രാജേഷ് ശിവ
സുനിൽ പണിക്കർ സംവിധാനവും ഡോക്ടർ ജെയിംസ് ബ്രൈറ്റ് കഥയും നിർമ്മാണവും നിർവഹിച്ച ‘ഇര’ എന്ന ഷോർട്ട് മൂവി സമകാലികവും ഭീകരവുമായ യാഥാർഥ്യത്തെയാണ് കാണിക്കുന്നത്. ബൂലോകം മീഡിയയുടെ ബാനറിൽ ആണ് മൂവി അണിയിച്ചൊരുക്കിയിട്ടുള്ളത്. ‘ഇര എവിടെയുണ്ടോ അവിടെ ഒരു വേട്ടക്കാരനും ഉണ്ടായിരിക്കും’ എന്ന ക്യാപ്‌ഷൻ തന്നെ ഇതിന്റെ ആശയം വ്യക്തമാക്കുന്നുണ്ട്.
ഇര എന്ന പ്രയോഗത്തോട് വിയോജിക്കുന്നവർ ഉണ്ടായിരിക്കാം എന്നാൽ യാഥാർഥ്യം നമ്മൾ കരുതുന്നതുപോലെ അല്ല. സമ്പന്ന ദരിദ്ര ഭേദമില്ലാതെ എവിടെയും ഈ രണ്ടുകൂട്ടർക്കും യാതൊരു ക്ഷാമവുമില്ല. അക്രമത്തിനും പീഡനത്തിനും കൂടുതലും ഇരയാകുന്നത് കുഞ്ഞുങ്ങൾ എന്നതാണ് ദുരന്ത യാഥാർഥ്യം.
ഒരുപക്ഷെ ഇത് അനവധി സിനിമകൾക്കും മറ്റും ഉപയോഗിച്ച വിഷയമാണ് എന്നിരുന്നാലും അത്തരം പല സിനിമകൾക്കും മുന്നേ രൂപംകൊണ്ട ഷോർട്ട് മൂവിയാണ് ഇത് . ജീവിതാരംഭത്തിൽ വർണ്ണങ്ങളുടെയും കളിപ്പാട്ടങ്ങളുടെയും ചിത്രകഥകളുടെയും ലോകത്തു പാറിപ്പറക്കുന്ന ബാലികമാരുടെ നേർക്ക് ഇരുളിന്റെ ആഴങ്ങളിൽ നിന്നും നീണ്ടുവരുന്ന ദൃഷ്ടിമുനകൾ ഒരു സമൂഹത്തെയാകെ പലപ്പോഴും മുറിവേൽപ്പിക്കുന്നുണ്ട്. എത്രയോ പെൺകുട്ടികൾ ചിറകുകളും തൂവലുകളും പിച്ചിച്ചീന്തപ്പെട്ട് നിരപരാധികളായി കൊല്ലപ്പെട്ടവരുടെ സ്വർഗ്ഗത്തിലേക്ക് ഒരിക്കലും തീരാത്തൊരു വെക്കേഷന് പോയിരിക്കുന്നു.
അവരുടെ കളിക്കോപ്പുകളിൽ പോലും വേട്ടക്കാരുണ്ട്, അവരുടെ ചിത്രകഥകളിലും വേട്ടക്കാരുണ്ട് , അവരുടെ പൂന്തോട്ടങ്ങളിൽ പോലുമുണ്ട് കെണിയൊരുക്കി കാത്തിരിക്കുന്ന ചിലന്തികളുടെ കൂട്ടം. ഒരു നിഴലിന്റെ മറവിൽ അവർ അരൂപികളായി മാറുകയാണ്. ജീവിതമെന്ന വലിയ പുസ്തകത്തിലെ ഭൂരിഭാഗം താളുകളും ശൂന്യമാക്കിയിട്ടശേഷം അവർ ഭാരമന്യമായി പറന്നകലുകയാണ് വേട്ടക്കാരില്ലാത്ത പൂങ്കാവനങ്ങളിലേക്കു.
