നവ മലയാള സിനിമ യിലെ അന്തർമുഖത്വത്തിന്റെ നായക ഭാവങ്ങൾ
അനൂപ് കിളിമാനൂർ
മലയാള സിനിമയിൽ അന്തർമുഖരായ (introvert) കഥാപാത്രങ്ങൾ നിരവധി ഉണ്ടായിട്ടുണ്ടെങ്കിലും അവരെ പലപ്പോഴും നെഗറ്റീവ് ആയ ഛായ നൽകിയാണ് അവതരിപ്പിച്ചിട്ടുള്ളത്. അഥവാ പ്രധാന കഥാപാത്രം ആണെങ്കിൽ കൂടി അന്തർമുഖർ ക്രിമിനലുകളായോ, മാനസിക പ്രശ്നങ്ങൾ ഉള്ള ആളായോ, അതുമല്ലെങ്കിൽ അന്തർമുഖത്വം മാറി നായകൻ ‘നന്നാവുന്ന’ കമിംഗ് ഓഫ് ഏജ് സ്റ്റോറി ഒക്കെ ആയാണ് അടയാളപ്പെടുത്തുക പതിവ്. അങ്ങനെ അല്ലാതെ, തീർത്തും നോർമൽ ആയ പ്രധാന കഥാപാത്രമായി അന്തർമുഖർ അടയാളപ്പെടുത്തപ്പെട്ടത് ഓർക്കെടുക്കാൻ ബുദ്ധിമുട്ട് ഉണ്ടാകുന്ന വിധം കുറവാണ്. കച്ചവട സിനിമയുടെ ഫോർമുലകളും, ഫോർമാറ്റും ഇതിന് ഒരു കാരണമാകാം.
കുറെയെങ്കിലും അന്തർമുഖത്വത്തെ മാനുഷിക ഭാവത്തോടെ കണ്ടിട്ടുണ്ടത് അടൂരും, കെ. ജി. ജോർജ്ജും, ലോഹിതദാസും, ടി. വി. ചന്ദ്രനും ആണെന്ന് പറയാം. എന്നാലും ഇവരുടെ കഥാപാത്രങ്ങളുടെ അന്തർമുഖത്വം അവരുടെ കുറവുകൾക്കുള്ള ന്യായീകരണമായാണ് കാണിച്ചിരിക്കുന്നത്. ഇരകൾ, എലിപ്പത്തായം, വിധേയൻ, ഡാനി, റോൾ മോഡൽസ്, ചാപ്പാ കുരിശ്, ദൈവത്തിന്റെ വികൃതികൾ, ആർട്ടിസ്റ്റ്, അകം തുടങ്ങി നിരവധി സിനിമകളിൽ അന്തർമുഖർ പ്രധാന കഥാപാത്രങ്ങൾ ആയെങ്കിലും ഒരു മുഖ്യധാരാ നായക കഥാപാത്രത്തിന് വേണമെന്ന് കരുതപ്പെടുന്ന ഗുണഗണങ്ങൾ പതിച്ചുകിട്ടിയവർ ആയിരുന്നില്ല ഇവരൊന്നും. നോർത്ത് 24 കാതവും അന്തർമുഖത്വവും, OCD-യും കൈകാര്യം ചെയ്യുന്നുണ്ടെങ്കിലും, അതിൽ OCD-ൽ നിന്ന് നായകകഥാപാത്രം പുറത്തേക്ക് വരുന്നതിലാണ് ഊന്നുന്നത്. മൺസൂൺ മംഗോസ് ഈ ട്രെന്റിന് ഒരു അപവാദം ആയി പറയാം. പക്ഷേ പല കാരണങ്ങൾ കൊണ്ടും പടം വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല.
