Entertainment
മാത്യു മാമ്പ്ര – ബിസിനസും കലയും

ഡോ.മാത്യു മാമ്പ്ര ഒരു ബിസിനസുകാരൻ എന്നതിലുപരി നല്ലൊരു കലാസ്വാദകനും കലാകാരനുമാണ്. എം.ബി.എ യ്ക്ക് യൂണിവേഴ്സിറ്റി ഒന്നാം റാങ്ക്കാരൻ, കടുത്ത സിനിമാ ആരാധകൻ, ഗാനരചയിതാവ്, വാഗ്മി, ഗ്രന്ഥകർത്താവ്. അദ്ദേഹത്തിന്റെ “സക്സസ്സ് ഫോർമുല ഡീകോഡഡ്” എന്ന ഇംഗ്ലീഷ് പുസ്തകം ആമസോൺ ബെസ്റ്റ് സെല്ലർ ഗണത്തിൽ പെടുന്നു. മഹാന്മാരുടെയും പ്രതിഭകളുടെയും ജീവചരിത്രങ്ങൾ വായിക്കാൻ ഇഷ്ടപ്പെടുന്ന അദ്ദേഹം ബാംഗ്ലൂരിൽ അറിയപ്പെടുന്ന ബിസിനസുകാരനാണ്. മാമ്പ്ര ഫൗണ്ടേഷന്റെ ബാനറിൽ നിർമ്മിച്ച ആന്തോളജി ഫിലിം ‘ചെരാതുകൾ’ വിവിധ ഒടിടി പ്ലാറ്റ് ഫോമുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്.
അതിലെ ഒരു ചിത്രമായ ‘വെയിൽ വീഴവേ’യിൽ ഡോ.മാത്യു മാമ്പ്ര ചെയ്ത വേഷം ഇതിനോടകം നിരൂപക പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട്. മലയാള സിനിമയിലെ ജനപ്രിയ താരങ്ങൾക്കൊപ്പം നിൽക്കുന്ന അഭിനയചാതുരി എന്ന നിലയ്ക്കാണ് അഭിപ്രായപ്രകടനങ്ങൾ. അത് ശരിവയ്ക്കുന്ന തരത്തിലുള്ള അഭിനയം ആണ് അദ്ദേഹം കാഴ്ചവച്ചിരിക്കുന്നത് എന്നതിൽ സംശയമില്ല. കലയെ മറ്റെന്തിനേക്കാളും തന്റെ ആത്മസംതൃപ്തിക്കു വേണ്ടി ഉപയോഗിക്കുന്ന അദ്ദേഹത്തിന് പറയാനുള്ളത് എന്തെന്ന് നോക്കാം. ബൂലോകം ടീവിക്ക് വേണ്ടി ഡോ.മാത്യു മാമ്പ്രയെ ഇന്റർവ്യൂ ചെയ്തത് രാജേഷ് ശിവ.
തന്റെ കലാ ജീവിതത്തെ കുറിച്ച് ഡോ.മാത്യു മാമ്പ്രയ്ക്ക് പറയാനുള്ളത്
“ഞാൻ ബാംഗ്ലൂരിൽ ബിസിനസ് ചെയുന്ന ആളാണ്. 35 കൊല്ലമായിട്ടു ഇവിടെത്തന്നെ സെറ്റിൽഡ് ആണ്. കലയോടുള്ള താത്പര്യം കാരണം ഞാൻ ഇരുപതു കൊല്ലം മുമ്പ് വരെ നാടകങ്ങൾ എഴുതുകയും സംവിധാനം ചെയുകയും ചെയ്തിട്ടുണ്ട്. ഇവിടെ നാടകങ്ങളിലും മാധ്യമങ്ങളിലും വളരെ ആക്റ്റീവ് ആയിരുന്നു. എന്നാൽ ഇപ്പോൾ
സിനിമാ ജീവിതത്തെ കുറിച്ച് അദ്ദേഹം സംസാരിക്കുന്നു
“ചെറിയ സിനിമകൾ ചെയ്തു തുടങ്ങിയാലോ എന്നൊരു ആഗ്രഹം വന്നു. ഞാനൊരു സിനിമാപ്രാന്തനാണ്. ചെറുപ്പം മുതൽക്കു തന്നെ എല്ലാ സിനിമകളും കാണും, സിനിമകളുടെ നിരൂപണങ്ങളും എഴുതുമായിരുന്നു . അങ്ങനെയാണ് ഒരു സിനിമ ഇപ്പോൾ എടുത്താലോ എന്ന് ചിന്തിക്കുന്നത്. എന്നാൽ പടം ചെറിയ ബഡ്ജറ്റിൽവേണമെന്ന് നിർബന്ധം ഉണ്ടായിരുന്നു. തിയേറ്ററുകളുടെ അഭാവം തന്നെയായിരുന്നു കാരണം. ഞാൻ പണ്ട് നിർമ്മിച്ച ഷോർട്ട് ഫിലിമുകളുടെ സംവിധായകരും അണിയറപ്രവർത്തകരും ഇന്ന് സിനിമയിൽ നല്ല നിലയിൽ ആണ്. അതിൽ സന്തോഷവുമുണ്ട്. സിനിമയിൽ അസോസിയേറ്റ് ആയി വർക്ക് ചെയ്ത ചിലരെ ഞാൻ തിരഞ്ഞെടുത്തു. അവരുടെ ആദ്യത്തെ സ്വതന്ത്ര സംരംഭം ആകട്ടെ എന്നും ഞാൻ കരുതി. അങ്ങനെ 25 പേരിൽ നിന്നും ആറുപേരെ ഞാൻ ഷോർട്ട് ലിസ്റ്റ് ചെയ്തു തിരഞ്ഞെടുത്തു. ആ ആറുപേരുടെയും കഥകൾ ഷോർട്ട് ലിസ്റ്റ് ചെയ്തിട്ട്
അവരെക്കൊണ്ടു സ്വതന്ത്രമായി ആറു പടങ്ങളും ചെയ്യിച്ചു. അതിൽ ആദ്യം ചെയ്തതാണ് ‘വെയിൽ വീഴവേ’. അത് ബൂലോകം ടീവി ഷോർട്ട് മൂവി കോണ്ടസ്റ്റിനും അയച്ചിട്ടുണ്ട്. അതായിരുന്നു ആന്തോളജിയിലെ ആദ്യത്തെ പടം. പിന്നെയൊരു അഞ്ചു മൂവി കൂടി അതിൽ ചെയ്തു .
