Art
ഷിബു ഇഛംമഠത്തിന്റെ ‘ഒറ്റയാൻ’ പരീക്ഷണങ്ങൾ, പിന്നെ ‘സ്കെച്ച് ‘വിശേഷങ്ങളും

ഷിബു ഇഛംമഠം ഒരു സാധാരണ കലാകാരൻ അല്ല. നാടകങ്ങളും സീരിയലുകളും ചാനൽ പരിപാടികളും അല്ലാതെ മറ്റൊരു വ്യത്യസ്ത മേഖലയിൽ കൂടി പ്രതിഭ തെളിയിച്ച ഒരു കലാകാരൻ ആണ്. ഏകാംഗ നാടകം എന്ന മേഖല. ഒരു വേദിയിൽ ഒറ്റയ്ക്ക് വിവിധങ്ങളായ കഥാപാത്രങ്ങളെ ആവിഷ്കരിക്കുന്ന മനോഹരമായ കലാപ്രകടനം. ഈ അഭിനേതാവിന്റെ ആ അഭിനയ ചാതുരി ഒന്ന് കാണേണ്ടത് തന്നെയാണ്. ഷിബു ഇഛംമഠം അത്തരമൊരു പ്രകടനം കാഴ്ച വച്ച ഷോർട്ട് മൂവിയാണ് ‘സ്കെച്ച് ‘. ഉണ്ണികൃഷ്ണൻ കഥയെഴുതി സംവിധാനം ചെയ്ത സ്കെച്ച് ഒരു ക്വട്ടേഷൻ ടീമിന്റെയോ ഗുണ്ടാ സംഘര്ഷങ്ങളുടെയോ ഒക്കെ കഥയെന്നു തോന്നിപ്പിക്കുമെങ്കിലും മലയാളികൾ ഇതുവരെ കണ്ടിട്ടില്ലാത്ത, അധികം കേട്ടിട്ടില്ലാത്ത ഒരു വിഷയത്തെയാണ് അവതരിപ്പിക്കുന്നത്. അത് മറ്റൊന്നുമല്ല ‘BIID’ (body integrity identity disorder ) എന്ന മാനസികപ്രശ്നം. സ്വന്തം ശരീരഭാഗങ്ങൾ ഒരു ഭാരമെന്നു കരുതി അവയെ സ്വയം മുറിച്ചു കളയുന്ന അവസ്ഥ. അത്തരമൊരു മാനസികവൈകല്യം ബാധിച്ച ആളായുള്ള ഷിബുവിന്റെ പകർന്നാട്ടം പ്രശംസനീയം തന്നെയാണ്.
ഷിബു ഇഛംമഠം ബൂലോകം ടീവിയോട് സംസാരിക്കുന്നു. ഇന്റർവ്യൂ ചെയ്തത് രാജേഷ് ശിവ
നാടക ജീവിതം
ഏതാണ്ട് ഇരുപതു വർഷത്തോളമായി ഞാൻ നാടകങ്ങൾ ചെയുന്നു. അമച്വർ നാടകങ്ങൾ, മത്സര നാടകങ്ങൾ ഒക്കെയാണ് ആദ്യകാലങ്ങളിൽ ചെയ്തത്. 1989 -90 കാലഘട്ടങ്ങളിൽ ആയിരുന്നു കേരളത്തിൽ മത്സര നാടകങ്ങൾ ഏറ്റവുമധികം നിറഞ്ഞു നിന്നത്. ആ കാലഘട്ടത്തിൽ ആണ് ഞാൻ മത്സരനാടകങ്ങളുമായി രംഗത്തുവരുന്നത്. കേരളത്തിൽ അങ്ങോളമിങ്ങോളം ഒരുപാട് നാടകമത്സരങ്ങളിൽ
അനവധി പ്രൊഫണൽ നാടകങ്ങൾ എഴുതിയിട്ടുണ്ട്. കോട്ടയം നാഷണൽ, കൊല്ലം യൂണിവേഴ്സൽ, ചേർത്തല രംഗരമ …തുടങ്ങിയ സമിതികളിൽ പ്രൊഫഷണൽ നാടകങ്ങൾ എഴുതി രണ്ടുമൂന്നുവര്ഷം രംഗത്ത് നിന്നിരുന്നു.
