സിനിമയിൽ കോസ്റ്റ്യൂം ഡിസൈനർ ചെയുന്നത് എന്താണെന്നു നമുക്കെല്ലാം അറിവുള്ളതാണ്. എന്നാൽ അത് വളരെ ഉത്തരവാദിത്തപ്പെട്ടതും സൂക്ഷ്മമായ നിരീക്ഷണങ്ങൾ വേണ്ടതും ചരിത്രപരമായ അറിവുകളും റഫറൻസും വേണ്ടുന്നതുമായ ഒരു ജോലിയാണ് എന്ന് ചിന്തിച്ചിട്ടുണ്ടോ ? ഒരുപാട് വർഷങ്ങൾ കോസ്റ്റ്യൂം ഡിസൈനർ ആയി വർക്ക് ചെയ്ത ഒരു കലാകാരൻ ആണ് കുക്കു ജീവൻ. കൂടാതെ അദ്ദേഹം ഒരു പ്രൊഡ്യൂസർ കൂടിയാണ് അദ്ദേഹം ബൂലോകം ടീവിയോട് സംസാരിക്കുന്നു. കുക്കു ജീവനെ ഇന്റർവ്യൂ ചെയ്തത് രാജേഷ് ശിവ

ബൂലോകം വായനക്കാർക്കും പ്രേക്ഷകർക്കും വേണ്ടി സിനിമാരംഗത്തെ ആ ഒരു എക്സ്പീരിയൻസ് ഒന്ന് പങ്കുവയ്ക്കാമോ ?
തീർച്ചയായും , എന്റെ ആദ്യത്തെ പടം ഐവി ശശി സാറിന്റെ അതിരാത്രം ആണ്. . നടന്മാരെയൊക്കെ നേരിട്ട് കാണുക എന്നതായിരുന്നു എന്റെ പ്രധാന ഉദ്ദേശം. ഞാൻ ചെറുപ്പത്തിൽ തന്നെ ടെയ്‌ലറിംഗ് പഠിച്ചിട്ടുണ്ടായിരുന്നു. ആ ഒരു പ്രവർത്തി അറിയാവുന്നതുകൊണ്ട് എനിക്ക് കോസ്റ്റ്യൂമിൽ കയറി ആ പടത്തിൽ വർക്ക് ചെയ്യാൻ ഒരു അവസരം കിട്ടി. കോസ്റ്റ്യൂമർ എന്നൊന്നും പറയാൻ എനിക്ക് അറിയില്ലായിരുന്നു എനിക്കന്ന്. ആ പടത്തിലൂടെ എംഎം കുമാറിന്റെ അസിസ്റ്റന്റ് ആയിട്ടായിരുന്നു തുടക്കം. പിന്നെ വർക്ക് ചെയ്തത് ‘കന്യാകുമാരിയിൽ ഒരു കവിത’ എന്ന സിനിമയ്ക്ക് വേണ്ടിയാണ്. അതിൽ കെകെ ഹരിസാദ് ആയിരുന്നു അസോസിയേറ്റ് . പുള്ളിയുടെ നല്ലൊരു സപ്പോർട്ട് ഉണ്ടായിരുന്നു. ആ സിനിമയോട് കൂടി ഞാൻ ചെറിയൊരു സിനിമാക്കാരൻ ആയി എന്നുവേണമെങ്കിൽ പറയാം. എന്റെ യഥാർത്ഥ പേര് സജിത്ത് എന്നാണു. സിനിമയ്ക്ക് മുൻപ് നാടകവുമായിട്ടായിരുന്നു ബന്ധം. സ്വന്തം നാടകസമിതി ഒക്കെ ഉണ്ടായിരുന്നു. അഭിനയിക്കാൻ ആയിരുന്നു താത്പര്യം. നൂറ്റിയമ്പതോളം സിനിമയിൽ കോസ്റ്റ്യൂം ഡിസൈനർ ആയി വർക്ക് ചെയ്യാൻ സാധിച്ചു. ഞാൻ സംതൃപ്തനാണ്. ചിന്താവിഷ്ടയായ ശ്യാമള, ഇരട്ടക്കുട്ടികളുടെ അച്ഛൻ , ഒരാൾ മാത്രം …ഇതെല്ലാം ഞാൻ ചെയ്ത സിനിമകളിൽ പ്രശസ്തമായ ചിലതാണ്.
