‘തണലി’ന്റെ സ്നേഹവും കരുതലുമായി സുധീഷ് ശിവശങ്കരൻ എന്ന നവാഗത പ്രതിഭ

0
906

 

സുധീഷ് ശിവശങ്കരൻ

സുധീഷ് ശിവശങ്കരൻ ഒരു സാധാരണ കലാകാരൻ അല്ല. തന്റെ ആദ്യത്തെ ഷോർട്ട് ഫിലിമിലൂടെ നിരവധി അംഗീകാരങ്ങൾ നേടിയ ടാലന്റുള്ള ഒരു പ്രതിഭയാണ് . പരിസ്ഥിതിയെയും മൃഗസ്നേഹത്തെയും ബന്ധിപ്പിച്ചുകൊണ്ടുള്ള ‘ഷെയ്ഡ് ‘ ( Shade) എന്ന ഷോർട്ട് ഫിലിം മനസിനെ സ്പർശിക്കുന്ന ഒന്നാണ്.

തൃശ്ശൂർ അവിണിശ്ശേരി പഞ്ചായത്തിലെ വള്ളിശ്ശേരി ഗ്രാമത്തിൽ ജനിച്ച സുധീഷ് ചെറുപ്പം മുതൽ സിനിമാമോഹവുമായി നടന്ന വ്യക്തിയാണ്. അനവധി അംഗീകാരങ്ങൾ നേടിയ ‘ഷെയ്ഡ്’ ജനപ്രീതിയിലും മികച്ചു നിൽക്കുകയാണ്. ഇപ്പോൾ മെഡിക്കൽ റെപ്രസെന്റേറ്റിവ് ആയി ജോലി ചെയുന്ന സുധീഷിനെ നമുക്ക് പരിചയപ്പെടാം. ബൂലോകത്തിനു വേണ്ടി ഇന്റർവ്യൂ ചെയുന്നത് രാജേഷ് ശിവ.

ചോദ്യം : സുധീഷിന്റെ ‘ഷെയ്ഡ്’ എന്ന ഷോർട്ട് ഫിലിം ഞാൻ കണ്ടിരുന്നു. തീർച്ചയായും മനസിനെ സ്പർശിക്കുന്ന ഒന്ന്, എന്നാൽ ആശയ സമ്പുഷ്ടവും, പരിസ്ഥിതി സ്നേഹം ഒരു പ്രഹസനമായ ഈ കാലഘട്ടത്തിൽ ‘ഷെയ്ഡി’നെ എങ്ങനെ കാണുന്നു ?

ഉത്തരം : മൃഗങ്ങളെ വളരെയധികം ഉപദ്രവിക്കുന്ന ഒരു കാലഘട്ടമാണ് കടന്നുപോകുന്നത്. അപ്പോൾ ഒരു മൃഗത്തെ തന്നെ വച്ച് തന്നെ പരിസ്ഥിതി പോലുള്ള ഒരു ആശയവുമായി കൂട്ടിയിണക്കി ചെയ്തു . മനുഷ്യർക്ക് പ്രകൃതിയോട് ഒരു ഉത്തരവാദിത്തം ഉണ്ട്. ഒരു മരം മുറിക്കേണ്ടിവന്നാൽ മറ്റൊരു മരം വച്ചുപിടിപ്പിക്കണം . ഇവിടെ തന്നെ ഒരാൾ ലാളിച്ചുവളർത്തുന്ന നായ അയാൾ പോയപ്പോൾ അയാൾ ചെയ്ത പ്രവർത്തി തന്നെ അനുകരിക്കുകയാണ്. മൃഗങ്ങൾക്കും പ്രകൃതിയോട് ഒരു കമ്മിറ്റ്മെന്റ്സ് ഉണ്ട്.

ചോദ്യം : അത്തരമൊരു പാരിസ്ഥിതികമായ ഒരു ആശയം വളരെ പഴകിയത് ആണെങ്കിൽ പോലും നാം എപ്പോഴും പറഞ്ഞുകൊണ്ട് ഇരിക്കേണ്ടതുണ്ട്. എങ്കിലും ആ വിഷയം തിരഞ്ഞെടുക്കുമ്പോൾ സ്വീകരിക്കപെടുമോ എന്ന ആശങ്ക ഉണ്ടായിരുന്നോ ? കാരണം, മരം മുറിക്കരുത് എന്ന് പറയുന്നതുപോലും ഒരു ക്ളീഷേ ആയി മാറിക്കഴിഞ്ഞ കാലത്തു .

ഉത്തരം : ചെറിയൊരു പേടി ഉണ്ടായിരുന്നു. കാരണം നമ്മൾ ഉപദേശം കൊടുക്കുന്ന ഒരു ഷോർട്ട് ഫിലിമിൽ നമ്മൾ തന്നെ ഒരു മരം മുറിക്കുന്നതായി കാണിക്കുമ്പോൾ അത് തെറ്റായ രീതിയിൽ വ്യാഖ്യാനിക്കപ്പെടും എന്ന് ഭയന്നിരുന്നു. എന്നാൽ അതിലൂടെ ഒരു ആശയം വ്യക്തമാക്കിയപ്പോൾ ആളുകൾ അത് മറന്നു എന്നുതന്നെ വിശ്വസിക്കുന്നു. നമുക്ക് വലിയൊരു ആശയം പറയാൻ അങ്ങനെ ചെയ്‌തെങ്കിലും , മുറിക്കാനിരുന്ന ഒരു കൊമ്പാണ് മുറിച്ചത്. മരംമുറിച്ചെങ്കിലും പകരം ഒരു മരം വച്ചു എന്ന രീതിയിലേക്ക് ആശയം മാറി, ഫിലിം കണ്ടവർക്ക് അത് മനസിലായിട്ടുണ്ടാകും. വച്ചുപിടിപ്പിച്ച ആ മരത്തെ ഒരു നായ തന്നെ പരിപാലിക്കുമ്പോൾ ആ ആശയം അവിടെ പ്രേക്ഷകർക്ക് മനസിലായി എന്ന് തന്നെ വിശ്വസിക്കുന്നു.

ചോദ്യം : പ്രേക്ഷകർ സ്വീകരിച്ച ഒരു ഷോർട്ട് ഫിലിം സംവിധായകനാണ് സുധീഷ്. പ്രേക്ഷകർ മാത്രമല്ല വളരെയധികം അംഗീകാരങ്ങളും ലഭിച്ചു എന്ന് അറിയുന്നു. ഏതൊക്കെ അംഗീകാരങ്ങളാണ് സുധീഷിനെ തേടിയെത്തിയത് ?