ഒറ്റയാൾ നാടകങ്ങൾ എന്ന സങ്കേതത്തിലേക്കുള്ള വഴി
കച്ചവട-പ്രൊഫണൽ നാടകങ്ങൾ എനിക്ക് പറ്റിയ തട്ടകം അല്ലെന്നു തോന്നിയപ്പോൾ തനതു നാടക സങ്കേതത്തിൽ നിലനിൽക്കുകയും പിന്നീട് ഞാൻ എന്റേതായ നാടക സങ്കേതങ്ങൾ കണ്ടെത്താൻ ശ്രമിക്കുകയും ചെയ്തു. മഞ്ജുളൻ എന്ന നടൻ ഒറ്റയ്ക്ക് എണ്ണായിരത്തോളം വേദികളിൽ ഏകാംഗ നാടകം അവതരിപ്പിക്കുന്നു എന്നറിഞ്ഞു. ‘കൂനൻ’ എന്ന ഒരു നാടകമായിരുന്നു. അതിനെ കുറിച്ചറിഞ്ഞ ഞാൻ അത് കണ്ടപ്പോൾ ഭയങ്കര ഇഷ്ടമായി. ആയിടയ്ക്ക് ടീവിയിൽ ഒരു കലാകാരൻ ഒറ്റയ്ക്കൊരു നാടകം കളിച്ചു. അതും എനിക്ക് വളരെ ഇഷ്ടപ്പെട്ടു. ഈ രണ്ടു നാടകങ്ങളാണ് ഏകാംഗനാടകങ്ങൾ ആയി ആദ്യം ഞാൻ കാണുന്നത്. അപ്പോൾ ഒറ്റയ്ക്ക് നാടകം ചെയ്യാം, ജനങ്ങളെ പിടിച്ചിരുത്താം എന്നെനിക്കു ബോധ്യപ്പെട്ടു. എങ്കിൽ എന്തുകൊണ്ട് അങ്ങനെയൊരു സങ്കേതത്തിൽ എത്തിക്കൂടാ എന്ന് ഞാൻ ചിന്തിച്ചു.
അങ്ങനെയാണ് ‘വർണ്ണക്കുട’ എന്ന ഒറ്റയാൾ നാടകം ഞാൻ അവതരിപ്പിച്ചത്. നമ്മുടെ കണ്മുന്നിൽ കാണുന്ന പലതും , പല കള്ളത്തരങ്ങളും വർണ്ണക്കുടകളിൽ നാം പൊതിഞ്ഞു വച്ചിരിക്കുന്ന ആ ആശയത്തെ പ്രതിഫലിപ്പിക്കാൻ സാധിച്ചു . അതായതു മനുഷ്യന്റെ ഉള്ളിലുള്ളത് പുറത്തു കാണിക്കാതെ വർണ്ണക്കുടകൾ കൊണ്ട് മുഖം മറയ്ക്കുകയാണ് ..എല്ലാരും കള്ളന്മാരാണ് എന്നൊക്കെയുള്ള ഒരു ആശയം.
ഷിബുവിന്റെ വിഖ്യാതമായ ആരാച്ചാർ
‘വർണ്ണകുട’യുടെ വിജയത്തിന് ശേഷമാണ് ‘ആരാച്ചാർ ‘ അവതരിപ്പിച്ചു തുടങ്ങുന്നത്. കെ ആർ മീരയുടെ ആരാച്ചാർ എന്ന നോവലിന് വളരെ പ്രചാരം കിട്ടിയ സമയത്തു ആണിത് തുടങ്ങുന്നത്. എന്നാൽ മീരയുടെ ആരാച്ചാരുമായി ഇതിനൊരു ബന്ധവും ഇല്ല. ഫ്രീമെൻ എന്ന പഴയകാല മാസികയിൽ ഒരു ആരാച്ചാരെ ഇന്റർവ്യൂ ചെയ്ത ലേഖനം പ്രസിദ്ധീകരിച്ച ഒരു പേപ്പർ ഞാൻ കാണുകയുണ്ടായി. ആ പേപ്പർ കട്ടിംഗിൽ നിന്നും ഒരു കഥാപാത്രത്തെ ഉൾക്കൊണ്ടിട്ടു ഞാൻ എന്റെ ഭാഷയിൽ എഴുതി അതിനു നാടകരൂപം നൽകുകയായിരുന്നു. അതൊരു വലിയ വിജയം ആയിരുന്നു.
