തയ്യാറാക്കിയത് രാജേഷ് ശിവ
വസ്ത്ര വിപണനരംഗത്തു വ്യക്തിമുദ്രപതിപ്പിച്ച സണ്ണി സിൽക്കസിന്റെ അമരക്കാരൻ ആണ് സണ്ണിചാക്കോ. ത്യശൂർ ജില്ലയിലെ മുപ്ലിയം എന്ന സ്ഥലത്താണ് അദ്ദേഹം ജനിച്ചത്. അദ്ദേഹം ഒരു കലാകാരൻ കൂടിയാണ്. ഇരുപത്തിയേഴാം വയസിൽ റഷ്യയിൽ എത്തിയ അദ്ദേഹം ഒരുവർഷത്തോളം അവിടെ ജോലി ചെയ്ത ശേഷമാണ് വസ്ത്രവ്യാപാര രംഗത്തേയ്ക്കു കടക്കുന്നത്. തകർച്ചകൾ ഉയർച്ചയുടെ ചവിട്ടുപടികൾ ആക്കി മുന്നേറിയ അദ്ദേഹം ഇന്ന് ലോകത്തിൽ വിവിധ ഭാഗങ്ങളിൽ വ്യാപിച്ചു കിടക്കുന്ന ബിസിനസ് ശൃംഖല നിയന്ത്രിക്കുകയാണ്. ടെക്സ്റ്റയിൽ രംഗത്തും സാമൂഹിക രംഗത്തും കലാരംഗത്തും അദ്ദേഹം നടത്തിയ പ്രവർത്തനങ്ങൾ അനവധി പുരസ്കാരങ്ങളും നേടിക്കൊടുത്തിട്ടുണ്ട്.
സണ്ണി സിൽക്സ് ഇന്റർനാഷണൽ സിനിമ (SSIC) എന്ന പ്രൊഡക്ഷൻ കമ്പനി അനവധി സാമൂഹിക പ്രതിബദ്ധത തെളിയിക്കുന്നതും കലാമൂല്യം ഉള്ളതുമായ പ്രോജക്റ്റുകൾ ഉണ്ടാകാൻ കാരണമായിട്ടുണ്ട്. ആടുപുലിയാട്ടം എന്ന സിനിമയിലൂടെയാണ് അദ്ദേഹം സിനിമയിലേക്ക് എത്തുന്നത്. യുട്യൂബിൽ വൈറലായ വൺ സെക്കന്റ് എന്ന ഷോർട്ട് ഫിലിം റോഡ് സുരക്ഷയെ മുൻനിർത്തി SSIC നിർമ്മിച്ച ചിത്രമാണ് .ഇന്ദ്രൻസ് ആണ് അതിൽ പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചത്. കലാഭവൻ മണിയെ കുറിച്ച് കലാമണി എന്ന വീഡിയോ സോങ്ങും ഇപ്പോൾ ബൂലോകം ടീവിയുടെ ഏറ്റവും നല്ല ഷോർട്ട് ഫിലിമിനുള്ള അവാർഡിനർഹമായ റോളിംഗ് ലൈഫും എല്ലാം SSIC നിർമ്മിച്ചതാണ്.
റോളിംഗ് ലൈഫിൽ സണ്ണിചാക്കോയുടെ സ്വാഭാവിക അഭിനയം എടുത്തുപറയേണ്ട ഒന്നാണ്. ഒരു കട്ടിനപ്പുറം മാറിമറിയുന്ന ജീവിതവേഷങ്ങൾ , അതിന്റെ രണ്ടു ധ്രുവങ്ങളിലേക്കുള്ള പകർന്നാട്ടം അദ്ദേഹം മനോഹരമായി തന്നെ ചെയ്യുകയുണ്ടായി
കേരളത്തിലെ സാമൂഹികമായ പല കാര്യങ്ങളിലും അദ്ദേഹത്തിന്റെ ഇടപെടൽ ഉണ്ടായിട്ടുണ്ട്. മറ്റുള്ളവരെ സഹായിക്കുന്ന കാര്യത്തിലായാലും ലഹരിവസ്തുക്കൾക്കെതിരെയുള്ള അവബോധങ്ങൾക്കായാലും അദ്ദേഹം സർക്കാരുമായി കൈകോർത്തു നടത്തിയ പ്രവർത്തനങ്ങൾ അനവധിയാണ്.