ഉത്തരം : ആദ്യത്തെ അംഗീകാരം എന്റെ നാട്ടിൽ നിന്നുതന്നെയാണ് കിട്ടിയത്. ഇതിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇറക്കിയപ്പോൾ തന്നെ പലരും ചോദിച്ചിരുന്നു, ഇതെന്താ സംഭവം എന്നൊക്കെ. ഞാൻ ഷൂട്ടിങ് ഒന്നും ആരെയും അറിയിച്ചിരുന്നില്ല. അഥവാ മോശമായാൽ കളിയാക്കുമോ എന്ന് ഭയന്ന്. റിലീസിംഗ് ദിവസം നാട്ടിലെ ചില പാർട്ടി സംഘടനകൾ ഒക്കെ മുന്നോട്ടുവന്നു. അതിന്റെ ഭാരവാഹികൾ വീട്ടിൽ വന്നു, ഇതാണല്ലേ അന്ന് ഷൂട്ട് ചെയ്ത സംഭവം എന്നൊക്കെ ചോദിച്ചു. അവരിൽ നിന്നും പ്രശംസകൾ ഏറെ കിട്ടി. പിന്നെ നാട്ടിലെ  നന്മ വള്ളിശ്ശേരി എന്ന സംഘടന, അവർ വീട്ടിൽ വന്നു അഭിനന്ദിച്ചു. ഇങ്ങനെ നാട്ടിൽ നിന്നും കിട്ടിയ പ്രചോദനം വളരെ വലുതായിരുന്നു.

പിന്നെ, ഫെസ്റ്റിവെലുകളിൽ അയച്ചിട്ടുണ്ടായിരുന്നു. ചെന്നൈയിൽ വച്ച് നടന്ന ഷോട്ട് ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യ , അതിലേക്കു ഞാൻ അയച്ചത് അതിന്റെ ഡെഡ് ലൈൻ സമയത്തായിരുന്നു. അതിൽ ബെസ്റ്റ് കോൺസപ്റ്റ് ഷോർട്ട് ഫിലിം ആയി ഷെയ്ഡ് തിരഞ്ഞെടുക്കപ്പെട്ടു. വിവിധ ഭാഷകളിലെ ഷോർട്ട് ഫിലിമുകൾ മത്സരത്തിനുണ്ടായിരുന്നു. അതിനോടൊക്കെ മത്സരിച്ചാണ് ഷെയ്‌ഡിന്‌ അംഗീകാരം കിട്ടിയതെന്ന് അതിന്റെ സംഘാടകർ അറിയിക്കുകയുണ്ടായി.

അതിനു ശേഷം കൊച്ചിൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവെല്ലിൽ ബേസ്ഡ് അവയർനെസ് ഷോർട്ട് ഫിലിം ആയി തിരഞ്ഞെടുക്കപ്പെട്ടു. അതെ ഫെസ്റ്റിവെല്ലിൽ തന്നെ മിച്ച ഷോർട്ട് ഫിലിമുകളിൽ സെക്കന്റ് ആയി വന്നു, ബെസ്റ് സിനിമാട്ടോഗ്രാഫർക്കുള്ള അംഗീകാരവും ലഭിച്ചു.

പിന്നീട്, ഇന്ത്യൻ ഇന്റർനാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ, അതിൽ ബെസ്റ്റ് സ്റ്റോറിക്കുള്ള അവാർഡ് കിട്ടി. അതിനു ശേഷം കൊൽക്കത്ത ഇന്ത്യ ഫിലിം ഫെസ്റ്റിവലിൽ , അതിലും ബെസ്റ്റ് സ്റ്റോറിക്കുള്ള അവാർഡ് ലഭിച്ചു. അടുത്തതായി,ഗോവ ഫിലിം ഫെസ്റ്റിവലിൽ ഒഫീഷ്യൽ സെലക്ഷൻ ലഭിച്ചതായി സംഘാടകർ അറിയിച്ചു. പോകുന്നിടത്തെല്ലാം ഒരു സ്ഥാനം ഉണ്ടെന്നാണ് ഞാൻ വിശ്വസിക്കുന്നത്.

ചോദ്യം : മുത്തശ്ശന്റെ ഓർമയിൽ നിന്നുകൊണ്ടാണ് കഥ എഴുതിയത് എന്ന് കേട്ടിരുന്നു, അതൊന്നു പറയാമോ ?

ഉത്തരം : എന്റെ അഞ്ചാംക്ലാസ് കാലത്തു നടന്ന ഒരു സംഭവം ആണ്. മുത്തച്ഛൻ (അമ്മയുടെ അച്ഛൻ ) ഒരു വൈദ്യരായിരുന്നു. വീട്ടിൽ പശുക്കൾ, ആട് …അങ്ങനെ മറ്റു മൃഗങ്ങളും ഉണ്ടായിരുന്നു. അദ്ദേഹം എവിടെ പോയാലും ഒരു നായക്കുട്ടിയെ കണ്ടാൽ എടുത്തുകൊണ്ടുവരും, അതിനെ ലാളിച്ചു വളർത്തും. അതിന്റെ കാലം കഴിയുമ്പോൾ അടുത്ത ഒരെണ്ണത്തിനെ കൊണ്ടുവന്നു വളർത്തും. അങ്ങനെയൊരു സ്വഭാവക്കാരനായിരുന്നു മുത്തച്ഛൻ. അതിൽ ഏറ്റവും പ്രിയം ടിപ്പു എന്ന നായയെ ആയിരുന്നു. മുത്തച്ഛൻ വൈദ്യശാലയിൽ പോകുമ്പോൾ അത് അനുഗമിക്കുകയും തിരിച്ചുവരികയും ഒക്കെ ചെയുന്ന ആ യാത്രകളുടെ ഒരു ഓര്മ എന്നിൽ ഉണ്ടായിരുന്നു. അങ്ങനെയിരിക്കെ ഞങ്ങളുടെ ഒരു വെക്കേഷൻ കാലത്തു ഒരു ദിവസം നായയെ കാണാനില്ല. മുത്തച്ഛൻ തനിയെ വരുന്നു. റോഡ് മുറിച്ചുകടന്നപ്പോൾ വാഹനം ഇടിച്ചു നായ മരിച്ചു . ആ സംഭവം ഞങ്ങളിൽ വലിയ ദുഖമുണ്ടാക്കി. ഓമനിച്ചു വളർത്തുന്ന ഒരു നായ നഷ്ടപ്പെട്ടാൽ ഉണ്ടാകുന്ന ദുഃഖം അന്നേ അറിഞ്ഞിരുന്നു. പിന്നീട്ട് നായയെ വളർത്താൻ ഞങ്ങൾ ശ്രമിച്ചില്ല. അത് ഇഷ്ടമില്ലാത്തതുകൊണ്ടല്ല, ഞങ്ങൾക്ക് ഇമോഷണലി ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകും എന്നതുകൊണ്ട്. പശുവിനെ വളർത്താനും വിഷമമാണ്, അതിനെ നാളെ ആർക്കെങ്കിലും കൊടുക്കേണ്ടി വന്നാലോ…