ഞാൻ അക്കാദമിയിൽ ഈ നാടകം കളിക്കുമ്പോൾ അടുത്തൊരു വേദിയിൽ ഉണ്ടായിരുന്ന കെ ആർ മീര, ഒരു പയ്യൻ ആരാച്ചാർ എന്ന നാടകം കളിക്കുന്നു എന്നറിഞ്ഞപ്പോൾ വന്നുകാണുകയും ആസ്വദിക്കുകയും പ്രശംസിക്കുകയും ഒക്കെ ചെയ്തു. അത് സോഷ്യൽ മീഡിയയിൽ വലിയ വാർത്തയായി. എന്റെ നാടകത്തിനും ഒരു വാർത്തയായി. അതോടൊപ്പം എനിക്ക് ഒരുപാട് വേദികൾ കിട്ടുകയും ചെയ്തു. സോഷ്യൽ മീഡിയ വഴിയാണ് ഏറ്റവും കൂടുതൽ വേദികൾ കിട്ടിയത്.
ഏതാണ്ട് 466 വേദികളിൽ ആരാച്ചാർ എനിക്ക് അവതരിപ്പിക്കാൻ സാധിച്ചു. അതിന്റെ പിൻബലത്തിൽ ആണ് മഴവിൽ മനോരമയിലെ തട്ടീംമുട്ടീം എന്ന പരിപാടിയിൽ എനിക്ക് നല്ലൊരു കഥാപാത്രം അഭിനയിക്കാൻ സാധിച്ചതും ഇപ്പോഴും അതിൽ തുടർന്ന് വരുന്നതും. കുറെ സീരിയലുകളിൽ അഭിനയിക്കാൻ പറ്റി . ഇപ്പോൾ കുറെ ചെറു സിനിമകൾ ചെയ്യുന്നുണ്ട്. അങ്ങനെയൊക്കെയാണ് എന്റെ കലാപ്രവർത്തനങ്ങൾ . ഇപ്പോൾ ഒരു ദൃശ്യ മീഡിയയിൽ കുറച്ചു സിനിമകൾ ചെയ്തുവരുന്നു. ഇപ്പോൾ എന്റെയൊരു പേര് ഉയർത്തിപ്പിടിക്കാൻ പറ്റുമെന്ന് തോന്നുന്നുണ്ട്.
