Connect with us

Featured

അനശ്വര പ്രണയ സങ്കല്പങ്ങളിലെ ‘കരുണ’ രസവുമായി രാഖി

പ്രണയം കാലാതിവർത്തിയാണ് . ഒരു കടലുപോലെ അത് മനുഷ്യ ഹൃദയങ്ങളിൽ ആഴത്തിലും പരപ്പിലും കിടക്കുകയാണ്

 166 total views

Published

on

Rakhi Krishna

Rakhi Krishna

പ്രണയം കാലാതിവർത്തിയാണ് . ഒരു കടലുപോലെ അത് മനുഷ്യ ഹൃദയങ്ങളിൽ ആഴത്തിലും പരപ്പിലും കിടക്കുകയാണ്, സൂര്യന്റെ കിരണങ്ങളും ചാന്ദ്ര നിലവും അതിൽ മുത്തും പവിഴവും വാരിവിതറുന്നു. ആഴങ്ങളിൽ വൈകാരികതയുടെ സുനാമി പ്രവാഹങ്ങൾ നമ്മുടെ വിരസതയുടെ ശേഷിച്ച കരകളെയും വിഴുങ്ങുന്നു. അത്രത്തോളം നമ്മെ സ്പർശിക്കുന്ന വൈകാരികമായ അനുഭൂതി.

പ്രണയത്തെ കുറിച്ച് എഴുത്തവർ ഇല്ല, പാടാത്തവർ ഇല്ല , അതിനെ ആവിഷ്കരിക്കാത്തവർ ഇല്ല. പ്രണയം പ്രകൃതിയെ വസന്തമണിയിക്കുന്നു , പ്രണയം ഓരോ മനുഷ്യരെയും കലാകാരന്മാരും കലാകാരികളും ആക്കുന്നു. കാല്പനികതകളിൽ അഭിരമിക്കുന്ന പ്രണയസങ്കല്പങ്ങൾ ചിലപ്പോഴെങ്കിലും കാറ്റും കോളും പ്രക്ഷുബ്ധതയും കൈവരിക്കാറുണ്ട്. ജീവിതത്തിന്റെയും സമൂഹത്തിന്റെയും നഗ്നമായ യാഥാർഥ്യങ്ങളെ പ്രതിഫലിപ്പിക്കാറുണ്ട്. തേനിന്റെ മധുരവും രക്തത്തിന്റെ തീക്ഷ്ണ ചുവപ്പും വിരഹത്തിന്റെ കള്ളിമുൾ നോവും അനുനിമിഷം പകർന്നുനൽകാറുണ്ട്. മാംസാഹാരത്തിലും സസ്യാഹാരത്തിലും ആഹാരമെന്ന വാക്കുള്ളതുപോലെ ഏതൊരു വൈരുധ്യത്തിലും പ്രണയം മാത്രം തന്റെ വെന്നിക്കൊടി പാറിക്കുന്നു.

തികച്ചും വ്യത്യസ്‍തമായ പ്രണയസങ്കല്പങ്ങളെ നമുക്ക് നൽകിയിട്ടുള്ളത് എഴുത്തുകാർ തന്നെയാണ്, പ്രത്യകിച്ചും കവികൾ . കുമാരനാശാന്റെ ‘കരുണ’ എന്ന കാവ്യം അത്തരത്തിൽ ഒന്നാണ്.  നാം മറ്റൊരിടത്തും കണ്ടിട്ടില്ലാത്ത ഒരു പ്രണയം അല്ല അതും, മനുഷ്യനെ മനസുകളിൽ എല്ലാം തന്നെയുള്ള അതേ വികാരം ആണ് അവിടെയും, എന്നാൽ പശ്ചാത്തലത്തിന്റെ വ്യത്യാസം കൊണ്ട് പ്രണയവും അവിടെ വ്യത്യസ്തമാകുന്നു. നതോന്നതയുടെ താളത്തോടെ വെറുതെ വായിച്ചുപോകാൻ പറ്റുന്ന ഒന്നല്ല കരുണ. Vasavadatta - Wikipediaഅത്രമാത്രം ശക്തവും എന്നാൽ ആർദ്രവുമാണ് അത്. ‘സമയമായില്ല’ എന്ന ഉപഗുപ്തന്റെ നിരാശാജനകമായ നിരന്തര വാക്കുകളിൽ നിന്നും പ്രതീക്ഷയെ ഉദ്ഖനിക്കുന്ന വാസവദത്ത പ്രണയനൈരാശ്യങ്ങളിൽ അല്ല, പ്രണയത്തിൽ തന്നെയാണ് മുങ്ങിത്താഴുന്നത്. അവൾ സ്ത്രീപുരുഷഭേദമന്യേ ലോകമെമ്പാടുമുള്ള ആത്മാർത്ഥ പ്രണയാർത്ഥികളുടെ യോഗ്യയായ ഒരു പ്രതിനിധിയാകുന്നു. ആശാൻറെ അവസാന കൃതിയാണ് ‘കരുണ’. ചണ്ഡാലഭിക്ഷുകി’ യെപ്പോലെ കരുണയും ഒരു ബുദ്ധമത കഥയെ അടിസ്ഥാനമാക്കിയാണ് എഴുതിയിട്ടുള്ളത്. ഡോക്ടർ പോൾ സാറസ്സ് എന്ന അമേരിക്കൻ പണ്ഡിതൻറെ ‘ദ ഗോസ്പൽ ഓഫ് ബുദ്ധാ’ എന്ന പുസ്‌തകത്തിൽ നിന്നാണ് ആശാൻ ‘കരുണയു’ടെ ഇതിവൃത്തം സ്വീകരിച്ചിട്ടുള്ളത്.

