആലുക്കാസിൽ ആണ്. മസ്കറ്റിൽ ജ്വല്ലറിയുടെ സെയ്ൽസ് മാൻ ആയിട്ടായിരുന്നു ഒടുവിൽ വർക്ക് ചെയ്തത്. അവിടെ നിന്നും നിർത്തി നാട്ടിലേക്കു വന്നിട്ടിപ്പോൾ അഞ്ചുവർഷമായി. പിന്നീട് ഇവിടെ ഫിലിം ഇൻസ്റ്റിട്യൂട്ടിൽ ജോയിൻ ചെയ്തു . അതിനു ശേഷമാണ് സിനിമയിലേക്ക് ഒക്കെ വരുന്നത്. പണ്ടേ സിനിമാമോഹവുമായി തന്നെയാണ് കഴിഞ്ഞത്. അപ്പന്റെ മരണം കാരണമുണ്ടായ സാമ്പത്തിക പ്രശ്നങ്ങൾ കാരണം ജോലിയിൽ തുടരേണ്ടിവന്നു. അങ്ങനെ പ്രമോഷൻ കിട്ടി മസ്കറ്റിലേക്കു പോവുകയുണ്ടായി. അവിടെ വച്ചാണ് സിനിമാമോഹം കൂടുതലാകുന്നത്. പ്രശ്നങ്ങൾ കുറച്ചൊക്കെ തരണം ചെയ്തു കഴിഞ്ഞപ്പോൾ ഇനി തിരികെ പോകാം എന്ന് കരുതി. ഗൾഫിൽ നിൽക്കുകയാണെങ്കിൽ അവിടെ തന്നെ ആജീവനാന്തം നിന്നുപോകും, അതാണല്ലോ പ്രവാസത്തിന്റെ ഒരു സ്വഭാവം.

പിന്നെ എന്റേത് ഒരു പ്രണയവിവാഹം ആയിരുന്നു . വൈഫ് ഒരു നേഴ്സ് ആണ്. ഞാനൊരു ഡിസിഷൻ എടുത്തിരുന്നു, വൈഫിനു ജോലി കിട്ടിയിട്ട് ഞാൻ നിർത്താം എന്ന്. അങ്ങനെ വൈഫിനു സൗദിയിൽ നേഴ്സ് ആയി ജോലികിട്ടിയപ്പോൾ ഞാൻ നിർത്തി വന്നു.പിന്നെ ഞാൻ എന്റെ സിനിമാ താത്പര്യങ്ങളിലേക്കു നടന്നു. ആദ്യമൊക്കെ ആരെയും പരിചയമില്ലാത്തതുകൊണ്ടു എവിടെപ്പോയി മുട്ടണം ആരെയൊക്കെ കാണണം എന്നൊന്നും അറിയില്ലായിരുന്നു, അതുകൊണ്ടുതന്നെ ഓപ്പണിങ് ഇൻസ്റ്റിട്യൂട്ടിൽ നിന്ന് ആകാം എന്ന് തീരുമാനിച്ചു. അതാകുമ്പോൾ അവിടെനിന്നും സിനിമയുമായി ബന്ധപ്പെട്ടു പരിചയക്കാരെയൊക്കെ കിട്ടുമല്ലോ. അങ്ങനെയാണ് ഞാൻ ഫിലിം ഇൻസ്റ്റിട്യൂട്ടിൽ ഞാൻ ജോയിൻ ചെയ്തത്. പക്ഷെ കംപ്ലീറ്റ് ചെയ്യാൻ സാധിച്ചില്ല. മൂന്നുമാസമായപ്പോൾ തന്നെ സാമ്പത്തികബുദ്ധിമുട്ട് കാരണം ഞാൻ അവിടെനിന്നു പോന്നു. പിന്നെ അസിസ്റ്റന്റ് ഡയറക്ർ ആകാം എന്ന് തീരുമാനിച്ചിട്ടു എറണാകുളത്തു തന്നെ താമസമാക്കി. അങ്ങനെ ജോലിയും തുടർന്നു അസിസ്റ്റന്റ് ഡയറക്ടർ ആകാനുള്ള ശ്രമവും നടത്തി. ഞാൻ ആദ്യമായി വർക്ക് ചെയ്ത പടമാണ് സണ്ണി വെയ്ൻ നായകനായ ‘ പിടികിട്ടാപ്പുള്ളി ‘. പിന്നീട് ഞാൻ കുറച്ചു പരസ്യങ്ങളിൽ വർക്ക് ചെയ്തു. പിന്നെ വർക്ക് ചെയ്ത പടമാണ് ഇന്ദ്രജിത്ത് നായകനായ ‘ആഹാ’ . അതിനു ശേഷമാണ് സ്വന്തമായൊരു ഷോർട്ട് ഫിലിം ചെയ്യണം എന്ന താത്പര്യത്തിൽ ‘സൗണ്ട് ഓഫ് ഏജ്‌’ ചെയ്തത്.

ചോദ്യം :  ‘സൗണ്ട് ഓഫ് ഏജ് ‘ ഞാൻ കണ്ടിരുന്നു. കലയുടെയും സന്ദേശത്തിന്റെയും മനോഹരമായൊരു ആവിഷ്കാരം എന്ന് മാത്രമേ പറയാനുള്ളൂ. ശരണാലയങ്ങളിൽ ജീവിതാന്ത്യത്തിലെ ഈ ശാപചക്രങ്ങളിൽ എന്നും കണ്ണീരും ഒറ്റപ്പെടലും മാത്രം. ഇത്തരമൊരു ആശയത്തിലേക്ക് ജിജോ എത്താനുള്ള കാരണം എന്തായിരുന്നു ?

ഉത്തരം : ഒക്ടോബർ -1 വയോജന ദിനമാണല്ലോ. ന്യുസ്‌പേപ്പറിൽ അതുമായി ബന്ധപ്പെട്ട വാർത്തയിലെ ഒരു പോയിന്റ് ആണ് ഞാൻ ശ്രദ്ധിച്ചത്, ഒരുപക്ഷെ അതാണ് എന്നെ ഈ ആശയത്തിലേക്ക് എത്തിച്ചത്. അതെന്താണെന്നുവച്ചാൽ, ഇവർക്ക് വേണ്ടി നിയമം ഉണ്ട്, അതുവഴി മൂവ് ചെയ്താൽ അവഗണിക്കപ്പെട്ട വൃദ്ധർക്കു അവരുടെ മക്കളെ കാണാനും സംരക്ഷണം മക്കളെ കൊണ്ട് ഏറ്റെടുപ്പിക്കാനും സാധിക്കും. അവർക്കു വേണ്ടി ഒരു കോടതിയും മജിസ്‌ട്രേട്ടും വരെ ഉണ്ടെന്നറിഞ്ഞപ്പോൾ സത്യത്തിൽ ഞാൻ ഞെട്ടിപ്പോയി. അധികം ആർക്കും അറിയാത്ത ഒരു കാര്യമായിരുന്നു അത്. മറ്റാരും അറിഞ്ഞില്ലെങ്കിലും മക്കളാൽ തഴയപ്പെട്ടവർ ഇതു അറിയേണ്ടതുണ്ട്. സ്വന്തം മക്കളെ ഒരുനോക്ക് കാണാൻ പറ്റാതെ, തങ്ങളുടെ വിഷമങ്ങൾ ആരോട് പറയും എന്നറിയാതെ ജീവിക്കുന്നവരുണ്ട്. ശരിക്കും അവരുടെ വിഷമം കേൾക്കാൻ നിയമം ഉണ്ട്, അവർക്കു വേണ്ടി പ്രവർത്തിക്കുന്ന അനവധി സംവിധാനങ്ങളുണ്ട്. പത്രത്തിൽ ന്യൂസ് വായിച്ചപ്പോൾ അതിൽ നമ്പർ കൊടുത്തിട്ടുണ്ടായിരുന്നു. നിങ്ങള്ക്ക് പരാതിയുണ്ടെങ്കിൽ വിളിക്കാം എന്ന് പറഞ്ഞിട്ട്.