ബൂലോകം ടീവിയോട് അദ്ദേഹം നടത്തിയ സൗഹൃദ സംഭാഷണത്തിൽ പറഞ്ഞ കാര്യങ്ങൾ ചുവടെ വായിക്കാം .
“ഞാൻ ഒരു സാധാരണ മനുഷ്യൻ ആണ്. ഒരുപ്രായത്തിൽ ഏതൊരു വ്യക്തിയും ആഗ്രഹിക്കുന്നത് തന്നെയാണ് ഞാനും ആഗ്രഹിച്ചത്. അതായതു ഏതെങ്കിലും ഒരു നല്ല പ്രൊഫഷനിലോ ബിസിനസിലോ വിജയം കൈവരിക്കാൻ. അങ്ങനെയാണ് റഷ്യയിൽ എത്തുന്നതും ബിസിനസ് ഉപജീവനാർത്ഥം തിരഞ്ഞെടുക്കുന്നതും. വിജയപരാജയങ്ങൾ കാര്യമാക്കാതെ മുന്നേറി. ബിസിനസിലെ തിരക്കുകൾ കൂടിയപ്പോൾ കലയിലെ ഇടപെടലുകൾ അതോടെ കുറഞ്ഞു എന്ന് പറയുന്നതാകും ശരി.”
കലയും ബിസിനസും ..ഇതിലെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ജീവിതവീക്ഷണം എന്താണ് ?
നമ്മൾ ചെയ്യുന്ന ഒരു പ്രവർത്തിയും താമസിച്ചുപോയി എന്ന് കരുതുന്ന ഒരാളാല്ല ഞാൻ. നേരത്തെ അത് ചെയ്തവർ എന്താണ് നേടിയത് ? നമ്മൾ അത് ചെയ്യേണ്ട സമയത്തുതന്നെയാണ് ചെയ്തുന്നത്. ജീവിതത്തിൽ കുറെ സ്ട്രഗിളുകൾ ഞാനും അനുഭവിച്ചിട്ടുണ്ട്.
റോളിംഗ് ലൈഫിൽ സാറിന്റെ അഭിനയം വളരെ മികവുറ്റതാണ് . ഒരു രാജാവിന്റെ വേഷം അഭിനയിച്ചുകൊണ്ടിരിക്കുന്ന കലാകാരനോട് പെട്ടന്നൊരു രംഗംമുതൽ ദരിദ്രനായി അഭിനയിക്കാൻ പറഞ്ഞാൽ എന്തുമാത്രം വെല്ലുവിളിയാണ്… അതെ വെല്ലുവിളിയാണ് സണ്ണി ചാക്കോ എന്ന കലാകാരനും ഏറ്റെടുത്തത്. ആ വേഷത്തെ കുറിച്ച് പറയാനുള്ളത് ?
റോളിങ് ലൈഫ് ചെയ്യാനിടയായ സാഹചര്യം, ശ്യാം ശങ്കർ വളരെ കഴിവുള്ള ഒരു കലാകാരനാണ്. സാധാരണ മനുഷ്യരിൽ ഉള്ളതിനേക്കാൾ കലാപരമായ ചിന്തകളും കൺസപ്റ്റുകളും ശ്യാമിൽ ഉണ്ട്. നമ്മൾ തമ്മിലുള്ള സൗഹൃദം ഊഷ്മളമാണ്. ഇത്തരമൊരു വേഷം എന്നിലേക്ക് വരുമ്പോൾ , അല്ലെങ്കിൽ ഞാനതു ചെയ്തപ്പോൾ എനിക്ക് മനസിലായത് അത് എന്റെ തന്നെ അനുഭവങ്ങളായിരുന്നു. അല്ലെങ്കിൽ ഒരിക്കൽ ഞാൻ തന്നെ കടന്നുപോയ വഴികൾ. ഒരുപക്ഷെ ആ കഥാപാത്രം നമ്മളിൽ എല്ലാം തന്നെയുണ്ട്. എന്നിലും രാജേഷിലും എല്ലാം. ഒരുപക്ഷെ നമ്മിലെല്ലാം ഉള്ള ഒരു കഥാപാത്രം ആയതുകൊണ്ടാകും അത് അത്യാവശ്യം നന്നായി ചെയ്യാൻ സാധിച്ചത്.