നമ്മൾ കാടിന്റെ നിയമത്തിലേക്കു കണ്ണോടിച്ചു നോക്കുക. വേട്ടക്കാർക്കും ഇരകൾക്കും എന്തുമാത്രം വൈവിധ്യമാണ് അല്ലെ ? കൂട്ടംചേർന്നു വേട്ടയാടുന്നവർ, ഒറ്റയ്‌ക്കൊറ്റയ്ക്ക് വേട്ടയാടുന്നവർ, നിസഹായരായ ഇരകളെ ഹീനമായി കടിച്ചുപറിച്ചു ജീവനോടെ ഭക്ഷിക്കുന്നവർ , പറന്നുവന്നു വേട്ടയാടുന്നവർ , നീന്തിവന്നു വേട്ടയാടുന്നവർ…. ഇരകളോ ..അവർക്കു ഒരൊറ്റമുഖമാണ്. നിസ്സഹായതയുടെയും നിഷ്കളങ്കതയുടെയും. ഇങ്ങനെ കാടിന്റെ വൈവിധ്യവൈരുധ്യങ്ങൾ പലതിലായി ചിതറിക്കിടക്കുമ്പോൾ ഇവയെല്ലാം ഒരൊറ്റ രൂപത്തിൽ സന്നിവേശിപ്പിക്കാനും സൗകര്യംപോലെ പ്രകടിപ്പിക്കാനും കഴിയുന്ന ഒരൊറ്റജീവി മനുഷ്യൻ മാത്രമാണ്.
പീഡോഫീലിയ എന്നത് ഒരു മാനസിക പ്രശ്നമാണ്. കുരുന്നുകളെ കണ്ടാൽ മാത്രം കാമഭ്രാന്തിളകുന്ന ഒരു മാനസികപ്രശ്നം . എന്നാൽ കുട്ടികളെ ലൈംഗികാതിക്രമത്തിന് വിധേയമാക്കുന്നവർ എല്ലാം പീഡോഫീൽ അല്ല. പീഡോഫീലിയ ഒരാളിൽ ജന്മനാ ഉണ്ടാകുന്ന മെന്റൽ ഡിസോർഡർ ആണ്. എന്നാൽ കുട്ടികളെ പിച്ചിച്ചീന്തുന്നവരിൽ ഭൂരിഭാഗവും പീഡോഫീലുകൾ അല്ല. അവർ കുട്ടികളുടെ നിസഹായത മുതലെടുത്തു പ്രവർത്തിക്കുന്ന കാട്ടാളന്മാർ മാത്രമാണ്. പീഡോഫീലുകൾ ലൈംഗികാകർഷണം നടത്തിയൊക്കെയാണ് കുട്ടികളെ വലയിൽ ആക്കുന്നത് എങ്കിൽ രണ്ടാമതുപറഞ്ഞ കൂട്ടർ അക്രമത്തിലൂടെ മാത്രമാണ്. അതുകൊണ്ടു തന്നെ ഇത്തരക്കാരെ നമ്മൾ ചൈൽഡ് സെക്ഷ്വൽ അബ്യൂസർ എന്നുതന്നെ വിളിക്കേണ്ടതുണ്ട്.
അത്തരത്തിലൊരു വേട്ടക്കാരനും ഇരയും ആണ് ‘ഇര’ എന്ന ഷോർട്ട് മൂവിയിലും. ഞാൻ മേൽ പറഞ്ഞതുപോലെ സമൂഹത്തിന്റെ നാനാതുറകളിൽ പെട്ടവർ വേട്ടക്കാർ ആയി പ്രത്യക്ഷപ്പെടാറുണ്ട്. സ്വന്തം അച്ഛനിൽ തുടങ്ങി അടുത്ത ബന്ധുക്കൾ, അയൽക്കാർ, സമൂഹത്തിൽ ഇടപഴകുന്നവർ, മാതാപിതാക്കളുടെ സുഹൃത്തുക്കൾ, ഓട്ടോക്കാർ, ഡോക്‌ടേഴ്‌സ് , എൻജിനിയർമാർ, രാഷ്ട്രീയക്കാർ, അധ്യാപകർ , ഗുണ്ടകൾ .. ഇങ്ങനെ നല്ല മുഖത്തോടെയും മോശം മുഖത്തോടെയും അവർ പ്രത്യക്ഷപ്പെടും. പക്ഷെ പ്രവർത്തികൊണ്ടു എല്ലാരും ഒന്നാണ് .
