ഐ എസും അൽ ബഗ്ദാദിയും

264

Samuel Babu Adimaly

ഐ എസും അൽ ബഗ്ദാദിയും.

ക്രൂരതയുടെ പര്യായമായിരുന്ന ബഗ്ദാദി 1971 ൽ ഇറാഖിലെ സമാറയിൽ ജനിച്ചു. ഇറാഖ് സർവകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് നേടിയതായി കരുതപ്പെടുന്നു.അബൂബക്കർ അൽ ബഗ്ദാദിയുടെ പൂർവ്വ കാലത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. 2010 നു ശേഷം സിറിയയിൽ നടന്ന ആഭ്യന്തര കലാപത്തിന് ശേഷമാണ് ഇസ്ലാമിക് സ്റ്റേറ്റ് എന്ന സംഘടനയെ കുറിച്ച് ലോകം കേട്ടു തുടങ്ങുന്നത്. ബശർ അൽ അസദ് എന്ന സ്വേച്ഛാധിപതിയുടെ ഭരണമവസാനിപ്പിക്കാൻ സിറിയയിൽ സുന്നി വിമതർ നടത്തിയ പ്രക്ഷോഭങ്ങൾക്ക് മാനവിക പരിഗണനയിലെന്നെ നിലയിൽ അമേരിക്കയും ഇസ്രയേലും പിന്തുണ നൽകി. റഷ്യയുടെ സഖ്യരാജ്യമായ സിറിയയെ നേരിട്ട് ആക്രമിക്കുന്നതിന് പകരം വിമതരിലൂടെ ആഭ്യന്തര സംഘർഷത്തെ വിജയിപ്പിക്കുകയെന്നതായിരുന്നു യുഎസിന്റെ പദ്ധതി.

ഐ എസിന്റെ പിറവി.

പ്രക്ഷോഭം തുടരുന്ന സുന്നി വിമതർക്ക് അമേരിക്കയും ഇസ്രയേലും നൽകിയ അത്യാധുനിക ആയുധങ്ങൾ അൽ നുസ്ര ഫ്രണ്ട് എന്ന വിമത ഗ്രൂപ്പ് ഹൈജാക്ക് ചെയ്യുകയും സിറിയൻ ഭരണാധികാരി അസദിന്റെ ശിയ ഭരണത്തിനെതിരെ ജനങ്ങളെ സംഘടിപ്പിക്കുകയും ചെയ്തു. ഇതേ സമയം ഇറാക്കിൽ ഇസ്ലാമിക് സ്റ്റേറ്റ് ഇൻ ഇറാഖ് എന്ന പേരിൽ അബുബക്കർ അൽ ബഗ്ദാദി ഇറാക്ക് ഭരണത്തിനു നേരെ പോരാട്ടം ആരംഭിച്ചിരുന്നു. 2013 ഏപ്രിൽ 8ന് അബൂബക്കർ ബാഗ്ദാദി ഇറാഖിലെ ഇസ്‌ലാമിക്ക് സ്റ്റേറ്റ് ഓഫ് ഇറാഖ്, സിറിയയിലെ അൽ നുസ്ര ഫ്രണ്ട്, ദാഇശ് എന്നീ തീവ്ര സലഫിസ്റ്റ് സംഘടനകളെ ഒരുമിപ്പിച്ച് ഇസ്‌ലാമിക്ക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആൻഡ് സിറിയ (ISIS) എന്ന പേരിൽ ഒറ്റ സംഘടനയായി പ്രഖ്യാപിച്ചു. 2014 ജൂൺ 9 – മൂസിൽ വിമാനത്താവളം, ടിവി സ്റ്റേഷനുകൾ, ഗവർണറുടെ ഓഫിസ് എന്നിവ ISIS പിടിച്ചെടുത്തു. 1000 ത്തിലധികം തടവുകാരെ അവർ മോചിപ്പിച്ചു. ഈ സംഭവത്തിന് വലിയ തോതിൽ കവറേജ് ലഭിക്കുന്നു. ഐസിസ് ലോക ശ്രദ്ധ ആകർഷിക്കുന്നു.

2014 ജൂൺ 10 – മൂസിൽ നഗരവും ജൂൺ 11 ന് തിക്രീത്ത് നഗരവും പൂർണമായി ISIS ന്റെ നിയന്ത്രണത്തിലായി. ഇതേ സമയം സിറിയൻ ഭരണാധികാരിയുടെ അഭ്യർത്ഥന പ്രകാരം റഷ്യ ഐ എസ് ന്റെ കേന്ദ്രങ്ങൾക്കുനേരെ ആക്രമണമഴിച്ചുവിട്ടു. ലോകമഹായുദ്ധങ്ങളിൽ ഉപയോഗിച്ചിരുന്ന കുപ്രസിദ്ധിയാർജിച്ച സരിൻ ഉൾപെടെയുള്ള രാസായുധങ്ങളും ക്ലോറിൻ വാതകങ്ങളും ഭീകര കേന്ദ്രങ്ങൾക്ക് നേരെയും സുന്നി വിമതർക്ക് നേരെയും ഉപയോഗിച്ചു. റഷ്യയും സിറിയയും ചേർന്ന് പ്രക്ഷോഭകർക്ക് നേരെ സരിൻ പ്രയോഗിച്ചത് അയൽ രാജ്യമായ ഇസ്രയേൽ ഐക്യരാഷ്ട്ര സഭയുടെ ശ്രദ്ധയിൽ കൊണ്ടുവന്നു.