ഒരുപാട് നാടോടിക്കകഥകൾ പ്രചാരത്തിലുള്ള റഷ്യ എന്ന അതി ബൃഹത്തായ ഒരു രാജ്യത്തു ചെന്നപ്പോൾ കലാകാരൻ എന്ന നിലയിൽ ഉണർവുണ്ടായോ ? ബിസിനസിലുപരി അവിടെ കലാപ്രവർത്തനങ്ങൾ ഉണ്ടോ ?
റഷ്യയിൽ മലയാളികളുടെ കൂട്ടായ്മയിൽ ഒക്കെ സജീവമാണ്. ‘അമ്മ എന്നാണു അതിന്റെ പേര്. എല്ലാ ആഘോഷങ്ങളും നമ്മൾ പൊടിപൊടിച്ചു ആഘോഷിക്കാറുണ്ട്. ഞങ്ങൾ ഓരോ പരിപാടികൾക്കും ഒത്തുകൂടാറുണ്ട്… ഇവിടെ തണുപ്പ് അറിയാല്ലോ… അഞ്ചു ഡിഗ്രിയും ചിലപ്പോൾ മൈനസും ഒക്കെയാണ്. ലോകത്തുതന്നെ ഏറ്റവും തണുപ്പുള്ള രാജ്യങ്ങളിൽ ഒന്നാണ് റഷ്യ.
കലയിലെ ഇടപെടലുകൾ പങ്കുവയ്ക്കുമോ ?
കലാപരമായ എക്സ്പീരിയൻസ് എന്ന് പറയുമ്പോൾ മുൻപ് നാടകങ്ങൾ ഒക്കെ ചെയ്തിരുന്നു. പിന്നെ ഒരു സിനിമ ഞാൻ നിർമ്മിച്ചിട്ടുണ്ട് . അതിൽ മുഴുനീള വില്ലൻവേഷം ചെയ്തിട്ടുണ്ട് . സിനിമ പാഷനായി കൊണ്ടുനടന്ന ഏതാനും ചെറുപ്പക്കാർക്ക് വേണ്ടി ചെയ്തൊരു പ്രോജക്റ്റ് ആയിരുന്നു. അത് ഒട്ടും ലാഭമൊന്നും ഉണ്ടാക്കിയില്ല. എങ്കിലും അതെനിക്ക് വലിയൊരു എക്സ്പീരിയൻസ് ആയിരുന്നു. കാരണം മുഴുനീള വേഷത്തിൽ അഭിനയിക്കാൻ സാധിച്ചത് വലിയ കാര്യമായി ആകരുതുന്നു.
ആടുപുലിയാട്ടം പോലുള്ള ചില സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ റിലീസ് ആയ കണ്ണൻ താമരക്കുളത്തിന്റെ വിധി എന്ന സിനിമയിൽ പ്രധാന വില്ലൻ വേഷം ചെയ്യേണ്ടി ഇരുന്നത് ഞാനായിരുന്നു. എന്നാൽ ബിസിനസ് തിരക്കുകൾ കൊണ്ട് സാധിച്ചില്ല. പിന്നെ അറിയാല്ലോ റോളിംഗ് ലൈഫ് പോലുള്ള ഷോർട്ട് മൂവീസ് ഒക്കെ ചെയ്തിട്ടുണ്ട്.
ഒരു അഭിനേതാവ് എന്ന നിലക്ക് ഭാവിയിൽ ചെയ്യാൻ പോകുന്ന കാര്യങ്ങൾ ?
സത്യത്തിൽ നല്ല വേഷങ്ങൾ ഒക്കെ ചെയ്യണമെന്നുണ്ട്. എന്നാൽ പലതും എന്നിലേക്ക് വരുമ്പോൾ ഞാൻ റഷ്യയിലോ ചൈനയിലോ ഒക്കെ ആയിരിക്കും.
***