സിനിമകളിൽ പേരെടുത്ത ആളുകൾ ആണ് അഭിനയിച്ചത് എങ്കിലും ആറ് പുതുമുഖ സംവിധായകരെ അവതരിപ്പിക്കാൻ സാധിച്ചു.. മാത്രമല്ല ഓരോന്നിലും ഓരോ കാമറാമാൻ , ഓരോ മ്യൂസിക് ഡയറക്ടർ..അങ്ങനെ എല്ലാ അണിയറപ്രവർത്തകരും ഓരോ മൂവിയിലും വെവ്വേറെ ആളുകൾ ആയിരുന്നു.അങ്ങനെ അവരെയും പുതുതായി അവതരിപ്പിക്കാൻ സാധിച്ചു. ഇപ്പോൾ 14 പ്ലാറ്റ്ഫോമുകളിൽ ‘ചെരാതുകൾ’ വിജയകരമായി ഓടുന്നുണ്ട്. ഒരുപാട് പോസ്റ്റിറ്റിവ് റിവ്യൂകൾ വന്നു. മറ്റൊരു ആഗ്രഹം, എന്റെ സിനിമയിൽ പ്രവർത്തിച്ച ഒന്നുരണ്ടുപേരെങ്കിലും ഭാവിയിൽ മുഖ്യധാരാ സിനിമയിൽ പ്രശസ്തരാകും എന്നുറപ്പാണ്. ഞാൻ അതിനു കാരണക്കാരനായി എന്നോർക്കുമ്പോൾ ഉണ്ടാകുന്ന സന്തോഷം വളരെ വലുതായിരിക്കും. ”
ചെരാതുകൾ എന്ന ആന്തോളജി ചിത്രത്തിലെ ‘വെയിൽ വീഴവേ’ യിൽ ഡോ.മാത്യു മാമ്പ്ര അവതരിപ്പിച്ച മുതിർന്ന പൗരന്റെ വേഷം ഇമോഷണലി വളരെ മനോഹരമായിരുന്നു. ആ അനുഭവം അദ്ദേഹം പങ്കുവയ്ക്കുന്നു
“ആ സിനിമയിൽ ശരിക്കും രണ്ട് ആക്ടേഴ്സ് മാത്രമേയുള്ളൂ. ഒരു വലിയ വീടായിരുന്നു അതിന്റെ സെറ്റ്. കാരണം, രാത്രിയും അതിരാവിലെയും ഒക്കെ ഷൂട്ടിങ് വേണ്ടിവന്നതിനാൽ അതിന്റെ സാങ്കേതിക പ്രവർത്തകരെയൊക്കെ അവിടെ തന്നെ താമസിപ്പിക്കണമായിരുന്നു. അതിലെ മറ്റൊരു താരമായ മെറീന മൈക്കിളിന് മൂന്നു ദിവസത്തെ ഡേറ്റ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. എഴുതുപതു വയസിലേറെ പ്രായമുള്ള അതിലെ മെയിൻ കാരക്ടറായി മറ്റു പ്രഗത്ഭ നടന്മാരെ ഒക്കെയാണ് നോക്കിയത്. എന്നാൽ കോവിഡ് പ്രതിസന്ധികൾ കാരണവും ചില ആരോഗ്യ പ്രശനങ്ങൾ കാരണവും അവർക്കാർക്കും അതിൽ വന്നു അഭിനയിക്കാൻ സാധിച്ചില്ല. അങ്ങനെ ആ റോൾ ഒഴിഞ്ഞു തന്നെ കിടന്നപ്പോൾ ആണ് ഒരു പകരക്കാരൻ എന്ന നിലയിൽ ഞാൻ അതിൽ ആക്റ്റ് ചെയ്തത്. അഭിനയിക്കാനുള്ള എന്റെ കഴിവ് അണിയറ പ്രവർത്തകർക്ക് അറിയാവുന്നതിനാൽ അവരുടെയും നിർബന്ധം ഒരു കാരണമായിരുന്നു. ഞാനെന്ന 55 വയസുകാരന് 35 കാരന്റെ ശരീരപ്രകൃതം ആയിരുന്നു. അതിനെയാണ് 75 വയസുകാരൻ ആക്കേണ്ടത്. അത് ഒരു വെല്ലുവിളിതന്നെ ആയിരുന്നു.. ദിവസവും രണ്ടുമണിക്കൂറോളം ഞാൻ ആ വയസൻ ലുക്കിലെത്താൻ മേക്കപ്പിട്ടു