അങ്ങനെ ഞാൻ വിളിച്ചപ്പോൾ ആണ് ഇരിങ്ങാലക്കുടയുള്ള ഈ വകുപ്പിന്റെ സ്ഥാപനവുമായി ബന്ധപ്പെടാൻ സാധിച്ചത്. ഞാൻ അവിടത്തെ ഒരു ഉദ്യോഗസ്ഥനുമായി സംസാരിച്ചു. എനിക്ക് പരാതിയൊന്നും ഇല്ല, ഞാനൊരു അസിസ്റ്റന്റ് ഡയറക്ടർ ആണ് ഒരു ഷോർട്ട് മൂവി ചെയ്യാൻ വേണ്ടിയാണ് എന്ന് പറഞ്ഞു. അങ്ങനെ അദ്ദേഹം എന്നെ സഹായിച്ചു. അദ്ദേഹം നിയമത്തെ കുറിച്ചൊക്കെ പറഞ്ഞു തന്നു. പിന്നെ ഞാൻ മജിട്രേറ്റിനെയും പോയി കണ്ടു. അപ്പോഴാണ് അവിടത്തെ ആ ഒരു സെറ്റപ്പ് മനസിലാക്കാൻ സാധിച്ചത്. നമ്മൾ സിനിമയിൽ കാണുന്നപോലെ കോടതിയൊന്നുമല്ല. ഒരു റൂമിൽ മജിസ്‌ട്രേറ്റ് ഇരിക്കും, മറ്റുള്ളവർ അവിടെ വന്നിരുന്നു സംസാരിക്കും. അടിയും വഴക്കും ഒക്കെ നടക്കാറുണ്ട്. അപ്പോൾ ഇത്തരമൊരു കോടതി സെറ്റപ്പിൽ തന്നെ ഷോർട്ട് മൂവി ചെയ്യണം എന്ന് തോന്നി.

ചോദ്യകർത്താവ് : അതെ, വളരെ പ്രസക്തമായ ഒരു ആശയമാണ്. പറഞ്ഞു പഴകിയ ഈ ഒരു വിഷയത്തിന്റെ ചില കാണാപ്പുറങ്ങൾ തേടിയുള്ള ഇതുവരെ ആരും ചെയ്യാത്ത യാത്രയുടെ പര്യവസാനം മികച്ചൊരു സൃഷ്ടി പിറന്നു.

ഉത്തരം : മറ്റൊരു കാര്യം, അഞ്ചാം ക്ലാസ് മുതൽ മൂന്നുനാലു വര്ഷം ഞാൻ പഠിച്ചത് ഒരു ഓർഫനേജിൽ നിന്ന് ആണ്. നമ്മുടെ അവസ്ഥകളും സാഹചര്യങ്ങളും കൊണ്ട് ഉണ്ടായതാണ്. വീട്ടിൽ നിന്ന് പഠിക്കാനുള്ള ബുദ്ധിമുട്ടുകരണം എന്നെ അവിടെ കൊണ്ടാക്കി. അവിടത്തെ ചില അനുഭവങ്ങൾ വളരെ സ്വാധീനിച്ചു, കാരണം വയസായവർ മാത്രമല്ല ,  അവർ ശരണാലയങ്ങളിൽ മക്കളെ കാത്തിരിക്കുന്നതുപോലെ ഓർഫനേജുകളിലെ കുട്ടികളും മാതാപിതാക്കൾ എന്ന് വരും എന്ന് നോക്കി നിൽക്കാറുണ്ട്. അവരുടെ ഒരു ഫോൺ കാളിനായി കാത്തിരിക്കാറുണ്ട്. ഞാനും അങ്ങനെ ഇരുന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇത്തരം കാര്യങ്ങൾ എനിക്കും ഉൾക്കൊള്ളാൻ പറ്റും . അങ്ങനെയാണ് ഞാൻ ഇതിന്റെ സ്ക്രിപ്റ്റ് സ്റ്റാർട്ട് ചെയുന്നത്.

ചോദ്യകർത്താവ് : അപ്പോൾ നമ്മുടെ അനുഭവങ്ങൾ അതിലുണ്ട് അല്ലെ ? അനുഭവങ്ങളെ മറ്റൊരു തരത്തിലാക്കി അവതരിപ്പിച്ചു. ‘ഓരോ പ്രായത്തിനും ഓരോ ശബ്ദമാണ്’ എന്നാണു ഇതിന്റെ കാപ്‌ഷൻ. അവിടെയാണ് ‘സൗണ്ട് ഓഫ് ഏജ് ‘ പ്രസക്തമാകുന്നത്.

ഉത്തരം : അതെ , ആ ഓൾഡ് ഏജ്‌ ഹോമിൽ മണിയടിക്കുന്ന രംഗമൊക്കെ ഉണ്ടല്ലോ.. അതൊക്കെ ഞാനും അനുഭവിച്ചതാണ്. മണിയടി കേൾക്കുമ്പോൾ അതുപോലെ ഞാനും വന്നു നോക്കാറുണ്ടായിരുന്നു. അപ്പോഴൊക്കെ എന്റെ അച്ഛനും അമ്മയും ആകില്ല, മറ്റാരുടെയെങ്കിലും മാതാപിതാക്കളായിരിക്കും. അതുപോലെ ഫോൺ ബെല്ലടിക്കുമ്പോൾ ഞാൻ എടുത്തുനോക്കിയിട്ടുണ്ട്, അത് എനിക്കുള്ള കാൾ അല്ലായിരിക്കും. അതെല്ലാം എന്റെ സ്വന്തം അനുഭവം ആണ്.

ചോദ്യം : എത്ര പഴകിയ ആശയമായാലും അത് ഒരു കലാരൂപത്തിലേക്കു സന്നിവേശിക്കുമ്പോൾ ആ ആശയം പറയാനുപയോഗിക്കുന്ന രീതിയ്ക്ക് വ്യത്യസ്ത ഉണ്ടെങ്കിൽ ആശയം അവിടെ പുതക്കപ്പെടും, അതുവഴി അത് സ്വീകരിക്കപ്പെടും. ഒരുപാട് ഷോർട്ട് ഫിലിമുകൾക്കു പ്രമേയമായ ഈ ആശയം സ്വീകരിക്കപ്പെട്ടുകഴിഞ്ഞു . ഞാൻ പറഞ്ഞ കാരണം കൊണ്ട് തന്നെയാണ് എന്ന് തോന്നുന്നുണ്ടോ ?

ഉത്തരം : തീർച്ചയായും , ഇപ്പോൾ യൂട്യൂബിൽ വരുന്ന കമന്റുകൾ എല്ലാം തന്നെ അത്തരത്തിൽ ഉള്ളതാണ്.ഏഴുലക്ഷത്തോളം കാഴ്ചക്കാർ ഇപ്പോൾ തന്നെ ആയി. എല്ലാ കമന്റുകളിലും ഓരോരുത്തർ പറയുന്നത്, അവർ അവരുടെ അപ്പനമ്മമാരെ മിസ് ചെയുന്നു എന്നൊക്കെയാണ് . മറ്റുചിലരുടെ അഭിപ്രായത്തിലും, ഇത് പഴകിയ കഥയാണ് എങ്കിലും പറഞ്ഞ രീതി വളരെ നന്നായെന്ന് തന്നെയാണ്.

ചോദ്യകർത്താവ് : ശരിയാണ്, ഈ ഷോർട്ട് മൂവി ഏവരും കണ്ടിരിക്കേണ്ടത് തന്നെയാണ്. ഇതിന്റെ ക്ളൈമാക്സ് നിങ്ങളെ ഞെട്ടിക്കും , കരയിക്കും. നമ്മൾ ദൃശ്യം പോലെയൊക്കെ ഒരു മൂവി കണ്ടതിനു സമാനമായ ഒരു വിസ്മയം നമ്മിൽ ഉണ്ടാക്കും.

ഉത്തരം : അതെ.. അതൊരു ചലഞ്ചിങ് തന്നെയായിരുന്നു. പലരും പറഞ്ഞതും അങ്ങനെ ആയിരുന്നു. ഒരു ഘട്ടത്തിലും അത് പാളിപ്പോകരുത് എന്നൊരു നിർദ്ദേശവും പലരും തന്നിരുന്നു. അത് ശരിക്കും വലിയ ചലഞ്ചിങ് ആയിരുന്നു. ആ ട്രീറ്റ്‌മെന്റ് അവിടെ വിജയിച്ചത് ശ്രദ്ധയോടെയുള്ള ആ സമീപനം കൊണ്ടുതന്നെ ആയിരുന്നു.

ചോദ്യകർത്താവ് : പ്രേക്ഷകർ ചിന്തിക്കുന്നതിനും അപ്പുറത്തു കയറിയുള്ള ചിന്തയുണ്ടല്ലോ, അതാണ് ഇവിടെ കാണാൻ കഴിഞ്ഞതു. ഒരു സംവിധായക കലാകാരന് വേണ്ടതും അതുതന്നെയാണ്. ഇതിലൊരു മാജിക് ഉണ്ട്. പലർക്കും പലപ്പോഴും സാധ്യമാകാത്ത ഒരു മാജിക്. ഞാനിങ്ങനെ വാചാലനാകുന്നതും അതുകൊണ്ടുതന്നെ.