ഇതിന്റെ മറ്റൊരു വശം, ഒരു പെറ്റിനെ നമുക്ക് നഷ്ടപ്പെട്ടാൽ ഉണ്ടാകുന്ന വിഷമം നമുക്ക് മനസിലാകും, എന്നാൽ അതിനു നമ്മെ നഷ്ടപ്പെട്ടാൽ ഉണ്ടാകുന്ന വിഷമം നാം അറിയില്ല. ലാളിച്ചുവളർത്തിയ ഒരു മനുഷ്യൻ പെട്ടന്ന് ഇല്ലാതായി പോകുമ്പോൾ അവ അനാഥമാകുന്നു. അതിന്റെ ദുഃഖവും നമ്മൾ അറിയണം. ഷെയ്ഡിൽ ആ ആശയവും വരുന്നുണ്ട്.

ചോദ്യകർത്താവ് : തികച്ചും പ്രസക്തമായ ഒരു ചിന്തയാണ്. കാരണം നമ്മൾ ലാളിക്കുകയും ഓമനിക്കുകയും ചെയ്ത ഒരു പെറ്റ് നമുക്ക് നഷ്ടമായി എന്ന വിഷമം ആണ് നമുക്കുണ്ടാകുന്നത് . എന്നാൽ നമ്മെ നഷ്ടപ്പെട്ടാൽ അവരുടെ ചിന്തകൾ എന്താകും എന്ന് നമ്മൾ ചിന്തിക്കുന്നില്ല.

ഉത്തരം : അതെ , അങ്ങനെയൊരു ചിന്ത എനിക്കുണ്ടായതിന്റെ ഫലവുംകൂടിയാണ് ഈ ഷോർട്ട് ഫിലിം. രണ്ടുകുട്ടികൾ സൈക്കിൾ ചവിട്ടി പോകുന്നതു കാണിക്കുന്നുണ്ട്. അവരുടെ ബെല്ലടി ശബ്ദത്തെ പട്ടി ശ്രദ്ധിക്കുന്നു. തന്നെ ഓമനിച്ചു വളർത്തിയ മനുഷ്യന്റെ സൈക്കിൾ ബെല്ലടിയെ അതോർക്കുന്നുണ്ടാകും. ഇങ്ങനെ നമുക്ക് തുല്യമായ നിരവധി ഓർമ്മകൾ അവന്റെ ഉള്ളിലും പോകുന്നുണ്ട്. ഈ ഫിലിം കണ്ടിട്ട് പലരും കരഞ്ഞു എന്നൊക്കെ പറയുന്നു.

ചോദ്യകർത്താവ് : അതെ, തികച്ചും ഹൃദയത്തെ സ്പർശിക്കുന്ന സൃഷ്ടി തന്നെയാണ്. യഥാർത്ഥ കലയുടെ ഒരു ഒരു മഹത്വം നമ്മെ സ്പർശിക്കാനുള്ള അതിന്റെ കഴിവാണ് . ഈ സൃഷ്ടിയിലൂടെ അത് നിറവേറ്റപ്പെട്ടു എന്ന് അഭിമാനിക്കാം. ഒരു മെസേജ് എന്നതിലുപരി കലയുടെ സുന്ദരമായ ആവിഷ്കാരവുമാണ് കാണാൻ കഴിഞ്ഞത്.

ചോദ്യം : ഞാൻ കേട്ടിരുന്നു ഈ ഷോർട്ട് ഫിലിം തെന്നിന്ത്യയുടെ ഹാസ്യ സാമ്രാട്ട് ആയിരുന്ന വിവേകിൻന്റെ ഓർമയ്ക്ക് മുന്നിൽ സമർപ്പിച്ചു എന്ന്. തീർച്ചയായും നമ്മെ ഒരുപാടു ചിരിപ്പിച്ചു ഒടുവിൽ നാമേവരെയും കണ്ണീരിലാഴ്ത്തി കടന്നുപോയ ആ മഹാനായ കലാകാരന് മറ്റൊരു കലാകാരന് നൽകാവുന്ന ഏറ്റവും വലിയ സമർപ്പണം തന്നെയാണ് അവന്റെ സൃഷ്ടി. എന്തായിരുന്നു അതിനുള്ള പ്രചോദനം ? അതെ കുറിച്ച് ?

ഉത്തരം : നാമേവരും ആരാധിക്കുന്ന നമ്മുടെ രാഷ്ട്രപതിയായിരുന്ന എപിജെ അബ്ദുൾകലാം സാർ , അദ്ദേഹത്തിന്റെ ഏതൊരു പ്രസംഗത്തിലും മരം വച്ചു പിടിപ്പിക്കേണ്ടതിന്റെ ആവശ്യകത വളരെ പ്രാധാന്യത്തോടെ പറയുമായിരുന്നു. നാല്പതു വർഷത്തോളം തമിഴ് സിനിമാ ലോകത്ത് ഹാസ്യ സമ്രാട്ടായി നിറഞ്ഞു നിന്ന മഹാനായ കലാകാരനായിരുന്നല്ലോ വിവേക് .എനിക്ക് ഒരുപാട് ഇഷ്ടമുള്ള നടൻ. വിവേകിന് കാലാംസാറുമായി ഒരു ആത്മബന്ധമുണ്ടായിരുന്നു . കലാം അയ്യാ’ എന്നാണ് വിവേക് കലാം സാറിനെ സ്നേഹബഹുമാനങ്ങളോടെ അഭിസംബോധന ചെയ്തിരുന്നത് . തമിഴ്നാട്ടിലുടനീളം ഒരു കോടി മരങ്ങൾ നടണമെന്ന അബ്ദുൽ കലാമിന്റെ ഉപദേശം യാഥാർഥ്യമാക്കുന്നതിനുള്ള പരിശ്രമത്തിലായിരുന്നു വിവേക്. ഗ്രീൻ കലാം’പദ്ധതിയുടെ ഭാഗമായി 37 ലക്ഷത്തിലധികം മരങ്ങളാണ് വിവേകിന്റെ നേതൃത്വത്തിൽ തമിഴ്നാട്ടിലുടനീളം നട്ടത്.