പ്രാക്ടീസ് ചെയ്യുമായിരുന്നു. മേക്കപ്പ് മാനെ എനിക്കുവേണ്ടി തന്നെ വച്ചു. എന്റെതു ഒരു ഫാസ്റ്റ് ബോഡി ലാംഗ്വേജ് ആണ്. അതിന്റെ ഒരു വയസ്സന്റെ ബോഡി ലാംഗ്വേജ് ആക്കേണ്ടതുണ്ടായിരുന്നു. അഭിനയത്തിൽ എനിക്ക് ഒരുപാട് സ്വാതന്ത്ര്യം ലഭിച്ചു. സംവിധായകന് കാര്യങ്ങളെല്ലാം അറിയാമായിരുന്നു. അങ്ങനെ ആ പ്രോജക്റ്റ് ഒത്തിരി സക്സസ് ആയി .എന്റെ അഭിനയം ഒത്തിരിപേർക്കു ഇഷ്ടപ്പെടുകയും ചെയ്തു. നന്നായി ചെയ്തു എന്ന് അഭിപ്രായവും പറഞ്ഞു.അവാർഡുകൾ കൂടി വന്നപ്പോൾ വളരെ സന്തോഷവുമായി.
സോഷ്യൽമീഡിയയിൽ ഒക്കെ എന്റെ ആ വേഷത്തെ സംബന്ധിച്ച് ഒരുപാട് പോസ്റ്റുകളും അഭിപ്രായ പ്രകടനങ്ങളും ഉണ്ടായി.ചിലതൊക്കെ അല്പം ‘തള്ളിന്റെ’ അവസ്ഥവരെ പോയി. ഫഹദ് ഫാസിലിന്റെ മാലിക്കിലെ വേഷത്തെയും ബിജു മേനോന്റെ ‘ആർക്കറിയാം’ എന്നതിലെ വേഷത്തെയും സുരാജിന്റെ ‘ആൻഡ്രോയ്ഡ് കുഞ്ഞപ്പ’നിലെ വേഷത്തെയും ഒക്കെ വച്ചാണ് പലരും എന്നെ കമ്പയർ ചെയ്തത്. അതിനെച്ചൊല്ലി നടന്മാരുടെ ഫാൻസുമായിട്ട് അവിടെ വാഗ്വാദങ്ങൾ ഒക്കെ സംഭവിച്ചു. എന്നെ അതുവരെ അറിയാത്ത, എനിക്കറിയാത്ത ഒരുപാടു പേർ എന്റെ വേഷത്തെ കുറിച്ച് പോസിറ്റിവ് റിവ്യൂകൾ പോലും എഴുതി. ”
തനിക്കും സിനിമകൾക്കും ലഭിച്ച അവാർഡുകളെ കുറിച്ച് ഡോ.മാത്യു മാമ്പ്രയ്ക്ക് പറയാനുള്ളത്
”എനിക്ക് വെയിൽ വീഴവേയിൽ തന്നെ പതിനഞ്ചു ബെസ്റ്റ് ആക്ടർ അവാർഡുകളും നാല് ബെസ്റ്റ് കാരക്ടർ റോൾ അവാർഡുകളും ഫെസ്റ്റുവലുകളിൽ കിട്ടി. സിംഗപ്പൂർ ഫിലിം കാർണിവെലിൽ ബെസ്റ്റ് ആക്റ്റർ അവാർഡ് കിട്ടി , ലണ്ടനിൽ സംഘടിപ്പിച്ച ഒരു ഫെസ്റ്റിവലിൽ ബെസ്റ്റ് ആക്റ്റർ അവാർഡ് കിട്ടി, അവർ വലിയരീതിയിൽ എന്റെ ഇന്റർവ്യൂ എടുത്തു, ചർച്ചകളിൽ പങ്കെടുപ്പിച്ചു. അതെനിക്ക് വലിയ മൈലേജ് ആയി. ഞാൻ ഇതൊന്നും പ്രതീക്ഷിച്ചതോ ആഗ്രഹിച്ചതോ അല്ലായിരുന്നു. എല്ലാം ഒരു ബോണസ് ആയിരുന്നു. പിന്നെ ആ പടത്തിനും കുറെ അവാർഡുകൾ കിട്ടി. ബെസ്റ്റ് എഡിറ്റിങ്, ബെസ്റ്റ് ഷോർട്ട് ഫിലിം.. അങ്ങനെ തുടങ്ങി മുപ്പത്തിയഞ്ചോളം അവാർഡുകൾ വിവിധ വിഭാഗങ്ങൾക്കായി ‘വെയിൽ വീഴവേ’ക്കു കിട്ടിയിരുന്നു. ഒരുപാട് സന്തോഷം ആ പടം കാരണം കിട്ടിയിരുന്നു ..”