ഉത്തരം : ഇതിലഭിനയിച്ച കൈനകരി തങ്കരാജൻ ചേട്ടൻ എന്നോട് ചോദിച്ചത് ജിജോ എനിക്കിതിൽ ഡയലോഗ് ഒന്നും ഇല്ലല്ലോ എന്നായിരുന്നു. അപ്പോൾ ഞാൻ പറഞ്ഞത്, ഇത് ചേട്ടന്റെ കഥയാണ് എന്നാണു. അപ്പൻ മക്കളോട് സംസാരിക്കുന്നതോ മക്കൾ അപ്പനോട് സംസാരിക്കുന്നതോ ഒന്നും ഇതിൽ ഇല്ല. ഒരു ചെറിയ ടൈമിൽ തന്നെ പറഞ്ഞു അവസാനിപ്പിക്കണം എന്ന് തോന്നി.

ചോദ്യം : ഓരോ പ്രായത്തിനും ഓരോ ശബ്ദമാണ്’, ശരിയാണ്, വേഗതയിൽ നിന്നും പരിദേവനങ്ങളും പരിഭവങ്ങളും ഇടർച്ചയും ഒക്കെയായി ശബ്ദം പരിവർത്തനം ചെയ്യപ്പെട്ടു ശരണാലയങ്ങൾ തേടി വേച്ചുവേച്ചു നടക്കുമ്പോൾ അണുകുടുംബങ്ങളുടെ അകത്തളങ്ങളിൽ ശാന്തിയുണ്ടാകുമോ ?

ഉത്തരം : ഒരിക്കലും ഉണ്ടാകില്ല. വീട്ടിൽ സന്തോഷം നിറഞ്ഞു നിൽക്കണമെങ്കിൽ മാതാപിതാക്കൾ അവിടെ വേണം. എല്ലാരേയും കൂട്ടിയോജിപ്പിക്കുന്ന ഒരു സന്തോഷം ഉണ്ടല്ലോ അതിന്റെ നെടുംതൂണുകൾ പ്രായമായവർ തന്നെയാണ്. കുടുംബത്തിൽ എന്ത് പ്രശ്നമുണ്ടെങ്കിലും സോൾവ് ചെയ്യാൻ അവർക്കു സാധിക്കുമായിരുന്നു. അവരെ മനസിലാക്കാൻ സാധിക്കാത്തതാണ് പ്രശ്നം. അപ്പനും അമ്മയും ഉണ്ടെങ്കിൽ അവരെ നോക്കാൻ പാടാണ് , അല്ലെങ്കിൽ ദൂരെ സ്ഥലങ്ങളിലേക്ക് ജോലി നോക്കിപോകാൻ പറ്റുന്നില്ല ..അതൊക്കെ ശരിയായിരിക്കാം എന്നാൽ അതിനൊരു പരിഹാരം കണ്ടെത്തിയേ പറ്റൂ. ഇതിലെ ഫ്രാൻസിസ് എന്ന കഥാപാത്രം തന്നെ നോക്കൂ, അയാൾക്ക് വിദേശത്തേയ്ക്ക് പോയെ പറ്റൂ. വിദേശത്തു ഭാര്യയുടെ കൂടെ പോയി ജീവിക്കേണ്ടത് അയാളുടെ ആവശ്യമാണ്, അപ്പനെ നോക്കി ഇവിടെ ഇരുന്നാൽ പറ്റില്ല. അതാണല്ലോ കഥയിൽ തർക്കവിഷയം ആകുന്നതും.

ചോദ്യം : ഉണങ്ങിയ ഇലയെ കുറിച്ച് പണ്ട് ഞാൻ കുറിച്ചിരുന്നു . ഉണക്ക ഇല വീട്ടിലേക്കു പറന്നുവരുമ്പോൾ വീട്ടിലെ ഉപകരണങ്ങൾ എല്ലാം അതിനെ ശകാരിക്കുന്നു . ചെരുപ്പുകൾ അതിനെ ചവിട്ടാനായുന്നു, ചൂലുകൾ അതിനെ തൂത്തു കളയാൻ ആഞ്ഞടുക്കുന്നു , ഷോക്കേസിലെ പ്ലാസ്റ്റിക് പൂവുകൾ അതിനെ പരിഹസിക്കുന്നു , ഒടുവിൽ വേസ്റ്റ് ബേക്കറ്റിലേക്കു അത് ചെന്ന് വീഴുന്നു. പഴമയുടെയും ന്യു ജനറേഷന്റെയും ശബ്ദങ്ങൾ പരസ്പരം ചേരാതെ പോകുന്നത് എന്തുകൊണ്ടാകും ? സാങ്കേതിക വിദ്യകളെ നമുക്ക് പഴിചാരുന്നതിൽ അർത്ഥമുണ്ടോ ?

ഉത്തരം : ഇപ്പോൾ ഓൺലൈൻ ക്‌ളാസുകളുടെ കാലമാണല്ലോ. മറ്റാരിൽ നിന്നും അവർ ഒന്നും അറിയാൻ ശ്രമിക്കുന്നില്ല. മുതിർന്നവരിൽ നിന്ന് പഠിക്കുന്നതിനേക്കാൾ കൂടുതൽ കാര്യങ്ങൾ അവർ മൊബൈൽ ഫോണിൽ നിന്നും പഠിക്കുന്നു. പണ്ടൊക്കെ എന്റെ അമ്മാമ്മ പുറത്തുപോയി വരുമ്പോൾ നിറയെ പലഹാരം കൊണ്ടുവരുമായിരുന്നു .  അത് വയറുനിറയെ കഴിക്കുമായിരുന്നു. അവർ പറയുന്ന കാര്യങ്ങൾ കേട്ടിരിക്കാൻ ഞങ്ങൾക്കന്ന് സമയമുണ്ടായിരുന്നു. അന്നാണെങ്കിൽ ടീവിയും മൊബൈലും ഒന്നുമില്ല. ഇന്നാണെങ്കിൽ കുട്ടികൾ ഇന്റെർനെറ്റിന്റെ ലോകത്താണ്. അവർക്കു വേഗം എത്തിപ്പെടാൻ കഴിയുന്ന ഇടമാണത്. എന്നാൽ അതിൽ നിന്നൊന്നും കിട്ടാത്ത അറിവുകൾ, അനുഭവങ്ങൾ മുതിർന്നവരിൽ നിന്നും കിട്ടും. അതൊരു എക്സ്പീരിയൻസ് തന്നെയാണ്. ഞാനൊക്കെ അത് അനുഭവിച്ചു വന്നവരാണ്. ഇനിയുള്ളവർക്കു അതൊക്കെ കിട്ടുമോ എന്നറിയില്ല. ഓർഫനേജുകളും വൃദ്ധസദനങ്ങളും കൂടുകയല്ലാതെ കുറയില്ല. കാരണം ആർക്കും മുതിർന്നവരുടെ സ്നേഹത്തിന്റെ ഒന്നും വിലയറിയില്ല. എന്റെ അമ്മാമ്മ മരിച്ചപ്പോൾ ഞാൻ ഒരുപാട് കരഞ്ഞു, ഇനിയുള്ള കുട്ടികൾക്ക് അങ്ങനെ ദുഃഖം ഉണ്ടാകാൻ സാധ്യതയില്ല.

ചോദ്യ കർത്താവ് : വേണമെങ്കിൽ അവർ മരിച്ചുകിടക്കുന്നവരെ വച്ച് സെൽഫി എടുത്തു സോഷ്യൽ മീഡിയയിൽ ഇടും.

ഉത്തരം : ശരിക്കും…. നമുക്ക് അമ്മയെക്കാളും അപ്പനെക്കാളും കൂടുതൽ സ്നേഹം വേണ്ടത് അവരോടാണ്. കാരണം അവർ എപ്പോഴും നമ്മുടെ കൂടെ ഉണ്ടായിരുന്നവരാണ്. അത്രമാത്രം കെയർ ചെയ്തിട്ടുണ്ട് അവർ നമ്മളെ. അമ്മയുമപ്പനും എവിടെയെങ്കിലും പോകുന്നെങ്കിൽ അവരുടെ അടുത്താണ് ആക്കിയിട്ടു പോകുക. ഇന്നത്തെ കാലത്തു എവിടെയെങ്കിലും പോകുന്നെങ്കിൽ മാതാപിതാക്കൾ കുട്ടികളെ അപ്പുറത്തെ വീടുകളിൽ ആക്കിയിട്ടു പോകും, അല്ലെങ്കിൽ മൊബൈൽ കൊടുത്തിട്ടു പോകും, അതുമല്ലെങ്കിൽ ടീവി ഇട്ടുകൊടുത്തിട്ടു പോകും… തത്ഫലമായി കുട്ടികളെ പീഡിപ്പിപ്പിക്കുന്ന സംഭവങ്ങളും കൂടി.