തന്റെ ജീവിതത്തിന്റെ അഴുക്കുചാലുകളെ സുഗന്ധപൂരിതമാക്കാൻ പ്രണയത്തിന്റെ ആ നഗ്നമായ കാല്പാദങ്ങൾക്കു ആകുമെന്ന് ചിന്തിക്കുമ്പോൾ മാത്രം കണ്ണുകൾ വിടരുന്ന വാസവദത്തയ്ക്ക് പ്രണയം അതിജീവനത്തിന്റെ പ്രാണവായു ആകുന്നു . തന്നെ തേടിവരുന്നവർക്കെല്ലാം കാമം ഭിക്ഷയായി നൽകുന്നവൾ ഉപഗുപ്തന്റെ ഭിക്ഷാ പാത്രത്തിൽ ഇട്ടതു തന്റെ പ്രണയം തന്നെയായിരുന്നു, അവൾ അതോടൊപ്പം പ്രണയത്തിന്റെ അദൃശ്യമായ ഭിക്ഷാ പാത്രം ഉപഗുപ്തനുനേരെ നീട്ടുകയാണ്. അവളുടെ മരണ നിമിഷം വരെ ആ പാത്രം ശൂന്യമായി തന്നെ അവശേഷിക്കുന്നു. ഒടുവിൽ മരണക്കിടക്കയിൽ മാത്രം ആ പാത്രം നിറഞ്ഞു തുളുമ്പുകയാണ് . അത് മതിവരോളം ഭുജിച്ചുകൊണ്ടു വിശപ്പിനെ കീഴടക്കി അവൾ പോകുകയാണ്… എന്തൊരു മനോഹരമായ പ്രണയമാണത് …. !

തൃഷ്ണകളെ വിലക്കിയാൽ സൗഖ്യം ഉണ്ടാകുമെന്നുള്ള ബുദ്ധന്റെ ഉപദേശങ്ങളിൽ ആകൃഷ്ടനായ ശിഷ്യൻ തന്നെയായിരുന്നു ഉപഗുപ്തനും. എന്തിനെയും പരിത്യജിക്കാൻ ശീലിച്ച അയാളിൽ നിന്നും പ്രണയത്തിന്റെ ഒരു അരി മണിയെങ്കിലും മോഹിക്കുന്ന അവൾ തണ്ടിയ പ്രണയവിശപ്പിന്റെ വഴികൾ അതി വൈകാരികതയുടെ ആസ്വാദനതലമാണ് അനുവാചകരിൽ സൃഷ്ടിക്കുന്നത്.

വാസവദത്തയുടെ ചിരന്തനമായ ആ പ്രണയസങ്കല്പത്തെ നമുക്ക് മുന്നിലേക്ക് വയ്ക്കുകയാണ് രാഖി കൃഷ്ണ എന്ന കലാകാരി. ‘കാമിതം’ എന്ന തന്റെ സൃഷ്ടിയിലൂടെ. ഇത് ‘കരുണ’യിലെ പ്രണയത്തെ ആസ്പദമാക്കി ചെയ്ത ആൽബം സോങ് – ഷോർട്ട് മൂവി മിശ്രിതമായ ഒരു വർക്കാണ്. ‘മഴനിലാവ് പെയ്തൊരാ രാത്രിയിൽ’ എന്ന ഇതിലെ മനോഹരമായ ഗാനം രചിച്ചിരിക്കുന്നതും രാഖി തന്നെയാണ്. മലയാളത്തിന്റെ പ്രിയപ്പെട്ട സംഗീതസംവിധായകൻ വിദ്യാധരൻ മാസ്റ്ററുടെ സംഗീതം ഈ ഗാനത്തിന്റെ മാറ്റ് കൂട്ടുന്നു. ലിബിന്റെ മനോഹരമായ ആലാപനവും എടുത്തുപറയേണ്ടതുണ്ട്.

ബൂലോകത്തിനു വേണ്ടി രാഖി കൃഷ്ണയെ ഇന്റർവ്യൂ ചെയ്തത് രാജേഷ് ശിവ.