സക്സസ് ആയ ഒരു ബിനിനസുകാരൻ സക്സസ് ആയ ഒരു കലാകാരനാകുമ്പോൾ ഉണ്ടാകുന്ന ആ വൈരുധ്യത്തെ കുറിച്ച് അദ്ദേഹത്തിന് എന്താണ് പറയാനുള്ളതെന്നു നോക്കാം
”എന്റെ ഉപജീവനമാർഗ്ഗം ബിസിനസ് ആണ്. അതിൽ സക്സസുമാണ്. നമ്മളെ ആശ്രയിച്ചു കുറേപേർ ജീവിക്കുന്നുണ്ട്. കഴിഞ്ഞ ഏഴുകൊല്ലമായി നമ്മളാണ് ബാംഗ്ലൂരിൽ മാർക്കറ്റ് ലീഡ് ചെയുന്നത് . ഞാൻ എന്നും മനസ്സിൽ കലയെ ഇഷ്ടപ്പെടുന്ന ഒരാളായിരുന്നു. സ്കൂൾ കാലങ്ങളിൽ എനിക്ക് ഫാസിഡ്രസ്, മോണോആക്റ്റ് ..ഇതിനോക്കെ സമ്മാനങ്ങൾ കിട്ടിയിട്ടുണ്ട്. ഹൈസ്കൂളിലും അതൊക്കെ തുടരുകയും സമ്മാനങ്ങൾ കിട്ടുകയും ചെയ്തു. നാടകങ്ങളിലും അഭിനയിച്ചു. അന്ന് വേണ്ടത്ര സൈസ് ഇല്ലാത്തതുകാരണം പെൺവേഷത്തിലൊക്കെയാണ് അഭിനയിച്ചതു. എന്റെ ബിസിനസ് എസ്റ്റാബ്ലിഷ് ചെയുമ്പോൾ തന്നെ ആയിരുന്നു നാടകത്തിലും ഉണ്ടായിരുന്നത്. എന്നെപോലെ തന്നെ കാലാഭിരുചികൾ കുട്ടികൾക്കും ഉണ്ട്. അവർ ഇംഗ്ലീഷ് പ്രാസംഗികരൊക്കെ ആണെങ്കിലും വീട്ടിലൊക്കെ നമ്മൾ ശുദ്ധ മലയാളം ആണ് സംസാരിക്കുന്നത്. ബിസിനസ് ലൈഫ് ഒക്കെ ആണെങ്കിലും സമ്മളെല്ലാം സാധാരണക്കാരുടെ മനസോടെയാണ് ജീവിക്കുന്നത്. ഇവിടെ ഞങ്ങൾ ജീവിക്കുന്നതുതന്നെ സുഹൃത്തുക്കളെ എല്ലാം കൂട്ടി ഒരു കൂട്ടുകുടുംബം പോലെയാണ്. ”
കഴിഞ്ഞ ചോദ്യത്തിന്റെ മറുപടിയിൽ അവസാന സെന്റൻസിൽ ഡോ.മാത്യു മാമ്പ്ര പരിചയപ്പെടുത്തിയ ആ പുതിയതരം ജീവിതശൈലിയെ കുറിച്ച് അദ്ദേഹം തന്നെ വിശദീകരിക്കുന്നു . തന്റെ സുഹൃത്തുക്കളുമായി ചേർന്ന് ഒരു ഗ്രാമാന്തരീക്ഷം സൃഷ്ടിച്ചുകൊണ്ട് , അതും ബാംഗ്ലൂർ പോലൊരു നഗരത്തിൽ…അദ്ദേഹത്തിന്റെ വാക്കുകൾ വായിക്കാം
” ഇത് മലയാളം മാസികകളിൽ ഒക്കെ വന്നിട്ടുളളതാണ്. ഇവിടെ നാലരയേക്കർ സ്ഥലത്തു ഞങ്ങൾ അഞ്ചു കുടുംബങ്ങളുണ്ട്. ഞങ്ങൾ അഞ്ചു കുടുംബങ്ങളെ സഹായിക്കാൻ ജോലി ചെയുന്നവരും അതിനുള്ളിൽ ആണ് താമസിക്കുന്നത്. അവരുടെകുട്ടികളും ഞങ്ങളുടെ കുട്ടികളും ഒരുമിച്ചു കളിച്ചു വളരുന്നു. ഇവിടെ വലിപ്പച്ചെറുപ്പം ഒന്നും ഇല്ല. എല്ലാരും പരസ്പരം റെസ്പക്റ്റ് ചെയുന്നു. ഇവിടെ അഞ്ചുവീടുകളിലെയും കുട്ടികൾക്ക് ഏതുവീട്ടിലും ചെല്ലാം എന്തും കഴിക്കാം .. അങ്ങനെ പൂർണ്ണ സ്വാതന്ത്ര്യമുള്ള ഒരു സൗഹൃദ വില്ല. പുരയിടത്തിനു ചുറ്റുമതിൽ ഉണ്ടെങ്കിലും വീടുകൾ തമ്മിൽ മതിലുകൾ ഇല്ല. ഇങ്ങനെയൊരു ജീവിതസമ്പ്രദായം ഞാൻ പരീക്ഷതാണ് ശരിക്കും. ഇത് തുടക്കമിടുന്നതിനു മുമ്പ് ഇതിനെ കുറിച്ച് ഞാൻ പറഞ്ഞ 95% പേരും ഇതിനെ അനുകൂലിച്ചില്ല…” മാമ്പ്രാ നീ ഇത് ചെയ്യരുത് , സഹോദരങ്ങൾ പോലും ഒരുമിച്ചുജീവിക്കാത്ത കാലമാണ് … നിന്റെ ഐഡിയ ഒരു ഭ്രാന്തൻ ഐഡിയ ആണ് ..ഇത് നടക്കില്ല..നിങ്ങൾ അടിച്ചുപിരിയും… ” എന്നൊക്കെയായിരുന്നു പലരുടെയും അഭിപ്രായങ്ങൾ. ഇപ്പോൾ 22 വർഷമായി. ഇത്രയും കാലത്തിനുള്ളിൽ കുട്ടികൾ വളർന്നു, കല്യാണം കഴിച്ചു, അവർക്കു കുട്ടികൾ ഉണ്ടായി ..ഇപ്പോഴും ഒരു കുഴപ്പവും ഇല്ലാതെ പോകുന്നു. കുടുംബങ്ങൾക്ക് തമ്മിൽ എല്ലാവിധ പ്രൈവസികളും ഉണ്ട്. ഇപ്പോൾ ഞങ്ങൾക്ക് നാട്ടിലോ മറ്റോ പോകണമെങ്കിൽ കുട്ടികളെ ആര് നോക്കും എന്നൊന്നും പേടിക്കണ്ട. കുട്ടികൾക്ക് എല്ലാവീട്ടിലും സ്വാതന്ത്ര്യമുണ്ട്. എന്തുകാര്യം പരസ്പരം ഡിസ്കസ് ചെയ്യാനും അതിനു സൊല്യൂഷൻ കണ്ടെത്താനും ഇത്തരമൊരു ജീവിതശൈലി കൊണ്ട് സാധിക്കുന്നു. ”
തന്റെ അഭിരുചികൾ ബിസിനസിലും നാടകത്തിലും സിനിമയിലും മാത്രമല്ലെന്നു അദ്ദേഹം വെളിപ്പെടുത്തുന്നു
“ഞാനൊരു ആർക്കിടെക്റ്റ് ഒന്നുമല്ലെങ്കിലും എന്റെ കുറെ സുഹൃത്തുക്കളുടെ വീടുകൾ ഞാൻ ഡിസൈൻ ചെയ്തിട്ടുണ്ട്. എന്റെവീടും ഞാൻ തന്നെയാണ് ഡിസൈൻ ചെയ്തത്. ഇവിടെ ഞങ്ങളുടെ ഒരു പള്ളി കേരളത്തിലെ ട്രഡീഷണൽ ചർച്ചുകളുടെ മാതൃകയിൽ ഞാനാണ് ഡിസൈൻ ചെയ്തത് . വീടിനെ സംബന്ധിച്ചുള്ള മാഗസിനുകളിൽ എഴുതാറുണ്ട്. അടിസ്ഥാനപരമായി ഞാൻ ബിസിനസ് മാനേജ്മെന്റ് ആണ് പഠിച്ചത്. എന്റെ ബിസിനസ് മറ്റൊരു വഴിയിലൂടെ പോകുന്നുണ്ട് എങ്കിലും എന്തെങ്കിലും വ്യത്യസ്തമായി ചെയ്തില്ലെങ്കിൽ ബോറടിക്കും. അത് അതിജീവനം ഒന്നുമല്ല.. ബിസിനസ് എനിക്ക് മടുപ്പുള്ള സംഗതിയല്ല എന്നുമാത്രമല്ല അതൊരു ഹരവുമാണ്. കോവിഡ് ടൈമിൽ പ്രധാനമായും ഞാൻ രണ്ടുകാര്യങ്ങളാണ് ചെയ്തത്. ഞാൻ നെഞ്ചോട് ചേർത്ത് വയ്ക്കുന്ന രണ്ടു കാര്യങ്ങൾ, ഒന്ന് ഫാമിങ് , മറ്റൊന്ന് സിനിമ. ഒരുപാട് സ്ഥലം ഉണ്ടെങ്കിലും ഇത്രേംകാലം ഫാമിങ് ചെയ്യാൻ പറ്റിയിരുന്നില്ല..ഇപ്പോൾ അതും സാധിച്ചു. അതൊരു ഭാഗ്യമായി കരുതുന്നു. കോവിഡ് കാരണം ഉണ്ടായ മറ്റൊരു ഭാഗ്യം , മക്കളെല്ലാം വീട്ടിൽ ഉണ്ട് എന്നതാണ്. ഒരാൾ ഡോക്ടർ , അടുത്തയാൾ എം ടെക്കിനു പഠിക്കുന്നു. അവർക്കു സിനിമയിലും ബിസിനസിലും ഫാമിങ്ങിലും എല്ലാം വ്യാപരിക്കുന്ന അച്ഛന്റെ ആ പ്രവർത്തശൈലികൾ അടുത്തറിയാനും കോവിഡ് കാലം കാരണമായി ”
