Sreejith VT Nandakumar എഴുതുന്നു

 

“ഇരവാദം എന്നതിന്‍റെ ശുദ്ധമായ മൃഗീയത നീയോര്‍ത്തിട്ടുണ്ടോ?”

കൂട്ടുകാരനായിരുന്നു.

ഞങ്ങള്‍, ചിമ്മിനി ഡാമിന്റെ കുറുകെയുള്ള റോഡില്‍ നിന്നുകൊണ്ട്, താഴേക്ക് വീഴുന്നതില്‍നിന്നും മനുഷ്യന്‍ തടകെട്ടി ഒതുക്കിയ നദിയെ നോക്കുകയായിരുന്നു.

പ്രകൃതിയെ മെരുക്കാന്‍ നോക്കുന്നതുപോലെയൊരു വങ്കത്തരം, മൃഗങ്ങള്‍ പോലും ചെയ്യില്ല. ആധുനികമനുഷ്യനേ അത്രയും ബുദ്ധിശൂന്യതയ്ക്ക് അര്‍ഹതയുള്ളൂ.

” ഇല്ല.” ഞാന്‍, വഴിയില്‍നിന്നും പറിച്ച ചപ്പങ്ങത്തിന്റെ ഇലകളില്‍ ഒരെണ്ണം താഴേക്ക് എറിഞ്ഞു. തുണികള്‍ക്ക് നിറം ചേര്‍ക്കാന്‍ ഉപയോഗിക്കുന്ന ചെടിയാണ്. മൂത്രതടസ്സം മുതലായവയ്ക്കും കേമം എന്ന് നാട്ടുവൈദ്യം.

ആലംബമില്ലാതെ പറന്നുപറന്നു, ആ ഇല, വെളുത്ത ജലപാതത്തില്‍ ഒന്നുമല്ലാതെയായി, കാണാതായി.

ഇരവാദം.

തലേന്ന് രാത്രി, ഞങ്ങള്‍, വിഡിയോകള്‍ ഇട്ടുകാണുകയായിരുന്നു.

അവന്‍, വേള്‍ഡ് വൈല്‍ഡ് ലൈഫ് ഫണ്ടിന്റെ ട്രാഫിക് എന്ന വിഭാഗം നോക്കുന്ന എനേബ്ലറില്‍ ഒരാള്‍ ആയിരുന്നു.

” നോക്ക്,” ഒരു ചീറ്റ, മാനിനെ വേട്ടയാടിപ്പിടിക്കുന്നത് കണ്ടു അവന്‍ പറഞ്ഞു.

” രണ്ടിന്‍റെയും മസ്തിഷ്കം, ഒരേപോലെയുള്ള പ്രതികരണങ്ങള്‍ കൊണ്ടാണ് ഉണ്ടാക്കിയിട്ടുള്ളത് – ഓടുക, അല്ലെങ്കില്‍ യുദ്ധം ചെയ്യുക. എന്നിട്ടും, അതില്‍ ഒരു മാന്‍ പോലും യുദ്ധം ചെയ്യാന്‍ തയ്യാറാകുന്നില്ല. എന്താണ് അത്? ”

അവന്‍ സോഫയില്‍ ചാരിയിരുന്നു. പീച്ചിയിലെ ഡോര്‍മിറ്ററി ആയിരുന്നു. ചുറ്റിനും കാട്ടുചീവീടുകളുടെ നിരന്തരമായ തമ്പുരു ഡ്രോണ്‍ മുഴങ്ങി. തണുപ്പ്, എപ്പോളെ പോയിരുന്നു.

ഞാന്‍ ആ ചീറ്റയുടെ മസിലുകള്‍ അനങ്ങുന്ന സ്ലോ മോഷന്‍ കാണുകയായിരുന്നു. എണ്ണയിട്ട വാഹനത്തിന്റെ എഞ്ചിന്‍ പോലെ. എന്തു വെടിപ്പായാണ് അത് കഴുത്തില്‍ പല്ലുകള്‍ അമര്‍ത്തുന്നത്! അതിനു മുമ്പേ, തന്റെ മുന്‍കാലുകള്‍ കൊണ്ട്, നേരിട്ടേക്കാവുന്ന ആക്രമണത്തെ തടുക്കാന്‍ പ്രതിരോധം ചമച്ചുകൊണ്ട്, ഒരു കില്ലിംഗ് മെഷിന്‍.

” ശരിയാണ്.”

ഒരു ഡസന്‍ വിഡിയോകള്‍ എങ്കിലും കഴിഞ്ഞിരുന്നു. ഐ വോസ് ഫാസിനേറ്റഡ്.

എന്തെല്ലാം തരത്തിലാണ് മൃഗങ്ങള്‍ പെരുമാറുന്നത്!

” സീ. അവിടെയാണ്, ഫ്ലോക്ക് എന്നതിന്‍റെ പരിണാമപ്രാധാന്യം വരുന്നത്. ഒരെണ്ണത്തിനെ വേട്ടയാടുമ്പോള്‍, ഓടുക എന്ന പ്രാചീനമായ ഭീതിയില്‍നിന്നും, ഒരുമിച്ചുനിന്ന് പ്രതിരോധിക്കുക എന്നതിലേക്ക് പുരോഗമിച്ചതാണ്, മനുഷ്യചരിത്രം എന്ന് പറയാം. പക്ഷേ,-”

അവന്‍ നിര്‍ത്തി, ഒരു കോപ്പ മോന്തി.

“- ഐ ഹവ് മൈ റിസര്‍വേഷന്‍സ് എബൌട്ട്‌ ദ തിയറി.”

ഞാന്‍ അവനെ നോക്കി.