കാമിതം എന്ന സൃഷ്ടി നൽകിയ ആത്മവിശ്വാസത്തോടെ രാഖി സംസാരിക്കുന്നു

“കാമിതം എന്റെ ആദ്യത്തെ വർക്ക് ആണ്. അതെനിക്ക് വലിയ പ്രചോദനം ആണ് നൽകിയത്. അങ്ങനെ ചിലതൊക്കെ എഴുതാൻ തുടങ്ങിയിട്ടുണ്ട്. ഞാൻ മുൻപ് മീഡിയയിൽ ആയിരുന്നു. മനോരമയിൽ ന്യുസ് റീഡർ ആയിരുന്നു , ജേർണലിസ്റ്റ് ആയിരുന്നു, കൈരളിയിലും പ്രോഗ്രാം പ്രൊഡ്യൂസർ ആയിരുന്നു . 2013 -ൽ ഒരു കോളേജിൽ അസിസ്റ്റന്റ് പ്രൊഫസർ ആയി ജോയിൻ ചെയ്തു. അപ്പോഴാണ് മീഡിയ വിട്ടത് , എങ്കിലും ഫ്രീലാൻസ് ആയി ചെയ്യുന്നുണ്ടായിരുന്നു. ഏഷ്യാനെറ്റിൽ ഡ്രീം ഹോം പോലെയുള്ള ചില പ്രോഗാമുകൾ ചെയ്യുന്നുണ്ടായിരുന്നു.
ലോക് ഡൗണിന്റെ സമയത്തു ഒരു ബ്രേക്ക് കിട്ടിയപ്പോൾ ആണ് ഞാൻ ഇത് (പാട്ട് )എഴുതുന്നത്. അങ്ങനെ എഴുതി കഴിഞ്ഞപ്പോൾ ആണ് അതിനെ സംഗീതം ഒക്കെ കൊടുത്തു ഒന്ന് വിഷ്വലൈസ് ചെയ്യണം എന്ന ആഗ്രഹം ഉണ്ടായത് .അങ്ങനെയാണ് അതിന്റെ പിറകെ പോയത്. 2013 വരെ മീഡിയാ ലോകം എന്നിൽ ചെലുത്തിയ സ്വാധീനം കാരണമാകാം അങ്ങനെയൊരു താത്പര്യം വന്നത് “


രാഖി രചിച്ച ‘മഴനിലാവ് പെയ്തൊരാ രാത്രിയിൽ’ എന്ന ഗാനത്തിന് സംഗീതം നൽകിയത് ലെജൻഡ് മ്യൂസിക് ഡയറക്ടർ വിദ്യാധരൻ മാസ്റ്റർ ആണ്. നവാഗതയായ ഒരു കലാകാരിക്ക് ഇതിലും വലിയൊരു പ്രോത്സാഹനവും ആത്മവിശ്വാസവും സന്തോഷവും വേറെ കിട്ടാനില്ല. അതെ കുറിച്ച് രാഖി പറയുന്നു.

“എന്റെ അടുത്ത കൂട്ടുകാരിയുടെ ഫാദർ ഇൻ ലോ ആണ് അദ്ദേഹം. അതുകൊണ്ടുതന്നെ എനിക്ക് കുറച്ചു ഈസി ആയിരുന്നു അതിലേക്കു എത്താൻ. ഞാൻ വർക്ക് ചെയ്തിട്ട് അവൾക്കു അയച്ചുകൊടുത്തു. ഇത് അദ്ദേഹത്തെ കാണിച്ചുനോക്കൂ, നല്ലതാണെങ്കിൽ മതി എന്ന് പറഞ്ഞു. വലിയ കലാകാരൻമാർ ആകുമ്പോൾ നമ്മൾ അവർക്കൊരു മിനിമം ക്വളിറ്റി വർക്ക് എങ്കിലും നൽകണമല്ലോ. മാഷ് അതുനോക്കി, അതിന്റെ ലിറിക്സ് ഒക്കെ അദ്ദേഹത്തിന് വളരെ ഇഷ്ടമായി, അദ്ദേഹം ചെയ്യാമെന്നും പറഞ്ഞു, അങ്ങനെയാണ് സീരിയസ് ആയ ഒരു വർക്ക് ആയി മാറിയത്. ശരിക്കും അങ്ങനെയൊരു ബന്ധം ഉള്ളതുകൊണ്ടാണ് വളരെ എളുപ്പത്തിൽ സാധിച്ചത്, അല്ലെങ്കിൽ പിന്നെ അദ്ദേഹത്തെ പോലൊരു ആളെ കോൺടാക്റ്റ് ചെയ്യാനൊക്കെ ബുദ്ധിമുട്ടിയേനെ. രണ്ടാഴ്ച കൊണ്ടുതന്നെ റെക്കോർഡിങ്ങും കാര്യങ്ങളും ഒക്കെ നടന്നു. ‘സരിഗമപ’ യിലെ ടൈറ്റിൽ വിന്നർ ആയ ലിബിൻ ആണ് പാടിയത്. “


കണ്ടു തുടങ്ങുമ്പോൾ കാമിതം ശരിക്കും ഷോർട്ട് മൂവി എന്ന നിലയ്ക്കാണ് അനുഭവപ്പെടുന്നതെങ്കിലും പിന്നീട് അതൊരു സംഗീതസാന്ദ്രമായ ആല്ബത്തിലേക്കു വഴിമാറുകയാണ്. ശരിക്കും ഇത് പ്രണയാന്വേഷണ പരീക്ഷണങ്ങൾ ആണ്. ഹൃദയത്തിന്റെ ലാബിൽ ഉരുത്തിരിയുന്ന ഫോർമുലകളിലൂടെയുള്ള സഞ്ചാരം. പ്രണയിക്കുന്നവർ മാറിയാലും, മരിച്ചാലും പ്രണയം അനശ്വരമാകുന്നു. ഇത്രത്തോളം പ്രമേയവത്കരിക്കപ്പെട്ട മറ്റൊരു വിഷയം വേറെയില്ല. കാമിതത്തിന്റെ ഇത്തരമൊരു കൺസപ്റ്റ് മനസ്സിൽ എങ്ങനെ ഉണ്ടായി , അതെ കുറിച്ച് രാഖി പറയുന്നു

” ശരിയാണ്, എല്ലാര്ക്കും ഇഷ്ടമുള്ള ഒരു കാര്യമാണ് പ്രണയം. അപ്പോൾ എഴുതണം എന്ന് തോന്നിയപ്പോൾ മനസിലേക്ക് വന്നതും അതുതന്നെ ആയിരുന്നു. പ്രണയവും വിരഹവും എല്ലാം ചേർന്നുള്ള ഒരു തീം. പലരും വിഷ്വലിന് വേണ്ടിയാണല്ലോ എഴുതുന്നത് . എന്നാൽ ഞാൻ എഴുതി കഴിഞ്ഞിട്ടു ആണ് ഇതിൽ ഏതു തീം ആണ് വേണ്ടത് എന്ന് ആലോചിച്ചത്. ആദ്യം മനസിലേക്ക് വന്നത് എം മുകുന്ദന്റെ ‘മയ്യഴിപ്പുഴയുടെ തീരങ്ങളിൽ’ ആയിരുന്നു. അതിലെ ദാസന്റെയും ചന്ദ്രിയുടെയും ഉദാത്തമായ പ്രണയം . മാത്രമല്ല, ഇത്തരമൊരു പ്രമേയത്തിന് വേണ്ടി കുറെ സാഹിത്യമൊക്കെ വായിച്ചിരുന്നു. കോളേജിലെ കുട്ടികൾക്കൊന്നും ആശാന്റെ കരുണയെ കുറിച്ചും വാസവദത്തയെ കുറിച്ചും ഒന്നും അറിയില്ലാ എന്നത് എന്നെ അത്ഭുതപ്പെടുത്തി. ഇപ്പോൾ ഈ വർക്കിന്‌ ശേഷം പലരും വാസവദത്തയെ മനസിലാക്കി, അത് വായിച്ചു എന്നൊക്കെ പറയാറുണ്ട്. ഇങ്ങനെയൊരു സബ്ജക്റ്റ് എടുത്തത് നന്നായെന്ന് തോന്നി. കാരണം വാസവദത്ത ഒരു പോസ്റ്റിട്യൂട്ട് ആയിരുന്നല്ലോ, അവർക്കും ഉള്ളിൽ പ്രണയവും വിരഹവുമൊക്കെ ഉണ്ട് എന്ന് പുതിയകാലത്തെ ഓർമിപ്പിക്കാനായി “

Advertisement

ലൗകികതകളെ പ്രണയിക്കേണ്ടിവന്ന വാസവദത്തയും ലൗകികതയെ പരിത്യജിച്ച ഉപഗുപ്തനും പരസ്പരം പേറുന്നത് വിരോധാഭാസങ്ങളുടെ ഒരു സഞ്ചയമാണ്. ഇതിനെ ഒരു വേശ്യയുടെ മാനസാന്തരം എന്ന രീതിയിൽ വായിക്കപ്പെട്ടാൽ അത് കൃതിയോടും കഥാപാത്രത്തോടും എന്തിനു , പ്രണയത്തോടു പോലും ചെയ്യുന്ന അനീതിയാണ്. ശക്തമായ പ്രണയം ആവിഷ്കരിക്കണമെങ്കിൽ എവിടെയും വൈരുധ്യങ്ങൾ കൂടെ അതിനോട് ഇഴചേർക്കപ്പെടണം. പണക്കാരനും പണക്കാരിയും തമ്മിലുള്ള പ്രണയത്തേക്കാൾ ശക്തം പണക്കാരനും ദരിദ്രയും തമ്മിലുള്ള ആത്മാർത്ഥ പ്രണയം തന്നെ ആയിരിക്കും. ഇവിടെ ഭൗതിക ലക്ഷണങ്ങളിൽ ഉള്ള വൈരുധ്യം പ്രണയത്തിനു ശക്തമായ ഒരു പശ്ചാത്തലം ഒരുക്കുന്നു. ഒരുപക്ഷെ ഈയൊരു പ്രമേയം കുമാരനാശാനിൽ നിന്നും കടംകൊണ്ടതും അതുകൊണ്ടാകാം അല്ലെ ? മാത്രമല്ല കവിതയെയും സാഹിത്യത്തെയും സ്നേഹിക്കുന്ന ഒരാൾക്കല്ലാതെ അതിൽ നിന്നും ഡീപ്പ് ആയൊരു വിഷയത്തെ ഉപയോഗിക്കാനും ആകില്ല…അതെ കുറിച്ച് രാഖി പറയുന്നു