സാറ്റ് എന്ന എന്റെ തന്നെ ഒരു കവിതയാണ് ഇവിടെ ഓർമവരുന്നത് .
അവരെല്ലാം അങ്ങനെതന്നെ നില്‍ക്കുകയാണ്.
സാറ്റുകളിയ്ക്കുടയില്‍ ഒളിച്ചിരിയ്ക്കുന്ന കൂട്ടുകാരെത്തേടി
അയല്‍വീടിനുള്ളില്‍ കയറിയ മൈമുന
രണ്ടാംനിലയിലേയ്ക്ക് പറന്നുപോയതാരുമറിഞ്ഞില്ല.
തനിയ്ക്കു മുളച്ച ചിറകുകളെക്കാണിയ്ക്കാത്ത ഇരുട്ടിനോടവള്‍ പിണങ്ങി.
ചിത്രകഥയിലെ അത്ഭുതലോകത്തിലെയ്ക്ക്
കൊത്തുപണിയുള്ളോരു വാതില്‍ തുറന്നു,
മേഘപ്പരപ്പിലേയ്ക്കാലസ്യത്തോടെ വഴുതിവീണു .
കണ്ണുകളില്‍ വെള്ളിനൂലിഴയിറക്കി ബോധം വന്നു സാറ്റടിച്ചു ,
ലഹരിയുടെ മേഘപടലം നിറഞ്ഞ വര്‍ണ്ണവെളിച്ചത്തിന്റെയാ വിഭ്രമലോകത്ത്
വലിയൊരു പക്ഷി തീ കുടിയ്ക്കുന്നു !
ചിറകു തനിയ്ക്കായിരുന്നില്ലെന്നറിഞ്ഞു അവള്‍ വീണ്ടും പിണങ്ങി, ഗര്‍വ്വിച്ചു .
തന്റെ ചിറകിലേയ്ക്കൊതുങ്ങിയാല്‍ ഭംഗിയുള്ള വര്‍ണ്ണച്ചിറകുകള്‍
തീര്‍ത്തുതരാമെന്ന് ചിറകടിച്ചുകൊണ്ടു പക്ഷി.
അതു നിഷേധിച്ചുമാംസവും തൂവലും കൊഴിഞ്ഞുണ്ടായ സ്വന്തം ചിറകുകളോടെ
ജനലഴിയിലൂടെ ഊര്‍ന്നു അവള്‍ വീണ്ടും പറക്കുകയാണ്.
സൂര്യന്‍ ,ആകാശം, ഇളവെയില്‍, കോഴിയമ്മ, പൂവാലിപശു, തുമ്പികള്‍
പൂന്തോട്ടം, പുഴ, പാടം, വഴികള്‍ …..
മൈമുനയെ തോല്പ്പിയ്ക്കാന്‍ വയ്യാത്തവരുടെ നീണ്ട നിര
ആഴ്ചകള്‍ക്കുശേഷവും സാറ്റടിയ്ക്കാതെ
അങ്ങനെതന്നെ നില്‍ക്കുകയാണ്.