ചോദ്യ കർത്താവ് : ജിജോ പറഞ്ഞ ഒരു കാര്യം വളരെ പ്രസക്തമാണ്. കാരണം , നമ്മുടെ കുട്ടികളെ അയൽപക്കത്തുള്ള ആളോ, ബന്ധുക്കളോ പീഡിപ്പിക്കുമ്പോൾ എന്തുകൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത് എന്നതിന്റെ ഒരു ഉത്തരം ആണ്. കുട്ടികളെ നമ്മുടെ വീട്ടിലെ വൃദ്ധരുടെ അടുത്ത് ഏല്പിച്ചു പോയാൽ അവർ സുരക്ഷിതരായിരിക്കും. അണുകുടുംബങ്ങളിൽ മാതാപിതാക്കൾ ഇല്ലെങ്കിൽ കുട്ടികളുടെ സുരക്ഷ ഒരു ചോദ്യചിഹ്നമാകുന്നു.

ഉത്തരം : ബിസ്സി ലൈഫുകാരുടെ ലോകത്തു ബിസ്സി ഇല്ലാത്തതു വൃദ്ധർക്കു മാത്രമാണ്. കുട്ടികളെ കെയർ ചെയ്യാൻ അവർക്കു വേണ്ടുവോളം സമയമുണ്ട്.

ചോദ്യം : പ്രതിഭാധനനായ ഒരു സംവിധായകന്റെ കയ്യൊപ്പ് സൗണ്ട് ഓഫ് ഏജിൽ കാണാൻ കഴിഞ്ഞു . ഇതിനു മുൻപും ശേഷവും ഉള്ള ജിജേയെ ഒന്ന് സ്വയം വിലയിരുത്തുമോ ?

ഉത്തരം : ഞാൻ സിനിമയിൽ നാല്പതു ദിവസത്തോളം നൈറ്റ് വർക്ക് ചെയ്തിട്ടുണ്ട്. എന്റെ ഏറ്റവും വലിയ എക്സ്പീരിയൻസ് ആയിരുന്നു അത്. ക്ലാപ്പടിച്ചു കൊണ്ട് നിൽക്കുക. ഒരു ഡയറക്ടറുടെ റൈറ്റിൽ എപ്പോഴും നിൽക്കുന്ന ഒരാൾ. എനിക്ക് ഒരു ഡയറക്ടർ ആകാം എന്ന തോന്നൽ ഉണ്ടായതു…ആ എക്സ്പീരിയൻസ് കിട്ടിയത്… അതിൽ നിന്നാണ്. മസ്കറ്റിൽ നിന്നും നിർത്തി വന്നപ്പോഴാണ് ഏതെങ്കിലും ചെയണം എന്ന തോന്നലുണ്ടായത്. ‘പിടികിട്ടാപ്പുള്ളി’ സിനിമയിൽ വർക്ക് ചെയ്തപ്പോൾ ഞാനതു ആസ്വദിച്ച് തന്നെയാണ് ചെയ്തത്. പക്ഷെ അസിസ്റ്റന്റ് ഡയറക്ടർ വലിയ ബുദ്ധിമുട്ടുള്ള പണിയാണ്. ഒത്തിരി കഷ്ടപ്പെടണം, രാത്രി ഉറക്കമില്ല , പകൽ വർക്ക് ചെയ്യണം.

എന്നാൽ ഒരു ഡയറക്ർ ആകുമ്പോൾ , ആ കസേരയിൽ ഇരിക്കുമ്പോൾ വല്ലത്തൊരു സുഖമാണ്. നമ്മൾ വന്ന വഴികൾ , ആ കഷ്ടപ്പെടുകൾ …അതിന്റെയൊക്കെ ഫലം തന്നെയാണ് ഇവിടെ അനുഭവിക്കുന്നത്. ആ ഒരു സന്തോഷം എനിക്ക് സൗണ്ട് ഓഫ് ഏജിൽ നിന്നും  കിട്ടി. ഇപ്പോൾ കലാഭവൻ ഷാജോണിനെ പോലുള്ള വലിയ നടന്മാരുടെ അടുത്ത് ചെന്നിരുന്നു പ്രോജക്ടിനെ കുറിച്ച് സംസാരിക്കാൻ എനിക്ക് സാധിച്ചത് എന്റെ ഈ വർക്ക് കാരണം തന്നെയാണ്. ഒരു ചേരി പോലുള്ള പ്രദേശത്തു ഒരു പുറമ്പോക്കിൽ ആണ് ഞാൻ ജനിച്ചു വളർന്നത്. ഒരു ഓലവീട്ടിലാണ് ഞാൻ താമസിച്ചത്. അത്രയും ബുദ്ധിമുട്ടി കഷ്ടപ്പാടുകളിൽ നിന്നും ഞാൻ വളർന്നു വന്നിട്ട് ഇന്ന് വലിയ ആർട്ടിസ്റ്റുകളുടെ അടുത്തുപോയിരുന്നു സംസാരിക്കാൻ കഴിയുന്നുണ്ട് എങ്കിൽ നമ്മൾ കാണുന്ന ആ ഡ്രീമിന് പിന്നാലെ പോയതുകൊണ്ട് തന്നെയാണ്. ഒരുപാട് സുഹൃത്തുക്കൾ എനിക്ക് വലിയ സപ്പോർട്ട് തന്നിട്ടുണ്ട് , പ്രത്യേകിച്ച് എന്റെ ഭാര്യ.

ഞാൻ തുറന്നു തന്നെ പറയുകയാണ്, ഈ സ്‌പേസിൽ എനിക്ക് പറയണമെന്ന് തോന്നി. അവൾ സൗദിയിൽ പോയി പണിയെടുത്തുണ്ടാക്കിയ കാശ് ഞാൻ കുറെ ഉപയോഗിച്ചിട്ടുണ്ട് . ഇങ്ങനെ പലരുടെയും സപ്പോർട്ടിന് പുറത്താണ് എനിക്കിതെല്ലാം സാധിച്ചത്. ഞാൻ രണ്ടുമൂന്നു പടങ്ങൾ അസിസ്റ്റന്റ് ഡയറക്ടർ ആയി ചെയ്തു പിന്നെ കുറെ സ്ട്രഗിൾ ചെചെയ്തിരിക്കുന്ന സമയത്തു എന്റെ വൈഫാണ് എനിക്കീ ഐഡിയ തരുന്നത്. സിനിമ ചെയ്യാൻ ഇപ്പോൾ പറ്റില്ല എങ്കിൽ നിനക്ക് ഷോർട്ട് മൂവി ചെയ്തുകൂടെ എന്ന് അവൾ ചോദിച്ചു. അങ്ങനെയാണ് മനസിലുള്ള ഈ കഥ എഴുതിയത് . സുരേന്ദ്രൻ വാഴക്കാട് എന്ന പ്രൊഡ്യൂസറോട് സംസാരിച്ചപ്പോൾ അദ്ദേഹം പകുതി പൈസ തരാമെന്നു ഏറ്റു . എന്റെ വൈഫും പകുതി പൈസ തന്നു. അങ്ങനെയാണ് ഞങ്ങൾ ഷൂട്ടിങ് സ്റ്റാർട്ട് ചെയുന്നത്. ഇന്നിപ്പോൾ ആലോചിക്കുമ്പോൾ , നമ്മൾക്കൊരു ഐഡന്റിറ്റി ഉണ്ട് എവിടെ പോയാലും. ഏതൊക്കെ ആർട്ടിസ്റ്റുകൾ വിളിക്കുമ്പോഴും എനിക്ക് പറയാൻ ഈയൊരു വർക്ക് ചെയ്തതിന്റെ, പ്രൂവ് ചെയ്തതിന്റെ ആത്മവിശ്വാസമുണ്ട്.

ചോദ്യകർത്താവ് : അതെ, ജിജോ എന്ന കലാകാരന്റെ ഇനിയങ്ങോട്ടുള്ള സുദീർഘമായ യാത്രകൾക്ക് സൗണ്ട് ഓഫ് ഏജ് ഒരു നാഴികക്കല്ലാണ്.

ഉത്തരം : ചെയുമ്പോൾ നന്നായി ചെയ്യണം എന്നെനിക്ക് നിർബന്ധം ഉണ്ടായിരുന്നു. ഇല്ലെങ്കിൽ പിന്നെ ചെയ്യാൻ പോകരുത്. കിട്ടിയ അവസരത്തെ അത്രയും നന്നായി വിനിയോഗിച്ചാൽ ഒരുപാട് ഷോർട്ട് മൂവി ഒന്നും എടുത്തു കാണിക്കണ്ട, ഒരൊറ്റ വർക്ക് കൊണ്ട് നമുക്ക് പ്രൂവ് ചെയ്യാൻ കഴിയും. പുതിയ മെച്ചപ്പെട്ട അവസരങ്ങൾ നമ്മെ തേടി വരും.