എനിക്ക് ജോൺ മഹേന്ദ്ര എന്ന തമിഴിലെ ഒരു സംവിധായകൻ ആണ് വിവേക് സാറിന്റെ നമ്പർ തന്നത്. ജോൺ മഹേന്ദ്ര വിജയ്‌യെ വച്ച് Sachein (2005) എന്ന സിനിമയൊക്കെ ചെയ്ത വലിയ സംവിധായകനാണ്
പിന്നെ Aanivaer (2006), എന്ന സിനിമയും തെലുങ്കിൽ രണ്ടു സിനിമയും ചെയ്തിട്ടുണ്ട്. അദ്ദേഹം എന്റെ ഷോർട്ട് ഫിലിം കണ്ടിട്ട് ഫേസ്ബുക്കിൽ എന്നെ കോൺടാക്റ്റ് ചെയ്തിരുന്നു. അദ്ദേഹം എനിക്ക് വിവേകിന്റെ വൈഫ് അരുൾസെൽവി വിവേകിന്റെ നമ്പർ തന്നു, അങ്ങനെ ഞാൻ അവരെ വിളിച്ചു, കേരളത്തിൽ നിന്നാണ് വിളിക്കുന്നത് ഷെയ്ഡ് എന്ന ഷോർട്ട് ഫിലിം ചെയ്തിട്ടുണ്ട് എന്നൊക്കെ അറിയാവുന്ന തമിഴിൽ ഒക്കെ പറഞ്ഞു, അങ്ങനെ ഷെയ്ഡ് അവർ കാണുകയും നന്നായെന്ന് പ്രശംസിക്കുകയും ചെയ്തു.

ചോദ്യം : ഇന്ത്യയുടെ ‘ഫോറസ്റ്റ് മാൻ’ എന്ന അറിയപ്പെടുന്ന ജാദവ് പയെങ് സുധീഷിന്റെ ‘ഷെയ്ഡ് ‘ കണ്ടതായി അറിഞ്ഞു. അദ്ദേഹം മുന്നോട്ടു വയ്ക്കുന്ന തികച്ചും ഹരിതാഭയുള്ള ഒരു ആശയത്തെ തന്നെയാണ് സുധീഷും ഉയർത്തി പിടിക്കുന്നത്. അദ്ദേഹത്തിൽ നിന്നുള്ള പിന്തുണയെ കുറിച്ച് രണ്ടുവാക്ക്.

ഉത്തരം : ഈയൊരു സ്റ്റോറി ഞാൻ എഴുതി കഴിഞ്ഞപ്പോൾ തന്നെ  അദ്ദേഹവുമായി ബന്ധപ്പെടാനുള്ള ശ്രമങ്ങൾ സോഷ്യൽ മീഡിയയിൽ നടത്തിയിരുന്നു. അദ്ദേഹം മരങ്ങൾ വച്ചുപിടിക്കുന്നതിന്റെ അനവധി വീഡിയോസ് ഞാൻ കണ്ടിട്ട്ണ്ട്. ഷോർട്ട് ഫിലിമിന് വേണ്ടി മരങ്ങൾ വച്ചുപിടിപ്പിക്കുന്നതു എങ്ങനെ എന്നതിന്റെ ഒരു റഫറൻസ്‌ എനിക്കാവശ്യവുമായിരുന്നു. പക്ഷെ അദ്ദേഹത്തെ കോൺടാക്റ്റ് ചെയ്‌യുന്നത്‌ എങ്ങനെ എന്നതിന് ഒരു നിശ്ചയവും ഇല്ലായിരുന്നു. ഷോർട്ട് ഫിലിം റിലീസ് ചെയ്തതിനു ശേഷം ഞാൻ അദ്ദേഹത്തെ കോൺടാക്റ്റ് ചെയ്യാൻ ശക്തമായ ശ്രമങ്ങൾ നടത്തി. അങ്ങനെയാണ് അദ്ദേഹത്തിന്റെ മകൾ മുൻമുനി പയെങിനെ കോൺടാക്ട് ചെയ്യാൻ സാധിക്കുന്നത്. അങ്ങനെ ഞാൻ ഷെയ്ഡിനെ കുറിച്ച് അവരോടു പറഞ്ഞു.. അതുവഴി ജാദവ് പയെങ്ങുമായി സംസാരിക്കാനും സാധിച്ചു. അസമിലെ സ്വഗൃഹത്തിൽ അനാരോഗ്യം കാരണം വിശ്രമിക്കുകയായിരുന്നു അദ്ദേഹം. അദ്ദേഹവും മകൾ മുൻമുനിയും ‘ഷെയ്ഡ് ‘ കാണുകയും ‘അമേസിങ്’ എന്ന് അഭിപ്രായം അറിയിക്കുകയും ചെയ്തു. ഞാൻ ഷോർട്ട് ഫിലിമിൽ നന്ദി വച്ചിട്ടുള്ള ഒരാളായിരുന്നു ജാദവ് പയെങ്. അവരെയൊക്കെ എന്റെ വർക്ക് കാണിച്ചുകൊടുക്കാൻ സാധിച്ചു എന്നതിൽ ഒരുപാട് സന്തോഷമുണ്ട്.

കലാം സാറും വിവേക്‌സാറും ഇന്നില്ല, എങ്കിലും ഞാൻ നന്ദി വച്ച മൂന്നുപേരിൽ ഒരാളെ എങ്കിലും എനിക്ക് ‘ഷെയ്ഡ്’ കാണിക്കാൻ കഴിഞ്ഞു എന്നതിൽ സന്തോഷമുണ്ട്.

ചോദ്യം : ഈ ചിത്രത്തിന്റെ യൂട്യൂബ് റിലീസ് ഒക്കെ താരനിബിഢമായിരുന്നു എന്ന് അറിയാൻ കഴിഞ്ഞു. ഇങ്ങനെ നേരത്തെ തന്നെ അംഗീകരിക്കപ്പെട്ട പ്രശസ്ത കലാകാരന്മാരുടെ കൂടി പിന്തുണയും അംഗീകാരവും ഒരുപാടു ലഭിച്ചു എന്നും അറിയാൻ കഴിഞ്ഞു, സുധീഷിന് പറയാനുള്ളത് ?