“ശരിക്കും ലെസ്ബിയൻ പ്രണയം ഒക്കെ പോലെ വൈരുധ്യങ്ങൾ നിറഞ്ഞതാണല്ലോ സന്യാസിയും അഭിസാരികയും തമ്മിലുള്ള പ്രണയം. അതുകൊണ്ടു തന്നെ അങ്ങനെ ചെയ്തതാണ്. കവിതയോടും സാഹിത്യത്തോടും ഒക്കെ വളരെ താത്പര്യമുണ്ട്. എന്റെ കുഞ്ഞുനാൾ മുതൽ തന്നെ അച്ഛൻ കവിതകൾ കാസറ്റ് ഇട്ടു കേൾപ്പിക്കുമായിരുന്നു. അങ്ങനെ ഒത്തിരി കവിതകൾ പഠിക്കാൻ സാധിച്ചു. മാമ്പഴവും കരുണയും ..അങ്ങനെ പണ്ടത്തെ ഒരുമാതിരി എല്ലാ കവിതകളും അറിയാം. മധുസൂദനൻ മാഷൊക്കെ ചൊല്ലിയ കവിതകൾ എനിക്ക് വളരെ ഇഷ്ടമാണ്. അതൊക്കെ കേട്ട് ഞാൻ ചൊല്ലാറുമുണ്ടായിരുന്നു. അത്തരം കോൺഫിഡൻസുകളിൽ നിന്നാണ് ഞാൻ ഇത്തരമൊരു വിഷയം തന്നെ ഉപയോഗിച്ചത്. “


ഇത്തരം കാല്പനികത നിറയുന്ന പ്രണയങ്ങൾ ഒരുപക്ഷെ ഭാവനകളിൽ മാത്രമായിരിക്കും എന്ന് തോന്നുന്നു. മനുഷ്യന്റെ ജീവിതം കൂടുതൽ ദുഷ്കരമാകുന്ന കാലത്തു എല്ലാരും വളരെ സീരിയസ് ആണ്. തുടക്കക്കാരിയുടെ പതർച്ചകൾ ഒന്നും ഇല്ലാതെ രാഖി ചെയ്ത ഒരു ക്വാളിറ്റി വർക്ക് ആണ് കാമിതം. അതിന്റെയൊക്കെ ഒരു എക്സ്പീരിയൻസ് രാഖിയുടെ വാക്കുകളിലൂടെ .

“ഒരുപക്ഷെ നമ്മൾ കാണുന്നില്ല എന്നുകരുതി അങ്ങനെ ഉണ്ടാകുന്നില്ല എന്നാണ് പറയാൻ പറ്റില്ല. ഇപ്പോൾ പൊതുവെ അവസരവാദങ്ങളുടെ കാലമാണല്ലോ. വാസവദത്തയുടേതുപോലുള്ള തീവ്രമായ പ്രണയങ്ങൾ ഒരിക്കലും ഇന്നത്തെ കാലത്തു ഉണ്ടാകില്ല. പിന്നെ, ഈ വർക്ക് എനിക്ക് ഒത്തിരി എക്സ്പീരിയൻസ് തന്നു. ഇപ്പോൾ എനിക്ക് എന്തെങ്കിലും എഴുതണം എന്നും ഈ മേഖലയിൽ പ്രവർത്തിക്കണം എന്നതും വളരെ ഇഷ്ടം തോന്നുന്നുണ്ട് . ഞാൻ ടെക്നിക്കലി പോയി ഒന്നും പഠിച്ചിട്ടില്ല. എങ്കിലും ഇതിൽ നിന്നുള്ള അനുഭവസമ്പത്ത് വളരെ വലുതാണ്. ഇതിൽ കാമറാമാൻ ആയി പ്രവർത്തിച്ച സുദീപേട്ടൻ (Sudip E S) ഒരു സിനിമാ സംവിധായകൻ കൂടിയാണ്. ഞാൻ എന്ത് പറഞ്ഞു കൊടുക്കുന്നുവോ , എന്റെ മനസിലുള്ള അതെ ഫ്രെയിം തന്നെ അദ്ദേഹം പകർത്തി തന്നു . പിന്നെ വിദ്യാധരൻ മാഷ്, അദ്ദേഹത്തെ കിട്ടിയതും ഒരു വലിയ ഭാഗ്യമാണ്. ആക്ടേസിന്റെ കാര്യത്തിലാണ് അല്പം ബുദ്ധിമുട്ട് ഉണ്ടായതു, പ്രത്യേകിച്ച് മെയിൻ ആക്ടറിൻറെ കാര്യത്തിൽ. കാരണം ഉപഗുപ്തൻ ആകാൻ ഹെയർ ഷേവ് ചെയ്യില്ല എന്നൊക്കെ പറഞ്ഞു ശഠിച്ചു. പിന്നെ, ഇതൊരു കാമുകിയുടെ ഭാവനകൾ കൂടിയാണല്ലോ…ഭാവനയിൽ എന്തും കാണാമല്ലോ . അതുകൊണ്ടുതന്നെ അവരവരുടെ രൂപത്തിലൊക്കെ അഭിനയിച്ചു. ഓരോരുത്തരോടും എങ്ങനെയൊക്കെ എന്തൊക്കെ പറഞ്ഞുകൊടുക്കണം, ഷൂട്ടിങ്ങിന്റെ രീതികൾ അങ്ങനെ എല്ലാം എനിക്ക് പഠിക്കാൻ പറ്റി. റോഷൻ ബഷീർ (ദൃശ്യം ഫെയിം) ആണ് മെയിൻ കാരക്ടർ ചെയ്തത്. അവരൊക്കെ സിനിമയിൽ സജീവമായതുകൊണ്ടു ഒരു ആൽബം ചെയ്യാൻ തയ്യാറാകുമോ എന്ന് ആശങ്ക ഉണ്ടായിരുന്നു. എന്നാൽ ഇതിന്റെ തീം കേട്ടപ്പോൾ അവർക്കു നന്നേ ഇഷ്ടമായി. ആൽബം ഒരിക്കലും ചെയ്യില്ലായിരുന്നു എന്നും തീം കാരണമാണ് ചെയ്തതെന്നും റോഷൻ പറയുകയുമുണ്ടായി. “