ഒരു കോസ്റ്റ്യൂം ഡിസൈനർ എന്നാൽ എന്താണ് ? പ്രേക്ഷകർക്ക് കൂടുതൽ അറിയാൻ താത്പര്യമുണ്ട് . ഇന്ദ്രൻസിന്റെ പോലെ ഇപ്പോൾ പ്രശസ്തിയുടെ ഉച്ചകോടിയിൽ നിൽക്കുന്ന കലാകാരൻമാർ അതിലൂടെയൊക്കെയാണ് വന്നത് . എന്താണ് അഭിപ്രായം ?
ഇന്ദ്രണ്ണൻ (ഇന്ദ്രൻസ് ) എന്റെ ഗുരുനാഥനാണ്. മേലേപ്പറമ്പിൽ ആൺവീട് എന്ന സിനിമ വരെ പുള്ളിയുടെ അസിസ്റ്റൻറ് ആയി വർക്ക് ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ ശിഷ്യൻ എന്ന് പറയാൻ അഭിമാനം മാത്രമേയുള്ളൂ. ഞങ്ങൾ തമ്മിൽ ചേട്ടൻ, അനിയൻ ബന്ധമാണ്.
ഒരു കോസ്റ്റ്യൂം ഡിസൈനറിന്റെ ആദ്യ പണി സിനിമയുടെ കഥ കേൾക്കൽ ആണ്. മേലേപ്പറമ്പിൽ ആൺവീട് തന്നെ എടുക്കാം. നരേന്ദ്രപ്രസാദ് സാർ സിനിമയിൽ വരുന്നതിനു മുൻപ് നാടകത്തിലൂടെ എന്റെ ഗുരുനാഥനായിരുന്നു. പുള്ളിയാണ് എനിക്ക് കുക്കു ജീവൻ എന്ന് പേരിട്ടത്. കുക്കു എന്നൊരു ടെയ്‌ലർ ഷോപ് എനിക്കുണ്ടായിരുന്നു. എനിക്കുവേണ്ടി ഒരുപാട് ഹെൽപ്പ് പുള്ളി ചെയ്തു തന്നിട്ടുണ്ട് . പുതിയ തലമുറയെ കുറിച്ച് എനിക്ക് നല്ല അഭിപ്രായമാണ്. ഒരുപാട് കഴിവുള്ള കുട്ടികൾ ഇപ്പോൾ ഈ ഫീൽഡിൽ വരുന്നുണ്ട്. അവരോടു പറയാനുള്ളത് നമ്മൾ ഒരു ഫീൽഡിൽ വരുമ്പോൾ അതുമായി ബന്ധപ്പെട്ടു എല്ലാം അറിയുന്നവർ ആയിരിക്കണം. ഇപ്പോൾ വരുന്നവർക്ക് ഡിസൈനിംഗ് അറിയാം പക്ഷെ പലർക്കും ടെയ്‌ലറിങ് അറിയില്ല. ഇന്ദ്രണ്ണൻ ഒക്കെ നല്ലൊരു തയ്യൽക്കാരൻ ആയിരുന്നു. അന്നത്തെ എന്നെയോ ഇന്ദ്രണ്ണനെയോ പോലെ ഈ ഫീൽഡിലെ എല്ലാ കാര്യങ്ങളും അറിയുന്നവർ പോലും ഇന്ന് ഈ ഡിസൈനർമാരുടെ കീഴിൽ പണിയെടുക്കേണ്ടി വരുന്നു. ശരിക്കും നമ്മളെ പോലുള്ള ആളുകൾ ആണ് യഥാർത്ഥ കോസ്റ്റ്യൂം ഡിസൈനേഴ്‌സ്. കാരണം എല്ലാം ചെയ്യാൻ അറിയുന്നവർ. ഡിസൈനർമാരെ ഞാൻ കുറച്ചുകാണുന്നില്ല. അവർ ഇൻസ്റ്റിട്യൂട്ടിൽ ഒക്കെ പോയി പഠിച്ചു സർട്ടിഫിക്കറ്റ് നേടിയവരാണ് . ഒരു ആർട്ടിസ്റ്റ് അഭിനയിക്കുന്നു, ഡബ്ബ് ചെയുന്നു എന്നതുപോലെ തന്നെ ഇവർക്കും എല്ലാ സംഭവവും അറിയേണ്ടതുണ്ട്. എന്നാൽ മാത്രമേ ശരിക്കുള്ള കോസ്റ്റ്യൂം ഡിസൈനർ ആകൂ. പുതിയ ആളുകൾ കടന്നുവരുമ്പോൾ ഞങ്ങളെ പോലുള്ളവർ വഴിമാറിക്കൊടുക്കുന്നുണ്ട്. പഴയ തലമുറയിൽ ഉള്ളവർക്കാർക്കും ഇപ്പോൾ ജോലിയില്ല.