ഉത്തരം : ഞാൻ ആദ്യം സെലിബ്രിറ്റിസിനെ ഒന്നും അറിയിച്ചിരുന്നില്ല. പോസ്റ്റർ ഇറക്കിയപ്പോൾ ചിലർ പറഞ്ഞു ഏതെങ്കിലും സെലിബ്രിറ്റീസിനെ കൊണ്ട് റിലീസ് ചെയ്താൽ നന്നായിരിക്കും എന്ന് .എന്റെ കൂടെ പ്രവർത്തിച്ചവർ തന്നെ എനിക്ക് ഉണ്ണിമുകുന്ദൻ , സെന്തിൽ കൃഷ്ണ ഇവരുടെയൊക്കെ നമ്പർ സംഘടിപ്പിച്ചുതന്നു. പിന്നെ എനിക്കിഷ്ടമുള്ള സംഗീത സംവിധായകരായ രതീഷ് വേഗ , രാഹുൽ രാജ് ഇവരുടെയൊക്കെ നമ്പറുകളും അങ്ങനെ തന്നെയാണ് കിട്ടിയത്. ഒരു ഡോഗിനെ വച്ച് ചെയ്തതാണ് എന്ന് പറഞ്ഞപ്പോൾ ഉണ്ണിമുകുന്ദനും നല്ല താത്പര്യമായി. പിന്നെ സംവിധായകൻ പ്രിയനന്ദൻ , അദ്ദേഹം എന്റെ നാട്ടുകാരൻ കൂടിയാണ്. അദ്ദേഹത്തെ ഞാൻ ഷോർട്ട് ഫിലിം കാണിച്ചുകൊടുത്തു. അദ്ദേഹം പറഞ്ഞത്, കോവിഡ് ഒന്നും ഇല്ലാതിരുന്നെങ്കിൽ കെട്ടിപ്പിടിച്ചു അഭിനന്ദിച്ചേനെ എന്നായിരുന്നു. ഈ ഷോർട്ട് ഫിലിം ഇപ്പോൾ ഇറക്കണ്ട , ഇതിനു അവാർഡുകൾ കിട്ടും എന്നിട്ടു റിലീസ് ചെയ്താൽ മതി എന്നും ആദ്ദേഹം അഭിപ്രായപ്പെട്ടു. പക്ഷെ ജൂൺ -5 ലോക പരിസ്ഥിതി ദിനത്തിന് ഇറക്കാൻ ആയിരുന്നു ഞാനിതു ചെയ്തത് തന്നെ . പല സംവിധായകർക്കും ഞാനിതു അയച്ചുകൊടുത്തിരുന്നു. ലാൽജോസ് സാർ കണ്ടിട്ടു നന്നായിട്ടുണ്ട് എന്ന് അഭിപ്രായം അറിയിച്ചു. അദ്ദേഹം എന്നെ വിളിക്കുകയും ഷെയ്ഡിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ടു അരമണിക്കൂറോളം സംസാരിക്കുകയും ചെയ്തു. അദ്ദേഹം അതിലെ ഓരോ കാര്യങ്ങളും എടുത്തെടുത്തു ചോദിക്കുകയുമുണ്ടായി. ലൊക്കേഷൻ വളരെ ഇഷ്ടപ്പെട്ടു എന്നും സാർ പറഞ്ഞു. അതെനിക്ക് വളരെ സന്തോഷമായി. പാടങ്ങളും മനോഹാരിതയും നിറഞ്ഞ വല്ലച്ചിറ എന്ന സ്ഥലമായിരുന്നു ലൊക്കേഷന് വേണ്ടി തിരഞ്ഞെടുത്തത്.

ഓരോ ഫ്രയിമുകളും ഇങ്ങനെയൊക്കെ വേണമെന്ന് ഞാൻ നേരത്തെ തീരുമാനിച്ചിരുന്നു. അങ്ങനെ അതൊക്കെ എഴുതിവയ്ക്കുകയും മൊബൈലിൽ ഫോട്ടോകൾ എടുക്കുകയും ചെയ്തു. ഫോട്ടോഷോപ്പിൽ എഡിറ്റ് ചെയ്തു സ്ക്രിപ്റ്റിന്റെ കൂടെ വയ്ക്കുകയും ചെയ്തു. കാമറാമാൻ  ചോദിച്ചു ഇത്രയൊക്കെ ഡീറ്റെയിൽസ് വേണോ, ഇത്ര പ്രിപ്പറേഷൻ വേണോ എന്നൊക്കെ . ചെയ്യുന്നത് പെർഫെക്ഷൻ വേണമെന്ന് എനിക്ക് നിർബന്ധം ഉണ്ടായിരുന്നു. രണ്ടുദിവസം കൊണ്ട് ഷൂട്ട് ചെയ്‌തെങ്കിലും തൃപ്തിയായിട്ടു തന്നെയാണ് എല്ലാം എടുത്തത്.

ചോദ്യം : ഷെയ്ഡിലെ കേന്ദ്രകഥാപാത്രം അർജുൻ എന്ന ലാബ്രഡോർ നായ ആണ്. മനുഷ്യനെ കൊണ്ട് അഭിനയിപ്പിക്കുന്ന പോലെ എളുപ്പമല്ല മൃഗങ്ങളെ നമ്മുടെ ആശയങ്ങൾക്ക് വേണ്ടി അഭിനയിപ്പിക്കുക എന്നത്. അത്തരമൊരു എക്സ്പീരിയൻസ് ഒന്ന് പങ്കുവയ്ക്കുമോ ?