ശരിക്കും സിനിമാ താത്പര്യങ്ങൾ മനസ്സിൽ ഉണ്ടോ ? എല്ലാരും ബിഗ് സ്‌ക്രീനിന്റെ വലിയ ലോകത്തെയാണ് സ്വപ്നം കാണുന്നതും ഇത്തരം വർക്കുകൾ ചെയ്തു പ്രൂവ് ചെയ്യാൻ ശ്രമിക്കുന്നതും. രാഖിക്ക് പറയാനുള്ളത്

“ആദ്യത്തെ വർക്ക് നൽകിയ ആത്മവിശ്വാസം വലുതാണെന്ന് പറഞ്ഞിരുന്നല്ലോ, അത് വിഷ്വലൈസ് ചെയ്യാനുള്ള താത്പര്യവും അനുഭവങ്ങളും എല്ലാം പറഞ്ഞിരുന്നല്ലോ .. ഇപ്പോൾ സ്ക്രിപ്റ്റുകൾ എഴുതാനും അതിലേക്കു പോകാനും ഒക്കെ താത്പര്യമുണ്ട്. അറിയില്ല എന്തായി തീരുമെന്ന്… എന്തായാലും ഇതിനെക്കുറിച്ചു നന്നായി പഠിക്കണം എന്ന് തീരുമാനിച്ചിട്ടുണ്ട്. എന്റെ വർക്ക് ഞാൻ തന്നെയാണ് പ്രൊഡ്യൂസ് ചെയ്തത്. എന്റെ പൈസ തന്നെ ആകുമ്പോൾ ആരും ഒന്നും ചോദിക്കില്ലല്ലോ. “


ഇതിലെ ‘മഴനിലാവ് പെയ്തൊരാ രാത്രിയിൽ’ എന്ന മനോഹമായ ഗാനം, അതിലെ വരികൾ ഒക്കെ നോക്കുമ്പോൾ കൈത്തഴക്കം വന്നൊരു കവയിത്രിയെ കാണാൻ സാധിക്കുന്നു. സാഹിത്യപരമായ താത്പര്യം , പുസ്തകമെഴുത്ത് ഇവയെ കുറിച്ച് രാഖി പറയുന്നു

” കോവിഡ് ലോക് ഡൌൺ കാലത്തു എല്ലാരും വീട്ടിൽ ആയിപ്പോയല്ലോ. അപ്പോഴാണ് കവിതകൾ എഴുതുന്നത്. നാലോളം കവിതകൾ എഴുതി .ഒരെണ്ണം നേഴ്‌സുമാരെ കുറിച്ചായിരുന്നു. കോവിഡ് കാലത്തെ അവരുടെ നിസ്വാർത്ഥമായ പ്രവർത്തനം കണ്ടില്ലെന്നു നടിക്കാനും ആകില്ല. ആത്മഹത്യ ചെയ്ത Sylvia Plath എന്ന എഴുത്തുകാരിയുടെ പശ്ചാത്തലത്തിൽ ആയിരുന്നു ആ കവിത എഴുതിയത്. പലരും വായിച്ചിട്ടു നല്ല അഭിപ്രായം പറഞ്ഞു, എന്നാൽ പബ്ലിഷ് ചെയ്യണമോ എന്നൊന്നും ആലോചിച്ചില്ല. ആഗ്രഹമുണ്ട്. “”

Advertisement

ശരിക്കും ദുരന്തങ്ങളും ദുഖങ്ങളും ആണ് മനുഷ്യനെ എപ്പോഴും ഉലയ്ക്കുന്നത് . വാഹനങ്ങളിൽ ഇരുന്നു ഉലയുമ്പോൾ ഉണ്ടാകുന്ന മോഷൻ സിക്ക്‌നസ് കാരണം നമ്മൾ ഛർദ്ദിക്കുന്നതുപോലെ ആണ് ദുരന്തങ്ങളിൽ ഉലക്കപ്പെടുന്ന മനസുകൾ കവിതകളും മറ്റു രചനകളും ഛർദ്ദിച്ചു വയ്ക്കുന്നത് ? ഇവിടെ കോവിഡ് അതിനൊരു കാരണമായി എന്ന് പറഞ്ഞാൽ … ?