അഭിമുഖത്തിന്റെ ശബ്‌ദരേഖ
[zoomsounds_player artistname=”BoolokamTV Interview” songname=”kukku jeevan” config=”sample–skin-wave-simple” type=”audio” dzsap_meta_source_attachment_id=”323164″ source=”https://boolokam.com/wp-content/uploads/2022/01/kukku-final.ogg” thumb=”https://boolokam.com/wp-content/uploads/2021/10/BoolokamFavicon-wh.png” autoplay=”off” loop=”off” play_in_footer_player=”default” enable_download_button=”off” enable_downloads_counter=”off” download_custom_link_enable=”off” open_in_ultibox=”off”]
കാലഘട്ടത്തിന് അനുസരിച്ചുള്ള മാറ്റങ്ങളെ ഒരു കോസ്റ്റ്യൂം ഡിസൈനർ എങ്ങനെയാണ് മനസിലാക്കുന്നത് ? അതും ഇന്റർനെറ്റ് ഒന്നും ഇല്ലാതിരുന്ന ഒരു കാലഘട്ടത്തിൽ ഒരു കോസ്റ്റ്യൂം ഡിസൈനർ അത്തരം മാറ്റങ്ങളെ എങ്ങനെ മനസിലാക്കിയിരുന്നു ?
വളരെ നല്ലൊരു ചോദ്യമാണ് അത്. ഒരു ഉദാഹരണം പറയാം. കായംകുളം കൊച്ചുണ്ണി എന്ന സീരിയൽ ചെയ്തപ്പോൾ അന്ന് ഇന്റർനെറ്റ് ഒന്നും ഇല്ലായിരുന്നല്ലോ.. ഞാൻ പൂമ്പാറ്റ അമർചിത്രകഥയിൽ ഉള്ള കായംകുളം കൊച്ചുണ്ണിയുടെ കഥാചിത്രങ്ങളിൽ നിന്നും ആണ് അതിനു വേണ്ടുന്ന കോസ്റ്റ്യൂംസ് കണ്ടെത്തുന്നത്. പിക്നിക് എന്ന സിനിമ ഇറങ്ങിയ കാലം ഏതെന്നറിയാമല്ലോ… അന്നത്തെ ഫാഷൻ ആണ് ഇന്ന് പല തുണിക്കടകളിലും ഫാഷനായി പ്രദര്ശിപ്പിച്ചിട്ടുളളത്. സത്യം പറഞ്ഞാൽ പഴയതു തന്നെയാണ് പുതിയതായിട്ടും കുറച്ചു മാറ്റംവരുത്തിയും ഒക്കെ തുടരുന്നത്. ഒരു കഥയ്ക്ക് അനുസരിച്ച് ഒക്കെയാണ് നമ്മൾ ഓരോന്ന് കണ്ടെത്തുന്നത്.
കോസ്റ്റ്യൂം ഡിസൈനിംഗ് പ്രേക്ഷകർക്ക് ദഹിക്കാതെ പോകുന്ന സംഭവങ്ങൾ അനവധിയുണ്ട്, ഉദാഹരണം കുഞ്ഞാലി മരയ്ക്കാർ തന്നെ. ഒരുകാലത്തും കേരളീയർ കണ്ടിട്ടില്ലാത്ത വസ്ത്രധാരണവുമായാണ് കഥാപാത്രങ്ങൾ അവതരിച്ചത്. ഇതൊക്കെ ശരിക്കും എന്തുകൊണ്ടാകും ?