ടീ-ഷര്‍ട്ടിനു കീഴെ മസിലുകള്‍ ആണ് മുഴുവനും. ഒരു ലീന്‍, മീന്‍ മെഷിന്‍. അവന്‍ ഏതെങ്കിലും ആനക്കൊമ്പ് കടത്തുകാരെയോ മറ്റോ കൊന്നുകാണുമോ? ഏയ്‌. അതിനല്ലല്ലോ വേള്‍ഡ് വൈല്‍ഡ് ലൈഫ് മിഷന്‍.

” എന്താണ് നിനക്കുള്ള സംശയം? അങ്ങിനെയല്ലേ മനുഷ്യന്‍ ഇവിടെ വരെയെത്തിയത്? ”

” എന്നൊക്കെ പറയാം. ചുമ്മാ ഹൈപ്പ്. നമുക്കെങ്ങിനെ അറിയാം? നമ്മുടെ വികസിച്ച ബ്രെയിനിലെ സര്‍വൈവല്‍ മെക്കാനിസം കൌശലങ്ങള്‍ മെനയാന്‍ മിടുക്ക് കാണിക്കും. അത്രേയുള്ളൂ. അല്ലാതെ, ഈ ഓടുന്ന ഇരകള്‍ക്കും, അതിനു പിറകെയുള്ള ഒരേയൊരു വേട്ടമൃഗത്തിനും നമ്മുടെ സമൂഹത്തിനും തമ്മില്‍ നിനക്ക് എന്തെങ്കിലും വ്യത്യാസം കാണിച്ചുതരാന്‍ ഒക്കുമോ?”

” നോക്ക്, ലോകവിപ്ലവങ്ങള്‍ -”

” ഹഹ! ഡോണ്ട് മേയ്ക്ക് മീ ലാഫ്, മാന്‍. ” അവന്‍ എണീറ്റുനിന്ന് സ്ട്രെച് ചെയ്തു.

ടെര്‍മിനേറ്റര്‍ എന്ന ഫിലിമിലെ വില്ലനെപ്പോലെയുണ്ട്. നീയെങ്ങിനെയാണ് ഇത്രയും മാറിയത്?

” റാന്‍ഡം ഉദാഹരണങ്ങള്‍, ശാസ്ത്രം സ്വീകരിക്കില്ല. അന്ത്രപ്പൊലജിയില്‍, നീ പറയുന്ന സോഷ്യല്‍ പരിവര്‍ത്തനങ്ങള്‍ക്ക് പിറകിലെ ഡൈനമിക്സ് വേറെയാണ്.ബിപ്ലവ് കുമാര്‍ അല്ല.”

എനിക്ക് ഉറക്കം വരുന്നുണ്ട്. രാത്രി വൈകിയിരുന്നു…

” ഇതാ നോക്ക്. നിന്‍റെ ആ ചപ്പങ്ങത്തിന്റെ ഇല താഴേക്ക് പോയ പോക്ക് കണ്ടോ? അതാണ്, ഒരു ടിപ്പിക്കല്‍ മനുഷ്യപ്രതികരണം. അതൊരിക്കലും ഇപ്പോള്‍ പ്രതിരോധം ഉയര്‍ത്തില്ല. അങ്ങിനെ റീ ട്രെയ്ന്‍ ചെയ്തിരിക്കുന്നു, ആധുനികസമൂഹമൂല്യങ്ങള്‍ നമ്മളെ.”

” ഇരകള്‍ ആകാന്‍? ” ഞാന്‍ താഴെ ഇരമ്പുന്ന വെള്ളത്തിലേക്ക് നോക്കി.

” ഉം. ” അവന്‍ തലയാട്ടി.

” ഒരു കണ്ടാമൃഗത്തിനെ കൊല്ലാന്‍ മുതിര്‍ന്ന മൂന്നു സിംഹങ്ങള്‍ക്ക് കഴിയില്ല. കാരണം, ആ ഇര ആര്‍ജ്ജിച്ച ഭൌതികമായ കവചവും, സഹസ്രാബ്ദങ്ങളുടെ അഗ്രഷനും പോകില്ല. മറിച്ചു, ആനകളെ നോക്ക്. ”

അവന്‍ പിന്നിലെ ട്രെക്കിംഗ് വഴിയിലേക്ക് ചൂണ്ടി.

” അവര്‍ ഒരുമിച്ചു നില്‍ക്കും. ഹേര്‍ഡ് മൈന്‍ഡ്. അവയെ തൊടാന്‍ വേട്ടക്കാരന് കഴിയില്ല.”

” വാരിക്കുഴിയില്‍ വീഴുന്ന ആനകളില്ലേ? അവയോ?”

” ഇരവാദം. മനുഷ്യര്‍ക്കൊപ്പം എത്രയോ ആനകള്‍ വേണം, ഒരെണ്ണത്തിനെ മെരുക്കാന്‍. സിസ്റ്റം റീഹാബ് ചെയ്ത ഇരകളാണ് നാട്ടാനകള്‍. ഇരകള്‍ വേട്ടക്കാരുടെ കൂടെയാകുമ്പോള്‍, ഹേര്‍ഡ് തോല്‍ക്കും. ”

” പ്രകൃതിയുടെ നിയമം, ശ്രീ. ” തിരികെ പോരുമ്പോള്‍ അവന്‍ പറഞ്ഞു.

എന്‍റെ മൊബൈലില്‍, ഫേസ്ബുക്കില്‍ ആരൊക്കെയോ അറസ്റ്റില്‍ ആവുന്നുണ്ടായിരുന്നു.

ഇരകള്‍ വേട്ടയാടി വിളയാടുന്നു.

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.