ചോദ്യം : ഇത്തരമൊരു ഉദാത്തമായ സൃഷ്ടി കണ്ടു കുറ്റബോധം, പശ്ചാത്താപം ഒക്കെ തോന്നി യുവതലമുറ ഇത്തരം ശബ്ദങ്ങളെ തിരിച്ചറിയും എന്ന് കരുതാൻ ആകുമോ ? ഇല്ലെങ്കിൽ കലയുടെ ലക്‌ഷ്യം കല മാത്രമായി പോകില്ലേ? സാധാരണ സംഭവിക്കുന്നത് അങ്ങനെയാണ്. മഹത്തായ ആശയങ്ങൾ ഉൾക്കൊള്ളുന്ന സിനിമകൾ ഹൌസ് ഫുൾ ആയി ഓടിയാലും സമൂഹം അതിന്റെ ആശയങ്ങൾക്കൊപ്പം മാറുന്നില്ല..

ഉത്തരം : ഈ സിനിമ ചെയ്യുമ്പോൾ ഒരു മെസ്സേജ് കൊടുക്കാം എന്നൊന്നും ഞാൻ ചിന്തിച്ചില്ല, അല്ലെങ്കിലും അതൊന്നും കൊണ്ടൊന്നും സമൂഹത്തെ മാറ്റിയെടുക്കാൻ ആകുമെന്ന് എനിക്ക് വിശ്വാസമില്ല. എന്നാൽ അതിന്റെ ആശയം മനസിലാക്കുന്നവർക്കു അത് മനസിലാകും. ഈ സിനിമയിൽ ഒരു മെസേജേ ഇല്ല. നിങ്ങൾ അപ്പനെ നോക്കണം അമ്മയെ നോക്കണം എന്നൊന്നും ഇതിൽ ആരും പറഞ്ഞിട്ടില്ല. എന്നാൽ ഇത് കാണുന്നതിലൂടെ അതാണ് പ്രേക്ഷകർ മനസിലാക്കുന്നതെങ്കിൽ അത് മതിയാകും.

ചോദ്യം : നമ്മുടെ കുടുംബമൂല്യങ്ങൾ തന്നെയാണ് വൃദ്ധരുടെ ഇത്തരം അവസ്ഥയ്ക്ക് കാരണം എന്നാണു തോന്നുന്നത്. കാരണം ഇവിടെ ഒരാൾ തന്റെ മക്കൾ പറക്കമുറ്റി കഴിഞ്ഞാലും അവരെ സംരക്ഷിക്കുന്നു. എന്നാൽ പാശ്ചാത്യലോകത്തു അങ്ങനെയല്ല, പ്രായമായവർ അവർക്കു വേണ്ടിയും ജീവിക്കുന്നു. ജീവിതത്തിൽ നമ്മുടേതായ ഒരു സ്‌പേസ് കണ്ടെത്താൻ കഴിയാത്തത് നമ്മുടെ ജീവിത രീതികളുടെ ഒരു പാളിച്ചയല്ലേ ? പാശ്ചാത്യലോകത്തു പ്രായമായവരെ സർക്കാർ സംരക്ഷിക്കുന്നു, അവർക്കു അവരുടേതായ വിനോദങ്ങൾ എല്ലാം ലഭിക്കുന്നു. കുടുംബമൂല്യങ്ങളുടെ കാര്യത്തിൽ മാത്രമല്ല എല്ലാ മൂല്യങ്ങളുടെയും കാര്യത്തിൽ പാശ്ചാത്യരെ കുറ്റംപറയുന്ന നമ്മുടെ സമൂഹം എന്തുകൊണ്ട് ഇങ്ങനെ അധഃപതിച്ചുപോയി ? സ്ത്രീധനം, വിവിധരീതിയിലുള്ള മനുഷ്യവിരുദ്ധ ആചാരങ്ങൾ, ജാതി, മതം ..ഇവയൊക്കെ യുവതലമുറയിൽ അടിച്ചേല്പിക്കുന്നതും പ്രായമായവർ തന്നെയാണ്. മാനവികമായ ആശയങ്ങൾ പഠിപ്പിക്കാതെ വളർത്തുന്ന കുട്ടികളിൽ പിൽക്കാലത്തുണ്ടാകുന്ന അസഹിഷ്ണുതകൾ മാതാപിതാക്കളും ഏറ്റുവാങ്ങേണ്ടി വരുന്നു എങ്കിൽ അവർക്കും ഉത്തരവാദിത്തത്തിൽ നിന്നും ഒഴിയാൻ സാധിക്കുമോ ?

ഉത്തരം : ഒരു പരിധിവരെ അത് ശരിയാണ്. മക്കൾ നോക്കുന്നില്ല എന്ന് പറയുമ്പോൾ.. എല്ലാം മക്കൾ തന്നെ ചെയ്യേണ്ടിവരുമ്പോൾ ആണ് പ്രശ്നം. നമ്മൾ നമുക്ക് വേണ്ടി കുറച്ചു കണ്ടെത്തി വയ്ക്കേണ്ടതുണ്ട്. ഉള്ള പൈസ മുഴുവൻ മക്കൾക്കും പേരക്കുട്ടികൾക്കും ആയി കൊടുത്തു തീർക്കാതെ സ്വന്തം ജീവിതത്തിനും കരുതി വയ്ക്കണം. തിരുവനന്തപുരത്തു റിട്ടയർ ആയ ഗവണ്മെന്റ് ഉദ്യോഗസ്ഥരുടെ 60 പേര് അടങ്ങിയ ഒരു ഗ്രൂപ്പുണ്ട്. . 60 വയസിനു മുകളിൽ ഉള്ളവർ ആണ് അതിൽ ഉള്ളത്. ഇപ്പോൾ, ഒരാൾക്ക് വയ്യ എങ്കിൽ ഗ്രൂപ്പിൽ മെസേജ് ഇടും, അപ്പോൾ അതിൽ ഫ്രീയായ ആളുകൾ വന്നു അയാളെ ആശുപത്രിയിൽ കൊണ്ട് പോകും.

ഈ സിനിമ കണ്ടിട്ട് ഒരു മാഡം എന്നെ വിളിച്ചു. സിനിമ കണ്ടിട്ട് അവർ ഒരുപാടു കരഞ്ഞു എന്ന് പറഞ്ഞു, അവർ എന്നോട് പറഞ്ഞു. “ഞാൻ മരിച്ചാൽ എന്റെ ഭർത്താവിന് ആരുമില്ല , മക്കളെ ഞങ്ങൾ വളർത്തി, പഠിപ്പിച്ചു അവർ ജോലിയൊക്കെ കിട്ടി അവരുടെ വഴിയേ പോയി. ഇപ്പോൾ ഞങ്ങൾ രണ്ടുപേർ മാത്രമായി. ഞങ്ങളുടെ മക്കൾ അവരുടെ മക്കളെ നോക്കാൻ ഞങ്ങളെ വിളിക്കുന്നുണ്ട്. ഞങ്ങൾ പോകില്ല. ഞങ്ങൾ രണ്ടുപേരും മരണം വരെ പിരിയില്ല. ഞങ്ങൾ കഷ്ടപ്പെട്ട് അവർക്കുവേണ്ടി ഇൻവെസ്റ്റ് ചെയ്തു, പക്ഷെ ഞങ്ങൾ ഞങ്ങൾക്ക് വേണ്ടി ഇൻവെസ്റ്റ് ചെയ്തില്ല. അതിൽ ഞങ്ങൾക്ക് തെറ്റുപറ്റി. ഞങ്ങൾ ഞങ്ങൾക്ക് വേണ്ടിയും എന്തെങ്കിലും മാറ്റിവച്ചിരുന്നെങ്കിൽ ഈയൊരവസ്ഥ വരില്ലായിരുന്നു. ശരിക്കും അതാണ് ശരി. എല്ലാം മക്കൾക്കുവേണ്ടി മാത്രം ചെയ്‌താൽ ശരിയാകില്ല.

