ബിസി 100-ൽ അയ്യപ്പക്ഷേത്രം ഉണ്ടായിരുന്നെങ്കിൽ അയ്യപ്പനും മുസ്ളീമായ വാവരും അതിന് മുൻപായിരിക്കണമല്ലോ ജീവിച്ചിരുന്നത്? ഇസ്ളാം മതം അപ്പോൾ എന്നാണുണ്ടായത്?
ഞാൻ തമാശക്ക് ഈ ചോദ്യത്തിന് മറുപടി പറഞ്ഞത് കഥയില്ലായ്മയാണ് എല്ലാത്തിന്റെയും തുടക്കം എന്നായിരുന്നു.
യാഥാർത്ഥ്യം എന്താണ് എന്ന് ഗ്രഹിക്കാൻ നമ്മുടെ മുൻപിൽ വഴികൾ ഇല്ലാതാവുമ്പോൾ അവിടെ കഥകൾ കയറി ഇരിക്കുന്നു. അവ നമുക്ക് വേണ്ടപ്പെട്ട കഥകൾ ആയി മാറുന്നു. പോസിറ്റീവ് കഥകൾ നമുക്ക് ആവശ്യമാണ്. കഥകൾ നമുക്ക് ജീവിതവീക്ഷണങ്ങൾ ലഭിക്കാനുള്ളതാണ്. മുസ്ലിങ്ങളും ഹിന്ദുക്കളും സഹോദര്യത്തിലാണ് ഇവിടെ ജീവിച്ചിരുന്നത് എന്നതിന് ഒരു കഥ. അവർ പരസ്പരം ആദരിച്ചിരുന്നു എന്ന് മനസിലാക്കാൻ ആ കഥ ഉപകരിക്കുന്നു.
എഴുതിവെക്കപെട്ട, കൃത്യമായി മനസിലാക്കാൻ കഴിയുന്ന രേഖകളില്ലാത്ത എല്ലാം കഥകളാണ്. മനുഷ്യ ചരിത്രം അഭേദ്യമായി കഥകളുമായി കെട്ടുപിണഞ്ഞാണിരിക്കുന്നത്. ചരിത്രത്തെ മനസിലാക്കാൻ നമുക്ക് ശാസ്ത്രത്തിന്റെ ബലത്തിൽ ഊളിയിട്ടു നോക്കാം. പക്ഷെ അവിടെയും അത് അധികാരികമാക്കാൻ ശാസ്ത്രതിന്റെ കയ്യിൽ അളവുകോലുകളില്ല. ഊഹങ്ങളുടെ അടിസ്ഥാനത്തിൽ നമ്മുടെ പൂർവികരെ കുരങ്ങുകളാക്കി തരാനുള്ള കഴിവേ ഇന്നതിന് ലഭിച്ചിട്ടുളളൂ.
നമ്മുടെ മുന്നിൽ കുറെ യാഥാർത്ഥ്യങ്ങളുണ്ട്. നാം ഹിന്ദു, മുസ്ലിം, സിക്ക്, ക്രൈസ്തവ എന്ന് പറയുന്ന രൂപത്തിൽ ലോകമെമ്പാടും വിവിധ മതങ്ങളും വിവിധ ആശയങ്ങളിലും അഭിരമിക്കുന്നവരായാണ് ഉള്ളത്. തത്വചിന്തയുലൂന്നി കാര്യങ്ങളെ മനസിലാക്കാൻ ശ്രമിക്കുന്നവരും, പാരമ്പര്യമായി ഒരു രീതി സ്വീകരിച്ചവരും, എല്ലാത്തിനെയും തങ്ങളുടെ പരിമിതമായ ശാസ്ത്ര വിജ്ഞാനത്തിലൂന്നി കാണാൻ ശ്രമിക്കുന്നവരുമൊക്കയായി ഭിന്നത നമ്മുടെ പര്യായമാണ്.
പക്ഷെ ആ ഭിന്നതയിലും മനുഷ്യന് മാന്യമായി സഹവർത്തത്തിലൂന്നി ജീവിച്ചുപോവാനുള്ള ഒരു alignment ഉണ്ടാക്കാം.
അവിടെയാണ്, നീതി, സ്നേഹം, സാഹോദര്യം, ക്ഷമ, സത്യം, സഹിഷ്ണുത, വിട്ടുവീഴ്ച എന്നീ സാർവലൗകിക മാനങ്ങളിലൂന്നിയ പാളങ്ങൾ ഉണ്ടാക്കി എടുക്കേണ്ട അത്യാവശ്യകത ഓരോ സമൂഹത്തിനും ആവശ്യമായി വരുന്നത്. ആധുനികത എന്ന് പറയുന്നത്, പറയേണ്ടത് ഈ മൂല്യങ്ങളിൽ ചാലിച്ച സംവിധാനങ്ങളെയാണ്.