കല സമൂഹത്തെ ഉദ്ധരിക്കാനാണോ ? അതോ കലാകാരന്റെ ആത്മസംതൃപ്തിക്കോ ? മാത്യു മാമ്പ്ര സത്യസന്ധമായി തന്നെ വെട്ടിത്തുറന്നു പറയുന്നു
” കല എനിക്ക് സമൂഹത്തെ ഉദ്ധരിക്കാൻ ഒന്നുമല്ല , ആത്മസംതൃപ്തി മാത്രമാണ് എന്റെ ലക്ഷ്യം. പിന്നെ ഞാൻ ചിലരുടെ വളർച്ചയ്ക്ക് കാരണക്കാരൻ ആയിട്ടുണ്ട്. അവരുടെ ഉയർച്ചകളിൽ സന്തോഷം തോന്നിയിട്ടുണ്ട്. അവർ നന്നായി ജീവിക്കുന്നത് കാണുമ്പൊൾ ആത്മസംതൃപ്തി തോന്നിയിട്ടുണ്ട്. ഞാൻ അഭിനയിക്കാൻ പോകുമ്പോൾ അതിന്റെ ആളുകളോട് പറയും എനിക്ക് താമസിക്കാൻ നല്ല ഹോട്ടൽ വേണമെന്ന് . അവർ വലിയ ഹോട്ടലുകളിൽ താമസം ഏർപ്പാടാക്കുകയും ചെയ്യും. എന്നാലോ ഷൂട്ടിങ് കഴിയുമ്പോൾ അതിനു ചിലവായ തുക ഞാൻ മടക്കി കൊടുക്കും. പ്രതിഫലമായി തന്ന തുകയും മടക്കിക്കൊടുക്കും. അവർ അത് അത്ഭുതത്തോടെ നോക്കി നിൽക്കും. എനിക്ക് ആ സന്തോഷം മതി, ആ ആത്മസംതൃപ്തി മതി. അതുകൊണ്ടുതന്നെ ഞാൻ ചെയുന്നത് എന്റെ സ്വാർത്ഥതയ്ക്കു വേണ്ടിത്തന്നെയാണ്. അല്ലാത്തതായി എന്തെങ്കിലും പറഞ്ഞാൽ അത് ഡിപ്ലോമസി ആയിപ്പോകും. അല്ലെങ്കിലും കലയിലൂടെ ഒന്നും സമൂഹം നന്നാകില്ല. അങ്ങനെയെങ്കിൽ സമൂഹം മോശവും ആകണ്ടേ ? ക്രൈം ഒക്കെയുള്ള സിനിമകൾ കണ്ടിട്ട് … അങ്ങനെയൊന്നും സംഭവിക്കാൻ പോകുന്നില്ല. ‘കഥപറയുമ്പോൾ’ എന്ന സിനിമയിൽ മമ്മൂട്ടി പറഞ്ഞപോലെ , ‘മാമ്പഴം’ കവിത വായിച്ചു കരഞ്ഞവർ മാമ്പൂ നുള്ളിയതിനു കുട്ടികളെ തല്ലാതിരുന്നിട്ടില്ല …ഇപ്പോഴും തല്ലുന്നു . അത്രേയുള്ളൂ..ഇപ്പോൾ ഹിറ്റായ ‘ഹോം’ എന്ന സിനിമ കണ്ടിട്ട് അന്നത്തെ ദിവസം നമുക്ക് മാതാപിതാക്കളോട് വലിയ സ്നേഹമൊക്കെ തോന്നും…കുട്ടികൾക്ക് തിരിച്ചും. പക്ഷെ പിറ്റേദിവസം നമ്മൾ പഴയതുപോലെ ആകും. പഴയകാലത്ത്ഒക്കെ കല സമൂഹത്തെ കുറെയൊക്കെ സ്വാധീനിച്ചിരുന്നു..പക്ഷെ ഇപ്പോൾ അങ്ങനെയൊന്നുമില്ല. ”
സിനിമ കോവിഡ് കാലത്തു അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെ കുറിച്ചും സിനിമാസ്വാദനത്തിലെ മാറ്റങ്ങളെ കുറിച്ചും ഡോ മാത്യു മാമ്പ്രയ്ക്ക് വ്യക്തമായ കാഴ്ചപാടുകളുണ്ട്