നമ്മുടെ സമൂഹത്തിന്റെ 30% മുതൽ 50% വരെ അന്തർമുഖർ ആണെന്നാണ് പറയപ്പെടുന്നത്. അപ്പോൾ ഇത് ചികിത്സിച്ചോ, അല്ലാതെയോ മാറ്റേണ്ട ഒരു പ്രശ്നം അല്ലെന്നും, മനുഷ്യ സ്വഭാവത്തിന്റെ സ്വാഭാവികമായ ഒരു സവിശേഷത ആണെന്നും ഉള്ള വസ്തുത സമൂഹത്തിലും, അതിന്റെ പ്രതിഫലനങ്ങൾ ആയ സിനിമയിലും അംഗീകരിക്കപ്പെട്ടിട്ടില്ല എന്നു കാണാൻ കഴിയും. ആശയ പ്രകാശനത്തിന്റെ പുതുരൂപങ്ങൾ ആയ ടിക് ടോക്-ഇൻസ്റ്റാഗ്രാം വീഡിയോകൾ പോലും അന്തർമുഖത്വത്തെ മുഖ്യധാരയിൽ നിന്ന് അകറ്റിനിർത്തപ്പെട്ട ഒരു വലിയ പ്രശ്നമായാണ് അവതരിപ്പിച്ചിട്ടുള്ളത്. അഞ്ചാം പാതിര പോലുള്ള ക്രൈം ത്രില്ലറുകൾ സൈക്കോപ്പാത്തുകൾ ആയ കഥാപാത്രങ്ങളുടെ സ്വഭാവ സവിശേഷത ആയാണ് അന്തർമുഖത്വത്തെ അടയാളപ്പെടുത്തുന്നത്.
അതേസമയം മുഖ്യധാര സിനിമകളിൽ ഒരുപരിധിവരെ എങ്കിലും അന്തർമുഖനായ, എന്നാൽ അതൊരു കുറവായി കാണിക്കാതെ അവതരിപ്പിച്ച നായക കഥാപാത്രത്തെ കണ്ടത് ഗിരീഷ് എ.ഡി.യും, ഡിനോയ് പൗലോസും രചന നിർവ്വഹിച്ചു ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത ‘തണ്ണീർ മത്തൻ ദിനങ്ങളി’ലെ മാത്യു തോമസ് അവതരിപ്പിച്ച ജെയ്സണ് ആണ് എന്ന് പറയാം. മിക്ക ഇൻട്രോവർട്ടുകളെയും പോലെ അടുത്ത സൗഹൃദ വലയങ്ങൾക്കുള്ളിൽ എക്സ്ട്രോവെർട്ടിനെ പോലെ പെരുമാറുന്ന ജെയ്സണ് പക്ഷേ പലപ്പോഴും അങ്ങനെയല്ല പൊതു സമൂഹത്തിൽ കാണപ്പെടുന്നത്. ക്ലാസിനു മുന്നിൽ പുസ്തകം വായിക്കുമ്പോഴും, നായികാ കഥാപാത്രത്തോട് നേരിട്ട് ഇഷ്ടം തുറന്നുപറയാൻ കഴിയാതിരിക്കുമ്പോഴും ഒക്കെ ജെയ്സന്റെ അന്തർമുഖ സ്വഭാവം പ്രകടം ആവുന്നുണ്ട്. ജെയ്സനേക്കാൾ അന്തർമുഖൻ ആണ് വീടിനുള്ളിൽത്തന്നെ ഇരിക്കാൻ ഇഷ്ടപ്പെടുന്ന, നാട്ടുകാർ എന്തിനാ ഇങ്ങോട്ട് വരുന്നത് എന്ന് ചോദിക്കുന്ന ഡിനോയ് പൗലോസിന്റെ ജെയ്സന്റെ ചേട്ടനായ ജോയ്സന്റെ കഥാപാത്രം.
മലയാളസിനിമ കണ്ടുശീലിച്ച, ആഘോഷിക്കപ്പെട്ട, എപ്പോഴും ആത്മവിശ്വാസത്തോടെ മാത്രം സമൂഹത്തിൽ ഇടപെടുന്ന ബഹിർമുഖരായ (extrovert) നായക കഥാപാത്രങ്ങളിൽ നിന്നും ജെയ്സണ് ഈ അർത്ഥത്തിൽ മാറി നിൽക്കുന്നു. അതുകൊണ്ടു കൂടിയാണ് മുൻപ് മലയാള സിനിമയിൽ കാര്യമായി കണ്ടിട്ടില്ലാത്ത ജെയ്സന്റെ കഥയുടേയും, സ്വഭാവ സവിശേഷതകൾകളുടേയും, പ്രണയത്തിന്റേയുമൊക്കെ സത്യസന്ധമായ ആവിഷ്കാരത്തിന് പ്രേക്ഷകർക്കിടയിൽ വലിയ സ്വീകാര്യത ലഭിച്ചത്.