” അത് ശരിയാണ്, കോവിഡിന്റെ ആദ്യ തരംഗം വന്നപ്പോൾ എല്ലാരും വീട്ടിൽ ഫ്രസ്ട്രേറ്റഡ് ആയി ഇരുന്നപ്പോൾ ആണ് ഞാൻ കാമിതത്തിലെ ആ വരികൾ എഴുതിയത്. എല്ലായിടവും അടച്ചിട്ടു , ഇനി എന്താണ് സംഭവിക്കാൻ പോകുന്നതെന്നും അറിയില്ല… ആ സമയത്തെ അവസ്ഥ ആലോചിച്ചു നോക്കൂ. ശരിക്കും കാമിതം ഷൂട്ടിങ് ഒക്കെ നടന്നത് കോവിഡ് പ്രോട്ടോക്കോൾ ഒക്കെ ശക്തമായി നിലവിലിരുന്ന സമയത്താണ്. നിയമപരമായ അനുമതി എല്ലാം മേടിച്ചിട്ടാണ് ഞങ്ങൾ ഷൂട്ടിങ് ചെയ്തത്..”


സിനിമാ രംഗത്തെ പുരുഷാധിപത്യത്തെ കുറിച്ച് തികച്ചും പുരോഗമന കാഴ്ചപ്പാടുകൾ ഉള്ള രാഖിക്ക് പറയാനുള്ളത്

“സിനിമാ മേഖലയിൽ ഒക്കെ സാങ്കേതിക പ്രവർത്തകരെ എടുത്താലും സംവിധായകരെ എടുത്താലും സ്ത്രീ പ്രാധിനിത്യം , അനുപാതം ഒക്കെ വളരെ കുറവാണ്. പുരുഷന്മാർ ആണ് അധികവും, സ്ത്രീകൾ ഇല്ല എന്നില്ല..പലരും വരുന്നു പോകുന്നു എന്നുമാത്രം. സ്ത്രീകൾ കൂടുതലായി മുന്നോട്ടു വരണം എന്ന് ആഗ്രഹമുണ്ട്. വിധുച്ചേച്ചി (വിധു വിന്സന്റ ) പോലുള്ളവർ ഈ ഇൻഡസ്ട്രിയിൽ നിൽക്കുന്നത് വലിയ സന്തോഷവും ആത്മവിശ്വാസവും നൽകുന്നുണ്ട്.


കോവിഡ് സൃഷ്ടിച്ച പ്രതിസന്ധിയുടെ ഉപോത്പന്നമായ ഒടിടി പ്ലാറ്റ്‌ഫോമുകൾ ആസ്വാദനത്തെ വ്യത്യസ്തമായ രീതിയിൽ സ്വീധീനിച്ചതിനെ കുറിച്ച് രാഖിയുടെ അഭിപ്രായം

” കുറെ ‘ചെറിയ’ നല്ല സിനിമകളുടെ വിജയത്തിന് അത് കാരണമായിട്ടുണ്ട്. ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ എന്ന സിനിമ പോലും അനവധി റിജക്റ്റുകൾക്കു ഒടുവിൽ സ്വീകരിപ്പെട്ടത് ഇതേ പ്ലാറ്റ്‌ഫോമിൽ ആണ്. കൂടുതൽ പേരിലേക്ക് സൃഷ്ടികൾ എത്താൻ ഒടിടി പ്ലാറ്റ്‌ഫോമുകൾ കൂടുതലായി വരേണ്ടതുണ്ട്. ഇപ്പോൾ നമ്മൾ എല്ലാം പഠിച്ചുകഴിഞ്ഞു. ഓൺലൈനായി ക്ളാസുകൾ എടുക്കാം , ഓൺലൈനായി എന്തും ഓർഡർ ചെയ്യാം ..ഇങ്ങനെയും കാര്യങ്ങൾ നടക്കുമെന്ന് നമ്മൾ പഠിച്ചു .സിനിമയിലും അങ്ങനെയൊക്കെ തന്നെയാണ് സംഭവിച്ചത്. സാമ്പത്തിക ലാഭം മാത്രമല്ല, നമുക്കിഷ്ടമുള്ള സമയത്തു സിനിമ കാണാനും സാധിക്കുന്നു. മാത്രമല്ല ഇപ്പോൾ എക്സ്പിരിമെന്റൽ സബ്ജക്റ്റുകൾ വരുന്നുണ്ട്. ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ , ബിരിയാണി ഒക്കെ പോലെ. എല്ലാ രീതിയിലുള്ള സിനിമകളും നമ്മൾ പരീക്ഷിക്കണം. ‘ഹോം’ പോലുള്ള സിനിമകൾ ഒക്കെ വലിയ ആശ്വാസമാണ്. “


ബൂലോകം നടത്തുന്ന ഷോർട്ട് ഫിലിം കോണ്ടസ്റ്റിനെ കുറിച്ച് രാഖിക്ക് ശുഭാഭിപ്രായമാണ്

Advertisement

“പുതിയ ആളുകൾക്ക് വലിയ പ്രചോദനം തന്നെയാണ്. എല്ലാര്ക്കും അവരവരുടെ കഴിവുകൾ പ്രകടിപ്പിക്കാൻ ഒരു പ്ലാറ്റ് ഫോം വേണം. എന്നെ സംബന്ധിച്ചു ഇതൊരു മോട്ടിവേഷൻ ആയിരുന്നു. പ്രത്യേകിച്ച് എൻട്രി ഫീസ് ഇല്ലാതെ സൃഷ്ടികൾ അയക്കാൻ അനുവദിച്ചതും വലിയ കാര്യമാണ്. “


