പൗരത്വ രജിസ്റ്ററിൽ പേരില്ലാതെ ഒന്നും നടക്കില്ല എന്ന അവസ്ഥ ഏറെ വൈകാതെ വരും

109

ഗാന്ധിജി അനുവർത്തിച്ച സമരതീതിയാണ് നിസ്സഹകരണ സമരം. വർത്തമാന ഇന്ത്യയിൽ ഭരണകൂടത്തിന്റെ വികലമായ നയങ്ങൾക്കെതിരെ പ്രയോഗിക്കാവുന്ന സമരരീതിയാണ് എന്ന് നിസംശയം പറയാം. എന്നാൽ ജനങ്ങളുടെ ഏകീകരണമില്ലായ്മ, വിവിധ രാഷ്ട്രീയ-മത ചിന്താഗതികൾ…ഒക്കെ കൊണ്ട് ഇത് ഇപ്പോൾ പ്രാവർത്തികമാക്കാൻ പ്രയാസമാണ്. ഉദാ : കുത്തകകൾക്ക് വേണ്ടിമാത്രം പെട്രോൾ വില കൂട്ടുമ്പോൾ ഈ രാജ്യത്തിലെ ഭൂരിപക്ഷം പെട്രോൾ ഉപഭോക്താക്കളും മോട്ടോർവാഹനങ്ങൾ ഒഴിവാക്കുന്നു എങ്കിൽ ഭരണകൂടത്തെ നിലയ്ക്ക് നിർത്താൻ കഴിയും . പക്ഷെ അത് ചെയ്യില്ല, പകരം തുരുമ്പിച്ച സമരരീതിയായ ഹർത്താൽ, ഒരു ചടങ്ങുപോലെ സംഘടിപ്പിച്ചിട്ടു പ്രതിപക്ഷ പാർട്ടികൾ കയ്യൊഴിയുന്നു.

ഇപ്പോൾ ഈ പൗരത്വ രജിസ്റ്റർ വിഷയത്തിൽ ജനങ്ങളോട് നിസ്സഹകരണം നടത്താൻ പറയുമ്പോൾ, ചുമ്മാതങ്ങു പറയുന്നതല്ലാതെ ആ സമരമാർഗ്ഗത്തിന്റെ വശങ്ങളെ കുറിച്ചോ അങ്ങനെ ചെയ്‌താലുണ്ടാകുന്ന പ്രത്യാഘാതങ്ങളെ എങ്ങനെ നേരിടാം എന്നതിനെ കുറിച്ചോ പറയുന്നില്ല. സംസ്ഥാന സർക്കാർ ഈ വിഷയത്തിൽ ജനങ്ങളോട് എങ്ങനെ ഐക്യം പ്രഖ്യാപിക്കുമെന്നും അറിയേണ്ടതുണ്ട്. അവ്യക്തമായ ചിന്തകളുമായി നിസ്സഹകരണം നടത്തുമ്പോൾ ജനങ്ങളുടെസംശയം ദുരീകരിക്കേണ്ടതുണ്ട്.

Ajith Sudevan എഴുതുന്നു

ആധാർ കാർഡ് വന്നപ്പോൾ അതൊരു സാധാ കാർഡ് ആയിരിന്നു. എന്നാൽ ഇപ്പോൾ അതില്ലാതെ ഒന്നും നടക്കില്ല എന്ന അവസ്ഥയായി. അതുപോലെ പൗരത്വ രജിസ്റ്ററിൽ പേരില്ലാതെ ഒന്നും നടക്കില്ല എന്ന അവസ്ഥ ഏറെ വൈകാതെ വരും. നേതാക്കന്മാരുടെ വാക്കും കേട്ട് പൗരത്വ രജിസ്റ്ററുമായി ബന്ധപ്പെട്ട സർവേകളോട് നിസഹകരിക്കാൻ പോയാൽ അപ്പോൾ ഈ പറയുന്ന നേതാക്കന്മാർ ഒന്നും നിങ്ങളുടെ രക്ഷയ്ക്ക് എത്തില്ല.
അധികാരം ഇല്ലാത്തപ്പോൾ എതിർത്തത് എല്ലാം അധികാരം കിട്ടിയാൽ വർധിത വീര്യത്തോടെ നടപ്പാക്കിയ ചരിത്രമാണ് ഇടതുപക്ഷം അടക്കമുള്ള നമ്മുടെ പ്രതിപക്ഷ പ്രസ്ഥാനങ്ങൾക്ക് ഉള്ളത്. അതിൽ സ്വാശ്രയ കോളേജ് മുതൽ UAPA നിയമം വരെ വരും. അതിനാൽ വാക്കും പ്രവൃത്തിയും തമ്മിൽ പറയത്തക്ക യാതൊരു ബന്ധവും ഇല്ലാത്ത നേതാക്കന്മാരുടെ വാക്ക് കേട്ട് പൗരത്വ രജിസ്റ്ററുമായി ബന്ധപ്പെട്ട സർവേകളോട് നിസഹകരിക്കണോ എന്ന് ഒന്ന് കൂടെ ആലോചിക്കുക.
പൗരത്വ ബില്ലിന് എതിരെയുള്ള സമരത്തിന്റെ ഭാഗമായി ബാംഗ്ലൂരിൽ കേസിൽ പെട്ടവരെ രക്ഷിക്കാൻ സമരത്തിന് ആഹ്വാനം ചെയ്തവർക്ക് കഴിയുന്നില്ല എങ്കിൽ പൗരത്വ ബില്ല് നടപ്പാക്കുന്നത് തടയാനും അവർക്ക് കഴിയില്ല. അല്ലെങ്കിൽ സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് ശ്രദ്ധതിരിക്കാൻ ഇതിലും മികച്ച മറ്റൊരു ഐറ്റം കിട്ടുക വഴി മോദി തന്നെ ഇത് ഉപേക്ഷിക്കേണ്ടി വരും. അതിനുള്ള സാധ്യത എന്റെ നോട്ടത്തിൽ നിലവിൽ വളരെ കുറവാണ്.