ഇരിട്ടിയിലെ കക്കൻ ഹംസ

0
667

humour

എന്റെ അമ്മമ്മയുടെ അനുജത്തി കണ്ണൂർ ജില്ലയിലെ ഇരിട്ടി എന്ന സ്ഥലത്തെ ഒരു സ്കൂൾ ടീച്ചറായിരുന്നു. വേനലവധിക്കാലത്ത് (സ്ക്കൂൾ പൂട്ടുമ്പോൾ ) ഞങ്ങൾ കസിൻസ് കുഞ്ഞമ്മയുടെ ഇരിട്ടിയിലെ വീട്ടിലെത്തും പിന്നെ രണ്ടു മാസം ഇരിട്ടിപ്പുഴയിലും അനുബന്ധ പ്രദേശങ്ങളിലും കുത്തി മറിഞ്ഞു നടക്കും.
അക്കാലഘട്ടത്തിൽ ഒരു കൊച്ചു പെൺകുട്ടിയായിരുന്ന ഞാനും എന്റെ കസിൻസും ഏറ്റവുമധികം ഭയന്നത് ഇരിട്ടിയിലെ “കക്കൻ ഹംസ’ യെയാണ്
കാലിന് മുടന്തുള്ള കറുത്ത് തടിച്ച ഒരാളായിരുന്നു കക്കൻ ഹംസ.
ഇയാളുടെ ശല്യം സഹിക്കവയ്യാതെ ആരോ അയാളുടെ കുതിക്കാലിൽ വെട്ടിയതാണ് അയാളുടെ മുടന്തിന്റെ കാരണമെന്ന് കുഞ്ഞമ്മച്ചി പറഞ്ഞു .

ഒരിക്കൽ ,അപ്പോളോ ടെക്സ്റ്റയിൽസിനോട് ചേർന്നുള്ള ഒരു കൂൾബാറിൽ ഫലൂത കഴിച്ചു കൊണ്ടിരിക്കുമ്പോൾ കക്കൻ ഹംസ കയറി വന്ന് ,നാലാം ക്ലാസ്സിൽ പഠിക്കുന്ന എന്റെ കസിൻ രാജലക്മിയുടെ കൈകളിൽ പിടിക്കുകയും ഞെരിക്കുകയും ചെയ്തു.അതിന് ശേഷം എപ്പോൾ കക്കൻ ഹംസയെ കണ്ടാലും ഞങ്ങൾ പ്രാണരക്ഷാർത്ഥം ഓടുമായിരുന്നു.. പോലീസിനോട് കംപ്ലയിന്റ് ചെയ്താൽ അവർ മൈൻഡ് ചെയ്യില്ല. അന്നൊക്കെ 6 മണി കഴിഞ്ഞാൽ ഇരിട്ടിയിൽ സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടമാണ്. അതു കൊണ്ട് തന്നെ 6 മണിക്ക് ശേഷം സ്ത്രികളാരും തന്നെ ടൗണിൽ ഉണ്ടാവില്ല. ഇരിട്ടിയിൽ കച്ചവടം നടത്തുന്നവരും ഇതിനൊക്കെ മൗനാനുവാദം കൊടുത്തു പോന്നു.
ബസ്സ് സ്റ്റാന്റ് ആയിരുന്നു കക്കൻ ഹംസയുടെ വിഹാരം രംഗം.
ബസ്സ് കാത്തു നില്ക്കുന്ന സ്ത്രികളുടെ പിന്നിൽ അവരറിയാതെ വന്ന് നിന്ന് സിഗരറ്റ് കത്തിച്ച് അവരുടെ സാരിയിൽ ചേർത്തു പിടിക്കുക. നടന്നു പോകുന്ന സ്ത്രികളുടെ ,പെൺകുട്ടികളുടെ മുലകളിൽ കയറിപ്പിടിക്കുക എന്നിവ കക്കൻ ഹംസയുടെ സ്ഥിരം കലാപരിപാടികളായിരുന്നു. ഭർത്താവും കുഞ്ഞുമായി പോകുന്ന സ്ത്രീകളെ തടഞ്ഞു നിർത്തി ” നീ എന്തിനാടി എന്റെ കൊച്ചിനെ അവനെ കൊണ്ട് എടുപ്പിക്കുന്നത് ” എന്ന് ചോദിക്കും.
കക്കന്റെ സ്വഭാവം അറിയാത്ത ആളാണ് സ്ത്രിയുടെ ഭർത്താവെങ്കിൽ അതോടെ ആ കുടുംബം തല്ലിപ്പിരിയും.
കക്കൻ ഹംസ എന്തൊക്കെ ആഭാസം കാണിച്ചാലും പറഞ്ഞാലും ഒരാൾ പോലും അതിനെതിരെ പ്രതികരിക്കുമായിരുന്നില്ല എന്നു മാത്രമല്ല കക്കന് ഇതിനൊക്കെ സപ്പോർട്ടും ഉണ്ടായിരുന്നു.
അക്കാലഘട്ടത്തിൽ ഇരിട്ടിയിലുണ്ടാരുന്ന പോലീസ് സ്‌റ്റേഷൻ എന്തിന് വേണ്ടിയായിരുന്നു എന്ന് പോലും സാധാരണക്കാർക്ക് അറിയില്ലായിരുന്നു.