സ്കെച്ചിന് വോട്ട് ചെയ്യാൻ
ഈ ചിത്രത്തിൽ ക്ലിക്ക് ചെയ്യുക
ബൂലോകം ടീവി ഷോർട്ട് മൂവി കോണ്ടസ്റ്റിൽ മത്സരിക്കുന്ന ‘സ്കെച്ച്’ എന്ന ഷോർട്ട് മൂവിയെ കുറിച്ച്
ഇപ്പോൾ ചെയ്തൊരു ഷോർട്ട് മൂവിയാണ് ‘സ്കെച്ച്’. വളരെ ശ്രദ്ധിക്കപ്പെട്ട ഒരു സിനിമയാണ്. അതിൽ ഞാൻ മാത്രമേ കഥാപാത്രം ആയി ഉള്ളൂ. ഒരു സീറോ ബഡ്ജറ്റ് ഷോർട്ട് ഫിലിം ആണ്. അതിൽ അവതരിപ്പിച്ച ‘BIID’ (body integrity identity disorder ) എന്ന രോഗാവസ്ഥ ഉണ്ട് എന്ന് ആർക്കും അറിയില്ല. അത് വിദേശത്തൊക്കെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്, അതിന്റെ തെളിവുകളും ഉണ്ട്. അതെ കുറിച്ച് വാർത്തകളിലും മറ്റും വന്ന കുറച്ചുകാര്യങ്ങൾ വച്ചിട്ടാണ് നമുക്ക് തീം കിട്ടുന്നത്. എല്ലാരും വളരെ ഇഷ്ടത്തോടെ സ്വീകരിച്ചു. ആരും കേട്ടറിവ് പോലും ഇല്ലാത്തൊരു പ്രമേയത്തെയാണ് നമ്മൾ അവതരിപ്പിച്ചത്. ഇങ്ങനെയുള്ള ആയുധങ്ങൾ എടുക്കുന്നവർക്കും കൈകാര്യം ചെയ്യുന്നവർക്കും ആ രോഗാവസ്ഥ ഉണ്ടാകാം എന്ന ഒരു സംഭവവും കൂടിയാണ് നമ്മൾ ഇതിൽ മെസ്സേജ് ചെയുന്നത്. ഉണ്ണികൃഷ്ണൻ എന്ന ഒരു പയ്യന്റെ സ്ക്രിപ്റ്റ് ആണ്. കഥയും സംവിധാനവും എല്ലാം അവനാണ്.
സ്കെച്ചിൽ മെഡിക്കൽ കാര്യങ്ങൾ കൂടി ഉൾപ്പെടുത്തിയതിന് കാരണമുണ്ടായിരുന്നു. കാരണം ആളുകൾ ഈ ഒരു പ്രമേയം വിശ്വസിച്ചു എന്ന് വരില്ല. ഇങ്ങനെയൊരു അവസ്ഥ ഉണ്ടെന്നു ഡോക്ടേഴ്സ് പറയുമ്പോൾ അതിനു ആധികാരികത ഉണ്ടാകുന്നു. അതുകൊണ്ടാണ് ആ സീനുകൾ ചേർത്തത്. മീഡിയ സിറ്റി ഷോർട്ട് മൂവി ഫെസ്റ്റിവലിൽ സ്കെച്ചിന് പ്രത്യേക ജൂറി പുരസ്കാരം ഉണ്ടായിരുന്നു. അതിനു മാത്രമേ അവാർഡിന് അയച്ചിട്ടുണ്ടായിരുന്നുള്ളൂ. ഇതുവരെ എല്ലാം കൂടി പത്തുപതിനഞ്ചു ഷോർട്ട് ഫിലിമിൽ അഭിനയിച്ചിട്ടുണ്ട്.
സിനിമാ ജീവിതം
കൊസ്രാക്കൊള്ളികൾ എന്ന സിനിമ ചെയ്തു അത് റിലീസ് ആകുകയും ചെയ്തു. ‘നിങ്ങൾ കാമറാ നിരീക്ഷണത്തിലാണ് ‘ എന്ന സിനിമയിൽ അഭിനയിച്ചു . അതും റിലീസ് ആയ ചിത്രമാണ്. വരാനിരിക്കുന്ന സിനിമ ‘സ്വപ്ന സുന്ദരി’ . ഡോകട്ർ അജിത്കുമാർ അഭിനയിക്കുന്ന സിനിമ. അത് ഉടനെ റിലീസ് ആകും. അതിൽ നല്ലൊരു വേഷമാണ് ഞാൻ ചെയ്തിരിക്കുന്നത്. ആ സിനിമ എനിക്ക് വലിയൊരു ബ്രേക്ക് ആകും എന്ന് പ്രതീക്ഷിക്കുന്നു. പിന്നെ കൊല്ലവർഷം 1975 എന്ന മൂവി, അതൊരു പഴയകാല ചരിത്രം പറയുന്നൊരു സിനിമയാണ്. അതിലും നല്ലൊരു കാരക്റ്റർ ചെയ്യുന്നുണ്ട്. പകുതി ഷൂട്ട് കഴിഞ്ഞു, കോവിഡ് കാരണം താത്കാലികമായി മുടങ്ങിയിരിക്കുകയാണ്. നിലവിൽ രണ്ടുമൂന്നു സിനിമകൾ ഉണ്ട്. നിപ എന്ന സിനിമയിൽ അഭിനയിച്ചു. അതും റിലീസ് ആകാൻ നിൽക്കുന്നു. ‘ഇച്ചായന്റെ കുഞ്ഞി’ എന്ന സിനിമയിൽ അഭിനയിച്ചു.