കുടുംബത്തിൽ നിന്നുള്ള പിന്തുണയും വളരെ വലുതെന്ന് രാഖി പറയുന്നു

“വലിയ സപ്പോർട്ട് ആണ് കുടുംബത്തിൽ നിന്നും . അച്ഛനും അമ്മയും ഹസ്ബന്റും എല്ലാം. അച്ഛൻ ഒരുപാട് പുസ്തകങ്ങൾ വായിക്കും. പഴയകവിതകൾ എല്ലാം അച്ഛന് ചൊല്ലാൻ അറിയാം. അമ്മ എപ്പോഴും പിന്നാലെ നടന്നു എന്തെങ്കിലും എഴുതാൻ നിര്ബന്ധിക്കാറുണ്ട് . അങ്ങനെ കുടുംബത്തിൽ എല്ലാരും വളരെ വലിയ പിന്തുണയാണ് നൽകുന്നത് .”

Kaamitham – The Desire

Concept Lyrics Direction : Rakhi Krishna
Music Direction: Vidyadharan Master
DOP and Editing: Sudip E S
Singer- Libin Scaria
Cast : Roshan Basheer,
Gopika Anil, Devi Chandran
Makeup and Costumes : Bibin Koodaloor,Sumi Sen
Asst Director: Sooraj P M, Anila Sajith
Production Coordinators : Ettumanoor Radhakrishnan, Ben Ponnurunni
Dubbing : Jayalakshmi
Video Song Name Kaamitham – The Desire
Special Thanks to Sajith Vidyadharan
Designs : Antony Stephen


 

 167 total views,  1 views today

Advertisement
Advertisement
Entertainment9 hours ago

നിങ്ങൾ ഏതെങ്കിലും നിയമലംഘനം നടത്തിയിട്ടുണ്ടെങ്കിൽ ഈ ഷോർട്ട് മൂവി കാണണം

Entertainment14 hours ago

അടിച്ചുപൊളി ഞായർ ദീപുവിന് തല്ലിപ്പൊളി ഞായർ ആയതെങ്ങനെയാണ് ?

Entertainment1 day ago

ജീവിതം അവസാനിക്കുമ്പോഴല്ല, ജീവിക്കുമ്പോഴാണ് ചിന്തിക്കേണ്ടതെന്നു ‘പൂജ്യം’ പറയുന്നു

Entertainment1 day ago

ഭീകരമായൊരു കാലത്തിന്റെ ആവിഷ്കാരം ആണ് ‘ഹം ഏക് ഹേ’ !

Entertainment2 days ago

‘അന്നുപെയ്ത മഴയിൽ’ അപവാദക്കുരുക്കുകളിൽ ജീവിതം നഷ്ടപ്പെടുത്തിയവർക്കു വേണ്ടി

Entertainment2 days ago

ക്രൂശിക്കപ്പെട്ട നിരപരാധിയുടെ കഥപറയുന്ന ‘ഇങ്ങനെയും ചിലർ’

Entertainment3 days ago

എന്നോ കാണാൻ മറന്നു പോയ ഒരു സ്വപ്നത്തിലേക്കുള്ള യാത്ര

Entertainment3 days ago

അധ്യാപകരിൽ ആരെയെങ്കിലും നിങ്ങൾ നന്ദിയോടെ സ്മരിക്കുന്നുവെങ്കിൽ ഈ മൂവി കാണണം

Entertainment4 days ago

ഐക്യബോധത്തിന്റെ ആവശ്യകതയും മനുഷ്യന്റെ കുടിലതകളും

Entertainment4 days ago

നിർത്താതെ പെയ്യുന്ന പ്രണയത്തിന്റെ ‘ഇടവപ്പാതി’

Entertainment7 days ago

ആത്മഹത്യ ചെയ്ത പാറുവിന്റെ ഫോണിൽ ആക്സിഡന്റിൽ മരിച്ച അലക്സിന്റെ കാൾ വന്നതെങ്ങനെ ?

Entertainment1 week ago

സത്യത്തിനെന്നും ശരശയ്യ മാത്രമെന്ന് ‘ദൈവമേ തേങ്ങ’ പറയുന്നു

Entertainment4 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment2 months ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment2 months ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment2 months ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment1 month ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment3 weeks ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment4 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment3 weeks ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment4 weeks ago

‘കിസ്മത്ത് ഓഫ് സേതു’, സേതു കൃത്യം പത്തുമണിക്ക് തന്നെ മരിക്കുമോ ?

Entertainment2 months ago

ഓൺലൈൻ സംവിധാനത്തിന്റെ സാധ്യതകൾ തുറന്നിട്ട ഡേർട്ട് ഡെവിളും സംവിധായകൻ സോമൻ കള്ളിക്കാട്ടും

Boolokam1 month ago

സ്വന്തം പേരായ ‘ഭൂമി’യുടെ അർത്ഥം തേടുന്ന പെൺകുട്ടിയുടെ കഥ !

Entertainment1 month ago

നിങ്ങളിലെ വിള്ളലുകളുടെ സത്യം നിങ്ങൾ കരുതുന്നതാകില്ല

Advertisement