പ്രമുഖ നോവലിസ്റ്റ് സേതുവുമായി അഭിമുഖം

0
346

(കൃതികളുടെ പ്രമേയങ്ങള്‍ക്ക് എന്നും വൈവിധ്യം നിലനിര്‍ത്തിപ്പോരുന്ന സേതുവിന്റെ ഏറ്റവും പുതിയ നോവലായ ‘മറുപിറവി’യും കയ്യിലെടുത്താണ് ഞാനും, ഇ.കെ.സുകുമാരനും, മുമ്പു പറഞ്ഞുറപ്പിച്ചശേഷം നോവലിസ്റ്റിനെ സന്ദര്‍ശിക്കാനെത്തിയത്. ഹൈക്കോടതി ജീവനക്കാരനും, ശാസ്ത്രസാഹിത്യപരിഷത്ത് പ്രവര്‍ത്തകനുമാണ് സുകുമാരന്‍. ‘പാണ്ഡവപുര’ത്തിന്റെയും ‘മറുപിറവി’യുടേയും പ്രമേയങ്ങള്‍ തമ്മിലുള്ള അന്തരം നിലനിര്‍ത്തുന്നതിനെക്കുറിച്ചോര്‍ക്കുമ്പോള്‍, ഏറ്റവും ആനുകാലികമായ പ്രമേയങ്ങളുടെ കര്‍ത്താവെന്ന നിലയില്‍ സേതുവിനുള്ള ശ്രദ്ധേയത എടുത്തുപറയാതെ വയ്യ. ‘മുസരിസി’ന്റെ കാലം മുതല്‍ ഗോശ്രീപാലവും, വല്ലാര്‍പാടവുംവരെയുള്ള പൊക്കിള്‍കൊടിബന്ധം ,കാലത്തിന്റെ വിസ്തൃതി, ‘മറുപിറവി’യില്‍ വായിച്ചതിന്റെ അത്ഭുതം മനസ്സില്‍ വച്ചാണ് ഞങ്ങളുടെ സംഭാഷണം തുടങ്ങിയത്).

ചരിത്രത്തെ പുനരപഗ്രഥിക്കാനും, അതിലൂടെ ‘മുസരിസി’ന്റെ പ്രാചീനത വെളിപ്പെടുത്താനുമാണോ ‘മറുപിറവി’ക്കൊണ്ടുദ്ദേശിച്ചത്?

അപഗ്രഥനമല്ല, ചരിത്രബോധമുണ്ടാക്കുകയാണു ലക്ഷ്യം. പിറന്ന നാടിന്റെ ചരിത്രത്തിലേയ്ക്കു കടന്നുപോവുക ‘ചേന്ദമംഗല’ത്തിന് ചരിത്രമുണ്ട്. ആര്‍ക്കാണ് അതറിയുക? സി.വി.യുടേയും മറ്റും ചരിത്രനോവലുകള്‍ മാറ്റിവച്ചാല്‍ പിന്നെ, മലയാളത്തില്‍ അത്തരം കൃതികള്‍ വേറെയില്ല. അവതന്നെ, വളരെ സമീപകാലത്തെ ചരിത്രമേ പ്രമേയമാക്കിയിട്ടുള്ളു. ‘മുസരിസി’ന്റെ ചരിത്രപൈതൃകം കൃത്യമായി അടയാളപ്പെടുത്തിയ ഒരു ചരിത്രരചനയും നമുക്കില്ല. 15 വര്‍ഷം നീണ്ട അന്വേഷണത്തിന്റെയും അഭിമുഖങ്ങളുടെയും രേഖാപഠനങ്ങളുടെയും ഫലമായി തയ്യാറാക്കിയ ഈ കൃതി എനിക്കേറ്റവും പ്രിയപ്പെട്ടതാണ്.