തണ്ണീർ മത്തൻ ദിനങ്ങൾക്ക് ശേഷം സംവിധാനം ചെയ്ത ‘സൂപ്പർ ശരണ്യ’യിൽ അന്തർമുഖയായ ശരണ്യയെ നായികാ കഥാപാത്രം ആയി ഗിരീഷ് എ.ഡി. അവതരിപ്പിച്ചു. തണ്ണീർ മത്തനിൽ എക്സ്ട്രോവേർട്ട് ആയ നായികാ കഥാപാത്രത്തെ മികച്ച രീതിയിൽ അവതരിപ്പിച്ച അനശ്വര രാജൻ ആണ് ഈ സിനിമയിൽ ശരണ്യയെ അവതരിപ്പിച്ചത്. പഠനത്തിൽ മിടുക്കിയായ ശരണ്യ കോളേജ് പഠനത്തിനായി താൽപ്പര്യം ഇല്ലാതെ ഹോസ്റ്റലിൽ താമസിക്കേണ്ടി വരുന്നു. റാഗിംഗും, പ്രേമാഭ്യർത്ഥനകളും ഉൾപ്പെടെ സീനിയേഴ്സിൽ നിന്ന് നിരവധി പ്രശ്നങ്ങളെ നേരിടുന്ന ശരണ്യ അവധിയെടുത്ത് വീടിന്റെ സുരക്ഷിത്വത്തിലേക്ക് തിരിച്ചു പോയാണ് ആദ്യം ഇതിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നത്. നാട്ടിലും പൊതുസ്ഥലങ്ങളിൽ മറ്റുള്ളവരുടെ ശ്രദ്ധ തന്നിലേക്ക് വരുന്നത് ശരണ്യയ്ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. പരമാവധി അത്തരം അറ്റൻഷനുകളിൽ നിന്ന് മാറിനിൽക്കാനാണ് ശരണ്യ ശ്രമിക്കുന്നത്. തങ്ങളുടെ പലരുടെയും ഇതുപോലുള്ള സ്വഭാവ സവിശേഷതകളും കൂടിയാണ് ശരണ്യയ്ക്ക് നൽകിയിട്ടുള്ളത് എന്ന് സിനിമയുടെ അണിയറ പ്രവർത്തകർ പറഞ്ഞിട്ടുണ്ട്. ലേഖകന്റെ കാര്യവും വ്യത്യസ്തമല്ല.
ബഹിർമുഖരായ സോന ഉൾപ്പെടെയുള്ള സുഹൃത്തുക്കൾക്ക് എളുപ്പം ഹോസ്റ്റലിലെ സാഹചര്യങ്ങളെ നേരിടാൻ സാധിക്കുമ്പോൾ ശരണ്യയ്ക്ക് തുടക്കത്തിൽ അത് ബൗദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നു. പഠനം തുടർന്നുപോകുമ്പോൾ കോളേജിലേയും, ഹോസ്റ്റലിലേയും സാഹചര്യങ്ങളോട് ശരണ്യ കൂടുതൽ ഇണങ്ങുന്നുണ്ട്. എങ്കിലും dominating character ആയ സോന ശരണ്യയ്ക്കും, അവരുടെ ‘ധാബാ ഗേൾസ്’ എന്ന ഗ്യാങിനും മേൽ എപ്പോഴും വലിയ നിയന്ത്രണങ്ങൾ കയ്യാളുന്നുണ്ട്. ശരണ്യയുടെ വ്യക്തിജീവിതത്തിലും, പ്രണയത്തിലും ഒക്കെ സോന അധികാരപൂർവ്വം കൈ കടത്തുന്നതും, ശരണ്യയുടെ ജീവിതത്തിലെ പ്രധാന കാര്യങ്ങളിൽ പോലും ശരണ്യയ്ക്ക് വേണ്ടി തീരുമാനങ്ങൾ എടുക്കുന്നതും കാണാം. ഇത് അന്തർമുഖത്വം ഉള്ള പലർക്കും അനുഭവം ഉള്ളതാണ്. ഇതിൽ നിന്ന് സ്വയമേവ മുക്തയാവാൻ ശരണ്യയ്ക്ക് കഴിയുന്നില്ല. അതിനും ശരണ്യയുടെ കാമുകൻ ആയ ദീപുവിന്റെ (അർജുൻ അശോകൻ) ഇടപെടൽ വേണ്ടിവരുന്നു.
