നമ്മുടെ നാട്ടിലെ ഇസ്ലാം മതവിശ്വാസികളോട് – ഇറാനിൽ കഴിഞ്ഞ ദിവസം വിപ്ലവകരമായ തീരുമാനം നടപ്പിലായത് നിങ്ങളറിഞ്ഞിരുന്നോ?
ഇറാൻ എന്നത് പഴയ പേർഷ്യയാണ്, പേർഷ്യൻ ഭാഷ സംസാരിക്കുന്നതുകൊണ്ടാണ് ഇറാന് പേർഷ്യ എന്ന പേര് വന്നത്. പേർഷ്യൻ ഭാഷയാണ് ഇറാന്റെ ഔദ്യോഗീക ഭാഷ. ഇപ്പോൾ ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ എന്ന് ഔദ്യോഗീകമായി അറിയപ്പെടുന്നു. ജനസംഖ്യയിൽ മുന്നിലുള്ള ലോകത്തെ പതിനെട്ടാമത്തെ സ്ഥാനത്ത് നിൽക്കുന്ന രാജ്യമാണ് ഇറാൻ.
എട്ടുകോടി ഇരുപത് ലക്ഷം ജനങ്ങളുള്ള ഇറാനിൽ, ജനസംഖ്യയുടെ 99.4 ശതമാനവും ഇസ്ലാം മതവിശ്വാസികളാണ്. ഇറാനിയൻ ഇസ്ലാം മതവിശ്വാസികളിൽ 90 ശതമാനവും ഷിയാ വിഭാഗത്തിൽ പെട്ടവരും, പത്തുശതമാനം സുന്നിവിഭാഗത്തിൽ പെട്ടവരുമാണ്. പത്തുശതമാനം വരുന്ന സുന്നിവിഭാഗത്തിൽ, കുർദ് വിഭാഗത്തിൽ പെട്ടവരും, അച്ചോമിസ് വിഭാഗത്തിൽ പെട്ടവരും, ടർക്ക്മെൻസ് വിഭാഗത്തിൽ ബലൂചിസ് വിഭാഗത്തിൽ പെട്ടവരും ഉണ്ട്.
ഇങ്ങനെ പരമ്പരാഗതമായി ഇസ്ലാം മതവിശ്വാസത്തിലൂന്നിയ ജീവിതരീതിയും, ശരി അത് നിയമവും നിലനിൽക്കുന്ന ഇറാനിൽ പതിറ്റാണ്ടുകൾ നീണ്ട വിലക്കുകൾ ഒഴിവായി, ഫുഡ്ബോൾ മൽസരം കാണാനായി കഴിഞ്ഞദിവസം ടെഹ്റാനിലെ ആസാദി സ്റ്റേഡിയത്തിലെത്തിലേക്ക് കൂട്ടമായി ഒഴുകിയെത്തിയ പെണ്ണുങ്ങളുടെ ആഹ്ലാദമാണ് ഒന്നാമത്തെ ചിത്രത്തിൽ. മാറാത്തതായി ഒന്നുമില്ല എന്ന് ഇറാനിലെ ഈ പെണ്ണുങ്ങൾ തെളിയിച്ചിരിക്കുകയാണ്..
പല മുസ്ലീം രാജ്യങ്ങളിലും സിനിമകൾക്കുള്ള നിരോധനം മാറി വരുന്നു, സ്ത്രീകൾ സിനിമകൾക്കും കളിയിടങ്ങളിലേക്കും സ്വതന്ത്രരായി പോകുന്നു. ഹോട്ടലുകളിൽ അടുത്ത ബന്ധുക്കളെ കൂടാതെ തന്നെ സ്ത്രീകൾക്ക് മുറികളെടുക്കാനായി കഴിയുന്നു. ഇങ്ങനെ ലോക മുസ്ലീങ്ങളുടെ ഇടയിൽ വസ്ത്രസ്വാതന്ത്ര്യവും സാമൂഹ്യ ജീവിത പൌര സ്വാതന്ത്ര്യങ്ങൾ സ്ത്രീകൾക്ക് സ്വന്തമായി മാറുകയാണ്.
എന്നാൽ നമ്മുടെ നാട്ടിലോ? നമ്മുടെ നാട്ടിൽ ഇത് ഇസ്ലാം മതത്തിന്റെ പേരിൽ സ്ത്രീകളെ പൊതിഞ്ഞ് മൂടുകയാണ്, അവരുടെ സ്വാതന്ത്ര്യങ്ങൾ ഇല്ലാതാക്കുകയാണ്. പുതിയ പുതിയ തിട്ടൂരങ്ങൾ മതത്തിന്റെ പേരിൽ അവരിലേക്ക് അടിച്ചേൽപ്പികാകപ്പെടുന്നു. തലയിൽ തട്ടമിട്ടുനടന്ന കാലത്തുനിന്നും മുഖം മറച്ച് കണ്ണുകൾ വരെ മൂടി നടക്കുന്ന കാലത്തിലേക്ക് നമ്മുടെ നാട്ടിലെ മുസ്ലീം സ്ത്രീകളുടെ ജീവിതം അനുദിനം പുരോഗമിച്ചു വരികയാണ്. ലോകമുസ്ലീം സമൂഹങ്ങളിൽ നിന്ന് പുരോഗമനത്തിന്റെ മാറ്റൊലികൾ കേൾക്കുമ്പോൾ, നമ്മുടെ നാട്ടിലെ മുസ്ലീം സ്ത്രീകളെ പ്രാചീനതയിലേക്ക് നടത്തിക്കൊണ്ടു പോകുന്നു.
കൂട്ടിൽ കിടക്കുന്ന പക്ഷിക്ക് ആ കൂടാണ് അനുവദിച്ച് കിട്ടിയ ലോകം, കൂടിന് പുറത്തെ ആകാശം ആ പക്ഷിക്ക് നിഷേധിക്കപ്പെടുകയാണ് എന്നത് ആ കിളി മനസ്സിലാക്കുന്ന നിമിഷം മാത്രമേ തന്നെ ആരോ അടിമയാക്കിവെച്ചിരിക്കുകയാണ് എന്ന സത്യം കിളിക്ക് ബോധ്യപ്പെടൂ. സ്വാതന്ത്ര്യത്തെ കുറിച്ച് സംസാരിക്കുന്ന കിളിയോട് ആ കിളിയുടെ ഉടമ ചോദിക്കുക “നിനക്കിവിടെ എന്തിന്റെ കുറവാണ്” എന്ന ചോദ്യമായിരിക്കും.
നബി – സ്വതന്ത്രമായി ചിന്തിക്കാനും ജീവിക്കാനും സ്വാതന്ത്ര്യമില്ലാത്ത അവസ്ഥ തന്നെയാണ് അടിമത്തം..
(ചിത്രം ഒന്ന് ഇറാനിൽ നിന്നും ചിത്രം രണ്ട് നമ്മുടെ കേരളത്തിൽ നിന്നും)