ഉത്തരം : ഞാൻ ഒന്നരവർഷം മുൻപ് ഒരു നായക്ക് വേണ്ടിയുള്ള അന്വേഷണം തുടങ്ങിയിരുന്നു. പെർഫെക്ട് ആയ ഒരു നായ ഉണ്ടെങ്കിലേ ഈ ഷോർട്ട് ഫിലിം സഫലീകരിക്കപ്പെടുകയുള്ളൂ എന്ന് ഉറപ്പായിരുന്നു. ചുവന്ന നിറമൊക്കെയുള്ള ഒരു നാടൻ നായയെ ആണ് ഞാൻ ആദ്യം ഉദ്ദേശിച്ചത്. അപ്പോൾ പല ഡോഗ് ട്രെയിനേസും പറഞ്ഞു, അങ്ങനെ ഒരെണ്ണത്തിനെ കിട്ടിയാൽ തന്നെ നമ്മളതിനെ ഏറ്റുവാങ്ങി നാലഞ്ചുമാസം ട്രെയിൻ ചെയ്യിപ്പിക്കണം. സാധാരണഗതിയിൽ ഒരുകാര്യം ആയിരം തവണയെങ്കിലും പറഞ്ഞിട്ടാണ് ഒരു നായയെ പഠിപ്പിച്ചെടുക്കുന്നത്. ട്രെയിൻ ചെയ്യാൻ എളുപ്പമുള്ള ഒരു നായയാണ് ലാബ്രഡോർ. എന്നാൽ 25000 രൂപയൊക്കെയാണ് ഓരോരുത്തർ ചോദിച്ചത്. ആദ്യം എന്റെ കൈയിലുണ്ടായിരുന്ന ടോട്ടൽ ഫണ്ട് തന്നെ അത്രയുമായിരുന്നു. അങ്ങനെ ഈ പദ്ധതി ഉപേക്ഷിക്കേണ്ട ഒരവസ്ഥ വന്നു. നായയെ കിട്ടിയില്ലെങ്കിൽ പിന്നെ അത് ചിന്തിക്കാൻ ആകില്ലോ. എന്റെ ഒരു ക്ളോസ് ഫ്രണ്ടും ബന്ധുവുംകൂടിയായ പ്രദീക് ട്രെയ്നിങ് സെന്റർ നടത്തുന്ന ആൾ കൂടിയാണ്. ഞാൻ പുള്ളിയോട് കാര്യം അവതരിപ്പിച്ചു, അങ്ങനെയാണ് അർജുൻ എന്ന നായയെ കുറിച്ച് അറിഞ്ഞതും കാര്യങ്ങൾ എല്ലാം വേഗം വശമാക്കുന്ന അർജുനെ തന്നെ തീരുമാനിക്കുന്നതും . ആൾറെഡി ട്രെയിൻ ചെയ്തു കഴിഞ്ഞ നായ ആയതുകൊണ്ട് തന്നെ വർക്ക് വേഗം പൂർത്തിയാക്കാൻ സാധിക്കുകയും ചെയ്തു. ആ പൈപ്പ് കടിച്ചു പിടിച്ചു ചെടി നനയ്ക്കുന്ന സീൻ മാത്രമായിരുന്നു വലിയൊരു ടാസ്ക്. അതാകട്ടെ അവൻ ഭംഗിയായി ചെയുകയും ചെയ്തു.

അതിലെ നായകവേഷം ചെയ്ത കഥാപാത്രത്തിനും പട്ടിയുമായി ഒന്ന് ഇണങ്ങേണ്ടതുണ്ടായിരുന്നു . അദ്ദേഹത്തെ രണ്ടാഴ്ച മുന്നേ തന്നെ പട്ടിയെ കൊണ്ടുപോയി കാണിച്ചു. അദ്ദേഹം അർജുന് ബിസ്കറ്റ് ഒക്കെ നൽകി. അദ്ദേഹത്തിനും പട്ടിയെ പേടിയായിരുന്നു.  ഷൂട്ടിങ്ങിനിടയിൽ പുള്ളിക്കാരൻ പേടിച്ചുനിന്നാൽ നമുക്കും പ്രശ്നമാകും. അതുകൊണ്ടൊക്കെയാണ് നേരത്തെ ഒന്ന് അർജുനുമായി പരിചയപ്പെടുത്താൻ തീരുമാനിച്ചത്.

ചോദ്യം : കഥാപാത്രം ചെയ്ത ആളെകുറിച്ച്

ഉത്തരം : അദ്ദേഹത്തിന്റെ പേര് സജീവൻ എന്നാണു. ഒരു നാടകനടൻ ആണ്. പെയിന്റിങ് പണിക്കൊക്കെ പോയി ഉപജീവനം കഴിക്കുന്ന ആളാണ്. സംവിധായകൻ പ്രിയനന്ദനൊപ്പമൊക്കെ നാടകം ചെയ്തിട്ടുള്ള കലാകാരനാണ്. ഞാൻ അദ്ദേഹത്തോട് രണ്ടുകൊല്ലം മുമ്പുതന്നെ കഥ പറഞ്ഞുവെച്ചു. ചേട്ടനാണ് ആ കഥാപാത്രം ചെയ്യേണ്ടത് എന്നൊക്കെ പറഞ്ഞിരുന്നു. അദ്ദേഹം ഒരു അഭിനേതാവ് ആയതുകൊണ്ടുതന്നെ, എപ്പോൾ വേണമെങ്കിലും തീരുമാനിച്ചുകൊള്ളൂ ഞാൻ റെഡി എന്ന് വാക്കും തന്നിരുന്നു. ഇപ്പോൾ ഫിലിം അംഗീകരിക്കപ്പെട്ടപ്പോൾ ആൾക്ക് വലിയ സന്തോഷമായി.

ചോദ്യം : പരിസ്ഥിതി ദിനത്തെ മുൻനിർത്തി അഞ്ച് വർഷം മുമ്പ് കുട്ടികൾക്കായി രചിച്ച കുട്ടിക്കഥ പ്രസിദ്ധീകരിക്കാൻ സുധീഷ് പത്രം ഓഫീസുകളിൽ കയറിയിറങ്ങിയെന്നും ഒരുപക്ഷെ അത് അച്ചടിച്ച് വന്നിരുന്നു എങ്കിൽ ഇപ്പോൾ ഷെയ്ഡ് പിറക്കില്ലായിരുന്നു എന്നും വായിച്ചിരുന്നു. അതെന്താണ് അങ്ങനെയൊരു കാരണം ? രണ്ടും ഒരേ ആശയം ആയതുകൊണ്ടായിരുന്നോ ?

അതെ, അതായിരുന്നു കാരണം . ഞാൻ ആദ്യം ഉദ്ദേശിച്ചത് മുത്തശ്ശിമാവ് എന്ന കണ്സപ്റ്റിൽ ആയിരുന്നു. അത് സാധിക്കാത്തതുകൊണ്ടു ഒരാളെ അത്യാവശ്യം ദഹിപ്പിക്കാൻ മാത്രം വലിപ്പമുള്ള മാവിനെ മതിയെന്ന് വച്ചു. വെട്ടാൻ നിർത്തിയിരുന്ന ഒരു ചില്ല മാത്രമായിരുന്നു വെട്ടിയത്.