രണ്ടു സിനിമകളിലെയും മറ്റൊരു പ്രധാന ഘടകം ജോയ്സന്റേയും, ശരണ്യയുടേയും ജീവിതത്തിൽ വളരെ അധികാര പൂർണമായും, ചിലപ്പോഴൊക്കെ ഹിംസാത്മകം എന്നു കണക്കാവുന്ന വിധത്തിലും ഇടപെടുന്ന രണ്ടു കഥാപാത്രങ്ങളാണ്. തണ്ണീർ മത്തനിൽ ഇത് വിനീത് ശ്രീനിവാസൻ അവതരിപ്പിച്ച രവി പത്മനാഭൻ ആണെങ്കിൽ, സൂപ്പർ ശരണ്യയിൽ ഇത് വിനീത് വാസുദേവൻ അവതരിപ്പിച്ച അർജുൻ റെഡ്ഢിയുടെ സ്പൂഫ് ആയി കണക്കാക്കാവുന്ന അജിത് മേനോൻ എന്ന കഥാപാത്രം ആണ്. രവി പത്മനാഭൻ ജയ്സണുമേൽ അധ്യാപകൻ എന്ന അധികാരം ആണ് ഉപയോഗിക്കുന്നതെങ്കിൽ, അജിത് മേനോൻ ശരണ്യയുടെ മേൽ പ്രയോഗിക്കുന്നതും ശരണ്യയോട് തന്നെ പ്രണയിക്കാൻ ആവശ്യപ്പെടുന്നതും സീനിയർ എന്ന അധികാരം ഉപയോഗിച്ചാണ്. അന്തർമുഖർക്ക് പലപ്പോഴും നേരിടേണ്ടി വരുന്നതും, അതിജീവിക്കാൻ ബുദ്ധിമുട്ട് ഏറിയതുമായ സംഗതിയാണ് ഇത്തരത്തിലുള്ള അധികാര പ്രയോഗങ്ങൾ. രണ്ടു സന്ദർഭങ്ങളിലും ബാഹ്യമായ സാഹചര്യങ്ങളുടേയും വ്യക്തികളുടേയും ഇടപെടലുകളാണ് ജെയ്സണേയും, ശരണ്യയെയും രക്ഷിക്കുന്നത്.
ഗിരീഷ് എ.ഡി.യും, റീജു ജോസും ചേർന്ന് നിർമ്മിക്കുകയും കിരൺ ജോസിയും, ആദർശ് സദാനന്ദനും ചേർന്ന് എഴുതി കിരൺ ജോസി സംവിധാനം ചെയ്ത അനുരാഗ് എൻജിനീയറിങ് വർക്ക്സ് എന്ന ഷോർട്ട് ഫിലിമും ഒരു ഇന്ററോവർട്ട് പ്രണയ കഥ എന്ന രീതിയിൽ പ്രസക്തമാണ്. ഇതിന്റെ എഴുത്തുകാർ രണ്ടുപേരും തങ്ങളുടെ ഇന്ററോവെർട്ട് നേച്ചർ ആണ് പ്രധാന കഥാപാത്രം ആയ അനുരാഗിന്റെ കഥാപാത്ര നിർമ്മിതിയിൽ പ്രതിഫലിക്കുന്നത് എന്ന് പറയുന്നുണ്ട്. സൂപ്പർ ശരണ്യയിലെ ‘അജിത് മേനോൻ’ ഉൾപ്പെടെ ലൗഡായ വേഷങ്ങളിൽ അഭിനയിച്ചിട്ടുള്ള വിനീത് വാസുദേവ് അനുരാഗ് ആയുള്ള ഒതുക്കമുള്ള പ്രകടനമാണ് ഈ ഷോർട്ട് ഫിലിമിൽ കാഴ്ച്ച വെച്ചിരിക്കുന്നത്. അഖില ഭാർഗവൻ അവതരിപ്പിച്ച നീതു എന്ന കഥാപാത്രത്തോട് ഉണ്ടാകുന്ന അനുരാഗം അറിയിക്കാനുള്ള അനുരാഗിന്റെ ശ്രമങ്ങളും, അത് അനുരാഗിന്റെയും നീതുവിന്റേയും ജീവിതങ്ങളിൽ എന്ത് മാറ്റങ്ങൾ വരുത്തുന്നു എന്നതുമാണ് ഈ ഷോർട്ട് ഫിലിമിന്റെ പ്രമേയം. തീർത്തും നോർമൽ ആയ മനുഷ്യൻ ആയി അനുരാഗ് എന്ന കഥാപാത്രത്തെ സമീപിക്കുന്നതും, അനുരാഗിന്റേയും നീതുവിന്റേയും മാനസിക വ്യാപാരങ്ങളെ സത്യസന്ധമായി സമീപിക്കുന്നതുമാണ് ഈ ഷോർട്ട് ഫിലിമിനെ മികച്ചതാക്കുന്നത്.