” ഇത് ഞാനും ഫേസ് ചെയ്ത ഒരു പ്രശ്നമാണ്. പ്രമുഖ ഒടിടി പ്ലാറ്റ്ഫോമുകൾ ആയ ആമസോണിനും നെറ്ഫ്ലിക്സിനും ത്രില്ലർ എലമെന്റുകൾ ആണ് വേണ്ടത്. നെറ്ഫ്ലിക്സിൽ പോയി ഇംഗ്ലീഷ് സിനിമകൾ കണ്ടുനോക്കൂ മൊത്തം വയലൻസും സെക്സ് കണ്ടൻസും ആണ്. അതൊക്കെ അവർ ഇമ്മീഡിയറ്റ് ആയി അപ്രൂവ് ചെയ്യുന്നുണ്ട്. നമ്മുടെ സിനിമ നെറ്ഫ്ലിക്സ് എടുത്തിട്ടില്ല… സെൻസർ സർട്ടിഫിക്കറ്റ് ഇല്ലാത്ത കാരണത്തിൽ ആമസോണും വിമുഖത പ്രകടിപ്പിച്ചു. അവരും പറയുന്നത് ത്രില്ലിംഗ് ഒന്നും ഇല്ല എന്നതായിരുന്നു. ഇപ്പോൾ എന്താണ്..ഫോണിൽ പ്രേതം, ഫ്രിഡ്ജിൽ പ്രേതം ..ഇതെല്ലം ഒടിടി പ്ലാറ്റുഫോമുകളിൽ തിരുകി കയറ്റാൻ വേണ്ടിയുള്ള തട്ടിക്കൂട്ട് രീതികളാണ്. ഇങ്ങനെ ത്രില്ലറും സെക്സ് കണ്ടന്റും കാരണം അവർക്കു വ്യൂവർഷിപ്പ് കൂടുന്നുണ്ടായിരിക്കും. അപ്പോൾ ഫിലിം മേക്കേസിനിടയിൽ ഒരു അഭിപ്രായം വന്നിട്ടുണ്ട് , ത്രില്ലർ ആണെങ്കിലേ ഒടിടിയിൽ എടുക്കൂ . അതൊരു തെറ്റിദ്ധാരണകൂടിയാണ്. ”
സിനിമകൾക്ക് ഒടിടിയുണ്ട് സീരിയലുകൾക്ക് ചാനലുകളുണ്ട് ഷോർട്ട് മൂവീസിന് തലചായ്ക്കാൻ മണ്ണിലിടമില്ല ” – എന്താണ് കാരണം ? ഡോ മാത്യു മാമ്പ്ര പറയുന്നു…
” ബേസിക്കലി എനിക്ക് ഷോർട്ട് മൂവീസ് ഇഷ്ടമാണ്. ഷോർട്ട് മൂവീസ് മാത്രം കാണുന്നവരെ എനിക്ക് നേരിട്ടറിയാം. ഇവിടെ പ്രശ്നം എന്താണെന്നുവച്ചാൽ ഷോർട്ട് മൂവീസിനു റവന്യു കിട്ടത്തില്ല. ഒരു സംവിധായകനോ അഭിനേതാവിനോ മറ്റു അണിയറപ്രവർത്തകർക്കോ വേണമെങ്കിൽ അതിലൂടെ സിനിമയിലേക്ക് കയറിപ്പോകാം. അവർക്കു ക്ലച്ചു പിടിക്കാനുള്ള ഒരായുധമാണ് ഷോർട്ട് മൂവി. എന്നാൽ നിർമ്മാതാവിന് മൊത്തം നഷ്ടമാണ്. യൂട്യൂബിൽ മില്ലിയൻസ് അടിച്ചാലേ വല്ലതുംകിട്ടൂ. അതിലെ ചില ചാനലുകളിൽ ഇടണമെങ്കിൽ അങ്ങോട്ട് പൈസകൊടുക്കണം. ”
ഷോർട്ടമൂവി പ്രതിഭകളെ ചേർത്തുപിടിക്കാൻ ബൂലോകം നടത്തുന്ന പ്രവർത്തനങ്ങളെ കുറിച്ച് അദ്ദേഹത്തിന് നല്ല അഭിപ്രായമാണ്
” തികച്ചും നല്ല പ്രവർത്തനമാണ്. ഷോർട്ട് ഫിലിം പ്രൊഡക്ഷൻ ഇനിയും വർധിക്കും. പണ്ടൊരു ഷോർട്ട് ഫിലിം എടുക്കാനും വലിയ പാടായിരുന്നു. ഇന്ന് അങ്ങനെയല്ല. ഒരു ഡിജിറ്റൽ കാമറ ഉണ്ടെകിൽ ഷോർട്ട് ഫിലിം ആയി. നല്ല സ്റ്റാൻഡേർഡുള്ള മൊബൈൽ കാമറകൾ ഉപയോഗിച്ചു പോലും ഇപ്പോൾ ഷൂട്ട് ചെയ്യാം.”