റോമാ സാമ്രാജ്യത്തിന്റെ കാലത്ത് ‘മുജിരി’ (കുരുമുളക്) അന്വേഷിച്ചുവന്ന യാത്രികരാണ് മുസിരിസ് കണ്ടെത്തിയത്. പായ്ക്കപ്പലില്‍ കാലവര്‍ഷക്കാറ്റിന്റെ ഗതിക്കനുസരിച്ച് സഞ്ചരിച്ച് അധികം അദ്ധ്വാനം കൂടാതെ, ജൂതന്മാര്‍ ഇവിടെ എത്തിച്ചേരുകയായിരുന്നു. പാലിയം, ചേന്ദമംഗലം, പറവൂര്‍, മട്ടാഞ്ചേരി തുടങ്ങി കടലോരദേശങ്ങളിലാണ് മുജിരി പട്ടണം വ്യാപിച്ചുകിടക്കുന്നത്. കൃത്യമായ കാലം പറയാനാവില്ലെങ്കിലും ക്രിസ്തുവിനുമുമ്പ് 1000!ാമാണ്ടുവരെ പിന്നിലേയ്ക്ക് ചരിത്രം നീണ്ടു കിടക്കുന്നുവെന്നാണ്, ഒരെഴുത്തുകാരന്റെ സാമാന്യബോധം വച്ച് കരുതുന്നത്.

ചേന്ദമംഗലം ഗ്രാമം ഇപ്പോഴും ഒരു ‘ഉറക്കംതൂങ്ങി’യാണ്. കേരളത്തില്‍ മറ്റെല്ലായിടത്തും ഗള്‍ഫ് പണത്തിന്റേയും മറ്റും സ്വാധീനത്തില്‍ മാറ്റമുണ്ടായിട്ടും ചേന്ദമംഗലത്തിനെ മാറ്റാന്‍ കഴിഞ്ഞിട്ടില്ല. ഇതിന്റെ ചരിത്രം വലിയ മതസൗഹാര്‍ദ്ദത്തിന്റേതാണ്. കോട്ടയില്‍ കോവിലകം, ജൂതപ്പള്ളി, സെമിനാരി ഇവയൊക്കെ തൊട്ടടുത്ത് കിടക്കുന്നവയാണ്.

മുസരിസിനെക്കുറിച്ച് സംഘകാലകൃതികളില്‍ പരാമര്‍ശമുണ്ട്. ഗോത്രവര്‍ഗ്ഗക്കാര്‍ അവിടെ താമസിച്ചിരുന്നതായും രേഖകള്‍ പറയുന്നു. 8, 9 നൂറ്റാണ്ടുകള്‍വരെ കേരളചരിത്രം ഇരുട്ടിലാണ്. ഇക്കാലത്ത് എന്തുണ്ടായിയെന്നതു സംബന്ധിച്ച് ആര്‍ക്കുമറിയില്ല. അതിലേയ്ക്കുള്ള അന്വേഷണത്തിന് പ്രേരകമാവട്ടെയെന്നതോന്നലാണ് ഈ കൃതിയുടെ ലക്ഷ്യം.

ജീവിതത്തിനൊരു ‘കഥ’യുണ്ടാവണമെങ്കില്‍ സാഹിത്യം വേണം. ജനനം, വിവാഹം,മരണം എന്നതിനപ്പുറം ജീവിതത്തെ മനസ്സിലാക്കാന്‍ സാഹിത്യം അനിവാര്യമല്ലേ?

സര്‍ഗ്ഗാത്മകസാഹിത്യമില്ലെങ്കില്‍ സമൂഹംതന്നെയുണ്ടാവില്ല. ലോകത്തെങ്ങുമുള്ള ജൂതന്മാരെ ഒരുമിപ്പിക്കുന്നത് അവരുടെ മതപരമായ ചടങ്ങുകളാണ്. ഇസ്രയേലിന്റെ ഇപ്പോഴത്തെ രാഷ്ട്രീയനിലപാടിനോട് യോജിക്കാനാവില്ലെങ്കിലും അതിന്റെ സാംസ്‌കാരികമൂല്യം വിലപ്പെട്ടതാണ്.