ചോദ്യം : ഇന്ന് ഷോർട്ട് ഫിലിമുകൾ ഒരുപാടു വരുന്നുണ്ട്, എണ്ണിയാൽ ഒടുങ്ങാത്ത അത്രയും. അനവധി യുവതീയുവാക്കൾ അതിലേക്കു കടന്നുവരുന്നു . സുധീഷിന്റെ ഉൾപ്പെടെയുള്ളവരുടെ പ്രാഥമിക ലക്‌ഷ്യം സിനിമയാണോ ? അതോ സിനിമയ്ക്ക് സമാന്തരമായോ അതിനും മേലെയോ ഈയൊരു മേഖലയെ ഉയർത്തുക എന്നതാണോ ?

ഉത്തരം : ഞാനൊരു അഞ്ചാറ് കഥകൾ എഴുതിവെച്ചിട്ടുണ്ട്. വഴിയിലൂടെ സഞ്ചരിക്കുമ്പോൾ ഒക്കെയാകും ഓരോ ആശയം വീണുകിട്ടുക. ഈ കഥകളിൽ തന്നെ ഒരെണ്ണം ഇൻഡിപെൻഡൻസ് ഡേയ്ക്കും ഒരെണ്ണം ചിൽഡ്രൻസ് ഡേയ്ക്കും പറ്റിയതും. ഇത്തരത്തിൽ ചെറുത്  ചെയ്തിട്ട് വലിയ ലക്ഷ്യങ്ങളിലേക്കു പോകണം എന്നതാണ്. എനിക്ക് വിഷ്വൽസ് ഒക്കെ എടുക്കാൻ വലിയ ഇഷ്ടമാണ്. എന്റെ ഷോർട് ഫിലിമിൽ സൈക്കിൾ പോകുന്ന കുട്ടികൾ എന്റെ ചേട്ടന്റെ മക്കളാണ്. അവരെ വച്ച് ഞാൻ ചില ഷോർട്ട് ഫിലിം പോലെയൊക്കെ ഷൂട്ട് ചെയ്യാറുണ്ട്. ഓരോ തീം യുട്യൂബിൽ ഒക്കെ കണ്ടിട്ട് അവരെ കൊണ്ട് അതുപോലെ അഭിനയിപ്പിക്കും. നടൻ പൃഥ്വിരാജ് പറഞ്ഞതുപോലെ, നിങ്ങള്ക്ക് തന്നെ ഒരു സിനിമയെടുക്കാനുള്ള എല്ലാ ഘടകങ്ങളും ഉണ്ട് ഒരു മൊബൈൽ ഫോൺ കൊണ്ടുതന്നെ ഷൂട്ട് ചെയ്തു പഠിക്കാം. കലാം സാറിന്റെ ഒരു സന്ദേശം ആണ് ഞാൻ ഇഷ്ടപ്പെടുന്നത്, ‘മനസ്സിൽ ഒരു ആഗ്രഹം ഉണ്ടെങ്കിൽ അത് പറഞ്ഞുനടക്കാതെ ചെയ്തുകാണിക്കുക’ . ഞാൻ  അതാണ് ഫോളോ ചെയ്യാൻ ആഗ്രഹിക്കുന്നത്.

ചോദ്യം : അടുത്ത പ്രോജക്റ്റുകൾ എന്തെല്ലാമാണ് ? പ്രത്യകിച്ചു ആദ്യത്തേത് അംഗീകാരങ്ങൾ നേടുമ്പോൾ അടുത്ത വർക്ക് അതുക്കുംമേലെ പോകണം എന്നൊരു ഒരു വെല്ലുവിളി ആയി തോന്നുന്നുണ്ടോ ?

ഉത്തരം : തീർച്ചയായും .. അടുത്ത വർക്ക് കാണുന്നവർ ഇതിനെ കമ്പയർ ചെയ്തു പറയുമെന്ന് ഉറപ്പാണ്. കാത്തിരുന്ന് ചെയ്യുന്ന സാധനം ആയതുകൊണ്ട് പലരും ആദ്യ വർക്കിൽ ആകും കൂടുതൽ എഫർട്ട് എടുക്കുന്നുണ്ടാകുക. ഒരു കഥയെഴുതിയതിനെ എങ്ങനെ വിഷ്വലൈസ് ചെയ്യാൻ കഴിയും എന്നൊരു കോൺഫിഡൻസ് ഒക്കെയുണ്ട്. ആദ്യ വർക്കിനെ കുറിച്ച് ഒരുപാട് ടെൻഷൻ ഉണ്ടായിരുന്നു. ഉദ്ദേശിച്ച കഥ തന്നെ വിഷ്വലൈസ് ചെയുമ്പോൾ ആകുമോ .. സംഗീതം മാച്ചാകുമോ… ഇങ്ങനെ പലവിധ ടെൻഷനുകൾ.

ചോദ്യം : ബൂലോകം ഇപ്പോൾ നടത്തുന്ന ഈ ഷോർട്ട് ഫിലിം കോണ്ടസ്റ്റിനെ എങ്ങനെ കാണുന്നു ? എന്താണ് താങ്കളുടെ അഭിപ്രായം ?

ഉത്തരം : തീർച്ചയായും പ്രോത്സാഹനം തന്നെ.. എൻട്രി ഫീസ് ഒന്നും ഇല്ലാതെ മത്സരത്തിൽ പങ്കെടുക്കാം അതുകൊണ്ടുതന്നെയാണ് എന്നെപോലുള്ളവർക്കും അയക്കാൻ സാധിച്ചത്. തീർച്ചയായും നല്ലൊരു പ്രോത്സാഹനം തന്നെ. ബൂലോകത്തിന്റെ ജെയിംസ് ചേട്ടനെയും ഞാൻ ഷോർട്ട് ഫിലിം കാണിച്ചിരുന്നു. അദ്ദേഹത്തിനും വളരെ ഇഷ്ടമായി.

ചോദ്യം : ഇപ്പോൾ ബൂലോകം ടീവി ഷോർട്ട് ഫിലിമിനായി ഒരു പ്ലാറ്റ് ഫോം ഒരുക്കുകയാണ്. അനവധി ഷോർട്ട് ഫിലിമുകൾ ഒരു കുടക്കീഴിൽ ലഭിക്കുന്ന ആദ്യത്തെ പ്രവർത്തനം ആണ് ബൂലോകത്തിൻറെത് . എങ്ങനെ കാണുന്നു സുധീഷ് ഈ പ്രവർത്തനങ്ങളെ ?