സ്ത്രീധനമായാലും എന്ത് ആചാരമായാലും മാതാപിതാക്കൾ പറഞ്ഞാലും അത് വേണ്ട എന്ന് പറയാനുള്ള ഒരു വോയിസ് നമുക്കുണ്ടല്ലോ. നോ പറയേണ്ടിടത്തു നോ പറയാനും ആവശ്യമായത് ഉൾക്കൊള്ളാനും നമുക്ക് സാധിക്കണം. മാതാപിതാക്കൾ പറയുന്ന എല്ലാ കാര്യങ്ങളും മക്കൾ കേൾക്കുന്നില്ലല്ലോ,പ്രണയിച്ചു വിഹാഹം കഴിക്കുന്നതു മാതാപിതാക്കൾ പറഞ്ഞിട്ടില്ലല്ലോ…ഇക്കാര്യങ്ങൾ മാത്രം കേൾക്കുന്നത് എന്തുകൊണ്ടാണ് ? എന്നാൽ സ്ത്രീധന വിഷയത്തിൽ മരിച്ച വിസ്മയയയുടെ ആ സംഭവത്തിന് ശേഷം ഇപ്പോൾ കുറേപേർ നോ പറയാൻ പഠിച്ചിട്ടുണ്ട്. അതുകൊണ്ടു ഇതൊക്കെ തീരുമാനം എടുക്കുന്നവരുടെ തെറ്റും ശരിയുമാണ്. മുതിർന്നവരെ പഴിച്ചിട്ടു കാര്യമില്ല.

ചോദ്യം : ഇനി, ഇതിൽ അഭിനയിച്ചവരെ കുറിച്ചാണ്, കൈനകരി തങ്കരാജ് ‘ഈ മ യി’ ലെ വാവച്ചന്‍ മേസ്തിരി ആയി ഒക്കെ നമ്മെ വിസ്മയിപ്പിച്ച നടനാണ്. ലൂസിഫർ, ആമേൻ ..തുടങ്ങി അനവധി ചിത്രങ്ങൾ. പിന്നെ മറ്റൊരു പ്രധാന റോൾ ചെയ്ത മുത്തുമണി നമ്മുടെയൊക്കെ പ്രായ താരമാണ്. മറ്റൊരു താരം ജിൻസ് ഭാസ്കർ … ഇവരൊക്കെ നാം വെള്ളിത്തിരയിൽ ആസ്വദിച്ചവർ ആണ്. ഇവർ ഈ വർക്കിലേക്കു എത്തിയതിനെ കുറിച്ചും ഇവരുമായുള്ള എക്സ്പീരിയന്സിനെ കുറിച്ചും. …

ഉത്തരം : ഞങ്ങളുടെ കൺട്രോളർ വഴി ആദ്യം ഞാൻ സമീപിച്ചത് മുത്തുമണി ചേച്ചിയെ ആണ്. ഇന്ന് സിനിമയിൽ ഉള്ള പലരുടെയും രൂപം മനസ്സിൽ വന്നെങ്കിലും എന്തൊക്കെയോ ചില പ്രശ്നങ്ങൾ ഉള്ളതായി തോന്നി. ചേച്ചി എന്നോട് സ്ക്രിപ്ട് അയച്ചുതരാൻ ആവശ്യപ്പെട്ടു. വായിച്ചുനോക്കിയിട്ടു പറയാം എന്ന് പറഞ്ഞു. എന്റെ ഫസ്റ്റ് സ്ക്രിപ്റ്റ് ആയതിനാൽ തന്നെ നല്ല ടെൻഷനും ഉണ്ടായിരുന്നു. എന്നാൽ ചേച്ചി സിനിമയിൽ ഒരുപാടു അനുഭവസമ്പത്തുള്ള ഒരാളാണ്, ലാലേട്ടന്റെ കൂടെ വരെ അഭിനയിച്ച ഒരു ആർട്ടിസ്റ്റ് ആണ്. മൂന്നുദിവസം കഴിഞ്ഞു ചേച്ചി എന്നെ വിളിച്ചു , ജിജോ എനിക്ക് സ്ക്രിപ്റ്റ് ഇഷ്ടപ്പെട്ടു, വളരെ നന്നായിട്ടുണ്ട്, നമുക്കിത് ചെയ്യാം എന്ന് പറഞ്ഞു. ഈ പടം മൂവ് ചെയ്യാം എന്നൊരു കോൺഫിഡൻസ് എനിക്കുണ്ടാകുന്നത് ചേച്ചി കാരണമാണ്. ചേച്ചി അങ്ങനെയൊരു വാക്ക് തന്നപ്പോൾ തന്നെ പകുതി കാര്യം ഓക്കേ ആയി. തഴക്കമുള്ള ഒരു ആർട്ടിസ്റ്റ് നമ്മുടെ സ്ക്രിപ്റ്റ് വായിച്ചു അത് ചെയ്യാം എന്ന് പറയുമ്പോൾ ആണ് ഒരു സംവിധായകൻ അല്ലെങ്കിൽ ഒരു സ്ക്രിപ്റ്റ് റൈറ്റർ എന്ന നിലയ്ക്ക് നമ്മൾ കൂടുതൽ മുന്നോട്ടുപോകുന്നത്. ചേച്ചി വലിയൊരു ബലമായിരുന്നു. ഷൂട്ടിങ് സമയത്തു ചേച്ചി എറണാകുളത്തുനിന്ന് മാള പൊയ്കയിലുള്ള ലൊക്കേഷനിൽ കാറിൽ ഡൈലി വന്നുപോകുമായിരുന്നു. ചേച്ചി തന്നെയാണ് പറഞ്ഞത് സ്റ്റേ വേണ്ട , അതിനുവേണ്ടിയും പണം കളയണ്ട ഞാൻ പോയി വന്നോളാമെന്ന്. രാവിലെ ആറുമണിക്ക് ഒക്കെ വന്നിട്ട് രാത്രി ഒമ്പതു മണിക്കൊക്കെയാണ് ചേച്ചി തിരിച്ചു പോയത്. ചേച്ചി ഉടുത്തതു തന്നെ ചേച്ചിയുടെ സ്വന്തം സാരി ആയിരുന്നു. അത്രമാത്രം ഈ പ്രൊജക്റ്റിനോട് ചേച്ചി സഹകരിച്ചു. ഒരു ആർട്ടിസ്റ്റിനോട് ആദ്യം പോയി സംസാരിക്കാനും മറ്റുമുള്ള ധൈര്യം എനിക്ക് ആദ്യമായി കിട്ടിയത് ചേച്ചിയിൽ നിന്നായിരുന്നു. ചുമ്മാ കഥകേട്ടിട്ടു വന്നു അഭിനയിച്ചു പോകുകയായിരുന്നില്ല, സ്ക്രിപ്റ്റിൽ എന്നെ സഹായിക്കുക കൂടി ചെയ്തു. അതുകൊണ്ടാണ് ആ കാരക്റ്റർ അത്ര ഭംഗിയായി വരാൻ കാരണം. ഒരു ആർട്ടിസ്റ്റിനേക്കാൾ ഒരു ചേച്ചിയെ പോലെ ആയിരുന്നു മുത്തുമണി ചേച്ചി.

കൈനകരി ചേട്ടനു മുൻപുള്ള ഓപ്‌ഷൻ ഇന്ദ്രൻസ് ചേട്ടനായിരുന്നു. എന്നാൽ ഡേറ്റ് പ്രശ്നമായതുകാരണം അദ്ദേഹത്തിന് ഏറ്റെടുക്കാൻ സാധിച്ചില്ല. അങ്ങനെയാണ് കൈനകരി ചേട്ടനിലേക്കു ഞാൻ എത്തുന്നത് . ചേട്ടന് കഥകേട്ട് വളരെ ഇഷ്ടപ്പെട്ടു. ഫാസ്റ്റ് ഡേ ചേട്ടനെ മേക്കപ്പിട്ടു സെറ്റിൽ ഇരുത്തി. പക്ഷെ അന്ന് ഷൂട്ട് ചെയ്യാൻ സാധിച്ചില്ല. അദ്ദേഹം അതിൽ ഒരു പരിഭവവും പറഞ്ഞില്ല. ഒരു കോപ്പും ഇല്ല മോനെ, നാളെ നമുക്ക് ഷൂട്ട് ചെയ്യാം എന്ന് പറഞ്ഞു. അത്ര വലിയ സീനിയർ നടനായിട്ടും ഒരു ദേഷ്യവും കാണിക്കാതെ അത്രമാത്രം സഹകരിച്ചു. ഷൂട്ടിങ്ങിന്റെ അവസാന സമയത്തു പേമെന്റ് കൊടുക്കാൻ അല്പം പൈസ കുറവായിരുന്നു. അപ്പോഴും ഒരു കോപ്പും ഇല്ല മോനെ എന്ന് പറഞ്ഞു അദ്ദേഹം മടങ്ങി. കൊല്ലത്തെ ബാലഭവനിൽ വച്ച് ഷൂട്ടിങ് ഉണ്ടായിരുന്നു. ഞാൻ പുലർച്ച അദ്ദേഹത്തെ പോയി കൊണ്ടുവന്നു രാത്രി പതിനൊന്നു മണിവരെയൊക്കെ അദ്ദേഹത്തിന് നിൽക്കേണ്ടിവന്നു ,കാലിൽ ഒക്കെ നീര് വന്നു. അദ്ദേഹവും അത്രമാത്രം എന്നോട് സഹകരിച്ചു. അദ്ദേഹത്തെ നമ്മൾ സെറ്റിൽ അപ്പച്ചാ എന്നാണു വിളിച്ചിരുന്നത്.