സ്കെച്ചിന് വോട്ട് ചെയ്യാൻ
ഈ ചിത്രത്തിൽ ക്ലിക്ക് ചെയ്യുക
ഏകാംഗനാടകം അഥവാ ഒറ്റയാൾ നാടകങ്ങളിൽ വൈവിധ്യ-വൈരുധ്യങ്ങളായ കഥാപാത്രങ്ങളെ ഒരേ സമയം അവതരിപ്പിക്കുമ്പോൾ ഉള്ള പകർന്നാട്ടങ്ങൾ എങ്ങനെയെന്ന് ഷിബു പറയുന്നു
നമ്മൾ കാണുന്ന കഥാപാത്രങ്ങളെ എല്ലാരേയും നിരീക്ഷിക്കാറുണ്ട്. ഓരോ കഥാപാത്രങ്ങളുടേയും രൂപവും ഭാവവും സ്വഭാവവും ശരിക്കും മനസിലാക്കാൻ ശ്രമിക്കാറുണ്ട്. ആരെക്കണ്ടാലും അയാളുടെ രീതികൾ നമ്മുടെ മനസ്സിൽ ഉണ്ടാകും. കാരക്റ്ററുകൾ കൈകാര്യം ചെയ്യേണ്ടിവരുമ്പോൾ അവരുടെ മാനറിസങ്ങളിലൂടെ നമ്മൾ അവതരിപ്പിക്കുന്നു. ഒറ്റയ്ക്ക് ചെയ്യുമ്പോഴും കഥാപാത്രങ്ങൾക്ക് പ്രത്യേകം മാനറിസങ്ങൾ കൊടുക്കാൻ നമ്മൾ ശ്രദ്ധിക്കും. എന്നാൽ മാത്രമേ കഥാപാത്രങ്ങൾ തമ്മിലുള്ള വ്യത്യസ്തത തിരിച്ചറിയാൻ സാധിക്കുകയുള്ളൂ.
(ഷിബുവിന്റെ ‘ആരാച്ചാർ ‘ ചോദ്യകർത്താവായ ഞാനും കണ്ടിട്ടുളളതാണ്. മൂന്നു വേദികളിൽ ഇരുന്നു കാണാനുള്ള ഭാഗ്യമുണ്ടായി. ഷിബു ഇഛംമഠം എന്ന കലാകാരന്റെ റെയിഞ്ച് മനസിലാക്കാൻ കഴിഞ്ഞ ആ നിമിഷങ്ങളെ ഇന്നും ഓർക്കുന്നു )
അഭിനയവും എഴുത്തും അല്ലാതെ ….
എനിക്ക് സംവിധാനം ചെയ്യാൻ വലിയ താത്പര്യമുണ്ട്. ഭാവിയിൽ ഒരു സിനിമയൊക്കെ സംവിധാനം ചെയ്യണം എന്ന ആഗ്രഹമുണ്ട്. വലിയ വലിയ ആഗ്രഹങ്ങൾ ഉണ്ടെങ്കിൽ അല്ലെ ചെറുതൊക്കെ നടക്കുകയുള്ളൂ. എന്റെയൊരു സിനിമാസങ്കേതം വരുന്നൊരു കാലത്തെ ഞാൻ സ്വപ്നം കാണാറുണ്ട്. അത് വരുമെന്ന പ്രതീക്ഷയാണ് എനിക്ക്.
കുടുംബം
കുടുംബം എന്ന് പറയുമ്പോൾ അമ്മയുണ്ട്, പിന്നെ ഭാര്യ സിനി , മകൻ കിട്ടു എന്ന ഹരികൃഷ്ണൻ.
2,566 total views, 4 views today