ഉത്തരം : ഷോർട്ട് ഫിലിമിന് മാത്രമായൊരു വേദി ഗുണം ചെയ്യും എന്നുതന്നെയാണ് വിശ്വാസം . കേരളത്തിൽ അങ്ങനെയൊരു നീക്കം മറ്റാരെങ്കിലും നടത്തിയിട്ടുണ്ടോ എന്നറിയില്ല.

ചോദ്യം : ഒരു സംവിധായകൻ എന്ന നിലയിൽ സുധീഷ് മുന്നോട്ടു വച്ച ആദ്യത്തെ ആശയം സ്വീകരിക്കപ്പെട്ടു, തുടരുന്നു സാമൂഹികമായ ആശയങ്ങൾ തന്നെയാണോ ? അതായതു ഒരു സന്ദേശം സമൂഹത്തിനു മുന്നിൽ വയ്ക്കുന്നത്. ?

ഉത്തരം : എന്തെഴുതിയാലും അതൊരു അവെയർനെസ് എന്ന രീതിയിൽ ആകുമ്പോൾ അത് കലയിലൂടെ അംഗീകരിക്കപ്പെടണം എന്ന് തന്നെയാണ് ആഗ്രഹം. ഒരു സൃഷ്ട്ടി മെസേജ് കൊണ്ടുമാത്രമല്ല മറ്റു രീതികളിലും അംഗീകരിക്കപ്പെടണം . എല്ലാ വശവും പൂർണ്ണമെങ്കിൽ മാത്രമേ പെർഫെക്ഷൻ ഉണ്ടാകുകയുള്ളൂ. സിനിമയിൽ പാട്ടുകൾ ബിസിനസ് മൈൻഡിൽ ഇറക്കുന്നു എങ്കിൽ പോലും അതിലെ കലയാണ് നമ്മെ സ്പർശിക്കുന്നത്.

ചോദ്യം : ഗോളടിച്ച കളിക്കാരന്റെ കാലിലേക്ക് പന്ത് എത്തിക്കുന്ന കളിക്കാർക്കും വിജയത്തിൽ പങ്കുണ്ടല്ലോ. എന്നതുപോലെ അംഗീകരിക്കപ്പെട്ട സൃഷ്ടിയുടെ പിന്നിൽ പ്രവർത്തിച്ചവരെ കൂടി പരിചയപ്പെടുത്തുക

ഉത്തരം : കൂടെനിന്നവരുടെ സഹായം ഒരുപാടുണ്ടായിരുന്നു. ഇതിന്റെ സിനിമാട്ടോഗ്രഫി ചെയ്തിരിക്കുന്നത് അജയ് ടി എ ആണ് . എഡിറ്റർ ആയി വർക്ക് ചെയ്തത് ഫ്രാങ്ക്‌ളിൻ . സംഗീതം ചെയ്തത് വിഷ്ണുദാസ് ആണ്. സൗണ്ട് ഡിസൈൻ ആൻഡ് മിക്സിങ് – ശ്രീജിത്ത് ശ്രീനിവാസൻ ആണ്. ചീഫ് അസോസിയേറ്റ് ഡയറക്ടർ ഷൈൻ മോഹൻ ആണ്. DI കളറിസ്റ്റ് – ഇജാസ് നൗഷാദ് . അസിസ്റ്റന്റ് ഡയറക്ടർ കിരൺ , ക്രിയേറ്റിവ് ഡയറക്ടർമാർ – സജീഷ് , സനൂപ് , സന്ദീപ് . അതുപോലെ ആർട്ട് വർക്ക് ചെയ്തത് – കൃഷ്ണൻ ,ബാബു, നിതീഷ് .(ഇവർ എന്നെ മരംവയ്ക്കാനൊക്കെ സഹായിച്ചു ) അതുപോലെ തന്നെ നായയെ ട്രെയിൻ ചെയ്ത പ്രതീക് പ്രേംകുമാറിനോട് എനിക്ക് വലിയ കടപ്പാട് ആണുള്ളത്. പ്രതീക് ഇല്ലായിരുന്നെങ്കിൽ എനിക്കിതു ചെയ്യാനേ സാധിക്കില്ലായിരുന്നു. .പിന്നെ വാഹനം എത്തിച്ചു തന്നവർ ..അങ്ങനെ കുറെ പേരോട് വാക്കുകൾക്കപ്പുറത്തെ നന്ദിയും കടപ്പാടും ഉണ്ട് .

എന്താണ് വായനക്കാരോട് പറയാനുള്ളത് ?

എല്ലാര്ക്കും ഓരോ കഴിവുകൾ ഉണ്ട് എന്നത് നമ്മൾ കേട്ടുപഴകിയ വാചകമാണ്. ഒരാൾക്ക് ഒരു കഴിവുണ്ടെങ്കിൽ അത് പുറത്തുകൊണ്ടുവരാൻ പ്രയത്നിക്കണം. എനിക്ക് പാടാൻ കഴിവുണ്ടെങ്കിൽ നാലുപേർ അംഗീകരിച്ചാൽ അല്ലെ അതിനു പ്രസക്തിയുള്ളൂ. നമ്മുടെ കഴിവുകളിൽ വിശ്വാസമുണ്ടായാലേ അതിനുവേണ്ടി തുനിഞ്ഞിറങ്ങിപുറപ്പെടാൻ നമുക്ക് സാധിക്കൂ. പണം ആരും നമ്മുക്ക് വച്ചുനീട്ടില്ല. നമ്മുടെ കഴിവുകളെ പ്രാവർത്തികമാക്കാൻ നമ്മൾ തന്നെ അത് കണ്ടെത്തേണ്ടതുണ്ട്. നല്ല പണം വേണ്ടിവരുന്ന കാര്യങ്ങളാണല്ലോ ഇതൊക്കെ.

ബൂലോകത്തോട് ഇത്രയും നേരം വിശേഷങ്ങൾ പങ്കുവച്ചതിനു നന്ദി

ഞാനും ഇന്റർവ്യൂ ആസ്വദിച്ചു . ഇത്രയും സംസാരിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ട്.

ഷെയ്ഡ് ഷോർട്ട് ഫിലിം കാണാനുള്ള ലിങ്ക് >> https://www.youtube.com/watch?v=d7o5xlKXZX8

**