ജിൻസ് ഭാസ്കർ ചേട്ടൻ ഇതിലേക്ക് വന്നത് , വെള്ളം സിനിമയിൽ ജിൻസ് ചേട്ടൻ ഉണ്ടായിരുന്നു, വെള്ളത്തിൽ അഭിനയിച്ച മറ്റൊരു താരം രഞ്ജിത്ത് (RANJITH MANAMBARAKKAT ) ആ സിനിമയുടെ പ്രൊഡ്യൂസർ കൂടിയായിരുന്നു. രഞ്ജിത്ത് ചേട്ടൻ സൗണ്ട് ഓഫ് ഏജിൽ അഭിനയിച്ചിട്ടുണ്ട്. അദ്ദേഹം ആണ് പറഞ്ഞത് ജിൻസ് ചേട്ടനെ വിളിക്കാൻ . ജിൻസ് ആ കാരക്ടർ ചെയ്താൽ നന്നാകും എന്ന് പറഞ്ഞു. ജിൻസ് ചേട്ടനെ വിളിച്ചു സ്ക്രിപ്റ്റ് വായിക്കാൻ കൊടുത്തു. എന്നാൽ ഇത് ഒരു ഡ്രാമയാണ് , ഞാൻ അഭിനയിച്ചാൽ ശരിയാകുമോ ? ഞാൻ ചെയ്തിട്ടില്ല …ഞാനിതിൽ അഭിനയിക്കണോ എന്നൊക്കെ  ചോദിച്ചു. ചേട്ടൻ തന്നെ അഭിനയിക്കണം എന്ന് ഞാനും പറഞ്ഞു. പക്ഷെ പുള്ളി റിജക്റ്റ് ചെയ്തു, പിന്നെയും ഞാൻ പലവട്ടം വിളിച്ചു പുള്ളിയെ കൊണ്ട് സമ്മതിപ്പിക്കാൻ ശ്രമിച്ചു. കാരണം പുള്ളി ഈ വേഷത്തിലേക്ക് പക്കാ ആണെന്ന് എനിക്ക് തോന്നി. അങ്ങനെയാണ് ചേട്ടനും ഇതിലേക്ക് എത്തിയത്. അദ്ദേഹവും എറണാകുളത്തുനിന്നും ആലുവയിലുള്ള വീട്ടിലേക്കു ഡൈലി പോയി വരികയാണ് ചെയ്തത്. ജിൻസ് ചേട്ടന് ഞാൻ പൈസ കൊടുത്തിട്ടില്ല, അദ്ദേഹം എന്നോട് ചോദിച്ചിട്ടുമില്ല. അദ്ദേഹവും എന്നെ നന്നായി സപ്പോർട്ട് ചെയ്ത ആളാണ്.

പിന്നെ ആന്റോ ആയി അഭിനയിച്ച പ്രണവ് ഏക എന്നൊരാളുണ്ട്. അദ്ദേഹം ഒരു അസിസ്റ്റന്റ് ഡയറക്ടർ ആണ്. ആള് ശരിക്കും സൗണ്ട് ഓഫ് ഏജിലെ അസോസിയേറ്റ് ആയിരുന്നു ആദ്യം.  ഡയറക്ടർ ബോബൻ സാമുവലിന്റെ ഒക്കെ അസിസ്റ്റന്റ് ആയി വർക്ക് ചെയ്ത ആളാണ്. സത്യത്തിൽ, ആന്റോയുടെ കാരക്ടർ ചെയ്യാൻ ഓഡിഷൻ വച്ച്, പക്ഷെ ആരും ശരിയായില്ല , അങ്ങനെയാണ് പ്രണവ് ചേട്ടന് അഭിനയിക്കാൻ താത്പര്യമുണ്ട് എന്ന കാര്യം അറിയുന്നത് , അങ്ങനെ അഭിനയിപ്പിച്ചുനോക്കിയപ്പോൾ ബെസ്റ്റായി തന്നെ ചെയ്തു . ശരിക്കും ആൾ ആ വേഷം നന്നായി അവതരിപ്പിച്ചു. നല്ല കഴിവുള്ള കലാകാരനാണ് അദ്ദേഹം.

ആന്റോയുടെ ഭാര്യയായി അഭിനയിച്ച പെൺകുട്ടി സ്വാതി പുത്തൻവീട്ടിൽ. സ്വാതിയുടെ ആദ്യത്തെ പടമാണ് ഇത്. പിന്നെ പ്രൊഡ്യൂസർ രഞ്ജിത്ത്. അദ്ദേഹത്തിനൊരു അച്ചായൻ ലുക്ക് ഉണ്ടായിരുന്നു അങ്ങനെയാണ് എനിക്ക് ഇഷ്ടമായതും. അദ്ദേഹം നല്ല ഹാർഡ് വർക്ക് ചെയ്തു. ആനിയായി അഭിനയിച്ച റോഷ്‌ന ആൻ റോയ് നല്ല ഹെല്പ് ആയിരുന്നു. സ്ക്രിപ്റ്റ് നന്നായി പഠിച്ചിട്ടൊക്കെ ആണ് വന്നത്. റോഷ്‌ന ഒമർ ലുലുവിന്റെ പടത്തിലൊക്കെ അഭിനയിച്ചിട്ടുണ്ട്.

‘ചോദ്യം : സൗണ്ട് ഓഫ് ഏജ് ‘ പുരാരസ്കാരങ്ങൾ നേടിയിട്ടുണ്ടോ ? ഒരു കലാകാരൻ എന്നനിലയിൽ മുന്നോട്ടു വച്ച ആശയവുമായി ബന്ധപ്പെടുത്തിയോ അല്ലാതെയോ വായനക്കാരോട് പറയാനുള്ളത് എന്താണ് ?

ഉത്തരം : ഈ പടം കണ്ടുകഴിഞ്ഞവർ ഉണ്ടെങ്കിൽ അതിലെ മക്കളെ പോലെ ആകാതിരിക്കുക എന്നതാണ്. അവർ പറയുന്ന വാക്കുകൾ കൊണ്ടായാലും അവരുടെ പ്രവർത്തി കൊണ്ടായാലും അതുപോലെ ആകാതിരിക്കുക. നമ്മുടെ വീട്ടിലെ മുതിർന്നവരെ ഓൾഡ് ഏജ്‌ ഹോമിൽ എത്തിക്കാതെ അവരെ സ്നേഹത്തോടെ നോക്കുക.

ഇപ്പൊൾ അവാർഡിന് കൊടുത്തേയ്ക്കുന്നത്, വരാൻ പോകുന്ന iffk , പിന്നെ ബൂലോകം ടീവി ഷോർട്ട് ഫിലിം ഫെസ്റ്റിവൽ, ONVI ഫെസ്റ്റിവൽ .. ഉൾപ്പെടെ പല ഫെസ്റ്റിവല്ലുകളിലും കൊടുത്തിട്ടുണ്ട്. വേൾഡ് ഫിലിം കാർണിവൽ സിംഗപ്പൂർ, ഇൻഡോ ഫ്രഞ്ച് ഫിലിം ഫെസ്റ്റിവൽ , ടാഗോർ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, കൊൽക്കത്ത ഇൻഡി ഫിലിം അവാർഡ്..ഇതിലൊക്കെ പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

ചോദ്യം :  കലാകാരൻമാർ ഉൾപ്പെടെ എല്ലാരും പ്രതിസന്ധിയിൽ പെട്ടുപോയ ഈ കാലഘട്ടത്തിൽ ഒരു കലാകാരൻ എന്ന നിലക്ക് പ്രതിസന്ധികൾ ഉണ്ടോ ? പ്രോജക്ടുകൾക്കു ലോക് ഡൌൺ ഒരു തടസ്സമാണോ ? ആസ്വാദനം തിയേറ്ററിൽ നിന്നും വീട്ടിലായപ്പോൾ , സിനിമയുടെ സാങ്കേതിക വിദ്യകളെ പരിഹസിക്കുന്ന തരത്തിൽ ആയിപ്പോയില്ലേ ? കലാകാരന്മാർക്ക് തൃപ്തി ഇല്ലായ്മ അനുഭവപ്പെടില്ല ?