കാരണം… ഇവർ ഇത്തരം സിനിമകൾ ഇറക്കുന്നത് എല്ലാ ഭാഷകൾക്കും വേണ്ടിയാണ്. അതുകൊണ്ടു കുറച്ചുമാറ്റമൊക്കെ വരുത്തേണ്ടതുണ്ട്. അതൊരുപക്ഷേ മലയാളികൾക്ക് ഉൾക്കൊള്ളാൻ ആയില്ലെങ്കിലും മറ്റുഭാഷക്കാർ ചിലപ്പോൾ കരുതിയേക്കാം, ഇങ്ങനെ ആയിരിക്കാം ഒരുകാലത്തെ കേരളീയ വസ്ത്രധാരണം എന്ന് . അതും കല തന്നെയാണ്. അക്കാലത്തെ വസ്ത്രം അല്ലെങ്കിലും കുഞ്ഞാലി മരയ്ക്കാറിൽ നന്നായി തന്നെ കോസ്റ്റ്യൂം ഡിസൈനിംഗ് ചെയ്തിട്ടുണ്ട് . മരയ്ക്കാർ പല പ്രധാനഭാഷകളിലും ഡബ്ബ് ചെയ്യപ്പെട്ടിരുന്നല്ലോ. അന്നത്തെ കാലത്ത് സത്യത്തിൽ മരയ്ക്കാർ സിനിമയിലെ വസ്ത്രമല്ല.. കളരി ഡ്രസ്സുകൾ ഒക്കെ ആയിരുന്നു . വടക്കൻ പാട്ടുകളിൽ ഒക്കെ ഉള്ളതരം വസ്ത്രങ്ങൾ.
കോസ്റ്റ്യൂം ഡിസൈനറിന്റെ വിജയം എന്താണ് ? ഒരു സിനിമ വഴി ആ കോസ്റ്റ്യൂം സമൂഹത്തിലും ഫാഷനിലും തരംഗം സൃഷ്ടിക്കുമ്പോൾ ആണോ ?
എന്ന് പരിപൂർണ്ണമായി പറയാൻ പറ്റില്ല . ഒരു സിനിമയിൽ നായകനോ നായികയ്‌ക്കോ ചേരുന്ന വസ്ത്രം എന്ന നിലയ്ക്ക് അതിന്റെ ഡയറക്റ്ററും സ്ക്രിപ്റ്റ് റൈറ്ററും കോസ്റ്റ്യൂം ഡിസൈനറും എല്ലാരും ചേർന്നിരുന്നു ഡിസ്കസ് ചെയ്യാറുണ്ട്. പലപ്പോഴും എല്ലാരും ചേർന്നിരുന്നുള്ള തീരുമാനത്തിനു പുറത്താണ് ഓരോ കോസ്റ്റ്യൂമും ഡിസൈൻ ചെയ്യപ്പെടുന്നത്. സിനിമ ഒരു കൂട്ടായ പ്രയത്നവും കലയും ആണല്ലോ. പിന്നെ ഹിറ്റ്‌ലർ പോലുള്ള സിനിമകളിൽ ചോദ്യത്തിൽ പറഞ്ഞത് സംഭവിച്ചിട്ടുണ്ട്. ആ സിനിമയോട് കൂടി ആ വസ്ത്ര മെറ്റിരിയൽ പ്രശസ്തമായി എന്നതാണ് സത്യം. അതുപോലെ നരസിംഹം റിലീസ് ആയപ്പോൾ നരസിംഹം മുണ്ടുകൾ ഇറങ്ങിയിരുന്നു.
സിനിമാ രംഗത്തുള്ള അവിസ്മരണീയമായ അനുഭവങ്ങൾ ചിലത് പങ്കുവയ്ക്കാമോ ?