എന്നാൽ ഇത്തരം മൈമുനമാരെ സൃഷ്ടിക്കുന്ന സമൂഹമെന്ന ഫാക്ടറിയിൽ എന്തുകൊണ്ടാകും ഇരയുടെ ഉത്പാദനം നിറുത്തിവയ്ക്കാതെ തുടരുന്നത് ? ശിക്ഷയുടെ അഭാവമാണോ ? ഒരുപരിധിവരെ അങ്ങനെ തന്നെ എന്ന് പറയേണ്ടിവരും. ഇവിടെ അവബോധങ്ങൾ , ലൈംഗികവിദ്യാഭ്യാസം ഒക്കെ ഫലപ്രദം എന്ന് പറഞ്ഞാൽ തന്നെയും ക്രിമിനൽ മനസും കാമഭ്രാന്തും ചേരുമ്പോൾ ഉണ്ടാകുന്ന എടുത്തുചാട്ടങ്ങൾ പലപ്പോഴും ചില സാഹചര്യങ്ങൾക്കനുസരിച്ചു രൂപംകൊള്ളുന്നതാണ്. വിദ്യാഭ്യാസവും വിവേകവും ഉള്ളവർ പ്രവർത്തിക്കുന്നില്ലേ ? അപ്പോൾ ശിക്ഷയുടെ അഭാവമാണ് ഇവിടെ പ്രശ്നം. ഇരകൾ ജനിക്കാത്ത ഒരു കാലം ഇവിടെ ഉണ്ടാകാൻ ആഗ്രഹിച്ചുകൊണ്ട് ഈ ഷോർട്ട് മൂവി കാണാൻ ഞങ്ങളെ ക്ഷണിക്കുകയാണ്.
ഒരു സിനിമാ സംവിധായകൻ എന്ന് പേരെടുത്ത സുനിൽ പണിക്കർ നല്ലൊരു ചിത്രകാരൻ കൂടിയാണ്. അദ്ദേഹം സംവിധാനം ചെയ്ത One Day എന്ന മലയാളം മൂവി ഒരു ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ആണ്. മഹാനടൻ മമ്മൂട്ടിയുടെ അനുജന്റെ മകനായ മഖ്ബൂൽ സൽമാൻ ആണ് ഹീറോ.കലാശാല ബാബു awas Zayaani, Noby, Nazeer Samkranthi, John Jacob ഇവരും പ്രധാന വേഷങ്ങളിൽ വന്നെത്തുന്നു. സുനിൽ പണിക്കരുടെ മറ്റൊരു സംവിധാന സംരംഭമാണ് ഈ ഷോർട്ട് മൂവി.
സ്‌കൂളിലേക്ക് മകളെ യാത്ര അയക്കുന്ന സ്നേഹസമ്പന്നനായ അച്ഛൻ , അയാളൊരു പെട്രോൾ പമ്പിലെ ജീവനക്കാരനാണ്. വൈകുന്നേരം മകളെ വിളിക്കാൻ അദ്ദേഹം ചെല്ലുമ്പോൾ സ്‌കൂൾ ബസിൽ നിന്നിറങ്ങി മകൾ തന്നെ കാത്തുനിൽക്കുന്നിടം ശൂന്യമാണ്. അയാൾ ഭയപ്പെടുന്നു. കാരണം ഒരു ക്രിമിനൽ ആയ ഓട്ടോ ഡ്രൈവരുടെ ഓട്ടോ അവിടെ കിടക്കുന്നുണ്ട്. ആ അച്ഛൻ ഭയപ്പെട്ടു മകളെ അന്വേഷിച്ചു കാട്ടിലും മറ്റും അലയുകയാണ്. അപ്പോഴാണ് തന്റെ മകളെ തട്ടിക്കൊണ്ടുപോകുന്ന ആ നരാധമനെ അയാൾ കാണുന്നത്. മക്കളെ രക്ഷിക്കാനുള്ള ആ അച്ഛന്റെ പോരാട്ടം … അതിനൊടുവിൽ എന്ത് സംഭവിക്കുന്നു ? ഏവരും ഈ മൂവി കാണുക…
‘ഇര’ ഷോർട്ട് ഫിലിം
Directed By : Sunil V Panicker
Written and Produced By : Dr. James Bright
Cast : Maqbool Salman, Fasil Karamana, Gowri Lakshmi S
Background Score : Anil Bhaskar
D.O.P : Reju Ambady
Make up : Anil Nemom
Editor : Anoop Mohan
Art : Kanakaraj Sariga
Production Controller : Devilal N.R
Orchestra : Shinu Sathya Das, Amachal, Suresh, Sreerag
Stills : Gopan Royal & Justin