പാലിയം സത്യാഗ്രഹം പോലെ ജനങ്ങള്‍ പങ്കെടുത്ത സമരമുന്നേറ്റങ്ങള്‍ സംഘടിക്കാന്‍ ഇടയാക്കിയത് 50കളിലെ കമ്യൂണിസ്റ്റ് മുന്നേറ്റം തന്നെയാണ്. കൊച്ചിരാജവംശത്തിന്റെ പടത്തലവനും, വലംകയ്യുമായി 200 കൊല്ലക്കാലം പാലിയം വംശം നിലനിന്നു. 1808ല്‍ മെക്കാളെപ്രഭു താമസിച്ച ബംഗ്ലാവിന് പാലിയം പട്ടാളക്കാര്‍ തീയിട്ടതായി ചരിത്രത്തില്‍ പറയുന്നു. എന്നാല്‍ അതിലുണ്ടായിരുന്ന ഭൂഗര്‍ഭതുരങ്കം വഴി മെക്കാളെ ഫോര്‍ട്ടുകൊച്ചി കടല്‍ത്തീരത്തേയ്ക്കു രക്ഷപ്പെടുകയും അവിടെനിന്ന് കപ്പല്‍മാര്‍ഗ്ഗം പോവുകയും ചെയ്തു. ബ്രട്ടീഷ്ഭരണത്തിന്റെ കൊളോണിയലിസ്റ്റ് രാഷ്ട്രീയലക്ഷ്യത്തെക്കുറിച്ചറിയാമായിരുന്നതിനാല്‍, കേവലം കച്ചവടതാല്‍പ്പര്യം മാത്രമുണ്ടായിരുന്ന ഡച്ചുകാരുമായി ചേര്‍ന്നാണ് പാലിയത്തച്ചന്‍ മെക്കാളെയ്‌ക്കെതിരെ പടനയിച്ചത്. ഡച്ചുകാര്‍ക്ക് കുറഞ്ഞവിലയ്ക്ക് കുരുമുളക് നല്‍കിയിരുന്നതായും രേഖകളില്‍ പറയുന്നുണ്ട്.

ഹാരപ്പ, മോഹന്‍ജദാരോ സംസ്‌കാരങ്ങളുടെ സവിശേഷതയായ നാഗരികതയുമായി മുസരിസിന് താരതമ്യമുണ്ടോ? പൊതുനിരത്തുകള്‍, പൊതുകുളങ്ങള്‍, അഴുക്കുചാലുകള്‍ തുടങ്ങിയ നാഗരികതയുടെ അവശിഷ്ടങ്ങള്‍ സിന്ധുനദീതടങ്ങളില്‍ കണ്ടെത്തിയിട്ടുണ്ടല്ലോ?

മുസിരിസില്‍ ചെറിയ തോതിലുള്ള ഉല്‍ഖനനങ്ങളേ നടന്നിട്ടുള്ളു. വിസ്തൃതമായ ലക്ഷ്യത്തോടെയുള്ള ഖനനവും പഠനവും കൂടുതല്‍ വിവരങ്ങള്‍ക്കിടയാക്കുക തന്നെ ചെയ്യും. രാമായണത്തില്‍ മുസിരിസിന്റെ സൂചനകളുണ്ട്. പ്ലിനിയുടെ കണക്കനുസരിച്ച് പ്രതിവര്‍ഷം 120 കപ്പലുകള്‍ മുസിരിസില്‍ വന്നുപോകാറുണ്ട്. ഇവര്‍ക്കൊക്കെയും കുരുമുളക് നല്‍കുകയും ചെയ്തിട്ടുണ്ട്. ചൂര്‍ണ്ണീനദി (പെരിയാര്‍)യിലൂടെ യാത്ര ചെയ്യുമ്പോള്‍ ഇരുകരകളിലും കുരുമുളകിന്റെ വലിയകൂനകള്‍ കാണാമായിരുന്നുവെന്നും യാത്രികര്‍ എഴുതിയിട്ടുണ്ട്. തോണികളിലെ കുരുമുളക് കൂനകള്‍ വീടിന്റെ ആകൃതിയില്‍ കാണാമായിരുന്നുവത്രെ!