ഉത്തരം : ശരിക്കും ഞാനൊക്കെ വലിയ വിഷമിച്ച കാലമായിരുന്നു. കാരണം എന്റെ ഷോർട്ട് മൂവി പ്രോജക്റ്റ് നിന്നുപോയി. ഒറിജിനൽ ഓൾഡ് ഏജ് ഹോമിൽ പോകണം അവിടെ ഷൂട്ട് ചെയ്യണം എന്നായിരുന്നു എന്റെ ആഗ്രഹം . എന്നാൽ ഈ കൊറോണ കാരണം അവിടേയ്ക്കു ആരും അടുപ്പിക്കില്ല .സാമൂഹ്യക്ഷേമവകുപ്പിലേക്കു ഒക്കെ ഞാൻ കത്തയച്ചു. എന്നാൽ അവരതു റിജെക്റ്റ് ചെയ്തു. അപ്പോൾ നമ്മുടെ പടം നിന്നുപോയി.പിന്നെ കൊറോണ കഴിഞ്ഞു ഗവൺമെന്റ് അപ്രൂവൽ കിട്ടിയപ്പോൾ ഞാൻ ലൊക്കേഷൻ കണ്ടെത്തി സെറ്റിട്ടു . കൊറോണ എന്ന മാനസികമായി ഏറെ ബാധിച്ചു. അല്ലായിരുന്നെങ്കിൽ എന്റെ ഷോർട്ട് ഫിലിം വളരെ നേരത്തെ ഇറങ്ങിയേനെ. അതിനുശേഷം ഒരു സിനിമ ചെയ്യാനായി മൂവ് ചെയ്തേനെ.

തിയേറ്ററിൽ സിനിമ കാണുന്ന അനുഭവം വേറെ ഒരിടത്തും കിട്ടില്ല. കോവിഡിൽ അടച്ചതിനുശേഷം പിന്നെയും തിയേറ്ററുകൾ തുറന്നപ്പോൾ ഞാൻ രണ്ടു സിനിമകൾ കണ്ടു അനുഗ്രഹീതൻ ആന്റണിയും ചതുർമുഖവും. സത്യത്തിൽ അതിന്റെ സന്തോഷം വളരെ വലുതായിരുന്നു. രണ്ടും ഒരേദിവസമായിരുന്നു. വീട്ടിലെ കമ്പ്യൂട്ടറും ടീവിയും വഴി കാണുന്നതിലും ഹാപ്പിനസ് എനിക്ക് തിയേറ്ററിൽ ആയിരുന്നു. എവിടെയൊക്കെ ഇരുന്നു കാണാൻ സാധിച്ചാലും തിയേറ്ററിൽ ഇരുന്നു കാണുന്നതിന്റെ സുഖം , ആ ആവേശം ഒരിടത്തും കിട്ടില്ല. ആ ഒരു സ്‌പേസ് നമ്മെ ഒരു സ്വാധീനിക്കുന്ന ഒന്നാണ്.

ചോദ്യകർത്താവ് : നവാഗതരായ സിനിമാ പ്രവർത്തകർ, അതിപ്പോൾ അഭിനേതാക്കൾ ആകട്ടെ, സംവിധായകരോ പിന്നണി പ്രവർത്തകരോ ആയിക്കോട്ടെ, അവരുടെ വിഷമം അവരുടെ വർക്ക് വെള്ളിത്തിരയിൽ , ആ ബിഗ് സ്‌ക്രീനിൽ കാണാൻ സാധിക്കുന്നില്ല എന്നതാണ്.

ഉത്തരം : അതെ, അതിപ്പോൾ അഭിനയിച്ച ഒരാൾ എന്നിരിക്കട്ടെ, അയാൾ വീട്ടിൽ ഫാമിലിക്കൊപ്പം ഇരുന്നു കാണും , എന്നാൽ തിയേറ്ററിൽ നമ്മളറിയാത്ത ഒരുപാട് പേർക്കൊപ്പം ഇരുന്നു കാണുന്നതിന്റെ സുഖം വേറെ തന്നെയാണ്. അവരുടെ റിയാക്ഷനുകൾ, പ്രശംസകൾ.. എല്ലാം അവർക്കു അവിടെനിന്നു തന്നെ അറിയാൻ സാധിക്കും. നമ്മുടെയൊക്കെ റിലാക്സിന്റെ ഏറ്റവും വലിയ സ്‌പേസ് പാർക്കോ ബീച്ചോ അല്ല തിയേറ്ററുകൾ ആണ്. ഇത്രേം ക്വളിറ്റിയിൽ സൗണ്ട് സിസ്റ്റമൊക്കെ തിയേറ്ററിൽ എന്തിനാണ് ? ആ ക്വളിറ്റിയിൽ നമുക്ക് ആസ്വദിക്കാൻ തന്നെ. അത് ലാപ്ടോപ്പിൽ കിട്ടില്ല. തിയേറ്റർ ഉടമകളുടെ കാര്യമാണ് കഷ്ടം. അവർ തിയേറ്ററുകളുടെ സൗകര്യങ്ങൾ കാലാകാലങ്ങളിൽ അപ്ഡേറ്റ് ചെയുന്നു എന്നാൽ എന്താണ് തിരിച്ചിപ്പോൾ കിട്ടുന്നത്.

ചോദ്യം : ബൂലോകം നടത്തുന്ന ഷോർട്ട് ഫിലിം കോണ്ടസ്റ്റിനെ എങ്ങനെ കാണുന്നു ? ഷോർട്ട് ഫിലിമുകൾക്കായൊരു വേദിയെ എങ്ങനെ വിലയിരുത്തുന്നു ?

ഉത്തരം : ഇനി വരാൻ പോകുന്ന കാലഘട്ടത്തിനു ഏറ്റവും ആവശ്യമായ കാര്യമാണ് ബൂലോകം ചെയുന്നത്. നമ്മൾ ആരും ഷോർട്ട് ഫിലിം ആയി മാത്രം നിൽക്കില്ല , ഷോർട്ട് ഫിലിമുകൾ ഇറക്കുന്നവരുടെ ലക്‌ഷ്യം സിനിമയാണ്. എന്നാൽ ഇത് നല്ല ഓപ്പണിങ് ആണ്. യുട്യൂബ് എല്ലാ വിഡിയോകളും ഉള്ള ഇടമാണ്, മറ്റു വിഡിയോകളിലേക്കു നമ്മുടെ ശ്രദ്ധപോകും. എന്നാൽ ബൂലോകത്തിൽ അങ്ങനെയല്ല.. നമ്മുടെ ഒരു പടം അവിടെ ഉണ്ടാകുമ്പോൾ അതിന്റെ പ്രാധാന്യവും ലഭിക്കും. അവിടെ കയറുന്നവർ എന്തായാലും ഷോർട്ട് ഫിലിമുകൾ കാണാൻ വരുന്നവർ ആയിരിക്കും. നമ്മുടെ പടം വെറുതെ ഒരിടത്തുംപോയി കിടക്കുന്നില്ല . അറിയപ്പെടുന്ന ഒരു ഒടിടി പ്ലാറ്റ്‌ഫോമിൽ എല്ലാവിധ പരിഗണനയോടെയും അതുണ്ടാകും. ഒരു ആർട്ടിസ്റ്റ് എന്ന നിലക്ക് അവിടെ നമ്മുടെ ഫോട്ടോയും പ്രൊഫൈലും ഒക്കെ ഉണ്ടാകും. ആമസോൺ നെറ്ഫ്ലിക്സ് ഒക്കെ ഷോർട്ട് ഫിലിമുകൾ അങ്ങനെ എടുക്കാറില്ല. അതുകൊണ്ടുതന്നെ നമുക്കൊക്കെ വലിയ അനുഗ്രഹമാണ് ബൂലോകത്തിന്റെ ഈ പ്ലാറ്റ് ഫോം.

ചോദ്യകർത്താവ് : നമ്മളൊരുപാട് കാര്യങ്ങൾ സംസാരിച്ചു. സിനിമയിലേക്കുള്ള വിജയ യാത്രകൾക്ക് എല്ലാവിധ ആശംസകളും നേരുന്നു. കൂടുതൽ ഉയർച്ചകൾ ഉണ്ടാകട്ടെ… കൂടുതൽ അംഗീകാരങ്ങൾ തേടിവരട്ടെ…

:ഉത്തരം : താങ്ക് യു സോ മച്ച് താങ്ക് യു…

സൗണ്ട് ഓഫ് ഏജ് കാണാനുള്ള ലിങ്ക് >> https://youtu.be/sn4N9EP291A

 

 

 

 

 

 

**