കുറച്ച് കാലങ്ങൾക്ക് ശേഷം ഞാൻ വീണ്ടും ഇരിട്ടിയിലെത്തി സമയം രാത്രി 8 മണി.എന്റെ കണ്ണുകളും ഞാനും അന്ധാളിച്ചു പോയി. ധാരാളം സ്ത്രികൾ പ്രായഭേദമന്യേ യാതൊരു വിധ ടെൻഷനുമില്ലാതെ ഇരിട്ടി ടൗണിൽ ഓരോ കാര്യങ്ങളിൽ ഏർപ്പെട്ടിരിക്കുന്നു..
ഇതെന്തു കഥ എന്താ മറിമായം ഞാനെന്റെ ഡ്രൈവറോട് ചോദിച്ചു
“എന്റെ ചേച്ചീ..പുതിയതായി എത്തിയ പ്രിൻസ് എന്ന ഇൻസ്പെക്ടർ എല്ലാ അവന്മാരെയും അടിച്ചൊതുക്കി ഈജിയൻ തൊഴുത്തു പോലെ കിടന്ന ഇരിട്ടി ഇപ്പോൾ കേരളത്തിലെത്തന്നെ ഏറ്റവും സേഫായിട്ടുള്ള സ്ഥലമാണ്.
പിന്നെ നമ്മുടെ കക്കൻ അംസ ഏതോ കിണറ്റിൽ വീണ് ചത്തുപോയി കേട്ടോ
ഒരു കുളിർമഴയായാണ് ഞാനാ വാക്കുകൾ കേട്ടത്.
രാജലക്മിയുമായി പോയി ഫലൂത കഴിക്കണം. ഇരിട്ടി പുഴയിലും പരിസര പ്രദേശങ്ങളിലും രാത്രി കറങ്ങി നടക്കണം .കക്കന്റെ കാലഘട്ടത്തിൽ നടക്കാതെ പോയ മോഹങ്ങളെല്ലാം സാധ്യമാക്കണം
കക്കൻ ഹംസ കിണറ്റിൽ വീണു ചത്തു
എനിക്ക് ചിരി വന്നു.,, പൊട്ടിച്ചിരിക്കുന്ന എന്നെ ഡ്രൈവർ അൽഭുതത്തോടെ നോക്കി.
ഇൻസ്പെക്ടർ പ്രിൻസിനെ കാണണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും ഇതുവരെ സാധിച്ചില്ല.
ഇന്നും കക്കൻ ചത്തുപോയ കാര്യമോർക്കുമ്പോൾ ഹൃദയം നിറഞ്ഞ് കവിയുന്ന ഒരു ചിരി എന്നിൽ പടരും.