റോമിനുവെളിയില്‍ വളരെ വലുപ്പമുള്ള മണ്‍പാത്രങ്ങള്‍ മുസിരിസില്‍ മാത്രമേ കണ്ടെത്താനായിട്ടുള്ളു. അവരുമായുള്ള വാണിജ്യബന്ധം മൂലം സാംസ്‌കാരികമായ കൈമാറ്റങ്ങളും നടന്നിട്ടുണ്ട്. മദ്യം ഉപയോഗിച്ചിരുന്നതായും, സ്ത്രീകള്‍ ആഭരണങ്ങള്‍ അണിഞ്ഞിരുന്നതായും തെളിഞ്ഞിട്ടുണ്ട്. ഇതൊക്കെ വിരല്‍ചൂണ്ടുന്നത് റോമിനോളം തന്നെ വളര്‍ന്ന വലിയൊരു സംസ്‌കാരം മുസിരിസിന് ഉണ്ടായിരുന്നിരിക്കാമെന്നതിലേയ്ക്കാണ്. സാമ്പത്തിക കൈമാറ്റങ്ങള്‍ക്ക് നാണ്യവ്യവസ്ഥ ഉണ്ടായിരുന്നതായി പറയാനാവില്ല. മിക്കവാറും ബാര്‍ട്ടര്‍ സമ്പ്രദായമായിരുന്നിരിക്കണം. സ്വര്‍ണ്ണം കൈമാറ്റം ചെയ്യപ്പെട്ടിട്ടുണ്ടാവാം.

ആനുകാലിക കേരളീയ സംസ്‌കാരത്തെക്കുറിച്ച് ?

ഇപ്പോള്‍ കേരളത്തിലുള്ളത് മധ്യവര്‍ഗ്ഗക്കാരന്റെ പൊങ്ങച്ച സംസ്‌കാരമാണ്. 50വര്‍ഷംമുമ്പ് പി.എന്‍.പണിക്കരുടെ നേതൃത്വത്തില്‍ ഉണ്ടായ ഗ്രന്ഥശാലാപ്രസ്ഥാനം എഴുത്തുകാരന്റെ വീക്ഷണങ്ങളെ ജനങ്ങളുമായി അടുപ്പിക്കാനും ആരോഗ്യകരമായ സംസ്‌കാരം നിലവില്‍വരുത്താനും സഹായകമായിരുന്നു. പക്ഷേ ഇന്ന് ആ ബന്ധം അത്രത്തോളം ശക്തമല്ല. വായന കുറഞ്ഞു. എന്നാല്‍ ഇലട്രോണിക് മാധ്യമങ്ങള്‍ക്ക് പുസ്തകങ്ങളെ ഇല്ലാതാക്കാനാവില്ല. അത് അതിജീവിക്കുകതന്നെ ചെയ്യും.

‘പൊതു സമൂഹ’ത്തിന്റെ വളര്‍ച്ചയെക്കുറിച്ച് ?

അടുത്തകാലത്തായി ഈജിപ്റ്റിലും, ലിബിയയിലും മറ്റുമുണ്ടായ ജനമുന്നേറ്റങ്ങളില്‍ നിന്നാണ് അണ്ണാ ഹസാരേയ്ക്ക് യുവജനങ്ങളുടെ പിന്തുണയുണ്ടാവാന്‍ പ്രചോദനമായത്. എന്നാലിത്, ജനാധിപത്യത്തെ ശിഥിലമാക്കാന്‍ ഇടയാക്കിക്കൂടാ.

‘സ്വാശ്രയ’ വിദ്യാഭ്യാസത്തിന്റെ സ്ഥിതി?

ആ രംഗത്ത് എന്താണു നടക്കുന്നതെന്നുപോലും വ്യക്തമല്ല. വ്യവസ്ഥകള്‍ ഒന്നുമില്ലാത്ത സംവിധാനമാണ് ഇപ്പോഴത്തെ വിദ്യാഭ്യാസം.

എ.എസ്‌.ഹരിദാസ്‌

പുതിയ എഴുത്തുകാരില്‍ പ്രതീക്ഷയുണ്ടോ?

നല്ല എഴുത്തുകാര്‍ വളര്‍ന്നുവരുന്നുണ്ട്. വലിയ ക്യാന്‍വാസില്‍ ജീവിതത്തെ ചിത്രീകരിക്കാന്‍ പുതിയ എഴുത്തുകാര്‍ ശ്രദ്ധിക്കണം. ചെറിയ ലോകമല്ല ഇന്നത്തേത്. എഴുത്തിന് കഠിനമായ പരിശ്രമം ആവശ്യമാണ്.

എഡിറ്റിംഗിനെക്കുറിച്ച് ?

മലയാളത്തില്‍ എഡിറ്റര്‍മാര്‍ ഇല്ല. അത്തരമൊരു സംസ്‌കാരം തന്നെ നാം വളര്‍ത്തിയിട്ടില്ല. വിദേശനാടുകളില്‍ അതുണ്ട്.