സമൂഹത്തിന്റെ മൂന്നിലൊന്ന് മുതൽ രണ്ടിലൊന്ന് വരെ പല അളവിൽ അന്തർമുഖത്വം ഉള്ളവരാണ്. എന്നാൽ സമൂഹത്തിന്റേയും, സ്ഥാപനങ്ങളുടേയും നേതൃ സ്ഥാനങ്ങൾ വഹിക്കുന്നതിൽ 96%-വും ബഹിർമുഖരാണ്. ഇതിനൊരു കാരണം ആശയങ്ങൾ ഒരു ഓഡിയൻസിന് മുന്നിൽ പ്രകടിപ്പിക്കാനും, സമൂഹത്തിൽ ഇടപെടാനും ബഹിർമുഖരെ അപേക്ഷിച്ച് അന്തർമുഖർക്കുമേൽ അടിച്ചേല്പിക്കപ്പെടുന്ന പരിമിതികളാണ്. നമ്മുടെ ക്ലാസ് മുറികൾ പോലും ബഹിർമുഖരെ കണക്കാക്കി സജ്ജീകരിച്ചിട്ടുള്ളതാണ്. സംസാരിക്കാനുള്ള കഴിവാണ് പലപ്പോഴും മികവ് മനസിലാക്കുന്നതിനുള്ള ഏക അളവുകോലായി കണക്കാക്കുന്നത്. ക്ലാസിനുമുന്നിൽ എപ്പോഴും എഴുന്നേറ്റു നിന്ന് സംസാരിക്കുന്നവരെയാണ് പലപ്പോഴും മിടുക്കാരായി കണക്കാക്കുന്നത്. എന്നാൽ കാര്യങ്ങൾ അറിയാമായിരുന്നിട്ടും അതിങ്ങനെ പ്രകടിപ്പിക്കാനുള്ള പരിമിതി മനസ്സിലാക്കി, അങ്ങനെയുള്ള വിദ്യാർത്ഥികളെക്കൂടി മുന്നോട്ടു കൊണ്ടുവന്നു അംഗീകരിക്കാൻ കഴിയുന്ന രീതിയിൽ നമ്മുടെ വിദ്യാഭ്യാസ രീതികൾ മാറേണ്ടിയിരിക്കുന്നു. ചെറുപ്പകാലം മുതലേ സമൂഹത്തൊടുള്ള ഇടപെടലുകളിൽ നിലനിൽക്കുന്ന ഇത്തരം ചിട്ടവട്ടങ്ങളോട് വഴങ്ങാനുള്ള പോരാട്ടമാണ് സമൂഹത്തിന്റെ പകുതിയും വരുന്ന അന്തർമുഖരുടെ ജീവിതങ്ങൾ. അധികം സംസാരിക്കാതെ ഒറ്റയ്ക്ക് സമയം ചെലവഴിക്കാൻ താല്പര്യപ്പെടുന്നതും മനുഷ്യ സഹജമായ കാര്യങ്ങളാണെന്നും, അതിന്റെ പേരിൽ ആരെയും ജഡ്ജ് ചെയ്യേണ്ട കാര്യമില്ല എന്നുമൊക്കെ മനസ്സിലാക്കാനുള്ള maturity സമൂഹത്തിന് ഇനിയും ഉണ്ടാവേണ്ടി ഇരിക്കുന്നു എന്നത് സങ്കടകരമായ സംഗതിയാണ്. അന്തർമുഖർ കുറച്ചു കൂടി സെൻസിറ്റീവ് ആയിരിക്കും എന്നാണ് പഠനങ്ങൾ പറയുന്നത്. ഈ സെൻസിറ്റിവിറ്റിയെ മനസ്സിലാക്കാനും, അത് സമൂഹത്തിന്റെ മെച്ചത്തിനായി ഉപയോഗിക്കാനുമുള്ള പരിശ്രമങ്ങളാണ് വേണ്ടത്.