ഡോ മാത്യു മാമ്പ്രയ്ക്ക് റോൾ മോഡലുകൾ ഇല്ല. എന്നാൽ പ്രശസ്തരായേക്കാവുന്ന പ്രതിഭകൾക്ക് നൽകാൻ ആഗ്രഹിക്കുന്ന ഒരു ‘തള്ള്’ അദ്ദേഹം മനസിലെ നന്മയോടെ വെളിപ്പെടുത്തുന്നു
“ഞാൻ ജീവചരിത്രങ്ങൾ കൂടുതലായി വായിക്കുന്ന ആളാണ്. പ്രശസ്തരായ സിനിമക്കാരുടെയും ജീവചരിത്രങ്ങൾ വായിച്ചിട്ടുണ്ട്. അവരുടെയൊക്കെ ജീവിതത്തിൽ ഉണ്ടായിട്ടുള്ള ചില ‘ടേണിങ് പോയിന്റുകൾ’ ഞാൻ നോട്ട് ചെയ്യാറുണ്ട്. ഒരാളെ സിനിമയിൽ എത്തിക്കാൻ കാരണമായ ഒരു വഴിത്തിരിവ് ഉണ്ടല്ലോ. അത് ചിലപ്പോൾ ഒരു വ്യക്തി കാരണം ആയിരിക്കാം , ആ വ്യക്തിയുടെ ഒരു പ്രോത്സാഹന തള്ളു കാരണമാകാം മറ്റൊരാൾ സിനിമയിൽ എത്തപ്പെടുന്നത് . മർമ്മപ്രധാനമായ ഒരു സമയത്തു ഒരാളുടെ ഡയറക്ഷൻ തിരിച്ചുവിടുന്ന ഒരു മനുഷ്യൻ . അങ്ങനെ ഒരാളാകാൻ….അങ്ങനെ ഒരാളെ അയാളുടെ കഴിവ് തെളിയിക്കുന്ന ഒരു മേഖലയിലേക്ക് തള്ളുന്ന ഒരാളാകാൻ എനിക്ക് ഇഷ്ടമാണ്. അങ്ങനെ പല പ്രഗത്ഭരെയും സ്വാധീനിച്ച, അവരുടെ വളർച്ചയ്ക്ക് വഴിമരുന്നിട്ട പലരെയും ആ ജീവചരിത്രങ്ങളിൽ വായിച്ചറിയാൻ കാരണമായിട്ടുണ്ട്.”
ഇപ്പോൾ സിനിമയിൽ ചില മത-ദൈവ പേരുകൾ സൃഷ്ടിച്ച വിവാദങ്ങളെ കുറിച്ച് അദ്ദേഹം തുറന്നു പറയുന്നു
“ആ വിവാദങ്ങൾ എല്ലാം ക്രിയേറ്റ് ചെയ്യുന്നതാണ്. അതിനെ പ്രതിരോധിക്കാനുള്ള വഴി അതിനെ അവഗണിക്കുക എന്നതാണ്. ബഹളം വച്ച് പബ്ലിസ്റ്റിറ്റി കൊടുത്തിട്ടു എന്ത് ഫലം . അവർക്കു വേണ്ടതും വിവാദങ്ങളിലൂടെയെങ്കിലും പബ്ലിസിറ്റി ഉണ്ടാക്കുക എന്നതാണ്. സിനിമയിലേക്ക് കടന്നുവരാൻ ഒത്തിരിപേരെ സപ്പോർട്ട് ചെയ്ത ഒരാളാണ് ഈശോയുടെ സംവിധായകൻ നാദിർഷാ . ആ നിലയ്ക്കാണ് എനിക്കദ്ദേഹത്തെ ഇഷ്ടം. ”
ബൂലോകത്തിനു വേണ്ടി സമയംകണ്ടെത്തി സംസാരിച്ച മാത്യു സാറിനു വളരെ നന്ദി.
ആറു കഥകൾ ചേർന്നതാണ് “ചെരാതുകൾ” എന്ന ആന്തോളജി സിനിമ . ഏറെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ ചിത്രം മാമ്പ്ര ഫൗണ്ടേഷന്റെ ബാനറിൽ ഡോ.മാത്യു മാമ്പ്രയാണ് നിർമ്മിച്ചിരിക്കുന്നത്. ഷാജൻ കല്ലായി, ഷാനുബ് കരുവത്ത്, ഫവാസ് മുഹമ്മദ്, അനു കുരിശിങ്കൽ, ശ്രീജിത്ത് ചന്ദ്രൻ , ജയേഷ് മോഹൻ എന്നീ ആറു സംവിധായകരാണ് ചെരാതുകൾ ഒരുക്കിയിരിക്കുന്നത്. മറീന മൈക്കിൾ , ആദിൽ ഇബ്രാഹിം, മാല പാർവ്വതി, മനോഹരി ജോയ് , ദേവകി രാജേന്ദ്രൻ , പാർവ്വതി അരുൺ , ശിവജി ഗുരുവായൂർ , ബാബു അന്നൂർ എന്നിവർ ചിത്രത്തിൽ കഥാപാത്രങ്ങളാകുന്നു. ജോസ്കുട്ടി ഉൾപ്പടെ ആറു ഛായാഗ്രാഹകരും സി ആർ ശ്രീജിത്ത് അടങ്ങുന്ന ആറു എഡിറ്റേഴ്സും ഒരുമിക്കുന്ന ചിത്രത്തിന്റെ സംഗീതസംവിധാനം മെജ്ജോ ജോസഫ് ഉൾപ്പെടുന്ന ആറു സംഗീതസംവിധായകരും നിർവഹിക്കുന്നു. സൗണ്ട് ഡിസൈൻ – ഷെഫിൻ മായൻ, പി.ആർ.ഓ – പി. ശിവപ്രസാദ് എന്നിവരാണ് അണിയറ പ്രവർത്തകർ.
2,178 total views, 6 views today