ഞാനൊരു കണ്ണൂർക്കാരാണ് ആണ്. ആ ഒരു മണ്ണിന്റെ ഗുണം കൊണ്ട് പറയുകയാണ് . സിനിമ ചിലരുടെ കൈകളിൽ മാത്രമാണ്. ഞാൻ പിടിച്ച മുയലിനു മൂന്നു ചെവിയുണ്ടെന്നു പറഞ്ഞാൽ അതെ സാർ മൂന്നു ചെവിയുണ്ടെന്നു ഏറ്റുപറഞ്ഞു സുഖിപ്പിക്കുന്ന കുറേപ്പേരുണ്ട്. എന്നാൽ ഞാൻ പറയും, ഇല്ല സാർ ആ മുയലിനു രണ്ടു ചെവിയെ ഉള്ളൂ എന്ന്. നേരെ പോകുന്ന രീതിയോടാണ് എനിക്ക് താത്പര്യം. ചിലരെ ഉപയോഗിച്ച് ഒരാളെ ബോധപൂർവ്വം ഇല്ലായ്മ ചെയ്യാനും മറ്റൊരാളെ വളർത്താനും ഉള്ള പ്രവണത മലയാളം ഇന്ഡസ്ട്രിയിൽ മാത്രമാണ് കൂടുതൽ കാണപ്പെടുന്നത് . സിനിമയിൽ അനവധി നല്ല അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്. ഇപ്പോൾ ഒന്നും പറയാനില്ല. എനിക്ക് ഒരു നല്ല കാലഘട്ടം ഉണ്ടായിരുന്നു. മറ്റുള്ളവർക്ക് ചെയ്യൻ അറിയാത്ത ചില കോസ്റ്റ്യൂം വർക്കുകൾ ചെയ്യാൻ എനിക്ക് പ്രത്യേക താത്പര്യം ഉണ്ടായിരുന്നു. അത്തരത്തിൽ പലരെയും സഹായിച്ചിട്ടുണ്ട്.
രാജാക്കന്മാരുടെ വസ്ത്രങ്ങൾ ഒക്കെ ചെയുമ്പോൾ ചരിത്രപരമായ റഫറൻസ് ഉപയോഗപ്പെടുത്തും അല്ലെ ?
തീർച്ചയായും. നമ്മുടെ പൂർവ്വികരുടെയൊക്കെ ഫോട്ടോകൾ ഒക്കെ ഉപയോഗപ്പെട്ടിട്ടുണ്ട്. മാറുമറയ്ക്കാത്ത കാലത്തെ ഫോട്ടോസ് , അതുപോലെ നാരായണഗുരുവിന്റെ കാലത്തേ ഫോട്ടോസ് ഒക്കെ വളരെ നല്ല റഫറൻസ് ആയിരുന്നു .
ഈയൊരു മേഖലയ്ക്ക് പുറമെ പ്രൊഡ്യൂസർ എന്ന മേഖലയിലേക്ക് അങ്ങ് പ്രവേശിച്ചു എന്ന് അറിയാം. പിന്നെ ഏതൊക്കെ ഫീൽഡിൽ ആണ് കൈവച്ചത് ?
കൊളോസ്സിയന്‍സ് എന്ന മൂവിയെ കുറിച്ച് , അതിന്റെ ആ ഒരു എക്സ്പീരിയൻസ്, അങ്ങനെയൊരു മൂവിയിലേക്കു വന്നത്..അതൊക്കെ വെളിപ്പെടുത്താമോ ?
ഇതിന്റെ സംവിധായകനായ മുരളി ആണ് ഈ കഥ എന്നോട് ആദ്യമായി പറയുന്നത്. ഞാൻ പ്രൊഡ്യൂസ് ചെയ്യണം എന്ന് വിചാരിച്ചതല്ല..രണ്ടുമൂന്നുപേരുമായി ചേർന്ന് ചെയ്യാം എന്നാണു കരുതിയത്. കഥകേട്ടപ്പോൾ അതിൽ എന്തോ ഉണ്ടെന്നു തോന്നി. പിന്നെ ആർട്ടിസ്റ്റുകളോട് സംസാരിച്ചു. പലരും എനിക്ക് ഡേറ്റ് തന്നു. അങ്ങനെ ഈ മൂവി ഞാൻ ചെയ്തു പോയതാണ് എന്ന് വേണമെങ്കിൽ പറയാം. ഷൂട്ടിങ്ങും എഡിറ്റിങ്ങും ഡബ്ബിങ്ങും കഴിഞ്ഞിരിക്കുകയാണ്. ഇത് ചെയപ്പോൾ കിട്ടിയ വലിയ കോൺഫിഡൻസ് എന്ന് പറഞ്ഞാൽ, ഇനി ഒരു വലിയ വർക്ക് ചെയ്യാൻ സാധിക്കും എന്ന വിശ്വാസം വന്നു എന്നത് തന്നെയാണ്. ഈ മൂവി ചെയ്ത പൈസ എനിക്ക് തിരിച്ചുകിട്ടും എന്നതും ഉറപ്പാണ്.
(കൂടുതൽ വിശേഷങ്ങൾ ഓഡിയോയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്)
*********