ക്രിയേറ്റിവായ മേഖലകളിൽ കഴിവു തെളിയിച്ച പലരും അന്തർമുഖരാണ്. മുറിയിൽ ഒറ്റയ്ക്ക് മണിക്കൂറുകളോളം സൃഷ്ടിപരമായ പ്രവൃത്തികളിലും, പരീക്ഷണ-നിരീക്ഷണങ്ങളിലും മുഴുകാൻ അന്തർമുഖത്വം സഹായകരം ആയെന്നുവരാം. പ്രശസ്തരായ നിരവധി എഴുത്തുകാരും, ആൽബർട്ട് ഐൻസ്റ്റീനും സ്റ്റീഫൻ ഹോക്കിങ്ങും മാഡം ക്യൂറിയും ഉൾപ്പടെയുള്ള ശാസ്ത്രജ്ഞരും, ഗാന്ധിയും മാർക്സും അംബേദ്കറും ലിങ്കണും നെൽസൻ മണ്ടേലയും ഉൾപ്പടെ ലോകത്തെ നയിച്ചവരും, ബീതോവനും എ. ആർ. റഹ്മാനും ബോബ് ഡൈലനും ഉൾപ്പെടെയുള്ള നിരവധി സംഗീതജ്ഞരും, സച്ചിനും മെസ്സിയും വിശ്വനാഥൻ ആനന്ദും ഉൾപ്പടെ തങ്ങളുടെ മേഖലയിലെ ഏറ്റവും വലിയ സ്ഥാനം അലങ്കരിക്കുന്ന നിരവധി കായിക പ്രതിഭകളും, ഷാരൂഖ് ഖാനും മോഹൻലാലും ഫഹദ് ഫാസിലും എമ്മ വാട്സണും മെറിൽ സ്ട്രീപ്പും ഡാനിയേൽ ഡേയ് ലൂയിസും ഉമ തർമനും ഉൾപ്പെടെയുള്ള അഭിനേതാക്കളും, ടെറൻസ് മാലിക്കും സ്റ്റീഫൻ സ്പിൽബർഗും ജെയിംസ് കാമറൂണും ഹിച്ച്കോക്കും ഉൾപ്പടെയുള്ള സംവിധായകരും അന്തർമുഖരാണ്.
അന്തർമുഖരിൽ തന്നെ ഓരോ വ്യക്തികളിലും അത് പല അളവിലാണ്. ഇത് മനസ്സിലാക്കി ഓരോ വ്യക്തികളേയും ആവരുടെ സ്വാഭാവികമായ മാനസിക പരിസ്ഥിതികളിൽ അംഗീകരിച്ച് മുന്നോട്ടു പോകുന്നത് സമൂഹത്തിന്റെ അയഥാർഥ്യമായ പ്രതീക്ഷകൾ ഏൽപ്പിക്കുന്ന അനാവശ്യ സമ്മർദ്ദങ്ങൾ ഒഴിവാക്കി സാമൂഹ്യ ജീവിതം കൂടുതൽ ലളിതമാവാൻ സമൂഹത്തെ മുഴുവൻ സഹായിക്കും. ബഹിർമുഖരേയും, അന്തർമുഖരേയും ഉൾക്കൊണ്ടുള്ള ടീം വർക്കിനാണ് കൂടുതൽ വിജയ സാധ്യത എന്ന് ഗവേഷണങ്ങൾ തെളിയിക്കുന്നു.
പി.എസ്: ഗിരീഷ് എ.ഡി.യും തണ്ണീർ മത്തൻ ദിനങ്ങളുടേയും, സൂപ്പർ ശരണ്യയുടേയും സഹനിർമ്മാതാവായ ഷബിൻ ബേക്കറും ചേർന്ന് നിർമ്മിച്ച്, ഈ രണ്ടു സിനിമകളിലും അഭിനയിച്ച വരുണ് ധാര തിരക്കഥയും, വിനീത് വാസുദേവൻ സംവിധാനവും നിർവ്വഹിക്കുന്ന Poovan Movie ജനുവരി 20-ന് തീയേറ്ററുകളിൽ പ്രദർശനത്തിന് എത്തും. ആന്റണി വർഗീസ്, സജിൻ ചെറുകയിൽ, അനീഷ്മ അനിൽകുമാർ, അഖില ഭാർഗവൻ, ആനീസ് എബ്രഹാം, വിനീത് വാസുദേവൻ, വരുണ് ധാര, ഗിരീഷ് എ. ഡി., വിനീത് വിശ്വം, ബിന്ദുസതീഷ്കുമാർ എന്നിവർ ചിത്രത്തിൽ വേഷമിടുന്നു.