2014 ജൂൺ 29 ന്എല്ലാ അതിർത്തിരേഖകളെയും മായ്ച്ചുകൊണ്ടും അപ്രസക്തമാക്കിയും ISIS ഖിലാഫത്ത് (Islamic State) പ്രഖ്യാപിച്ചു. 1.5 മില്ല്യൺ വരുന്ന ലോകമൂസ്‌ലിംകളുടെ ഖലീഫയായി അബൂബക്കർ അൽ ബഗ്ദാദി സ്വയം പ്രഖ്യാപിച്ചു. Islamic State എന്ന പുതിയ പേര് സ്വീകരിച്ചതായി സംഘം പ്രഖ്യാപിച്ചു. ഭീകരതയുടെയും ക്രൂരതയുടെയും പര്യായമായ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ കടൽ തീരത്ത് നടത്തിയ കൊലപാതകങ്ങൾ യുട്യൂബിൽ അപ്ലോഡ് ചെയ്തതോടെ ലോകം മുഴുവൻ ഇസ്ലാമിക് ഭീകരതയെ ജാഗ്രതയോടെ വീക്ഷിക്കാൻ തുടങ്ങി. ഇസ്ലാമിനും ഇസ്ലാമിക് രാഷ്ട്രത്തിനും വേണ്ടിയാണ് ബാഗ്ദാദി ജീവിച്ചതെങ്കിലും അയാളുടെ ചെയ്തികൾ മുസ്ലീങ്ങളോടുള്ള വിദ്വേഷം വളരാൻ കാരണമായി.

  • സൗദി അറേബ്യയും UAE യും ഉൾപ്പെടെ GCC രാജ്യങ്ങളും ഇസ്രയേലും ചേർന്ന് US ന്റെ കീഴിൽ
    ഭീകരവിരുദ്ധ യുദ്ധത്തിന് മുന്നോട്ട് വന്നു.

റഷ്യയുടെ കീഴിൽ സുന്നി വിമതർക്കും ഐ എസിനു നേരെയും വ്യോമാക്രമണം നടക്കുമ്പോൾ അമേരിക്കൻ സഖ്യത്തിന്റെ കീഴിൽ ഭീകരവിരുദ്ധ യുദ്ധവും ശക്തമായി നടന്നു. യുദ്ധവിമാനങ്ങൾ പരസ്പരം കൂട്ടിയിടിക്കാതിരിക്കാൻ സമയം നിശ്ചയിച്ചു കൊണ്ടുള്ള വ്യോമാക്രമണങ്ങളാണ് അരങ്ങേറിയത്. ഇരു സഖ്യങ്ങളുടെയും ഭീകരവിരുദ്ധ യുദ്ധങ്ങളുടെ അനന്തര ഫലമായി സിറിയയിലെ ജനജീവിതം താറുമാറാകുകയും അഭയാർത്ഥി പ്രവാഹം ശക്തമാവുകയും ചെയ്തു. 2018 ന്റെ അവസാനത്തോടെ ഐ എസിൽ നിന്നും പല പ്രദേശങ്ങളും തിരിച്ചുപിടിക്കാൻ സഖ്യസേനകൾക്ക് സാധിച്ചു.

ബഗ്ദാദിയുടെ അന്ത്യം.

ട്രംപിന്റെ വിദേശ നയം മുൻഗാമികളുടേതിൽ നിന്ന് വ്യത്യസ്തമാണ്.അമേരിക്കക്ക് പ്രത്യക്ഷമായി നേട്ടമില്ലാത്ത കാര്യങ്ങളിൽ US സൈനികരെ ബലിയാടാക്കാൻ ട്രംപിന് താൽപര്യമില്ല. ഐ എസിന്റെ ശക്തികേന്ദ്രങ്ങൾ എല്ലാം ഇറാക്ക് തിരിച്ചുപിടിച്ചതോടെ സൈനികരെ പിൻവലിക്കാൻ ഇറാഖ് ഗവൺമെന്റ് അമേരിക്കയുടെ മേൽ സമ്മർദം ശക്തമാക്കി. ട്രംപിന്റെ ഇലക്ഷൻ വാഗ്ദാനമായിരുന്ന “സൈനികരെ തിരിച്ചുവിളിക്കൽ” നടപ്പാക്കാൻ ട്രംപിനും ആഗ്രഹമുണ്ട്. ഇതെല്ലാം പരിഗണിക്കുമ്പോൾ ഇതു തന്നെയാണ് ബഗ്ദാദിയെ നിഗ്രഹിക്കാനുള്ള ബെസ്റ്റ് ടൈം. സൈനികരെ പിൻവലിക്കുന്നതിന് മുമ്പേ ദൗത്യപൂർത്തീകരണമെന്ന നിലയിൽ ഐ എസ് നേതാവിനെ ഇല്ലായ്മ ചെയ്യാനായത് ട്രംപിന്റെ കിരീടത്തിലെ ഒരു പൊൻ തൂവലാണ്. ഒരു പക്ഷെ അടുത്ത ഇലക്ഷനിൽ ഇതിന്റെ പ്രതിഫലനവും റിപ്പബ്ലിക്കൻ പാർട്ടിക്ക് മുതൽകൂട്ടായേക്കും.